Wednesday, February 8, 2023

പകൽ പോലെ വ്യക്തം, ഞാൻ പൂർണമായും ശരി എന്നൊക്കെ ആർക്കും കരുതാം, പറയാം.

ഖിളർ ചെയ്തത് ബാഹ്യയുക്തി കൊണ്ട് തർക്കിച്ച് മാത്രം കാര്യങ്ങൾ മനസ്സിലാക്കുന്ന പ്രായോഗിക ജീവിതത്തിലെ നേതാവായ മൂസാ പ്രവാചകന് മനസ്സിലായില്ല.


പിന്നെയാണോ നിനക്ക് നീ കരുതുന്നത് പോലെ എല്ലാം മനസ്സിലാവുമെന്ന് നീ കരുതുന്നത്.


നിൻ്റെ മാനത്തിനുള്ളിൽ കുടുങ്ങിയുള്ള അളവുകോലുകളും മാനദണ്ഡങ്ങളും മാത്രമല്ലേ നിൻ്റെ കയ്യിലുള്ളൂ. 

നിൻ്റെ നാവിലെ രസമുകുളങ്ങൾ നിശ്ചയിക്കുന്ന രുചികളാണ് നിൻ്റെ രുചികൾ.


അതുകൊണ്ട് തന്നെ, നീ അനുഭവിക്കുന്ന മധുരം പഞ്ചസാരയിൽ പൂച്ച അനുഭവിക്കുന്നില്ല, അനുഭവിക്കണമെന്നില്ല.


പച്ചമീനിൽ പൂച്ച അനുഭവിക്കുന്ന രുചി നീയും അനുഭവിക്കുന്നില്ല, അനുഭവിക്കണമെന്നില്ല.


****


നീ പറയും : പകൽ പോലെ വ്യക്തം, 

ഞാൻ പൂർണമായും ശരി. 


അതൊക്കെ അങ്ങനെയൊക്കെ ആർക്കും ഏകപക്ഷീയമായി കരുതാം, പറയാം. 


വളരേ നിസ്സാരമായ കാര്യങ്ങളിൽ വല്ലാതെ ഗൗരവംപൂണ്ട് അങ്ങനെ ആർക്കും എളുപ്പം പറയാം.


തൻ്റെ കൈകളെ കണ്ണിനടുപ്പിച്ചവന് ലോകം കാണാതാവുന്നു. 


കണ്ണിന് തൊട്ടുമുൻപിൽ നിൽക്കുന്ന ആ കൈ മാത്രം അവൻ്റെ ലോകമാവുന്നു.


എല്ലാറ്റിനെയും തന്നിൽ മാത്രം കേന്ദ്രീകരിച്ച് മാത്രം കാണുന്ന ആർക്കും അങ്ങനെ എളുപ്പം പറയാം. പകൽ പോലെ വ്യക്തം, താൻ പൂർണമായും ശരി എന്ന്.


തൻ്റെ വാല് കുലുങ്ങുമ്പോൾ ലോകം മൊത്തം തന്നെ കുലുങ്ങുന്നു എന്ന് സ്വയം തോന്നുന്ന ആർക്കും അങ്ങനെ എളുപ്പം പറഞ്ഞ് അഭിരമിക്കാം.

*****

അല്ലെങ്കിലും ഒരേ കാര്യത്തിൽ തന്നെ പത്ത് ദിശകളിലുള്ളവർക്ക് പത്ത് ശരിയുണ്ട്.

സൂര്യൻ ഉദിച്ചു വെച്ചും ഉദിക്കാതെയുമാണ്. മദ്ധ്യാഹ്നത്തിലും അപരാഹ്നത്തിലുമാണ്. 


എന്നതിനാൽ ഏതൊരാൾക്കും എളുപ്പം തൻ്റേത് പകൽ പോലെ വ്യക്തം, താൻ പൂർണമായും ശരി എന്ന് ഏകപക്ഷീയമായി കരുതാം, പറയാം.

*****

പക്ഷേ, അങ്ങനെ ഒരാൾ അഭിരമിക്കുന്നതും താൻ ശരിയെന്ന് കരുതുന്നതും പറയുന്നതും എത്രത്തോളം ബാധകം?


അവർക്ക് മാത്രം ബാധകം.

എല്ലാവർക്കും ബാധകമല്ല. 


എന്നത് ഓരോരുത്തരും മനസ്സിലാക്കണം. 

*****

തൻ്റെ ശരി ലോകത്തിൻ്റെ മുഴുവൻ ശരിയെന്നും ലോകത്തിന് മുഴുവൻ ശരിയെന്നും കരുതാതിരുന്നാൽ മതി.


ആപേക്ഷികതയെയെങ്കിലും അംഗീകരിച്ചാൽ മതി. 


ഓരോരുത്തൻ്റെയും പരിധിയേയും പരിമിതിയെയും അംഗീകരിച്ചാൽ മതി.


രോഗിക്ക് രാഗവും രോഗം നൽകുന്ന പാർശ്വഫലങ്ങളും ബാധകമാവുന്നത് പോലെ  മാത്രം തൻ്റെ ശരി എന്നവർ മനസ്സിലാക്കിയാൽ നന്ന്.


എല്ലാവരും അങ്ങനെ അവരവരുടെ കാര്യത്തിൽ അവർ ശരി കരുതുക, പറയുക സ്വാഭാവികമെന്നും അവർ മനസ്സിലാക്കിയാൽ നന്ന്.

*****

മധ്യസ്ഥതയിലും കോടതിയിലും എത്തുന്ന കാര്യങ്ങളിൽ ശരിയും തെറ്റും ഏകപക്ഷീയമായി അവരവർ തന്നെ നിശ്ചയിക്കുന്നതല്ല.


അങ്ങനെയൊരു രീതിയിലല്ല ശരിയും തെറ്റും മധ്യസ്ഥതയിലും കോടതിയിലും എത്തുന്ന കാര്യങ്ങളിൽ നിശ്ചയിക്കുന്നത്. 


പ്രത്യേകിച്ചും വസ്തുനിഷ്ഠമാവേണ്ട ആത്മനിഷ്ഠമല്ലാത്ത കാര്യങ്ങളിൽ


പ്രത്യേകിച്ചും, താനല്ലാത്ത മറ്റുള്ളവർ കൂടി ഉൾപ്പെട്ട, മറ്റുള്ളവർക്ക് കൂടി ബാധകമായ വിഷയത്തിൽ. 


പ്രത്യേകിച്ചും മറ്റുള്ളവരെ കൂടി താൻ ആശ്രയിക്കുന്ന വിഷയത്തിൽ. 


പൊതുവായ, എല്ലാവർക്കും സ്വീകാര്യമായ നിയമപരമായ നിഷ്പക്ഷമായ പരിഹാരമാണ് വേണ്ടതെങ്കിൽ.  


പൊതുവായി ശരിയെന്ന് തോന്നേണ്ട വിഷയത്തിൽ പൊതുവായ പരിഹാരമാണ് വേണ്ടതെങ്കിൽ.  


മധ്യസ്ഥനും കോടതിക്കും ശരിയെന്ന് തോന്നേണ്ട വിഷയത്തിൽ അവർക്ക് കൂടി ശരിയെന്ന് തോന്നുന്ന പരിഹാരമാണ് വേണ്ടതെങ്കിൽ. 


തനിക്ക് മാത്രമല്ല, മറ്റുള്ളവർക്ക് കൂടി ശരിയെന്ന് തോന്നുന്ന പരിഹാരമാണ് അന്തിമപരിഹാരം എന്നിരിക്കെ.


എന്ന് നിയമത്തെ സമീപിക്കുന്ന ഓരോരുത്തരും  കരുതുന്നതിനാൽ.

****

പനിയുള്ള ആൾക്ക് സാധാരണമായ ചൂടുള്ള അന്തരീക്ഷം വരെ കുളിരും.


കുളിരുണ്ടെന്ന അയാളുടെ ആ തോന്നൽ ശരിയാണ്.


ആ തോന്നൽ അയാൾ ശരിയെന്ന് കരുതി തുറന്ന് പറയുന്നതും ശരിയാണ്.


******


രോഗമുള്ളവന് എത്ര നല്ല ഭക്ഷണത്തിനും രുചി തോന്നില്ല.


രോഗിക്ക് അങ്ങനെ രുചി തോന്നാത്തതും രുചി തോന്നുന്നില്ല എന്നത് രോഗി തുറന്ന് പറയുന്നതും ശരിയാണ്. 


അയാളെന്ന രോഗിയെ സംബന്ധിച്ചിടത്തോളം അത് തീർത്തും ശരിയാണ്.


അങ്ങനെ കുളിര് തോന്നുന്ന, രുചി തോന്നാത്ത രോഗിക്ക്, അയാൾക്കങ്ങനെ തോന്നുന്ന കാരൃം പകൽ പോലെ വ്യക്തമാണ്.

******

എന്നുവെച്ച്, പൊതുവേ കാര്യങ്ങൾ നിരീക്ഷിച്ച് പരീക്ഷിച്ച് മനസ്സിലാക്കുന്നവർക്ക് കാര്യങ്ങൾ അങ്ങനെയല്ല

 

പൊതുവെയുള്ള അളവുകോലുകൾ വെച്ച് മനസ്സിലാക്കുന്നവർക്ക് രോഗി പറയുന്നതും കരുതുന്നതും പോലെ അന്തരീക്ഷത്തിൻ്റെയും നല്ല ഭക്ഷണത്തിൻ്റെയും കുറ്റമാണെന്ന് പറയാനും കരുതാനും സാധിക്കില്ല. 


അന്തരീക്ഷത്തെ മൊത്തം രോഗി പറയുന്നതും കരുതുന്നതും വെച്ച് തിരുത്താൻ പറ്റില്ല.


ഏറിയാൽ അത്തരക്കാർ ഒരു കമ്പിളിയും പറ്റിയ മരുന്നും ഭക്ഷണവും രോഗിക്ക് വേണ്ടി കണ്ടെത്തും, നൽകും എന്ന് മാത്രം.


രോഗികളെ അപവാദമാക്കി നിർത്തും, കാണും എന്ന് മാത്രം 

*****

പനിയോ രോഗമോ ഉണ്ടെന്നും താൻ രോഗിയെന്നും രോഗി സ്വയം മനസ്സിലാക്കാത്തിടത്തോളം അവൻ തനിക്ക് തോന്നുന്നതെല്ലാം അന്തരീക്ഷത്തിൻെറയും ഭക്ഷണത്തിൻ്റെയും കുറ്റമായി മാത്രം കാണും.


അങ്ങനെ തനിക്ക് കുളിരുന്നത് പോലെ മറ്റുള്ളവർക്ക് കുളിരാത്തതും, തനിക്ക് രുചിക്കാൻ സാധിക്കാത്തത് മറ്റുള്ളവർക്ക് രുചിക്കാൻ സാധിക്കുന്നതും അയാൾ  മറ്റുള്ളവരുടെ വലിയ കുറ്റമായും കാണും.


ഇത്രയേ ഉള്ളൂ നമുക്ക് നമ്മുടേത് ശരിയെന്ന് തോന്നുന്ന ചില കാര്യങ്ങൾ.


എല്ലാ കാര്യങ്ങളുമല്ലെങ്കിലും.

എല്ലാ കാര്യങ്ങളിലുമല്ലെങ്കിലും. 

*****

സർവ്വ മാനദണ്ഡങ്ങളും ഉപയോഗിച്ച് പറയുന്ന, പൊതുവേ പറയാവുന്ന ശരിയുടെ പക്ഷത്താണ് നമ്മളെങ്കിൽ നമുക്ക് ധൈര്യമുണ്ടാവും...


അത്തരക്കാർ പാതിവഴിയിൽ കാരൃം ഉപേക്ഷിച്ച് ഭീരുവായി പിന്തിരിയില്ല?


അത്തരക്കാർ അവരുന്നയിച്ച വിഷയത്തിൽ അവസാനം വരെ നിലകൊള്ളും.


അത്തരക്കാർ കുറ്റം വെറും വെറുതേ മറ്റുള്ളവരിൽ ആരോപിച്ച് രക്ഷപ്പെടുകയില്ല.

*****

അങ്ങനെ തൻ്റെ വിഷയത്തിൽ പൊതുവേദി ഇടപെടുമ്പോൾ വെറുതേ എന്ന് അവസാനം വരെ അത്തരക്കാർക്ക് തോന്നരുത്, അത്തരക്കാർ അങ്ങനെ വെറുതേ എന്ന് പറയരുത്...


വിധികർത്താവ്, അല്ലെങ്കിൽ മധ്യസ്ഥർ അങ്ങനെ വെറുതേയെന്ന് എന്തൊക്കെയോ കേട്ടുമടുത്ത് പറഞാൽ വേണമെങ്കിൽ അർത്ഥമുണ്ട്.


കാരണം പ്രശ്നം കൊണ്ടുവന്നവൻ്റെതാണ്. 


കാരണം പ്രശ്നം കൊണ്ടുവന്നവനാണ്.


അല്ലാതെ പ്രശനം വിധികർത്താവിനും മധ്യസ്ഥർക്കുമല്ല. പ്രശ്നം, വിധികർത്താവിൻ്റെയും മധ്യസ്ഥരുടെതുമല്ല.

*****

വിഷയം കൊണ്ടുവന്നവർ അങ്ങനെ വെറുതേ എന്ന് പറയുമ്പോൾ ഉത്തരംമുട്ടി ഒളിച്ചോടുന്നു എന്ന് മാത്രമാണർത്ഥം. 


അത്തരക്കാർ ഉത്തരവാദിത്തം ഇല്ലാതെ പെരുമാറുന്നവർ എന്നാണർത്ഥം.


പാതിവഴിയിൽ വിഷയം ഉപേക്ഷിക്കുക ഭീരുവിൻ്റെയും ഭീരുവായ കപടൻ്റെയും രീതിയാണ്.


എന്നിരിക്കെ വിഷയം കൊണ്ടുവന്നവർ പാതിവഴിയിൽ ഭീരുവായി പിന്തിരിയരുത്.


ബാക്കിയുള്ളത് കുഞ്ഞുകുഞ്ഞു കാര്യങൾ, വിഷയം പറയുന്നവർക്കിടയിലെ മാത്രം വിഷയമാണ്.

*****

ഒരുകാര്യം ഉറപ്പിക്കുക:


നീയായി വാതിലടക്കാതിരിക്കുക.


നീയായി വാതിലടക്കുന്നു എന്ന് തോന്നിപ്പിക്കാതിരിക്കുക.


നിനക്ക് പറയാനുള്ളത് അവസാനംവരെ നിനക്ക് തുറന്ന് പറയാനുള്ള അവസരം കൂടിയാണത്.


നടക്കാവുന്ന ഒരു പരിഹാരമാണ് വേണ്ടതെങ്കിൽ. 


നീ സ്വന്തമായി നെയ്തുണ്ടാക്കിയ വലയത്തിൽ അല്ലെങ്കിൽ.


നടക്കാവുന്ന ഒരു പരിഹാരമാണ് ആരായാലും ഒന്ന് കണ്ടെത്തി നിർദ്ദേശിക്കുക.


മറ്റുള്ളവർ തരുന്ന പരിഹാരം  നിൻ്റെ കയ്യിൽ ഇല്ലാത്ത നിനക്ക് വീണുകിട്ടുന്ന ഭാഗ്യനറുക്കാണ്.

******

നിന്നെ വേണ്ടവിധം കേൾക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ?


ആരും നിന്നെ കേൾക്കാത്തതല്ല.


നിന്നെ പൂർണമായും അറിയുന്നത് കൊണ്ടാണത്. 


നിൻ്റെ പ്രതിയോഗിയുമായി നി നടത്താൻ ഉദ്ദേശിക്കുന്ന അനാവശ്യ തർക്കവിതർക്കം പൊതുസ്ഥലത്ത് ഉണ്ടാവാതിരിക്കാനാണത്. 


നിന്നെ കേൾക്കാത്തതും പറയാൻ അനുവദിക്കാത്തതും തർക്കവും ഒച്ചപ്പാടും കുറക്കാൻ മാത്രം.


പ്രത്യേകിച്ചും നിൻ്റെ വിഷയത്തിൽ മറ്റാർക്കും മറ്റൊരു നിക്ഷിപ്ത താല്പര്യവും ഇല്ല, ഉണ്ടാവാനില്ല എന്നിരിക്കെ....


No comments: