ആരോ പറഞ്ഞത്
എന്തെന്ന് പോലും മനസ്സിലാക്കാതെ
പേറി നിൽക്കുന്ന
ഇരുമ്പ് പോസ്റ്റ് പോലെയാവുക.
ആരോ നാട്ടിയ
ഇരുമ്പ് പോസ്റ്റ്.
ഒരേ വിതാനത്തിൽ,
ഒരേയിടത്ത്,
ഒരേ വഴിയിൽ,
ഒരേ കോലത്തിൽ,
വേരില്ലാതെ,
ഒരേപോലെ
ഉറച്ച് നിൽക്കുക.
വിത്തും പൂവും പഴവും
ഉണ്ടാക്കരുത്.
ഏറിയാൽ കാലക്രമേണ
തുരുമ്പിച്ച് മാത്രം പോയിക്കൊണ്ട്.
സസ്യവും വൃക്ഷവും പോലെ
ആവരുത്, ആയിപ്പോകരുത്.
അറിയാത്ത വഴികളിൽ,
ഇരുട്ടിൽ
ആരുമറിയാത്ത വേളകളിൽ
എപ്പോഴും നിന്നിടം സംശയിച്ച്
വേരുകൾ തൊഴോട്ടയച്ച്
അന്വേഷിച്ച് പോകരുത്.
അപകടമാണ്.
മാറ്റങ്ങൾ ഉണ്ടായിപ്പോവും.
ദിവസവും സ്വയം മാറിപ്പോകും.
വെളിച്ചം കൊണ്ട്
ഭക്ഷണം ഉണ്ടാക്കിപ്പോവും.
ഇലകളും പൂക്കളും വിത്തുകളും
ഉണ്ടായിപ്പോവും.
സംഗതി ഭീകരമാവും.
No comments:
Post a Comment