Wednesday, February 22, 2023

അവർ തന്നെയവർക്ക് ഏറ്റവും വലിയ കടമ്പ, ബാലികേറാമല.

ചിലരങ്ങനെ. 

അവസരം കിട്ടിയാലും 

ആഘോഷിക്കില്ല, 

സ്വസ്ഥമാവില്ല. 


പകരം,

ഇല്ലാത്ത ആവലാതികൾ ഉണ്ടാക്കി 

അസ്വസ്ഥത അനുഭവിക്കും, പരത്തും. 


എന്നിട്ടോ? 

കഴുതയെപ്പോലെ 

കാമം കരഞ്ഞുതീർക്കും. 


അവർ തന്നെയവർക്ക് 

ഏറ്റവും വലിയ കടമ്പ, 

ബാലികേറാമല. 


എന്ത് ചെയ്യാം? 


പുഴയ്ക്കക്കരെയുള്ള 

പട്ടിയെ കുറിച്ച് വേവലാതിപ്പെട്ട് 

ഇക്കരെയുള്ള കുട മുറിച്ച് 

വടിയാക്കുന്നു

അത്തരം ചിലർ.

ഇന്നിനെ നഷ്ടപ്പെടുത്തുന്ന 

അത്തരം ചിലർ.


അവനവനെന്ന കടമ്പ

ഒരിഞ്ച് കടക്കാതെ 

ഒരിഞ്ച് കടക്കാനാവാതെ 

അത്തരം ചിലർ.

*****

നിനക്ക് നീയാണ് പ്രശ്നം. 

ഒരുനിലക്കും നിനക്ക് 

പരിഹരിക്കാനാവാത്തത് 

നീയെന്ന പ്രശ്നത്തെയാണ്. 


നീയല്ല നിനക്ക് പ്രശ്നമെന്ന് 

വരുത്തിത്തീർക്കാൻ നീ 

മറ്റുള്ളവരുടെ കുറ്റങ്ങൾ 

എണ്ണിയെണ്ണി മൂടുപടമിടുന്നു, 

കോപിക്കുന്നു,

ഭീഷണി മുഴക്കുന്നു

ഒളിച്ചോടുന്നു.


നീയല്ല നിനക്ക് പ്രശ്നമെന്ന് 

വരുത്തിത്തീർക്കാൻ നീ ആവുന്നത്ര 

എന്തെങ്കിലും ബാഹ്യമായതിൽ

മുഴുകുന്നു. 

നീയല്ലാത്ത മറ്റെന്തും 

വേണമെന്നാക്കുന്നു.


അങ്ങനെ നീ 

വേണമെന്നാക്കുന്നത് 

അങ്ങനെ നീ മുഴുകുന്നത് 

അധികാരമാവും, 

സാമൂഹ്യസേവനമാവും,

ഭക്തിയാവും 

മദ്യമാവും 

ജോലിയാവും.

*****

എല്ലാവരുടെ കാര്യത്തിലും 

എപ്പോഴുമല്ല. 


പക്ഷേ, 

പലരുടെയും വിഷയത്തിൽ 

അവർക്ക് അവർ തന്നെ 

ഒരുത്തരവും കിട്ടാത്ത 

വലിയ ചോദ്യമാണ്.


അവരവർക്ക് ഒരുനിലക്കും 

പരിഹരിക്കാൻ സാധിക്കാത്ത 

ചോദ്യചിഹ്നമാണ്.

*****

എടുത്ത ശ്വാസം

വിടണം.


എടുത്ത ശ്വാസം

അപ്പടിയേ പിടിച്ചുനിർത്തുന്നവന്

മരണം.

അവന് ജീവിതമില്ല.


നിന്നിടം നഷ്ടപ്പെടുത്തുന്നവനേ

നടത്തമുള്ളൂ 


എടുത്ത ശ്വാസവായു

പുറത്തേക്ക് വിടണം,

പുതിയ ശ്വാസമെടുക്കാൻ. 

ജീവിക്കാൻ.


എടുത്തത് അപ്പടിയേ

സൂക്ഷിക്കുന്ന പിശുക്കന് 

മരണം ദാനം.


പിശുക്കൻ എപ്പോഴും 

മരിച്ചു കൊണ്ടേയിരിക്കുന്നു.


നഷ്ടപ്പെടാത്തവൻ

നഷ്ടപ്പെടാൻ തയ്യാറില്ലാത്തവൻ 

ഒന്നും നേടാതെ പോകുന്നു.

*****

ചിലരങ്ങനെ. 

അവർ ജീവിക്കില്ല. സന്തോഷിക്കില്ല. 

അവർ ഉണ്ടെന്ന് പറയുന്ന അവരുടെ മുഴുവൻ പ്രശ്നങ്ങളും തടസ്സങ്ങളും നീക്കിക്കൊടുത്താലും അവർ ജീവിക്കില്ല, സന്തോഷിക്കില്ല. 

കാരണം അവർക്ക് പരിഹരിക്കാൻ സാധിക്കാത്ത ഏറ്റവും വലിയ പ്രശ്നവും തടസ്സവും അവർ തന്നെയാണ്. 

അതവർ മറ്റുള്ളവരുടെ മേൽ ആരോപിച്ച് ഒളിച്ചോടുക മാത്രമാണ്. 

എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ല എന്ന ധ്വനി ഉള്ളിൽ സൂക്ഷിച്ചു കൊണ്ട്.

സ്വയം മാറാത്തവരെ ദൈവം പോലും മാറ്റില്ല. 

കാരണം ദൈവവും ആവുന്നതും ആയിരിക്കുന്നതും ഓരോരുത്തരും ഓരോരുത്തരിലൂടെയുമാണ്. 


No comments: