Saturday, March 15, 2025

ഇസ്‌ലാം ജൂത, ക്രിസ്ത്യൻ മതങ്ങളിൽ നിന്നും കോപ്പിയടിച്ചുവോ, കട്ടെടുത്തുവോ?

മുഹമ്മദും ഇസ്‌ലാമും ജൂത, ക്രിസ്ത്യൻ മതങ്ങളിൽ നിന്നും കോപ്പിയടിച്ചു കട്ടെടുത്തു എന്നൊക്കെ പറയുന്നതിൽ വല്ല അർത്ഥവുമുണ്ടോ?

ഇല്ല.

എന്തുകൊണ്ടില്ല?

യേശുവും മോസസും അബ്രഹാമും യഥാർത്ഥത്തിൽ പറഞ്ഞത് തന്നെ, അതിൻ്റെ തുടർച്ച തന്നെ, അതിൻ്റെ പൂർത്തീകരണം തന്നെ താൻ പറയുന്നതും ഇസ്ലാമുമെന്ന് മുഹമ്മദ് അർത്ഥശങ്കക്കിടയില്ലാത്ത വിധം പറയുന്നു, അവകാശപ്പെടുന്നു. 

പോരാത്തതിന്, ജൂതമതം എന്ന പേരിൽ മോസസോ, ക്രിസ്തുമതം എന്ന പേരിൽ യേശുവോ, ബുദ്ധമതം എന്ന പേരിൽ ശ്രീബുദ്ധനോ, ഹിന്ദുമതം എന്ന പേരിൽ ശ്രീകൃഷ്ണനോ ശ്രീരാമനോ മതങ്ങൾ സ്ഥാപിച്ചിരുന്നില്ല.

അബ്രഹാമിൻ്റെ പാത തന്നെയാണ് (മില്ലത്ത് ഇബ്രാഹീം) തൻ്റെ പാതയായ (മില്ലത്തായ) ഇസ്‌ലാം എന്ന് വളരെ ഗർവ്വോടെ പരസ്യമായി മുഹമ്മദ് നബി അവകാശപ്പെട്ടിരുന്നു. 

എങ്കിൽ പിന്നെ, എന്തോ പുതുതായി കണ്ടുപിടിച്ചെന്ന പോലെ, മുഹമ്മദും ഇസ്‌ലാമും ജൂത, ക്രിസ്ത്യൻ (മറ്റിതര) മതങ്ങളിൽ നിന്നും കോപ്പിയടിച്ചു, കട്ടെടുത്തു എന്നൊക്കെ പറയുന്നവർ വലിയ അബദ്ധം തന്നെ പറയുകയല്ലേ ചെയ്യുന്നത്?

അല്ലെങ്കിൽ അവർ മുഹമ്മദും ഇസ്‌ലാമും അവകാശപ്പെടുന്നത് സമ്മതിച്ചുകൊടുക്കുകയല്ലേ ചെയ്യുന്നത്?

മോസസും യേശുവും എബ്രഹാമും യാഖൂബും (മറ്റുള്ളവരും) യഥാർത്ഥത്തിൽ പറഞ്ഞതിൽ നിന്നും കാലക്രമേണ ജൂത, ക്രിസ്ത്യൻ (മറ്റിതര) മതങ്ങൾക്കുണ്ടായ വ്യതിയാനം തിരുത്തി തുടരുകയും പൂർത്തീകരിക്കുകയും മാത്രമാണ് ഇസ്‌ലാമും മുഹമ്മദും ചെയ്തത് എന്ന് ഇസ്‌ലാമും മുഹമ്മദും വളരെ വ്യക്തമായും അവകാശപ്പെടുന്നു.

*******

മേൽപറഞ്ഞത് വെറുതേ അവകാശവാദമായും വ്യാഖ്യാനമായും പറഞ്ഞതല്ല.

ഖുർആനിൽ ഉടനീളം ഖുർആനും ഇസ്‌ലാമും ഉയർത്തിപ്പിടിക്കുന്നത് പഴയതിൻ്റെ തുടർച്ച മാത്രമാണെന്ന സമ്മതം പറച്ചിൽ കാണാം.

ഖുർആനിലെ, ഫാതിഹ കഴിഞ്ഞാൽ ഏറ്റവും വലുതും ആദ്യത്തേതുമായ അദ്ധ്യായം, അൽ ബഖറ തുടങ്ങുന്നത് തന്നെ നോക്കുക.

"അലിഫ് ലാം മീം.

ഈ ഗ്രന്ഥം,

അതിൽ സംശയമില്ല,

സൂക്ഷ്മതാബോധമുള്ളവർക്ക് മാർഗ്ഗദർശനമാണ്.


(സൂക്ഷ്മതബോധമുള്ളവർ എത്തരക്കരാണ്?)

"അവർ അദൃശ്യത്തിൽ വിശ്വസിക്കുന്നവരാണ്.

നിസ്കാരം നിലനിർത്തുന്നവരാണ്,

അവർക്ക് നൽകിയിട്ടുള്ളതിൽ നിന്ന് (ദാനം ചെയ്ത്) ചിലവഴിക്കുന്നവരുമാണ്."

"അവർ നിനക്ക് അവതരിക്കപ്പെട്ടതിലും നിനക്ക് മുൻപുള്ളവരിൽ അവതരിക്കപ്പെട്ടതിലും (എല്ലാ വേദഗ്രന്ഥങ്ങളിലും) വിശ്വസിക്കുന്നവരാണ്.

അവർ പാരത്രികതയിൽ ഉറച്ചുവിശ്വസിക്കുന്നവരുമാണ്." (ഖുർആൻ: അൽ ബഖറ) 

********

ഇതേ അൽ ബഖറ അധ്യായത്തിൻ്റെ അവസാനഭാഗത്ത് ഒന്നുകൂടി വ്യക്തമാക്കി പറയുന്നത് കാണുക.

ഇസ്‌ലാമും ഖുർആനും ജൂത ക്രിസ്ത്യൻ വേദങ്ങളുടെയും മതങ്ങളുടെ തുടർച്ചയും പൂർത്തീകരണവും മാത്രമാണെന്ന് അടിവരയിട്ട് പറയുന്നത് പോലെ.

"തൻ്റെ നാഥനിൽ നിന്ന് തനിക്ക് അവതീർണമായതിൽ ദൂതൻ (മുഹമ്മദ് നബി) വിശ്വസിച്ചിരിക്കുന്നു, ഒപ്പം (കൂടെയുള്ള) വിശ്വാസികളും വിശ്വസിച്ചിരിക്കുന്നു.

(മുഹമ്മദ് നബി വരെയടങ്ങുന്ന എല്ലാവരും എന്താണ് വിശ്വസിച്ചത്?)

"എല്ലാവരും വിശ്വസിച്ചിരിക്കുന്നു : അല്ലാഹുവിൽ, മാലാഖകളിൽ, (ഖുർആനിനും മുൻപ് വന്ന) വേദഗ്രന്ഥങ്ങളിൽ, (മുഹമ്മദ് നബിക്ക് മുൻപ് വന്ന അനേകം) ദൂതന്മാരിൽ (ആരൊക്കെയെന്ന് ചുരുക്കിപ്പറയാതെ, സാധ്യതകൾ തുറന്നുവെച്ച്കൊണ്ട്).

"(അവർ ഏറ്റുപറയുന്നു) ( മുഹമ്മദ് നബിയടക്കമുള്ള) ദൈവദൂതന്മാർക്കിടയിൽ നാം ഒരു വിവേചനവും വേർതിരിവും വ്യത്യാസവും കാണുന്നില്ല (ഉണ്ടാക്കുന്നില്ല), നാം കേട്ടിരിക്കുന്നു, അനുസരിച്ചിരിക്കുന്നു, നമ്മുടെ നാഥാ... നിൻ്റെ പൊറുക്കൽ മാത്രം, നിന്നിലേക്കാണ് മടക്കം (വഴിനടത്തം) ." (ഖുർആൻ: അൽ ബഖറ) 

No comments: