Wednesday, March 19, 2025

അന്ധനും ബധിരനും ഊമനും, അവർ മടങ്ങുകയില്ല.

"അന്ധനും ബധിരനും ഊമനും, അവർ മടങ്ങുകയില്ല" (ഖുർആൻ)

എന്ന് പറഞ്ഞത് പോലെ ആവരുതല്ലോ നമ്മളും, നമ്മളറിയാതെ?

"അവരുടെ ഹൃദയങ്ങളിലും കാതുകളിലും നാം സീൽ വെച്ചിരിക്കുന്നു, അവരുടെ കണ്ണുകൾക്ക് മറയും ഉണ്ട്" (ഖുർആൻ)

എന്ന് പറയപ്പെട്ട വിഭാഗവും അറിഞ്ഞും അറിയാതെയും നമ്മൾ തന്നെ ആയിക്കൂടല്ലോ?

നമുക്ക് വേണ്ടപ്പോൾ മാത്രം നാം മറ്റുള്ളവരിൽ നിന്നും ആവശ്യപ്പെടുന്ന ഒരു സംഗതി മാത്രമായിരിക്കരുത് സഹിഷ്ണുത. 

നാം കാണിക്കേണ്ടത് കൂടി ആയിരിക്കണം സഹിഷ്ണുത.

നമ്മുടെ ഇടങ്ങളിൽ നമ്മൾ കാണിക്കാത്തത് നാം മറ്റുള്ള ഇടങ്ങളിൽ ആവശ്യപ്പെടുന്നു എന്നത് അല്ലെങ്കിൽ തന്നെ കേൾക്കേണ്ടി വരുന്ന, കുറേ ശരിയുള്ള വലിയ ആരോപണമാണ്.

പ്രതികരണങ്ങളിലെ നമ്മുടെ (ഇത്ര നല്ല) ഭാഷയും സംസ്കാരവും വിവേകവും നമ്മുടെ വിശ്വാസവും അതിൻ്റെ പ്രയോഗവും തരുന്നത് തന്നെയാണോ എന്നും ഉറപ്പിക്കണം.

"വായിക്കുക" എന്നത് മറ്റുള്ളവരോട് മാത്രം പറയേണ്ടതല്ലല്ലോ?

"വായിക്കുക" എന്നാൽ ഏതെങ്കിലും ചിലത് മാത്രം വായിച്ച് കുടുങ്ങുക, അങ്ങനെ കുടുങ്ങാൻ വേണ്ടി മാത്രം ഏതെങ്കിലും ചിലത് മാത്രം വായിക്കാൻ പറയുക എന്നതുമല്ലല്ലോ?

ആയത്തുകൾ (സൂചനകൾ, ദൃഷ്ടാന്തങ്ങൾ) ഖുർആനിൽ മാത്രമല്ലെന്ന് ഖുർആൻ തന്നെ വ്യക്തമാക്കുന്നു.

"ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകലുകളുടെ വ്യത്യാസത്തിലും ബുദ്ധിയുള്ളവർക്ക് ആയത്തുകൾ (സൂചനകൾ, ദൃഷ്ടാന്തങ്ങൾ) ഉണ്ട്" (ഖുർആൻ)

********

നേരായവഴി ഏതെന്ന് ആർക്കും അറിയില്ല.

"നേരായ" എന്നത് ഒരു പ്രയോഗം മാത്രം.

ചൂഷണവും പറ്റിക്കലും മറ്റ് സ്വാധീനങ്ങളും ഇല്ലാത്തത് എന്ന അർഥത്തിൽ.

നേരായവഴി ആർക്കും അറിയില്ല എന്നത് കൊണ്ടാണല്ലോ നേരായവഴി ദിവസവും അഞ്ച് നേരം, പതിനേഴ് പ്രാവശ്യം നിർബന്ധമായും അന്വേഷിക്കാൻ കൽപിക്കപ്പെട്ടത്?

അറിയില്ല എന്ന് സമ്മതിക്കുകയാണല്ലോ അങ്ങനെ പ്രാർത്ഥിക്കുമ്പോൾ (അന്വേഷിക്കുമ്പോൾ) പ്രാർത്ഥിക്കുന്നവർ (അന്വേഷിക്കുന്നവർ) ചെയ്യുന്നത്? 

അറിയില്ല എന്ന് ഓരോരുത്തരെക്കൊണ്ടും സമ്മതിപ്പിച്ചുകൊണ്ട്, നടത്താൻ പറഞ്ഞ പ്രാർത്ഥനയാണ് നേരായ വഴി തേടുക എന്ന ഇസ്ലാമിലെ ഏക നിർബന്ധ പ്രാർത്ഥന.

"അനുഗ്രഹിക്കപ്പെട്ടവരുടെ വഴി, കോപിക്കപ്പെട്ടവരുടെ (ശപിക്കപ്പെട്ടവരുടെ) വഴിയല്ല, വഴിപിഴച്ചവരുടെ വഴിയുമല്ല" 

എന്ന കോലത്തിൽ മാത്രമാണ് ദിവസം അഞ്ച് നേരം നിർബന്ധമായ നിസ്കാരത്തിൽ പതിനേഴ് പ്രാവശ്യം നിർബന്ധമായും ഉരുവിടേണ്ട അതേ അദ്ധ്യായത്തിൽ ഖുർആനും നേരായ വഴിയെ (തീർത്തും നിർവ്വവിക്കാത്ത കോലത്തിൽ) നിർവ്വചിച്ചിട്ടുള്ളൂ.

ചുരുങ്ങിയത് നേരായ വഴി എന്നത് ഏതെങ്കിലും മതമോ മതത്തിൻ്റെ പേരോ അല്ലെന്നർത്ഥം.

ഇങ്ങനെ നേരായവഴി ദിവസവും അഞ്ച് നേരം പതിനേഴ് പ്രാവശ്യം അന്വേഷിക്കൽ നിർബന്ധമാക്കിയ ഇസ്‌ലാം എന്ന സമർപ്പണമതം പോലും നേരയവഴി അന്വേഷിക്കാനുള്ള വഴിയും പ്ലേറ്റ്ഫോമും മാത്രം എന്നർത്ഥം.

********

ഉണ്ടെങ്കിൽ ഉള്ള ഏക പ്രാർത്ഥനയും പ്രാർത്ഥനയുടെ അംശവും നേരായ വഴി തേടൽ മാത്രമാണ്. 

അതും നിർബന്ധമായി പതിനേഴ് പ്രാവശ്യം എന്നത് നേരായ വഴി തേടുന്നതിൻ്റെ ഗൗരവം വിളിച്ചോതുന്നു.

പക്ഷെ, യാന്ത്രികമായി അനുകരിച്ച് ഉള്ളും പൊരുളും അറിയാതെ ചെയ്യുമ്പോൾ സംഭവിക്കുന്നത് മറിച്ചാണ്.

No comments: