നോമ്പ് തഖ്‌വക്ക് വേണ്ടിയാണ്.
എന്നുവെച്ചാൽ?
നോമ്പ് സൂക്ഷ്മതാബോധം വളർത്താൻ വേണ്ടിയാണ്.
ശരി.
എങ്കിൽ, എന്താണ് തഖ്‌വ, സൂക്ഷ്മതാബോധം?
സ്വന്തം നെഞ്ചിലേക്ക് കൈചേർത്ത് പ്രവാചകൻ പറഞ്ഞു "അത്തഖ്‌വാ ഹാഹുനാ ഹാഹുനാ" എന്ന്.
"സൂക്ഷ്മതാബോധം ഇവിടെയാണ്, ഇവിടെയാണ്" എന്ന്.
മറ്റാർക്കും മനസ്സിലാവാത്തത് നിങ്ങളിലെ തഖ്‌വ, സൂക്ഷ്മതാബോധം.
മറ്റാർക്കും വിധിപറയാൻ സാധിക്കാത്തത് തഖ്‌വ, സൂക്ഷ്മതാബോധം.
മറ്റാരും വിധിപറയേണ്ടതില്ലാത്ത തീർത്തും ആത്മനിഷ്ഠമായ ബോധം തഖ്‌വ, സൂക്ഷ്മതാബോധം?
"അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കും രൂപഭംഗിയിലേക്കും നോക്കുന്നില്ല. പകരം, അല്ലാഹു നോക്കുന്നത് നിങ്ങളുടെ ഹൃദയത്തിലേക്കാണ്." (ഹദീസ്).
"അല്ലാഹുവിന് ഇറച്ചിയോ രക്തമോ കിട്ടുന്നില്ല (വേണ്ട), അല്ലാഹുവിന് കിട്ടുന്നത് (വേണ്ടത്) നിങ്ങളിൽ നിന്നുള്ള തഖ്‌വ, സൂക്ഷ്മതാബോധം മാത്രമാണ്." (ഖുർആൻ)
തഖ്‌വ, സൂക്ഷ്മതാബോധം എന്തെന്ന് കൃത്യമായി നിർവ്വചിച്ചുപറയുക ബുദ്ധിമുട്ടാണ്.
ഏറ്റവും നല്ലതും ശരിയും ഉദ്ദേശിച്ച് നിങ്ങളെ തന്നെയും ചുറ്റുപാടിനേയും എപ്പോഴും ചോദ്യംചെയ്തുകൊണ്ടിരിക്കുന്നതും വിചാരണ ചെയ്യുന്നതും തഖ്‌വ, സൂക്ഷ്മതാബോധം.
അവനവനെയും ചുറ്റുപാടിനെയും സംശയിച്ച്, സൂക്ഷിച്ച്, സ്വന്തം മനസ്സാക്ഷിയുടെ മുൻപിൽ പൂർണമായും സത്യസന്ധത പുലർത്തി ഒഴിഞ്ഞുനിൽക്കലും പലതും വേണ്ടെന്ന് വെച്ച് ഒത്തുപോകലുമാണ് തഖ്‌വ, സൂക്ഷ്മതാബോധം.
ഉളളിലാണ് ഉളളിലാണ് എന്ന നിലക്ക് അന്വേഷിച്ചന്വേഷിച്ച് ചൂഴ്ന്നുപോകാൻ നിർബന്ധിതനാക്കുന്ന ബോധമാണ് തഖ്‌വ, സൂക്ഷ്മതാബോധം.
ഉള്ളി പൊളിച്ചെന്ന പോലെ ഉള്ളിലെത്തി അവസാനം ഒന്നുമില്ലെന്ന "ലാ ഇലാഹ"യിൽ എത്തിച്ചേരും താഖ്വയിലൂടെ.
"ലാ ഇലാഹ" ക്ക് പകരം ഇല്ലല്ലാഹു എന്നതപ്പോൾ പകരം കാഴ്ചയാവും, സ്വയം ഉള്ളതാവും.
പ്രാപഞ്ചികബോധവുമായി സ്വന്തം ബോധത്തെ കോർത്തിണക്കി വെക്കലാണ് തഖ്‌വ, സൂക്ഷ്മതാബോധം.
അതല്ലെങ്കിൽ പ്രാപഞ്ചികബോധത്തിന് വേണ്ടി സ്വന്തം ബോധത്തെ കോർത്തിണക്കിവെക്കലാണ് തഖ്‌വ, സൂക്ഷ്മതാബോധം.
ആ വഴിയിൽ സ്വന്തം ബോധത്തെ അപ്രസക്തമാക്കലാണ് തഖ്‌വ, സൂക്ഷ്മതാബോധം.
ആത്യന്തികതക്ക് വേണ്ടി ആപേക്ഷികതയെ ക്രമീകരിച്ചുവെക്കുന്ന, വിധേയപ്പെടുത്തി വിനയപ്പെടുത്തുന്ന ബോധമാണ് തഖ്‌വ, സൂക്ഷ്മതാബോധം..
അനാവശ്യങ്ങളിൽ നിന്ന് ആവശ്യങ്ങളെ നിർധരിച്ച്, നിർധരിച്ച് ആവശ്യങ്ങൾ കുറഞ്ഞുകുറഞ്ഞ് ഇല്ലാതാവുന്ന ബോധവും കൂടിയാണ് തഖ്‌വ, സൂക്ഷ്മതാബോധം.
ഒന്ന് കാണുന്ന മാത്രയിൽ, ഒന്നിലേക്ക് നോക്കുന്ന മാത്രയിൽ ബാക്കിയെല്ലാം കാണാതിരിക്കുന്ന, ബാക്കിയെല്ലാം അപ്രസക്തമാകുന്ന ശ്രദ്ധയാണ് സൂക്ഷ്മതാബോധം, തഖ്വ. ആ ഒന്ന് അല്ലാഹു എന്ന ആകയാൽ ബാക്കിയാവുന്ന ഒന്നേയൊന്ന്.
അവനവൻ്റെ വിതാനത്തിനനുസരിച്ച് എങ്ങനേയും കാണാവുന്നത് തഖ്‌വ, സൂക്ഷ്മതാബോധം.
അതുകൊണ്ട് തന്നെ ശ്രദ്ധിക്കുക:
ഇസ്‌ലാമിലെ ഒന്നിനും ഒരു ആരാധാന-അനുഷ്ഠാന കർമ്മപരിപാടികൾക്കും ആധാരവും അടിസ്ഥാനവും ആരാധനാ-അനുഷ്ഠാന കർമ്മപരിപാടികൾ തന്നെയല്ല, ആ പ്രവൃത്തികൾ തന്നെയല്ല.
പകരം, ഈമാനാണ്, നിയ്യാത്താണ്, തഖ്‌വയാണ് എല്ലാ ആരാധനാ-അനുഷ്ഠാന കർമ്മപരിപാടികൾക്കും ആധാരം, അടിസ്ഥാനം, പ്രധാനം.
എന്നുവെച്ചാൽ, വിശ്വാസമാണ്, ഉദ്ദേശമാണ്, സൂക്ഷ്മതാബോധമാണ് പ്രധാനം, അവയാണ് എല്ലാ പ്രവൃത്തികൾക്കും മേൽ.
പ്രവൃത്തികളുടെ വലുപ്പവും നേട്ടവും തൂക്കവും നോക്കപ്പെടുന്നില്ല, മാനിക്കപ്പെടുന്നില്ല.
പകരം വിശ്വാസമാണ്, ഉദ്ദേശമാണ്, സൂക്ഷ്മതാബോധമാണ് നോക്കപ്പെടുന്നത്, മാനിക്കപ്പെടുന്നത്.
വിശ്വാസത്തിൻ്റെയും ഉദ്ദേശത്തിൻ്റെയും സൂക്ഷ്മതാബോധത്തിൻ്റെയും പിൻബലമില്ലാത്ത ആരാധനാനുഷ്ഠാനകർമ്മങ്ങൾ പൊടിപടലം പോലെ മാത്രം.
ഏത് ചെറിയ കാറ്റിലും പാറിപ്പോകും.
നുര പോലെ മാത്രം. കാര്യത്തിന് കൊള്ളില്ല, ദാഹം ശമിപ്പിക്കാൻ ഉതകില്ല, ഭാരം തൂങ്ങില്ല.
എന്നുവെച്ചാൽ തീർത്തും ആത്മനിഷ്ഠവും വ്യക്തിനിഷ്ഠവുമായാണ് കാര്യങ്ങൾ, മനസ്സാക്ഷിയിൽ തൊട്ടാണ് കാര്യങ്ങൾ നടക്കേണ്ടത്.
സാമൂഹ്യമായ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും ഓരോ വ്യക്തിയും സ്വയം ഈമാൻ, നിയ്യത്ത്, തഖ്വ സൂക്ഷിക്കുംവിധം ആത്മനിഷ്ഠമായിരിക്കേണ്ടതുണ്ട് എന്നർത്ഥം.
ഈമാൻ, നിയ്യത്ത്, തഖ്വ: എല്ലാം അവനവൻ്റെ മനസ്സക്ഷിയുമായി മാത്രം ബന്ധപ്പെട്ടത്.
"അറിയുക, ശരീരത്തിൽ ഒരു ഭാഗമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് മോശമായാൽ ശരീരം മുഴുവൻ മോശമായി. അറിയുക: അതാണ് ഹൃദയം (മാറിക്കൊണ്ടിരിക്കുന്നത്)." (ഹദീസ്)
അവനവൻ അവനവനെ ചോദ്യം ചെയ്തും വിചാരണചെയ്തും മാത്രം ഉറപ്പിക്കേണ്ടത് ഈമാൻ, നിയ്യത്ത്, തഖ്വ.
സൂക്ഷ്മബോധം വെച്ചും സൂക്ഷ്മകാഴ്ച വെച്ചും ജീവിച്ചാൽ ഏതൊരാളും പരമാവധി അത്യാവശ്യങ്ങളിൽ ചുരുങ്ങും, അനാവശ്യങ്ങളെ മുൻകൂട്ടി കണ്ട് തിരിച്ചറിഞ്ഞ് അകന്നുനിൽക്കും. സന്യാസിയെ പോലെയാകും.
*******
സൂക്ഷ്മതബോധം നോമ്പിൻ്റെ ഉദ്ദേശവും ലക്ഷ്യവും ആക്കിയതോടെ നോമ്പ് തീർത്തും വ്യക്തിപരവും ആത്മനിഷ്ഠവും ആണെന്ന് കൃത്യമായും വരുന്നു.
ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുന്നത് കൊണ്ടുമാത്രം നോമ്പ് നോമ്പാവില്ല എന്ന് കൃത്യമായും നിഷ്‌കർഷിച്ചിട്ടുണ്ട്.
നോമ്പ് ദൈവവും മനുഷ്യനും തമ്മിലുള്ള നേരിട്ടിടപാടാണ്.
സാമൂഹ്യപരതക്കും പ്രകടനപരതക്കും ഒരു സ്ഥാനവും പ്രസക്തിയും നോമ്പിൽ ഇല്ല.
നോമ്പ് കൊണ്ട് സാമൂഹ്യപരമായ ഗുണങ്ങളും ഫലങ്ങളും ഉണ്ടാവില്ല എന്നല്ല ഈ പറഞ്ഞതിന് അർത്ഥം.
"നോമ്പ് പരിചയാണ്" (ഹദീസ്).
സൂക്ഷ്മതാബോധവും ജാഗ്രതയും യഥാർത്ഥത്തിൽ ഓരോരുത്തനേയും വേണ്ടാത്ത സർവ്വതിൽ നിന്നും അകറ്റിയും രക്ഷിച്ചും നിർത്തുന്ന ഒരു പരിച തന്നെയാണ്.
"നോമ്പ് എനിക്കുള്ളതാണ്, ഞാൻ മാത്രം അതിന് പ്രതിഫലം നൽകുന്നു" (ദൈവം നേരിട്ട് പറയുന്നു എന്ന് പറയപ്പെടുന്ന ഖുദ്സിയായ ഹദീസ്).
എന്നുവെച്ചാൽ നോമ്പിൽ ദൈവവും മനുഷ്യനും നേരിട്ട് മാത്രം. വ്യക്തിയും മുഴുത്വവും നേർക്കുനേർ. ആപേക്ഷികവും ആത്യന്തികവും നേർക്കുനേർ.
ഇടയിൽ ആരുമില്ല.
ആർക്കും ഉത്തരം കൊടുത്ത് നോമ്പ് ഉണ്ട്, ഇല്ല എന്ന് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.
ഇടയിലുള്ള ആർക്കും വേണ്ടിയല്ല, ആരെയും ബോധ്യപ്പെടുത്താനല്ല നോമ്പ്.
ഒരുതരം പ്രകടനപരത കൊണ്ടും നോമ്പിൽ കാര്യമില്ല.
ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് ഉണ്ടാവുകയോ, ഇല്ലെന്ന് പറഞ്ഞത് കൊണ്ട് ഇല്ലാതാവുകയോ ചെയ്യുന്ന കാര്യമല്ല നോമ്പ്.
******
അപ്പോഴും ചിലത് വ്യക്തമാക്കി പറയേണ്ടതുണ്ട്.
വ്യക്തിതലത്തിൽ നടക്കുന്ന, നടക്കേണ്ട തഖ്വയെന്ന സൂക്ഷ്മതയുടെയും ജാഗ്രതയുടെയും പരിധിയിൽ എല്ലാം വരും?
ആരോഗ്യവും, സാമ്പത്തികവും രാഷ്ട്രീയവും കുടുംബവും സമൂഹവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങകളും എല്ലാം വരും തഖ്‌വയിൽ.
വിശപ്പും വിശപ്പുള്ളവരെ ഓർക്കുകയും വരും തഖ്‌വയിൽ.
എന്നിരുന്നാലും തഖ്‌വ വ്യക്തിപരമാണ്, ആത്മനിഷ്ഠമാണ്.
സംശയമുള്ള സർവ്വതും വ്യക്തിപരമായ ബോധ്യതയുടെയും ജാഗ്രതയുടെയും ഭാഗമായി വേണ്ടെന്ന് വെക്കുക തഖ്വയാണ്.
അതുകൊണ്ട് തന്നെ തീർത്തും ആവശ്യമല്ലെന്ന് തോന്നുന്ന സർവ്വകാര്യങ്ങളിൽ നിന്നും അകന്നുനിൽക്കൽ തഖ്വയാണ്.
അത്യാവശ്യം മാത്രമായ കാര്യങ്ങളിൽ ഏടത്തിച്ചേരലും തഖ്വയാണ്.
"സംശയങ്ങളെ (തഖ്വയോടെ) മാറ്റിനിർത്തുന്നവൻ അവൻ്റെ സംസ്കാരത്തെയും അഭിമാനത്തെയും സംരക്ഷിച്ചിരിക്കുന്നു." (ഹദീസ്)
"ആര് സംശയമുള്ള കാര്യങ്ങളിൽ വീണോ, അവൻ നിഷിദ്ധമായതിൽ (ഹറാമിൽ) വീണത് പോലെയാണ്". (ഹദീസ്)
സൂക്ഷമതാബോധം കൈവരുമ്പോൾ ഒരുവന് മൊത്തം പ്രാപഞ്ചികബോധമായ അല്ലാഹുവല്ലാത്ത ബാക്കിയെല്ലാം അപ്രസക്തമാകും, ആരും ആരേക്കാളും മുകളിലല്ലെന്ന് വരും.
ജീവിതത്തിലുടനീളം അല്ലാഹുവിനെ മാത്രം മറ്റെല്ലാത്തിനേക്കാളും പ്രധാനമായി കാണും.
അല്ലാഹുവിനെ മനുഷ്യന്റെ സകലമാന ഭാവനകൾക്കും സങ്കല്പങ്ങൾക്കും അതീതമായി കാണും.
പ്രാപഞ്ചികബോധം തന്നെയായ അല്ലാഹുവിനു മാത്രം വിധേയപ്പെടുന്നതിലൂടെ മനുഷ്യനെ വലിച്ചുമുറുക്കുന്ന അഹങ്കാരവും സ്വേച്ഛയുമുൾപ്പടെയുള്ള സകലമാന പാരതന്ത്ര്യങ്ങളിൽ നിന്നും മുക്തമാകും.
തഖ്വ ജീവിതത്തിൻ്റെ മുഴുവൻ മേഖലകളിലും നിഴലിക്കേണ്ട, നടപ്പാക്കേണ്ട സംഗതിയാണ്.
ആ നിലക്ക് വിശപ്പുള്ളവരെ അറിയലും ആരോഗ്യത്തിന് നല്ലതാവലും ഒക്കെ വരുമെങ്കിൽ വരും.
എന്നല്ലാതെ, അതങ്ങനെ തന്നെ നോമ്പിന് അവകാശവാദമായും ന്യായമായും ആധാരമായും അവതരിപ്പിക്കുന്നത് ശരിയല്ല.
ലാളിത്യം മുഖമുദ്രയാവേണ്ട നോമ്പ് ആർഭാടം ആവുന്നത് വിരോധാഭാസവുമാണ്. തഖ്വക്ക് കടകവിരുദ്ധമായ സംഗതിയുമാണ്.
********
"സൂക്ഷ്മതയുടെ വസ്ത്രം, അതാണ് ഏറ്റവും നല്ലത് (അതാണ് ഏറ്റവും നല്ല വസ്ത്രം)" (ഖുർആൻ)
"ആര് അല്ലാഹുവുമായി ബന്ധപ്പെട്ട് സൂക്ഷ്മതാബോധം കാണിക്കുന്നുവോ അവൻ്റെ കാര്യങ്ങളിൽ എളുപ്പം ഉണ്ടാവുന്നു,." (ഖുർആൻ)
"ആര് അല്ലാഹുവുമായി ബന്ധപ്പെട്ട് സൂക്ഷ്മതാബോധം കാണിക്കുന്നുവോ അവന് തെറ്റുകൾ പ്രായശ്ചിത്തം നൽകപ്പെടുന്നു, പ്രതിഫലങ്ങൾ വലുതാക്കപ്പെടുന്നു" (ഖുർആൻ)
"ആര് അല്ലാഹുവുമായി ബന്ധപ്പെട്ട് സൂക്ഷ്മതാബോധം കാണിക്കുന്നുവോ അവർക്ക് പോംവഴികളുണ്ടാവുന്നു, അവർ നിനക്കാത്ത വഴിയിലൂടെ അവരെ ഭക്ഷിപ്പിക്കുന്നു." (ഖുർആൻ)
"നിങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും ഉത്തമൻ നിങ്ങളിൽ ഏറ്റവും തഖ്‌വ, സൂക്ഷ്മതാബോധം ഉള്ളവൻ". (ഖുർആൻ)
"ഏ വിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷ്മതബോധത്തോടെ കാണുന്നപക്ഷം, നിങ്ങൾക്ക് വകതിരിവ് (വിവേചന ശേഷി) ഉണ്ടാവും, നിങ്ങളിലെ കുറ്റങ്ങൾ കുഴിച്ചുമൂടപ്പെടും (കുറ്റങ്ങൾക്ക് പ്രായശ്ചിത്തം (പകരം) നടത്തപ്പെടും)" ( ഖുർആൻ)
No comments:
Post a Comment