Saturday, February 4, 2023

മനോരോഗി ഒരു പ്രതിയോഗിയെ ഉണ്ടാക്കും. ഒരു ബലിയാടിനെയും. കുറ്റവാളിയെ പോലെ തന്നെ.

ഒരു യഥാർത്ഥ മനോരോഗിക്ക് അവൻ ചെയ്യുന്നതും പറയുന്നതും മാത്രം ശരി. 

അവന്ന് വേണ്ടി, അവൻ പിടിക്കാൻ ഉദ്ദേശിച്ച ഇരക്ക് വേണ്ടി, അവൻ പാത്തും പതുങ്ങിയും ചെയ്യുന്നതും പറയുന്നതും മാത്രം ശരി.

*******

ഒരു യഥാർത്ഥ മനോരോഗി എപ്പോഴും ഒരു പ്രതിയോഗിയെ ഉണ്ടാക്കും. 

തനിക്കുള്ള ന്യായം, താൻ ചെയ്യുന്ന എല്ലാ അതിക്രമങ്ങൾക്കുമുള്ള ന്യായം, ആ പ്രതിയോഗിയിൽ കണ്ടെത്തും, ചാരി നിർത്തും 

ആ പ്രതിയോഗി തന്നെയായിരിക്കും മനോരോഗിക്ക് ഫലത്തിൽ തൻ്റെ ഇരയും. 


ഇരയെത്തന്നെ പ്രതിയോഗിയും പ്രതിയോഗിയെത്തന്നെ ഇരയുമാക്കും. 

ആ ഇരയെ താൻ വിചാരിച്ചിടത്ത് എന്ത് തന്ത്രവും പ്രയോഗിച്ച് ആ മനോരോഗി കൊണ്ടുവരും, കൊണ്ടെത്തിക്കും. 

എന്തിന്? 

താൻ എങ്ങിനെയും വെറുക്കുന്ന തൻ്റെ ആ ഇരയെ ന്ന പ്രതിയോഗിയെ എല്ലാവരുടെയും മുന്നിൽ വില്ലനായി വരുത്തിത്തീർക്കാൻ. 

അങ്ങനെ പ്രതിയോഗിക്കെതിരെയുള്ള തനിക്കുള്ള ന്യായവും നീതീകരണവും ഉണ്ടാക്കാൻ.

അങ്ങനെ തൻ്റെ ഇരയെ എളുപ്പത്തിൽ ആക്രമിക്കാൻ, പിടിക്കാൻ.

താൻ വെറുക്കുന്നത് പോലെ തന്നെ  എല്ലാവരെക്കൊണ്ടും ആ ഇരയെ വെറുപ്പിക്കാൻ. 

തനിക്ക് പോലും തൻ്റെ മേൽ ഒരു നിയന്ത്രണവുമില്ലാതെ, താൻ തൻ്റെ മനോവൈകൃതം കൊണ്ട് മാത്രം ശത്രുവാക്കി വെച്ച ആ ഇരയെ എല്ലാവരെക്കൊണ്ടും തല്ലിക്കൊല്ലിക്കാൻ. 

ആ ഇരയുടെ നേരെ എല്ലാവരുടെയും വെറുപ്പുണ്ടാക്കി എല്ലാ ന്യായവും തെളിവും ഒപ്പിച്ച് ആ ഇരയെ എളുപ്പത്തിൽ പിടിക്കാൻ. 

ആ ഇരയെ ക്രൂരമായി കൊല്ലുന്ന കാര്യത്തിൽ ഒരു കുറ്റവും തൻ്റെ ഭാഗത്ത് ഇല്ലെന്ന് എല്ലാവരെയും ധരിപ്പിക്കാൻ.

******

ഒരു കുറ്റവാളി കുറ്റവാളിയാകുന്നത് വെറും കുറ്റം ചെയ്യുന്നത് കൊണ്ട് മാത്രമല്ല.

പകരം, നിഷ്കളങ്കനായ ഒരു ഇരയിൽ തൻ്റെ ബലിയാടിനെ കണ്ടെത്തി ആ കുറ്റം ആ ബലിയാടിൽ ആരോപിച്ച് ചാരിനിർത്തുന്നത് കൊണ്ടുകൂടിയാണ്.

യഥാർത്ഥ മനോരോഗി ചെയ്യുന്ന അതേ തന്ത്രം യഥാർത്ഥ കുറ്റവാളിയും വേറൊരർത്ഥത്തിൽ ചെയ്യുന്നു.

*****

തനിക്ക് കിട്ടേണ്ടത് കൃത്യമായി അറിയുക. അതിന് വേണ്ടി ഏതറ്റം വരേയും കലഹിക്കുക. 

എന്നാലോ? 

താൻ നൽകേണ്ടതിനെ കുറിച്ച് അല്പവും ബോധമില്ലാതിരിക്കുക. അതേകുറിച്ച് മിണ്ടാൻ ആരെയും അനുവദിക്കാതിരിക്കുക.

ശുദ്ധ മനോരോഗം.


No comments: