Sunday, March 16, 2025

ചോദ്യം: അല്ലാഹു അക്ബർ എന്ന് വിളിച്ച് ആക്രമണം നടത്തുന്നതോ?

എന്തേ അല്ലാഹു അക്ബർ എന്ന് അക്രമം നടത്തുമ്പോൾ ഉച്ചത്തിൽ വിളിക്കുന്നതിനെ കുറിച്ച് ഒന്നും പറയാത്തത്?

അല്ലാഹു അക്ബർ എന്ന് വിളിച്ചുകൊണ്ട് അക്രമം ചെയ്യുന്നുണ്ടെങ്കിൽ അതും തെറ്റാണ്. 

ഒരു തെറ്റിന് ന്യായം മറ്റൊരു തെറ്റല്ല.

ഒരു തെറ്റ് മറ്റൊരു തെറ്റ് ചെയ്യാതിരിക്കാനുള്ള പാഠമാണ് നൽകേണ്ടത്.

പശ്ചാത്തലവും സന്ദർഭവും ഇല്ലാതെ എന്തും ആരോപിക്കാൻ എത്രയും ചിത്രങ്ങളും വീഡിയോകളും എവിടെയും കിട്ടും. 

പ്രത്യേകിച്ചും അധികാരപക്ഷത്തും സാമ്രാജ്യത്വപക്ഷത്തും ഉള്ളവർ അവർക്ക് വിശ്വാസപരമായും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും പ്രതിയോഗിയും ഭീഷണിയുമാണെന്ന് കണക്കാക്കുന്ന, എന്നാൽ നിലവിൽ അധികാരപക്ഷത്തില്ലാത്ത ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച് എന്തും പറയുക, പ്രചരിപ്പിക്കുക എന്നത്. 

ചുരുങ്ങിയത് ആ വഴിയിൽ ഇസ്ലാമിനേയും മുസ്‌ലിംകളെയും അവരുടെ നാടുകളിൽ പോലും അധികാരത്തിൽ നിന്നും മുഖ്യധാരയിൽ നിന്നും അകറ്റിനിർത്തുക എന്ന വ്യക്തവും ദീർഘവുമായ ലക്ഷ്യത്തോടെ. 

വെറും ആചാരാനുഷ്ഠാനമതം എന്നതിനപ്പുറം ഒരു രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ പ്രത്യേശാസ്ത്രവും  ഒരു ജീവിതവ്യവസ്ഥയും കൂടിയാണ് ഇസ്‌ലാം എന്നത് (അങ്ങനെയുള്ള ഇസ്‌ലാം ശരിയോ മതിയോ എന്നത് വേറെ തന്നെ ചർച്ച ചെയ്യേണ്ടത്)  കൊണ്ടുകൂടിയാണ് ഇതവർക്ക് നിർബന്ധമാകുന്നത്. 

അങ്ങനെയുള്ള ഇസ്‌ലാമിലേക്ക് ആരെങ്കിലും ഏതെങ്കിലും വിധം ആകർഷിക്കപ്പെടുന്നത് മുൻകൂട്ടി തടയാനും കൂടി.

മുസ്‌ലിംകൾക്കും ഇസ്‌ലാമിനും എതിരെയുള്ള കളവുകളും വെറുപ്പും മാത്രം പ്രചരിപ്പിച്ച് ഒരു വലിയ നാടിൻ്റെ ഭരണം വരെ പിടിച്ചടക്കാമെന്ന് തെളിയിച്ചതുമാണ്.

ഇനി വിഷയത്തിലേക്ക് വരാം.

വെറും വെറുതേ അക്രമം ചെയ്തിട്ടും ചെയ്യുന്നതിനും അല്ലാഹു അക്ബർ എന്ന് വിളിക്കുന്ന ഒരു സന്ദർഭവും ഇതുവരെ കണ്ടിട്ടില്ല. ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും ശത്രുക്കൾ ചെയ്യുന്നത് ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും ആരോപിക്കുന്നതല്ലാതെ.

മുസ്ലിംകളെ അതിക്രൂരമായി അടിച്ചമർത്തിയവരെന്നും മുസ്ലിംകളോട് അങ്ങേയറ്റം അനീതിയും അക്രമവും ചെയ്തവരെന്നും മുസ്‌ലിംകൾ കണക്കാക്കുന്നവരെ വളരെ വ്യക്തമായും പരസ്യമായും തന്നെ ശത്രുക്കളെന്ന് പ്രഖ്യാപിച്ച്, വിളിച്ച് യുദ്ധം ചെയ്യുന്ന / തിരിച്ച് പ്രതികാരം ചെയ്യുന്ന വേളയിൽ "അല്ലാഹു അക്ബർ" എന്ന് വിളിക്കുന്നത് പോലെയാണോ ഒരു സ്ത്രീയെ വെറും വെറുതെ വണ്ടിയിടിച്ച് കൊന്ന് ഓം നമ ശിവായ വിളിക്കുന്നതും ആൾക്കൂട്ട ആക്രമണം നടത്തുമ്പോൾ ജയ് ശ്രീ രാം വിളിക്കുന്നതും?

നിങൾ മാങ്ങയെ തേങ്ങ കൊണ്ട് തുലനം ചെയ്യുന്നു. 

മുസ്ലിംകൾ അല്ലാഹു അക്ബർ എന്ന് വിളിക്കുന്നത് പോലെ ഓം നമ ശിവായയും ജയ് ശ്രീ റാമും വിളിക്കുന്നതല്ല ആരും ചോദ്യംചെയ്യുന്നത്. 

മുസ്ലിംകൾ അല്ലാഹു അക്ബർ വിളിക്കുന്നത്  നിരപരാധികളെ ആക്രമിക്കാനാണ് എന്ന് വരുത്തി, അതുപോലെയാണ് ഓം നമ ശിവായയും ജയ് ശ്രീ റാമും നിരപരാധികളെ കൊല്ലുമ്പോൾ വിളിക്കുന്നത് എന്ന് പറയുന്നത് തന്നെ എത്ര വലിയ അബദ്ധമാണ്.  

നിങൾ അറിയാതെ പറയാതെ നിരപരാധികളെയാണ് കൊല്ലുന്നത് എന്ന് നേരിട്ട് സമ്മതിക്കുകയാണെന്ന് പോലും നിങ്ങൾക്ക് മനസ്സിലാവുന്നില്ല.

അങ്ങനെ നിരപരാധികളെ കൊല്ലുന്നതിനെ നാട് ഭരിക്കുന്ന പാർട്ടി പിന്തുണക്കുന്നു എന്നും വന്നാൽ പിന്നെ എന്താണതിനർത്ഥം? 

നാട്ടുകാരെ പരസ്പരം ശത്രുക്കളാക്കുന്നു എന്നും നാടിനെ ആഭ്യന്തരയുദ്ധക്കളമാക്കുന്നുവെന്നും തന്നെ അതിന് നേരിട്ടർത്ഥം വരും. 

അങ്ങനെ അക്രമം ചെയ്ത്, ആളുകളെ കൊന്ന് ഓം നമഃ ശിവായ എന്ന് ഉച്ചത്തിൽ വിളിക്കുമ്പോൾ ശത്രുക്കളായി (ആ സ്ത്രീ അടക്കമുള്ള) ബാക്കിയുള്ള മുഴുവരെയും കാണുന്നുവെന്നും അവർക്കെതിരെ യുദ്ധത്തിലാണെന്നും കൂടി ഉച്ചത്തിൽ പരസ്യമായി പറയാനുള്ള തൻ്റേടവും കൂടി കാണിക്കണം.

അല്ലാതെ, കപടമായി ഒളിഞ്ഞും തെളിഞ്ഞും വെറുപ്പ് കൊണ്ടും കളവ് കൊണ്ടും ന്യായീകരിച്ച് കളിക്കുകയല്ല വേണ്ടത്.

********

അല്ലാഹു അക്ബർ എന്നത് മുസ്‌ലിംകൾ അവരുടെ എല്ലാ നിസ്കാരത്തിലും ഹജ്ജിലും ബാങ്ക് വിളിയിലും മൃഗങ്ങളെ അറുക്കുമ്പോഴും ഒക്കെ പറയുന്ന ആദർശവാക്യമാണ്. 

അതുപോലെയാണോ ജയ് ശ്രീ രാം എന്ന് വിളിക്കുന്നത്?

അല്ല.

ജയ് ശ്രീ രാം എന്ന് വിളിക്കുന്നതിന് പിന്നിൽ മതപരമായ കല്പനയും നിർദ്ദേശവും ഉണ്ടോ? 

ഇല്ല.

ജയ് ശ്രീരാം എന്നത് മതപരമായ ആദർശവാക്യമാണോ?

അല്ല.

*******

പരസ്പരബന്ധമില്ലാതെ, പശ്ചാത്തലവും സന്ദർഭവും അടർത്തിമാറ്റി, തുലനം ചെയ്താൽ ഒന്നും മനസ്സിലാവാത്ത ജനങ്ങൾ എന്തോ വലിയ കാര്യം സമർഥിച്ചത് പോലെ കരുതുമായിരിക്കും. 

ശരിയാണ്.

അങ്ങനെയാണ് ഒരാടിസ്ഥാനവും ഇല്ലാത്ത  കളവുകളും വെറുപ്പും പ്രചരിപ്പിച്ച്, പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഒരു വലിയ നാടിൻ്റെ ഭരണം തന്നെ എന്നെന്നേക്കുമായി കൈക്കലാക്കിയത് എന്ന ധൈര്യവും  ഇങ്ങനെയൊക്കെ തുലനം ചെയ്യുന്നവർക്ക് അത് പ്രചരിപ്പിക്കുമ്പോൾ ഉണ്ടാവും.

********

ചോദ്യം: ഓം നമഃ ശിവായ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ ആൾക്ക് അതുകൊണ്ട് വല്ല നിയമപരമായ പരിരക്ഷയും ഇളവും കിട്ടിയോ?

അങ്ങനെയൊരു അടവ് നടപ്പാക്കിനോക്കാൻ അയാളെ പ്രേരിപ്പിച്ച മനോവികാരവും സ്വാധീനവും ഇന്ത്യയെ മുഴുവൻ ഇക്കാലത്ത് ചൂഴ്ന്നുനിൽക്കുന്നു എന്നത് എല്ലാവരെയും അസ്വസ്ഥപ്പെടുത്താത്തത് വല്ലാതെ അത്ഭുതപ്പെടുത്തുന്നു.. 

അത് രാജ്യത്തെ സ്നേഹിക്കുന്ന ആരെയും അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തേണ്ട കാര്യം മാത്രമാണ്.

നിയമപരമായ പരിരക്ഷയും ഇളവും അയാൾക്ക് കിട്ടിയോ ഇല്ലേ എന്നതല്ല വിഷയം.

ആ സന്ദർഭത്തിൽ പോലും അങ്ങനെ ഓം നമഃ ശിവായ എന്ന് ഉച്ചത്തിൽ വിളിച്ചുപറയാൻ അയാളെ പ്രേരിപ്പിച്ച സ്വാധീനവും അയാളുടെ മനശ്ശാസ്ത്രവുമാണ് വിഷയം. 

ആ മനശ്ശാസ്ത്രത്തിലൂടെ അയാൾ ആ സന്ദർഭത്തിൽ ഉദ്ദേശിക്കുന്നതാണ് വിഷയം.

ആ മനശ്ശാസ്ത്രതലത്തിലേക്ക് അയാളെ എത്തിച്ച കാര്യമാണ് വിഷയം. 

നിയമപരമായ ഇളവ് കിട്ടുമോ ഇല്ലേ എന്നതൊക്കെ പലതും ആശ്രയിച്ച് ക്രമേണ കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

അങ്ങനെയാണല്ലോ നാളിതുവരെയുള്ള നീതിന്യായ വ്യവസ്ഥിതിയുടെ കാര്യം.

അതുവരെ കാത്ത് നിന്ന് ഇങ്ങനെയെങ്കിലും പ്രതികരിക്കാതിരിക്കാൻ സാധിക്കുമോ?

ജസ്റ്റീസ് ലോയ കേസും മറ്റിതര കേസുകളും ഒക്കെ തേഞ്ഞുമാഞ്ഞുപോയ കഥകൾ അറിയുന്നതല്ലേ? 

എത്രയെത്ര കേസുകൾ അങ്ങനെ ഒഴിവാക്കപ്പെട്ടിരിക്കുന്നു?

എത്രയെത്ര കേസുകളിൽ അങ്ങനെ കുറ്റവാളികൾ വളരെ എളുപ്പം, ലളിതമായി ഒഴിഞ്ഞുവന്നിരിക്കുന്നു?

*********

ചോദ്യം: അക്രമം ചെയ്യുമ്പോൾ ഓം നമഃ ശിവായ എന്നും ജയ് ശ്രീ രാം എന്നും ഉച്ചത്തിൽ വിളിച്ചുപറയുന്നതിനെ ഇവിടെ ഹിന്ദുക്കൾ ആരെങ്കിലും ന്യായീകരിക്കുന്നുണ്ടോ? എന്നാൽ മുസ്ലിംകളോ?

ഉത്തരം: ആരെങ്കിലും ന്യായീകരിക്കുന്നുണ്ടോ ഇല്ലേ എന്നതല്ല വിഷയം. 

ഇന്ത്യ മുഴുവൻ ഇങ്ങനെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് അക്രമങ്ങളും കലാപങ്ങളും അഴിച്ചുവിടുന്നുണ്ടോ ഇല്ലേ എന്നതാണ് വിഷയം.

അതും ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയോടെ ഇങ്ങനെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് അക്രമങ്ങളും കലാപങ്ങളും നടക്കുന്നുണ്ടോ ഇല്ലേ എന്നതാണ് വിഷയം.

അധികാരം നേടാനും നിലർത്താനും വരെ ഇങ്ങനെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് അക്രമങ്ങളും കലാപങ്ങളും നടക്കുന്നുണ്ടോ ഇല്ലേ എന്നതാണ് വിഷയം.

******

ഇനി പറയട്ടെ..

മേൽവിഷയത്തിൽ താങ്കൾ തെളിവിനായി വീഡിയോ ആവശ്യപ്പെട്ടു. 

ഈയുള്ളവൻ തന്നു. 

കൃത്യമായ തെളിവ്. 

അപ്പോൾ പിന്നെ താങ്കൾ കളംമാറ്റിപ്പിടിക്കാൻ തുടങ്ങി. 

വർത്തമാന ഇന്ത്യൻ പശ്ചാത്തലത്തിൽ താങ്കൾ എന്തുകൊണ്ട് ഇതിലെ അപകടം മനസ്സിലാക്കുന്നില്ല എന്നത് താങ്കളുടെ നിക്ഷിപ്ത താൽപര്യങ്ങളുമായി ബന്ധപ്പെട്ട കാര്യം.

ഭൂരിപക്ഷവർഗീയതയുടെയും അധികാരപക്ഷത്തിൻ്റെയും ഓരംപറ്റി നിൽക്കുക എളുപ്പവും സുഖവും സുരക്ഷിതത്വവും നൽകുന്ന പണിയാണ്.

യുദ്ധസന്ദർഭത്തിലേക്ക് വേണ്ടി ഖുർആൻ നൽകിയ നിർദേശങ്ങളെയാണ് പിന്നെ നിങൾ ഉദ്ധരിക്കുന്നത്. 

അവ ഇത്തരം സന്ദർഭങ്ങളിലേക്കും കാര്യങ്ങളിലേക്കും ബാധകമല്ലെന്ന് താങ്കൾക്ക് തന്നെ അറിയാവുന്നതാണ്. 

ശത്രുക്കളുമായി നടക്കുന്ന യുദ്ധത്തിൽ എന്ത് ചെയ്യണം എന്ന നിർദേശങ്ങൾ എല്ലാ യുദ്ധങ്ങളിലും രഹസ്യമായും പരസ്യമായും ഉണ്ടാവും. 

എല്ലാ പട്ടാളക്കാരും യുദ്ധത്തിൽ ആവത് ചെയ്യുന്നത് തന്നെ. 

അക്കാലത്ത് അത് അക്കോലത്തിൽ ഇക്കാലത്ത് അത് നിഷ്ഠൂരമായി ബോംബിട്ട് തകർക്കൽ. 

ഇറാഖിലും ജപ്പാനിലും അഫ്ഗാനിസ്ഥാനിലും ഒക്കെ അമേരിക്ക ചെയ്തത്. 

ഒന്നാംലോക മഹാുദ്ധത്തിലും രണ്ടാംലോക മഹായുദ്ധത്തിലും യുറോപ്യൻ രാജ്യങ്ങൾ ഒന്നടങ്കം അങ്ങോട്ടും ഇങ്ങോട്ടും ചെയ്തത്.

പക്ഷെ മുസ്ലിംകൾ അങ്ങനെ ചെയ്യുന്നത് യുദ്ധസാഹചര്യത്തിൽ പ്രതിരോധപരമായി മാത്രം, ശത്രുക്കളെ ശത്രുക്കളെന്നു പരസ്യമായി പ്രഖ്യാപിച്ചതിന് ശേഷം മാത്രം. 

ഇവിടെ ഈയുള്ളവൻ ഇട്ട പോസ്റ്റിന് ആസ്പദമായ കാര്യം അതാണോ? 

ഇന്ത്യയിൽ അങ്ങുനിന്നിങ്ങോളം നടക്കുന്ന ജയ് ശ്രീരാം വിളിച്ചുള്ള പശുകൊലപാതകങ്ങളും ആൾകൂട്ടആക്രമണങ്ങളും ഇങ്ങനെ ശത്രുക്കളെന്ന് പരസ്യമായി വിളിച്ചും പ്രഖ്യാപിച്ചും കൊണ്ടാണോ? 

ഒരു യുദ്ധം പോലെയാണോ ഇന്ത്യയിൽ ഇതൊക്കെ നടക്കുന്നത്? 

യുദ്ധം പോലെയാണെങ്കിൽ അവരത് തുറന്ന് പറയണം, സമ്മതിക്കണം. 

മറുകക്ഷിയും അത് യുദ്ധം പോലെ എടുക്കണമല്ലോ? 

എങ്കിൽ ഇന്ത്യ എത്തുക എവിടെയാണ് എന്ന വല്ല ധാരണയും ഉണ്ടോ?

തികഞ്ഞ ആഭ്യന്തരയുദ്ധങ്ങളിലും കലാപങ്ങളിലൂമല്ലേ ഇന്ത്യ ചെന്നെത്തുക? 

താങ്കൾ താങ്കളുടെ രാജ്യസ്നേഹം വെച്ച് ഇന്ത്യക്ക് വേണ്ടി ആഗ്രഹിക്കുന്നത് അങ്ങനെയുള്ള ആഭ്യന്തരയുദ്ധങ്ങളും കലാപങ്ങളും ആണോ?

മുസ്‌ലിംവിരോധം താങ്കളെയും ആരെയും രാജ്യത്തോട് തന്നെ അനീതി ചെയ്യാൻ പ്രേരിപ്പിക്കരുത്

നമുക്ക് ചില്ലറ അധികാരത്തിൻ്റെ അപ്പക്ഷണം കിട്ടും എന്ന ഒറ്റക്കാരണം കൊണ്ട് തീരെയും അങ്ങനെ പ്രേരിപ്പിക്കരുത്. 

ഇസ്ലാമുമായി അങ്ങാടിയിൽ തോൽക്കുന്നത് കൊണ്ട് അമ്മയോട് എന്ന പോലെയും ചെയ്യാൻ താങ്കളെയും ആരെയും പ്രേരിപ്പിക്കരുത്.

പിന്നെ ഭൂരിപക്ഷവർഗീയതയുടെയും അധികാരപക്ഷത്തിൻ്റെയും ഓരംപറ്റി നിൽക്കുക എളുപ്പവും സുഖവും സുരക്ഷിതത്വവും നൽകുന്ന പണിയാണ്.

No comments: