Tuesday, February 21, 2023

വേരുകൾക്ക് തഴേയും മുകളിലും എന്നതുണ്ട്.

വേരുകൾക്ക് 

തഴേയും മുകളിലും 

എന്നതുണ്ട്. 

മാത്രമല്ല, 

പല ദിശകളുമുണ്ട്.


വേരുകൾക്ക് 

താഴേ എന്നത്

ഇടതടവില്ലാതെ 

അധ്വാനിക്കാനുള്ള

തങ്ങളുടേതായ

ഇരുണ്ട രഹസ്യമുറി. 


വേരുകൾക്ക് 

താഴേ എന്നത്

ഇല്ലാത്തത്

കണ്ടെത്താനും 

ഇല്ലാത്തത് ഉള്ളതാക്കി 

മാറ്റാനും 

ഉണ്ടാക്കാനുമുള്ളത്. 


വേരുകൾക്ക് 

താഴേ എന്നത്

ഇല്ലാത്തതിനെ 

തങ്ങളിലൂടെ അയച്ച്

തങ്ങളിലൂടെ തന്നെ

തണ്ടും തടിയുമാക്കി 

ഉള്ളതാക്കുന്ന

പ്രത്യേക തരം പാചകമുറി.


വേരുകൾക്ക് 

താഴേ എന്നത്

നിർഗുണത്തിൽ 

ഗുണങ്ങൾ കണ്ടെത്താനുള്ളത്.


വേരുകൾക്ക് 

താഴേ എന്നത്

നിർഗുണം 

ഗുണങ്ങളായി

രുചികളും മണങ്ങളും 

നിറങ്ങളുമാവുന്ന 

തങ്ങളുടെ തന്നെ

തപസ്സിൻ്റെ വഴി. 

ഇരുട്ടിൽ നിന്ന് വെളിച്ചം 

കറന്നെടുക്കുന്ന വഴി.


വേരുകൾക്ക് 

താഴേ എന്നത് 

നിന്നിടം നിൽക്കാതെയുള്ള

നടപ്പിനെ നടപ്പാക്കി

പണിയെടുക്കാനുള്ളത്, 

യാത്ര തുടരാനുള്ളത്.


വേരുകൾക്ക് 

മുകളിൽ എന്നതോ?


വേരുകൾക്ക് 

മുകളിൽ എന്നത്

കീഴെ കണ്ട സ്വപ്നങ്ങളെ

യാഥാർത്ഥ്യമാക്കാനുള്ളത്.


വേരുകൾക്ക് 

മുകളിൽ എന്നത്

പ്രതീക്ഷകളുടെ

മുകുളങ്ങളെയും പുതുനാമ്പുകളെയും 

ആകാശമാക്കാനുള്ളത്, 

ആകാശത്തേക്കയക്കാനുള്ളത്.


വേരുകൾ 

കീഴേ കിടന്നധ്വാനിക്കുമ്പോഴും 

തന്നിലേക്ക് നോക്കും വഴിയിൽ 

മുകളിലേക്ക് നോക്കിക്കൊണ്ടേയിരിക്കും.

അസാധ്യതകൾ

സാധ്യതകളാവുന്നതിലെ 

കൗതുകം കണ്ട് രസിക്കും.


വേരുകൾ 

മുകുളങ്ങളെയും പുതുനാമ്പുകളെയും 

താഴേ കിടന്നധ്വാനിക്കാനുള്ള 

യാത്ര തുടരാനുള്ള

ന്യായവും ആനന്ദവും

അർത്ഥവുമാക്കും. 


എന്നാൽ, 

മുകുളങ്ങളോ? 

പുതുനാമ്പുകളോ? 


മുകുളങ്ങൾക്കും പുതുനാമ്പുകൾക്കും

കീഴെ എന്നതില്ല.

ഉള്ളത് മുകളിൽ മാത്രം.



മുകുളങ്ങൾക്കും പുതുനാമ്പുകൾക്കും

കീഴെ എന്നതറിയില്ല.


മുകുളങ്ങളും പുതുനാമ്പുകളും 

വേരുകളെ അറിയില്ല, 

വേരുകളിലേക്ക് നോക്കില്ല, 

വേരുകളെ കാണില്ല. 


മുകുളങ്ങളും പുതുനാമ്പുകളും

ഒരു ന്യായവുമില്ലാതെ 

ആകാശത്തിലേക്ക് മാത്രം നോക്കും.


മുകുളങ്ങളും പുതുനാമ്പുകളും

വെളിച്ചത്തെ ഖരപദാർത്ഥം പോലെ

കളിപ്പാട്ടം പോലെ കണ്ട്

കളിച്ചിരിക്കും.


മുകുളങ്ങളും പുതുനാമ്പുകളും 

ആകാശം മാത്രം കാണും. 

കോണിപ്പടി പോലെ.

കളിസ്ഥലം പോലെ. 


മുകുളങ്ങളും പുതുനാമ്പുകളും

ആകാശത്തിൽ 

സ്വപ്നങ്ങൾ മാത്രം നെയ്യും. 

No comments: