Monday, February 13, 2023

സ്വാതന്ത്ര്യത്തിൽ ബഹുമാനവും അംഗീകാരവും ഇല്ല.

സാധിച്ചുവന്നാൽ  

മലമുകളില്‍ തപസ്സു ചെയ്യുമ്പോഴും 

താഴ്‌വരയില്‍ എല്ലാറ്റിലും 

ഇഴുകിച്ചേര്‍ന്ന് നടക്കാനാവുക 

രസമുളള കളി കൂടിയാണ്.


ബഹുമാനവും അംഗീകാരവും പ്രതീക്ഷിച്ച് 

അഭിനയിക്കാൻ നിന്നാൽ 

അത് സാധിക്കില്ല. 


ബഹുമാനത്തിലും അംഗീകാരത്തിലും 

സ്വാതന്ത്ര്യം സാധിക്കില്ല. 

അവിടെ മസിലും ശ്വാസവും 

പിടിച്ചു തന്നെ നിൽക്കേണ്ടിവരും. 


എങ്ങിനെയൊക്കെയോ കിട്ടുന്ന 

അംഗീകാരത്തിലും ബഹുമാനത്തിലും 

തന്നെത്താൻ ദർശിച്ച് കുരുങ്ങിക്കൊണ്ട്. 


സ്വാതന്ത്ര്യത്തിൽ 

ബഹുമാനവും അംഗീകാരവും ഇല്ല. 

യഥാർത്ഥ ആത്മീയതയിലും അപ്പടി.

*****

ഒരാൾ ശരിക്കും രോഗിയാവുന്നത് 

അയാൾക്ക് രോഗമുള്ളത് കൊണ്ടല്ല. 

അയാൾക്ക് രോഗം ഉണ്ടാവുന്നത് കൊണ്ടുമല്ല.


പകരം, 

അയാളെ വളർത്തുന്നവരെ 

ശത്രുക്കളായും 

നശിപ്പിക്കുന്നവരെ 

സുഹൃത്തുക്കളായും 

അയാൾ കാണുമ്പോഴാണ് 

അയാൾ ശരിക്കും രോഗിയാവുന്നത്.


വൃക്ഷം 

അതിനെ വളർത്തുന്നവനെ 

ശത്രുവായും 

വെട്ടാൻ വരുന്ന വെട്ടുകാരനെയും 

പൊതിഞ്ഞുനിൽക്കുന്നു എന്നത് കണ്ട് സംരക്ഷിക്കുന്നുവെന്ന് തെറ്റിദ്ധരിച്ച് 

ചിതലിനേയും

സുഹൃത്തായും കാണുന്നതാണ് 

യഥാർത്ഥ രോഗം. 


വേണ്ടത് വേണ്ടെന്ന് വെക്കാൻ 

സാധിക്കാത്തതും 

വേണ്ടാത്തത് വേണമെന്ന്  

തോന്നുന്നതുമാണ് 

ശരിക്കുമുള്ള രോഗം. 

No comments: