എല്ലാവരെയും
മനസ്സിലാക്കിക്കൊടുക്കണം,
എല്ലാവരെയും
വിശ്വസിപ്പിക്കണം.
എന്ന് വേണ്ടിവരുന്നതും
ഒരുതരം ആശ്രയമാണ്.
വല്ലാത്തൊരാശ്രയം.
മറ്റുള്ളവർ
മനസ്സിലാക്കുന്നത് പോലെയാണ്,
അവരുടെ മനസ്സിലാക്കലിലാണ്
താനും
തൻ്റെ വ്യക്തിത്വവും
തൻ്റെ ജീവിതവും
എന്ന വിശ്വാസം.
ആ വിശ്വാസം ഉണ്ടാക്കുന്ന
ആശ്രയവും വിധേയത്വവും.
അതാണ് ഫലത്തിൽ
ഓരോരുവൻ്റെയും ജീവിതം.
അതാണ് ഫലത്തിൽ
ഓരോരുവൻ്റെയും
ജീവിതം മുഴുക്കെയുമുള്ള
ശ്രമങ്ങൾ.
അഭിനയങ്ങൾ.
ഫലത്തിൽ,
എല്ലാ ഓരോരുവരും
മറ്റുള്ളവരെ
തൻ്റെ കോവിലാക്കുന്നു.
എന്നിട്ടോ?
ആ കോവിലിലെ
പ്രതിഷ്ഠയായി
തന്നെത്തന്നെ
പ്രതിഷ്ഠിക്കുന്നു.
എല്ലാവർക്കും
മറ്റുള്ളവർ
തന്നെത്തന്നെ
പ്രതിഷ്ഠിക്കാനുള്ള
കോവിലുകൾ.
തന്നെക്കുറിച്ചുള്ള
ധാരണയെ,
ബഹുമാനത്തെ
കോവിലെന്ന മറ്റുള്ളവരിൽ
ഒരോരുവനും
പ്രതിഷ്ഠിക്കുന്നു.
പിന്നീട്,
മറ്റുള്ളവർക്ക്
തന്നെക്കുറിച്ചുള്ള
ആ ധാരണ
നിലനിർത്താൻ വേണ്ട
പ്രദക്ഷിണമാണ്,
പ്രയത്നമാണ്
ജീവിതം മുഴുവൻ.
മറ്റുള്ളവരെന്ന കോവിലിന്
ചുറ്റുമുള്ള
പ്രദക്ഷിണം,
പ്രയത്നം.
അഭിനയം തന്നെയായി മാറുന്ന
ജീവിതം.
പ്രതിഷ്ഠയെ
അപ്പടി തന്നെയായി
സൂക്ഷിക്കാൻ.
നിലനിർത്താൻ.
നടത്തുന്ന
മുഴുനീളൻ അഭിനയം
വിധേയത്വം ജീവിതം.
ബഹുമാനിക്കുന്നവൻ
ബഹുമാനിക്കുപ്പെടുന്നവൻ്റെ
ഉടമയും യജമാനനുമാകുന്ന
അഭിനയം, വിധേയത്വം.
ജീവിതം.
No comments:
Post a Comment