Saturday, February 25, 2023

നിൻ്റെ ധാരണയിലുള്ള ഒന്നും ഒരാളും ഈ ലോകത്തില്ല.

 ക്ഷമിക്കൂ. 

എന്താണിത്ര ധൃതി?


വിധികളും മുൻവിധികളും ഉണ്ടാക്കാൻ എന്താണിത്ര ധൃതി? 


അതും മറ്റൊരാളെ കുറിച്ച്?

മറ്റൊന്നിനെ കുറിച്ച്?


നിന്നെക്കുറിച്ച് പോലും നിനക്ക് ഒന്നുമറിയില്ല എന്നിരിക്കേ. 


നിൻ്റെ മേൽ പോലും നിനക്ക് ഒരു നിയന്ത്രണവും ഇല്ലെന്നിരിക്കേ...


******


വിധികളുടെയും മുൻവിധികളുടെയും തലയണയില്ലാതെ നിലകൊള്ളാൻ സാധിക്കുന്നില്ല, അല്ലേ? 


ഒരാളെ, അല്ലെങ്കിൽ ചുറ്റുപാടിനെ എന്തെങ്കിലുമൊക്കെയായി നിർവ്വചിക്കാതെ, നിശ്ചയിക്കാതെ നിലകൊള്ളാൻ സാധിക്കുന്നില്ല, അല്ലേ? 


കാണുന്നവരെയൊക്കെ, കാണുന്നതിനെയൊക്കെ ഏതെങ്കിലുമൊരു നിർവ്വചിത കൂട്ടിൽ നിർത്തണമല്ലേ?


അത്, അല്ലെങ്കിൽ മറ്റൊരാൾ എന്തെങ്കിലുമൊക്കെയാവട്ടെ. 


അയാളെ കുറിച്ചുള്ള, അല്ലെങ്കിൽ അതിനെ കുറിച്ചുള്ള നിങ്ങളുടെ ധാരണ മാറുമ്പോൾ അയാൾ, അല്ലെങ്കിൽ അത് മാറുന്നില്ല. 


അയാൾ, അല്ലെങ്കിൽ അത് അസ്വസ്ഥപ്പെടുന്നില്ല. 


അയാളൊരു പുരോഹിതനാണെങ്കിൽ മാത്രമേ നിങ്ങളുടെ അയാളെ കുറിച്ചുള്ള ധാരണ അയാളെ ബാധിക്കൂ. 


കാരണം, പുരോഹിതൻ നിങ്ങളുടെ അയാളെ കുറിച്ചുള്ള ധാരണയെ ആശ്രയിക്കുന്നുണ്ട്. 


പുരോഹിതൻ ബാഹ്യമായതിൽ അയാളുടെ വ്യക്തിത്വം നിഴലിട്ട്, പ്രതിബിമ്പിച്ച്  കാണുന്നുണ്ട്.


മറ്റുള്ളവർ മനസ്സിലാക്കുന്നത് പോലുള്ള, അധികാരവും സ്ഥാനവും സമ്പത്തും ഉണ്ടാക്കിയ അയാൾ മാത്രമേ അയാളെ സംബന്ധിച്ചും നിലകൊള്ളുന്നുളളൂ. 


അല്ലാതെയുള്ള, നിരാശ്രയ സ്വാതന്ത്ര്യം നേടിയ ആളെ കുറിച്ചുള്ള നിങ്ങളുടെ ധാരണ മാറുമ്പോൾ മാറുന്നതും അസ്വസ്ഥപ്പെടുന്നതും നിങ്ങളാണ്. ഭ്രാന്ത് വരുന്നത് നിങ്ങൾക്കാണ്.


കാരണം, നിങ്ങളുടെ ധാരണയിൽ ചാരിനിന്നത് ഏറെയും നിങ്ങളാണ്, അല്ലെങ്കിൽ പുരോഹിതനാണ്, അധികാരിയാണ്.


ചാരിനിന്നവൻ ആരായാലും ചാര് തെറ്റുമ്പോൾ വീഴും. 


ചാരിന് വരുന്ന ചിതൽ ചാര് ചാരിയവനെയും ബാധിക്കും 


ഒളിച്ചോടാൻ, തലയണ വെക്കാൻ, ആ ഭ്രാന്തും വീഴ്ചയും നിങൾ അയാളിലോ മറ്റാരിലെങ്കിലോ ആരോപിച്ചാലും, അതാണ് ശരി.


ഒന്നോർത്തു നോക്കൂ. 


വിധിയെഴുതുന്നവൻ്റെ വിധിയെന്താണ്? 


അവൻ്റെമേലുള്ള ലോകത്തിൻ്റെ വിധിയെന്താണ്? 


അവനുണ്ടാക്കുന്ന വിധി നല്ലതാവാൻ വേണ്ടി  അഭിനയിക്കാനാണോ ഈ കാണുന്ന ലോകമൊക്കെയും?


അവനുണ്ടാക്കുന്ന വിധി തെറ്റിപ്പോകുന്നതിൽ അസ്വസ്ഥപ്പെട്ടാണോ ഈ ലോകമൊക്കെയും?


നിൻ്റെ ധാരണയിലുള്ള ഒന്നും ഒരാളും ഈ ലോകത്തില്ല.


ഈ ലോകത്തിലെ ആരുടെയും ധാരണയിലുള്ള നീയും ഇല്ല.

No comments: