Saturday, February 25, 2023

നീ ആരാണോ, എന്താണോ അതല്ലാതാവണം.

നിശ്ചല തടാകത്തിൽ 

വെറുതേ കല്ലെറിഞ്ഞ് 

ഇളക്കമുണ്ടാക്കുന്നവരുണ്ട്.

പ്രകോപനങ്ങളുടെ ഇളക്കം. 


ഇളക്കം തന്നെ 

നിശ്ചലതയാക്കി ഒഴുകുന്ന 

നീരൊഴുക്കിന് 

വെറുതേ തടസ്സമുണ്ടാക്കുന്നവരുണ്ട് 

പ്രകോപനങ്ങളുടെ തടസ്സം. 

*****

എന്നെക്കുറിച്ച 

നിൻ്റെ ധാരണ തിരുത്താൻ 

ഞാൻ എപ്പോഴും 

അധ്വാനിക്കണമെന്നോ? 


ഒരായിരം 

വിശദീകരിക്കണമെന്നോ? 


എന്നെക്കുറിച്ച 

എന്തോ ധാരണ 

നിന്നിലുണ്ടാക്കാൻ പരിശ്രമിക്കുന്ന 

ഒരു ജീവിതമാകണം 

എൻ്റെ ജീവിതമെന്നോ? 


സാധ്യമല്ല.

*****

നീ ആരാണോ, 

എന്താണോ 

അതല്ലാതാവണം. 


നീ ആരല്ലയോ,

എന്തല്ലയോ 

അതാവണം. 


അപ്പോഴാണ് 

നീ നിന്നിൽ നിന്നും 

രക്ഷപ്പെടുന്നത്. 


അപ്പോഴാണ് 

ആയതിൽ നിന്ന് 

രക്ഷപ്പെടുന്നത്. 


അപ്പോഴാണ് നീ 

ആയതിനെ 

അല്ലാതാക്കുന്നത്. 


അപ്പോഴാണ് നീ

അല്ലാത്തത് 

ആവുന്നത്.


അപ്പോഴാണ് നീ 

ധാരണകളും പ്രതീക്ഷകളും 

ഇല്ലാതാക്കുന്നത്.


അപ്പോഴാണ്  നീ 

മോക്ഷം നേടുന്നത്. 


വഴിപോക്കിലെയും 

അപരിചിതത്വത്തിലെയും 

മോക്ഷം.

******

വെറുക്കപ്പെട്ട നീയാണ് 

ബഹുമാനിക്കപ്പെടുന്ന നിന്നെക്കാൾ 

സ്വതന്ത്രൻ.


തിരസ്കൃതനായ നീയാണ്

സ്വീകരിക്കപ്പെട്ട നിന്നെക്കാൾ 

സ്വതന്ത്രൻ.


ബഹുമാനവും സ്വീകാര്യതയും 

ഏറെ ഉപാധികളും നിബന്ധനകളുമുള്ളത്.

അത് തരുന്ന സുരക്ഷിതത്വം 

ഏറെ ഭിത്തികൾ ഉളളത്.

തടവറയുടെ തന്നെ ഭിത്തികൾ.



No comments: