Saturday, February 11, 2023

മരണശേഷം നമ്മളില്ല എന്ന് ആര് പറയുന്നതും....

മരണശേഷം നമ്മളില്ല 

എന്ന് ആര് പറയുന്നതും 

തെറ്റാണെന്ന് 

നമുക്ക് പറയേണ്ടി വരും. 


കാരണം, 

നമ്മളെ സംബന്ധിച്ചേടത്തോളം 

നമ്മളില്ലാതെ 

പിന്നെന്ത് ലോകം? 


നമ്മളില്ലാതെ 

പിന്നെങ്ങിനെ 

ഈ ലോകത്തിന് തുടർച്ച?


*****


ചുരുങ്ങിയത് 

ഇതേ നീ ഞാൻ 

എന്ന ബോധത്തോടെ 

ആരും ബാക്കിയാവില്ല

എന്ന ലളിത സത്യം പോലും

നമുക്ക് പറയാൻ സാധിക്കാത്ത വിധം

നാം നമ്മിലും

നമ്മുടെ തുടർച്ചയിലും

നമ്മുടെ സ്ഥിരതയിലും 

കുടുങ്ങിപ്പോയിരിക്കുന്നു.


*****


നാമുണ്ട്

നമുക്ക് സ്ഥിരതയും തുടർച്ചയും ഉണ്ട്

എന്നതിനൊക്കെ ന്യായമായി 

നാം എടുക്കുന്ന വാദം

ആത്മാവ് എന്നതാണല്ലോ?


ആത്മാവിന് 

തുടർച്ചയുണ്ടെന്നതാണല്ലോ വാദം?


അതേ...


എന്താണ് ആത്മാവ്?


ആർക്കുമറിയില്ല.

പ്രത്യേകിച്ച് ആർക്കും

വ്യക്തമായ ഉത്തരമില്ല.


ബാക്കിയാവുന്നത്

സ്ഥിരമായുള്ളത് 

ആത്മാവ് 

എന്ന് തന്നെ വെക്കുക.


എന്നും ഉണ്ടായിരുന്നത്, 

ഇനിയെപ്പോഴും ഉണ്ടായിരിക്കുന്നത് 

ആത്മാവ് 

എന്ന് തന്നെ വെക്കുക.


അങ്ങനെയുള്ള ആത്മാവ് 

ഉണ്ടെന്ന് തന്നെ വെക്കുക. 


പദാർഥത്തിൽ നിന്നും വ്യത്യസ്തമായ 

ആത്മാവ് ഉണ്ടെന്ന് തന്നെ വെക്കുക.


അല്ലെങ്കിൽ 

പദാർത്ഥവും ഊർജവും തന്നെയായ 

രണ്ടല്ലാത്ത ഒന്ന് തന്നെയായ

ആത്മാവ് ഉണ്ടെന്ന് തന്നെ വെക്കുക.


ശരി. 


താർക്കിക്കേണ്ട.


തർക്കിച്ചിട്ട് കാര്യമില്ല.


ആർക്കും പിടികിട്ടാത്ത മേഖലയാണ്.


പിടികിട്ടിയാൽ തന്നെ 

മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ 

പ്രയാസ്സമുള്ള മേഖലയാണ്.


അതുകൊണ്ട് തന്നെ 

ഒരൊറ്റ കാര്യമേയുള്ളു?


ആത്മാവുണ്ട്.

ആത്മാവിന് തുടർച്ചയുണ്ട്,

എന്ന് തന്നെ സമ്മതിക്കുക.


എന്നാലും പറയേണ്ടി വരും.


പക്ഷേ ഈ ഞാൻ ഇല്ല.

ഈ ഞാൻ

എന്നും എപ്പോഴും ഉണ്ടാവില്ല.

ഈ എനിക്ക് തുടർച്ചയില്ല. 

ഈ ഞാൻ സ്ഥിരമല്ല.


ഉണ്ടെന്നും 

തുടർച്ചയുണ്ടെന്നും പറയുന്ന 

ആത്മാവിന് 

ഈ ഞാനും നീയും 

എന്ന ബോധവും, 

പിന്നെ നാടും പേരും 

വിലാസവും പെരുമയും

വിചാരവും വികാരവും ഇല്ല.


ഈ ഞാൻ ബോധം 

ശരീരം വളരുന്നതിനനുസരിച്ച് 

തലച്ചോറിനൊപ്പം 

വളർന്നതും വളരുന്നതും, 

ശരീരം നശിക്കുന്നതോടെ 

തലച്ചോറിനൊപ്പം 

നശിക്കുന്നതും മാത്രം. 

വിചാരവും വികാരവും 

ദാഹവും വിശപ്പും

വേദനയും സുഖവും പോലെ.


അതിനാൽ 

ഈ ഞാൻ നീ ഇല്ലെന്ന് മാത്രം 

പറയാൻ ഉദ്ദേശിക്കുന്നു. 


ബാക്കി എന്താണോ ഉളളത്, 

ബാക്കിയാവുന്നത് എന്താണോ, 

ആദ്യമേ ഉണ്ടായിരുന്നത് എന്താണോ 

അതുണ്ട്, 

അത് ബാക്കിയാവുന്നുണ്ട്. 


ഞാൻ ജനിക്കുന്നതിനു മുമ്പേ, 

ഞാൻ ജനിച്ച് 

ഞാനായി വളരുന്നതിന് മുൻപേ 

ഉണ്ടായിരുന്നത് മുഴുവൻ 

ശേഷവും ബാക്കിയാവുന്നു.


അത്രമാത്രം.


*****


ജനിക്കും മുന്‍പ് നീയുണ്ടായിരുന്നില്ല. 

അത് നിനക്ക് മനസിലാവും. 


പക്ഷേ, മരണത്തോടെ നീയില്ലാതാവും.

 അത് നിനക്ക്  ഉള്‍കൊള്ളാനാവില്ല. 

അഹങ്കാരം അതിനനുവദിക്കില്ല.

No comments: