Thursday, February 23, 2023

താൻ മാത്രം തനിക്ക് ലോകം.

ചിലരങ്ങനെ.


അവർ തന്നെയാണ് 

അവരുടെയും 

ചുറ്റുപാടിൻ്റെയും

എല്ലാ കുഴപ്പത്തിനും  

നാശത്തിനും കാരണമെന്ന് 

അവർക്ക് മനസ്സിലാവില്ല. 


മൂർച്ചയുള്ള കത്തി 

ചെല്ലുന്നിടം

നിർവ്വാഹമില്ലാതെ 

സ്വയം മുറിയുന്നതാണ്. 


അവരാണ് 

മൂർച്ചയുള്ള കത്തി.


അവരെയും ചുറ്റുപാടിനെയും

മുറിവേല്പിക്കുന്ന 

ഇരുതലമൂർച്ചയുള്ള കത്തി 

അവർ തന്നെ.

******

താൻ പേറിനടക്കുന്നത് 

മലമാണെന്നറിയാത്ത

മലം പേറിനടക്കുന്നവൻ്റെ ഉപമ 

അവരുടെ ഉപമ. 


താൻ കയറുന്നിടം മുഴുവൻ 

നാറുന്നതിൽ അയാൾ 

ആവലാതിപ്പെടുന്നു. 


അങ്ങനെയാണ് 

ചിലരുടെ ആവലാതികൾ.


അവർ തന്നെയാണ് പ്രശ്നം, 

അവരുണ്ടാക്കുന്നതാണ് പ്രശ്നം 

എന്നറിയാതെ, 

എന്ന് മനസ്സിലാക്കാതെ.

ഉള്ളാലെ മനസ്സിലാക്കിയാലും 

പുറമേ അംഗീകരിക്കാതെ.

*****

അവർ 

ഉപ്പുകൈ പോലെ. 


അവരെന്ന ഉപ്പുകൈ തൊടുന്ന 

പാൽ പിരിയും. 


എന്നിട്ടുമവർ 

പാലിൻ്റെ കുറ്റമാണെന്ന് 

കരുതും, പറയും. 


പ്രശ്നം അവരല്ലയെന്ന്

വരുത്തിത്തീർക്കാൻ.


പ്രശ്നങ്ങൾക്കുള്ള

കാരണം അവരിൽ നിന്നല്ലെന്ന് 

സമർത്ഥിക്കാൻ.


അവരുടെ കൈകൾ 

ഉപ്പുകൈകളാണെന്ന് അവരറിയില്ല, 

അറിയാൻ തയ്യാറാവില്ല, 

തയ്യാറായാലും 

പുറമേ സമ്മതിക്കില്ല. 


കാരണം, അവർക്ക് 

ഏറ്റവും വലിയ പ്രശ്നം 

അവരാണ്, അവർ മാത്രമാണ്.


അവരെന്നെ പ്രശ്നത്തെ 

ചുറ്റുവട്ടത്താരോപിച്ച് 

സ്വന്തമായൊരു വല നെയ്ത് 

ആ വലക്കുള്ളിൽ 

സുഷുപ്തി കൊള്ളുന്നവരവർ.

*****

ചിലർ കലഹക്കാർ തന്നെ.

വെറും പ്രശ്നക്കാർ. 

വല്ലാത്ത ദോഷൈകദൃക്കുകൾ. 


അസൂയയെ വസ്ത്രമാക്കുന്നവർ.

ഭീഷണിയെ ഭാഷയാക്കുന്നവർ.

കോപത്തെ മുഖമുദ്രയാക്കുന്നവർ.


എന്ത് ചെയ്യാം? 


അവരുടെ 

തലച്ചോറങ്ങനെയാണ്. 


അവർക്ക് പോലും 

അവരിൽ നിന്ന് രക്ഷയില്ല. 


ഏത് നല്ല പാലും 

അവർക്ക് പിരിയും. 


ഏത് നല്ല അവസ്ഥയും 

അവർക്ക് കലങ്ങിമറിയും.

*****

അങ്ങനെയുള്ള ചിലർക്ക് 

സ്വാതന്ത്ര്യം വേണം. 

മറ്റുള്ളവരെ 

എത്രയും ആശ്രയിച്ച് തന്നെ 

അവർക്കവരുടെ 

സ്വാതന്ത്ര്യം വേണം. 


വേണ്ടത് മുഴുവൻ 

ആ മറ്റുള്ളവർ തന്നെ 

ചെയ്തുകൊടുക്കണം. 


എന്നാലോ? 


ആ മറ്റുള്ളവർക്ക് 

അതേ സ്വാതന്ത്ര്യത്തിനുള്ള 

അവകാശമില്ല. 

വേണ്ടതിനുള്ള അവകാശമില്ല.


ആ ചിലർ 

അതേ സ്വാതന്ത്ര്യവും അവകാശവും 

മറ്റുള്ളവർക്ക് 

വകവെച്ചുകൊടുക്കില്ല. 


അവിടെ, 

ആ മറ്റുള്ളവരുടെ കാര്യങ്ങളിലും 

അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും 

ആ ചിലർ കൈകടത്തും.


ആ മറ്റുള്ളവരെ 

ആ ചിലർ

ഭീഷണിപ്പെടുത്തും. 


എങ്ങിനെയുണ്ട്?


താൻ മാത്രം 

തനിക്ക് ലോകം.


തനിക്ക് വേണ്ടി മാത്രം

ഈ ലോകം. 


തനിക്ക് വേണ്ടി 

എല്ലാവരും ഒതുങ്ങണം.


താൻ 

ആർക്കുവേണ്ടിയും 

ഒതുങ്ങില്ല, 

ഒന്നും ചെയ്യില്ല.


ഭീഷണിയാണ്,

കോപമാണ്,

മുൾമുനയിൽ

നിർത്തലാണ്

ജീവിതരീതി 

No comments: