നോമ്പ് മറ്റൊന്നിനും വേണ്ടിയല്ല.
നോമ്പ് സൂക്ഷ്മതാബോധം ഉണ്ടാവാനും ഉണ്ടാക്കാനും വേണ്ടി മാത്രമാണ്.
അഥവാ ജാഗ്രത ഉള്ളവരാവാൻ മാത്രം.
"ലഅല്ലക്കും തത്തഖൂൻ"
"നിങൾ സൂക്ഷ്മതാബോധം ഉള്ളവരാവാൻ വേണ്ടി" (ഖുർആൻ) എന്ന് മാത്രമാണ് നോമ്പ് നിർബന്ധമാക്കുമ്പോൾ ഖുർആൻ ഉദ്ദേശലക്ഷ്യമായി വെച്ചത് .
സൂക്ഷ്മതാബോധം ഉണ്ടാവുകയല്ലാത്ത വേറൊരു ലക്ഷ്യവും കാരണവും ഖുർആൻ വെച്ചില്ല.
"ഇന്ന ഖൈറസ്സാദിത്തഖ്‌വ"
"ഏറ്റവും നല്ല പാഥേയം സൂക്ഷ്മതാബോധമാണ്" (ഖുർആൻ)
എന്നും ഖുർആൻ തൊട്ടുടനെ വേറൊരു പശ്ചാത്തലത്തിൽ, ഹജ്ജുമായി ബന്ധപ്പെട്ട് തുടർത്തിപ്പറഞ്ഞു.
സൂക്ഷ്മബോധം എന്തിനാണ്?
ഫാതിഹ കഴിഞ്ഞാലുള്ള ഒന്നാം അദ്ധ്യായത്തിൻ്റെ ഒന്നാം സൂക്തത്തിൽ തന്നെ ഖുർആൻ അർത്ഥശങ്കക്കിടയില്ലാത്തവിധം അത് വ്യക്തമാക്കിപ്പറഞ്ഞു.
"ഹുദൻ ലിൽ മുത്തഖീൻ".
"സൂക്ഷ്മതാബോധമുള്ളവർക്കാണ് മാർഗ്ഗദർശനം." (ഖുർആൻ).
ആരോഗ്യമുണ്ടാക്കലും പാവപ്പെട്ടവൻ്റെ വിശപ്പ് മനസ്സിലാക്കലും ഒന്നും നോമ്പ് കൊണ്ടുള്ള ലക്ഷ്യമല്ല, ഉദ്ദേശമല്ല.
ഖുർആനും അല്ലാഹുവും ലക്ഷ്യവും ഉദ്ദേശവും ആക്കിത്തന്നിട്ടില്ലാത്തത് ലക്ഷ്യവും ഉദ്ദേശവും ആക്കുന്നത് വിശ്വാസമില്ലെന്ന് വരുത്തലാണ്, വിശ്വാസത്തിൽ വെള്ളംചേർക്കലാണ്, വിശ്വാസം ദുർബലമെന്ന് തെളിയിക്കലാണ്.
No comments:
Post a Comment