നിങ്ങളുടേയാരുടെയെങ്കിലും വീട്ടിൽ വരാറുണ്ടോ നിങ്ങളെക്കാൾ നിങ്ങളുടെ വീട്ടുകാരായി മാറുന്ന ഒരതിഥി?
അങ്ങനെയൊരാൾ ഈയുള്ളവൻ്റെ വീട്ടിൽ വരുന്നു.
സൗഹൃദത്തിന് വല്ലാത്ത വിലകൊടുക്കുന്ന, ജീവിതം തന്നെ സൗഹൃദത്തിന് വിലയാക്കുന്ന, എന്ത് വിലകൊടുത്തും സൗഹൃദത്തെ കാത്തുസൂക്ഷിക്കുന്ന ഒരാൾ.
ഒരു സ്ത്രീ..
പെൺസുഹൃത്തായ, ആൺസുഹൃത്തിൻ്റെ ഭാര്യ കൂടിയായ ഒരതിഥി.
എന്നല്ല ഭാര്യയുടെ പെൺസുഹൃത്ത്.
എന്നുമല്ല വീട്ടുകാരെല്ലാവരുടെയും പെൺസുഹൃത്ത്.
സൗഹൃദത്തിനിത്രയും അർത്ഥവും വ്യാപ്തിയും ആഴവും ഉണ്ടോ എന്ന് അതിശയിപ്പിക്കുന്ന ഒരു വരവും അങ്ങനെ വന്ന ഒരു സ്ത്രീയും.
കാഴ്ചയിൽ വിത്തിന് പൊതിയെന്ന പോലുള്ള ഗൗരവം തോന്നിയേക്കാം ആ സ്ത്രീയിൽ.
പക്ഷെ ഉളളിൽ തേങ്ങാവെള്ളം പോലെ നൈർമല്യവും കൊണ്ടുനടക്കുന്നു ആ സ്ത്രീ.
ഉളളിൽ നിർമ്മലമായതും തെളിച്ചമുള്ളതും സംരക്ഷിക്കാൻ പുറമേ കരുത്തുള്ളതാവണം എന്നറിയിക്കും പോലെ
വരുന്നത് അതിഥിയായി.
പക്ഷെ മാറുന്നത് ഉപചാരങ്ങളില്ലാതെ ആതിഥേയയായി.
കീഴ്മേലായി, വിണ്ണായി, പക്ഷെ മണ്ണുമായി.
വീട്ടുകാരെ അതിഥിയാക്കി സ്വയം ആതിഥേയയായി മാറുന്ന ഒരതിഥി.
കളിക്കളത്തെയും കളിക്കാരെയും കാഴ്ചക്കാരാക്കിനിർത്തി അരങ്ങ് വാണ് കളിക്കുന്ന ഒരതിഥി.
മണ്ണ് വിണ്ണായി, വേര് തന്നെ ശിഖരവും ഇലകളും പൂക്കളമാവുമാവുന്ന പോലൊരതിഥി.
ആതിഥേയർക്ക് വേണ്ടി എന്തൊക്കെയോ ചെയ്തേ തീരൂവെന്ന് വാശിപിടിച്ച് മുൻകൂട്ടി തീർമാനിച്ചുറച്ച വല്ലാത്തൊരതിഥി.
എന്തിനെന്നില്ലാതെ.
വെറും സൗഹൃദത്തിന് വേണ്ടി.
പരസ്പരം ഭാരമിറക്കാൻ മാത്രമായി.
സൗഹൃദത്തിൽ നഷ്ടവും ലാഭവും സൗഹൃദം മാത്രമെന്ന് പ്രവൃത്തിച്ച് പറയുന്നത് പോലൊരതിഥി.
ഉദ്ദേശരഹിതമായി കൂടെ യാത്ര ചെയ്ത് കറങ്ങണം മാത്രമവൾക്ക്.
സ്വയം ഓടിച്ചുവന്ന വാഹനത്തിൽ, അവളുടെ കാറിൽ തന്നെ എല്ലാവരും യാത്രചെയ്യണം.
പുരുഷനായ ഈയുള്ളവൻ പിറകിൽ.
വെറുമൊരു യാത്രക്കാരനായി,
നിശ്ചേഷ്ടനായി,
നിസ്സംഗനായി,
നിഷ്ക്രിയനായിരുന്ന്.
മുൻപിൽ ഭാര്യയും അവൾ സുഹൃത്തും..
എവിടെയെങ്കിലും വെച്ച് എന്തെങ്കിലും ഒരുമിച്ചിരുന്ന് അവളുടെ മാത്രം ചിലവിൽ കഴിക്കണമെന്ന് ഉറപ്പിച്ച് വന്നവൾക്ക് വേണ്ടി മാത്രമായ യാത്ര.
വിത്തായി വീണ്, പക്ഷേ ഉറച്ച മണ്ണിലും തനിക്ക് വേണ്ട പ്രതലവും വിള്ളലുമുണ്ടാക്കി വൃക്ഷമായി വളരുന്നൊരതിഥിയവൾ.
കഴിഞ്ഞ ഒരു വർഷമായി ബാക്കിവെച്ച കടംവീട്ടുകയാണവൾ.
മകൻ്റെ കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് അകലെയൊരാശുപത്രിയിലായിരുന്ന നമ്മളെ അനുഭവിക്കാനും അനുഭവിപ്പിക്കാനും ഉറപ്പിച്ച് വന്നോരതിഥിയവൾ.
ആ കാലയളവിൽ അവളനുഭവിച്ച ശൂന്യതയെ അവൾ തന്നെയായ നിറവ് കൊണ്ട് നിറക്കാൻ തീരുമാനിച്ചുറച്ച് തന്നെ വന്ന വല്ലാത്തൊരതിഥി.
നമ്മൾ നൽകുന്ന സൽക്കാരമല്ല അവൾക്ക് വേണ്ടത്; പകരം, നമ്മെയവൾക്ക് സൽക്കരിക്കണം.
മഴ സ്വയം നനയാറില്ല,
മഴ മറ്റുള്ളവരെ നനക്കുക മാത്രമെന്നത് അവൾക്കതിന് ന്യായം.
അങ്ങനെ താനായൊരു മഴയെ സ്വയം വിളിച്ചറിയിക്കും പോലെ ഒരു നിർബന്ധം അവൾക്ക്.
അല്ലെങ്കിലും, മഴ പോലെ, കാറ്റ് പോലെ, ഉള്ളതും ശരിയെന്ന് തോന്നുന്നതും ആവുന്നത് പോലെ വിളിച്ചുപറയുന്നതിൽ കൂസലും അഭിനയവും ഇല്ലാത്തവൾ.
മഴപെയ്യാൻ അനുവാദം വേണ്ടെന്ന പോലുള്ള പൊടിഞ്ഞുപെയ്യൽ, കോരിച്ചൊരിയൽ.
മഴക്ക് മുൻപ് വരുന്ന കാറ്റ് പോലെയും.
ആ ഒരു കാറ്റായി സ്വയമോടിച്ച് വന്ന കാറിൽ നാട് ചുറ്റിക്കാണാമെന്നുമവൾ.
അവൾ കണ്ട വേറേതന്നെയായ നാട് നമ്മെ കാണിക്കാമെന്നും അവൾക്കൊരു നിർബന്ധം. പ്രത്യേകതരം നിർബന്ധം.
മഴയും കാറ്റും ഇടിമിന്നലും ഒക്കെയായി വരുന്നു, തീരുമാനിക്കുന്നു, നടപ്പാക്കുന്നു.
അവൾ തന്നെ വണ്ടിയോടിക്കുന്നു.
കാഴ്ചക്കാരായി, അനുഭവസാക്ഷികളായി നിസ്സംഗരായിരിക്കാൻ മാത്രം കല്പിക്കപ്പെട്ട് ഇതാദ്യമായി അവൾ നയിക്കുന്ന വഴിയിൽ, അവൾ തന്നെ ഓടിക്കുന്ന വണ്ടിയിൽ, പിറകിൽ ഈയുള്ളവൻ
കാഴ്ചക്കാരൻ മാത്രമായ യാത്രികനായി ഒരു യാത്ര ഒരനുഭവമാണ്.
മഴകൾ ആവർത്തിക്കും.
ഒന്ന് മറ്റൊന്ന് പോലെയല്ലാതെ.
അങ്ങനെയാവൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
No comments:
Post a Comment