Saturday, March 29, 2025

ഒ അബ്ദുല്ലക്ക് എന്താണ് മനസ്സിലാവാത്തത്?

മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥിച്ച കാര്യത്തിൽ ഒ അബ്ദുല്ല പറഞ്ഞത് മതേതരസമൂഹത്തിലും ബഹുസ്വരസമൂഹത്തിലും പറയേണ്ടതല്ല എന്ന് പോലും നാം പറഞ്ഞുകൂടാ. 

കാരണം, അങ്ങനെ പറയുമ്പോൾ ഇസ്‌ലാമികസമൂഹം മാത്രമാകുമ്പോൾ വേറെന്തോ മറിച്ച് പറയാനുണ്ട് എന്നർത്ഥം വരും. 

അതൊരു ഇരട്ടത്താപ്പാണെന്നും വരും.

ഒരിടത്തും ഒരിക്കലും പറയാൻ പാടില്ലാത്തതാണ് ഒ അബ്ദുല്ല പറഞ്ഞത്. 

പ്രാർത്ഥന എന്ന തീർത്തും ആത്മനിഷ്ഠമായ, വ്യക്തിപരമായ കാര്യത്തെ തീർത്തും വസ്തുനിഷ്ഠമായി, ആരോ നിശ്ചയിക്കുന്നത് പോലെയായി, നിർവ്വചിച്ചുകണ്ടതിൻ്റെ പ്രശ്നമാണ് ഒ അബ്ദുള്ളയുടേത്.

അല്ലെങ്കിലും, മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചത് ഒ അബ്ദുല്ലക്ക് എന്തുകൊണ്ട് പ്രശ്‌നമാവണം? 

അത്രക്ക് വ്യക്തിപരമായ കാര്യങ്ങളിൽ വേറൊരാൾ എന്തിന് ഇടപെടണം, അഭിപ്രായം പറയണം?

മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ പ്രാർത്ഥിച്ചാൽ, അതും മോഹൻലാൽ മനസ്സിലാക്കുന്ന കോലത്തിൽ തന്നെ മോഹൻലാൽ പ്രാർത്ഥിച്ചാൽ എന്താണ് സംഭവിക്കുക, എന്ത് കുറ്റമാണ് സംഭവിക്കുക?

മോഹൻലാലിൻ്റെയോ മമ്മുട്ടിയുടെയോ മുകളിൽ മേൽനോട്ടക്കാരനായിരിക്കാൻ ദൈവം ആരെയെങ്കിലും (അല്ലെങ്കിൽ ഒ അബ്ദുല്ലേയെ) ഏൽപിച്ചുവോ? 

ആരുടെയെങ്കിലും മേൽ പ്രാർത്ഥനാവിഷയങ്ങളിൽ വിധിയെഴുതാൻ ആർക്കെങ്കിലും (ഒ അബ്ദുല്ലക്ക്) ദൈവമോ മതമോ സമുദായമോ അധികാരം നൽകിയോ?

മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും കൈകാര്യകർതൃത്വം  ഒ അബ്ദുല്ലയെയോ മറ്റാരെയെങ്കിലുമോ ദൈവമോ മതമോ സമുദായമോ ഏൽപിച്ചിട്ടുണ്ടോ?

മോഹൻലാൽ എന്നല്ല ആരും പ്രാർത്ഥിക്കേണമോ വേണ്ടേ, എങ്ങിനെ പ്രാർത്ഥിക്കണം, പ്രാർഥിക്കേണ്ട എന്നതൊക്കെ മറ്റാരെങ്കിലും നിശ്ചയിക്കുന്നതും അറിയേണ്ടതും ആണോ? 

പ്രാർത്ഥന ഓരോരുത്തൻ്റേയും തീർത്തും വ്യക്തിപരമായ ബോധ്യതയും അറിവും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യമല്ലേ?

ഒ അബ്ദുല്ലക്ക് പ്രാർത്ഥനാ കാര്യത്തിലുള്ള സ്വാതന്ത്ര്യവും സ്വകാര്യതയും തന്നെ മോഹൻലാലിനും മറ്റാർക്കും ഈ ലോകത്തും ദൈവത്തിൻ്റെ മുൻപിലും ഇല്ലേ?

ദൈവം നോക്കുന്നത് ഹൃദയത്തിലേക്കും ഹൃദയശുദ്ധിയിലേക്കും മാത്രമാണെന്ന കാര്യം ഒ അബ്ദുല്ലക്കും അറിഞ്ഞുകൂടാത്ത കാര്യമല്ലല്ലോ?

ആ നിലക്ക് മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മനസ്സ് ഉണ്ടാവുക എന്നത് തന്നെയും വലിയൊരു കാര്യവും മഹത്തായ സൂചനയും അല്ലേ?

തുമ്മിയാൽ തെറിക്കുന്ന കോലത്തിൽ എന്തെങ്കിലുമുണ്ടോ യഥാർത്ഥ ദൈവത്തിന്?

മോഹൻലാൽ അദ്ദേഹം മനസ്സിലാക്കും വിധം പ്രാർത്ഥിക്കുന്നത് എങ്ങിനെ മമ്മൂട്ടി പശ്ചാത്താപം ചെയ്യേണ്ട കാര്യമായും കുറ്റമായും മാറും?

ആര് എങ്ങിനെ പ്രാർത്ഥിച്ചു, പ്രാർഥിച്ചില്ല എന്ന് എന്തിന് മറ്റാരെങ്കിലും അന്വേഷിക്കണം, മനസ്സിലാക്കണം? എങ്ങിനെ മറ്റാർക്കെങ്കിലും അത് അന്വേഷിക്കാനാവും, മനസ്സിലാക്കാനാവും?

പ്രാർത്ഥിച്ചു എന്ന് തന്നെ ആരെങ്കിലും പരസ്യമായി പറഞ്ഞത് കൊണ്ട് പ്രാർത്ഥിച്ചു എന്നവുമോ? 

പ്രാർഥിച്ചില്ല എന്ന് ആരെങ്കിലും പരസ്യമായി പറഞ്ഞത് കൊണ്ട് പ്രാർത്ഥിച്ചില്ല എന്നും വരുമോ?

പ്രാർത്ഥന മറ്റാർക്കും മനസ്സിലാവില്ല.

പ്രാർത്ഥനയിൽ തെറ്റുക, ശരിയാവുക എന്നതില്ല. 

പ്രാർത്ഥിക്കുന്ന മനസ്സുണ്ടാവുക എന്നത് മാത്രമേ പ്രാർത്ഥനയിലുള്ളൂ, അത് മാത്രമാണ് അതിലെ ഏക ശരി.

ആരെങ്കിലും പ്രാർത്ഥിക്കുന്നത് എന്തിന് ഏതെങ്കിലും സമുദായത്തെ ബോധ്യപ്പെടുത്തുന്നതാവണം?

ആരെങ്കിലും പ്രാർഥിച്ചത് തെറ്റായോ ശരിയായോ എന്നത് എന്തിന് നാം നിശ്ചയിക്കണം? 

ഓരോരുത്തരും മനസ്സിലാക്കുന്നത് പോലെത്തന്നെയല്ലേ എല്ലാവരും പ്രാർത്ഥിക്കുക?

ആരെങ്കിലും എവിടെയെങ്കിലും ചെന്ന് പ്രാർത്ഥിച്ചാൽ അതിനെന്തിന് അയാൾ മുസ്‌ലിം സമുദായത്തോട്, അല്ലെങ്കിൽ വേറെ ഏതെങ്കിലും സമുദായത്തോട് മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ മാപ്പ് പറയണം? 

അങ്ങനെ സമുദായത്തോട് മാപ്പ് പറയണം എന്ന നിർദേശം ഇസ്‌ലാമോ ഖുർആനോ എവിടെയെങ്കിലും വെച്ചതായി ഒ അബ്ദുല്ലക്ക് എങ്ങനെയെങ്കിലും കാണിച്ചുതരാൻ സാധിക്കുമോ?

അവനവൻ എത്തിച്ചേർന്ന വിതാനത്തിനനുസരിച്ച്, അവനവൻ കണ്ടെത്തിയ അവനവൻ്റെ വിശ്വാസം പോലെയല്ലേ, അല്ലാതെ ഏതെങ്കിലും സമുദായം നിർദേശിക്കുന്നത് കൊണ്ടാണോ മമ്മൂട്ടിയോ മോഹൻലാലോ മറ്റാരെങ്കിലുമോ പ്രാർത്ഥിക്കുന്നത്?

പ്രാർത്ഥന തീർത്തും വ്യക്തിപരവും രഹസ്യവും ആയ കാര്യമല്ലേ? 

ആരെങ്കിലും പ്രാർത്ഥിക്കുന്നതിലും പ്രാർഥിക്കാത്തതിലും സമുദായത്തിന് എന്ത് കാര്യം?

പ്രാർത്ഥിക്കുന്നത് സമുദായത്തെ ബോധ്യപ്പെടുത്താനും തൃപ്തിപ്പെടുത്താനുമാണോ?

ദൈവം ദൈവത്തിൻ്റേതായ രീതിയിൽ വിധിതീർപ്പ് നടത്തേണ്ട കാര്യത്തിൽ എന്തിന് ഞാനോ നിങ്ങളോ ഒ അബ്ദുള്ളയോ വിധിത്തീർപ്പ് നടത്തണം?


No comments: