Sunday, March 23, 2025

ജോലി തരുന്നത് ഉപജീവനം മാത്രമാണ്, ജീവിതമല്ല.

കോരിച്ചൊരിയുന്ന മഴ കണ്ടിട്ടില്ലേ?

പെയ്ത മഴയിലെ വെള്ളം മുഴുവൻ നിനക്ക് കിട്ടില്ല. 

ഏറെക്കുറെ അത് മുഴുവനും തന്നെ ഒലിച്ചുപോകും. 

കുറച്ചൊക്കെ ഭൂമിക്കടിയിൽ ഇറങ്ങിപ്പോകുമായിരിക്കും.

അങ്ങിങ്ങ് കുറച്ച് നനവ് താത്കാലിക ആശ്വാസത്തിന് ബാക്കിയുമാവുമായിരിക്കും.

എവിടേക്ക് എങ്ങനെ എന്നൊന്നുമില്ല. എങ്ങനേയും എവിടേക്കും ഒലിച്ചുപോകും, ഇറങ്ങിപ്പോവും ആ വെള്ളമൊക്കെയും

ജോലിയെടുക്കുമ്പോൾ, നിൻ്റെ ആരോഗ്യമുള്ള നല്ല കാലത്ത്, കിട്ടുന്ന വരുമാനം അതുപോലെയാണ്.

കിട്ടുമ്പോൾ കുറെയുണ്ട് എന്നൊക്കെ തോന്നും.

പക്ഷേ തീരും.

എങ്ങിനെ എവിടെ ചിലവഴിച്ചു തീർന്നുവെന്ന് നിനക്ക് പോലും മനസ്സിലാവില്ല.

ഒലിച്ചുപോയി, താഴേക്ക് ഇറങ്ങിപ്പോയി തീരും പോലെ തന്നെ അത് തീരും.

കിളച്ചുവെച്ച മണ്ണ് ഒലിച്ചും പാറിയും പോകുന്നത് പോലെ അത് പോയിപ്പോകും.

വെയിലത്ത് വെച്ച വെള്ളം ആവിയായിപ്പോകുന്നത് പോലെ തന്നെ അത് തീരും.

ആയിടയിൽ കിണർ സ്വന്തമായുള്ളവന് മാത്രം, സ്വന്തമായി കിണർ ഉണ്ടാക്കിയവന് മാത്രം, കുഴികുത്തിയവന്,  മഴ കഴിഞ്ഞാലും വെള്ളം കിട്ടും. 

സ്വന്തമായ, കിളക്കാത്ത മണ്ണായി (കണ്ടമായി) സൂക്ഷിച്ചവന് കൃഷിയും വിളയും ഉണ്ടാവും.

അവന് മാത്രം ജോലി കഴിഞ്ഞാലും ഒഴിഞ്ഞാലും ജീവിക്കാനുള്ള വഴിയുണ്ടാവും.

*******

എപ്പോഴും ആഴക്കടലിൽ മാത്രം നീന്തുന്നകനാവാൻ നിനക്ക് പറ്റില്ല.

എപ്പോഴും ആഴക്കടലിൽ നീന്താനാകും എന്ന് നീ കരുതുകയും പദ്ധതിയിടുകയും വേണ്ട.

നിനക്ക് വേണ്ടത് മുങ്ങിയെടുക്കാൻ മാത്രം ആഴക്കടലിൽ പോകുക. 

കിട്ടേണ്ടത് കിട്ടിയെന്നായാൽ കരയോടടുപ്പിക്കുക. കരയിലേക്ക് നീന്തുക.

ആഴക്കടൽ അധികം നിൽക്കാനുള്ള ഇടമല്ല.

രസത്തിന് വേണ്ടി നീന്തുന്നത് (ജോലി ചെയ്യുന്നത് ) കരയോടടിപ്പിച്ച് മാത്രമാക്കുക.

എങ്കിൽ, തളർച്ച തോന്നുന്ന ഏത് സമയവും മതിയാക്കി കരകയറാൻ സാധിക്കും.

ആഴക്കടലിൽ വെച്ച് തളർന്നുപോയാൽ കരപിടിക്കാൻ കഴിയില്ല. 

നീന്തി കരയിലേക്ക് തിരിച്ചുപോക്ക് സാധ്യമാവില്ല. 

മറ്റ് നിർവ്വഹമില്ലാതെ, നിസ്സഹായതയിൽ മുങ്ങിച്ചാവുക മാത്രം പിന്നെ വിധിയാവും

ഇതറിയാതെ എപ്പോഴും ജോലിയെ തന്നെ ആശ്രയിച്ച്, ജോലിയിൽ തന്നെയിരിക്കാമെന്ന് കരുതി നീ ജീവിക്കരുത്. 

എല്ലാവർക്കും ജോലി എടുക്കേണ്ടി വരുന്നതാണ്. 

ജോലി ചെയ്യുക തന്നെ ലക്ഷ്യമല്ല. 

ജോലി തരുന്നതല്ല നിൻ്റെ ജീവിതവും വ്യക്തിത്വവും.

ജോലി തരുന്നത് ഉപജീവനം മാത്രമാണ്, ജീവിതമല്ല.

ജീവിക്കാനുള്ള നീ ജോലി കഴിഞ്ഞും ബാക്കി വേണം.

*******

അതുകൊണ്ട് നീ കുഴിയുണ്ടാക്കണം.

നിൻ്റെ പദ്ധതികളുടെയും ഉത്തരവാദിത്തങ്ങളുടെയും സമ്പാദ്യങ്ങളുടെയും നിക്ഷേപങ്ങളുടെയും ഒരു കുഴി.

ആ ഉണ്ടാക്കിയ കുഴിയെ ഉറവയുള്ള കിണറാക്കി മാറ്റണം.

മിക്കവാറും ക്രമേണ ആ ഉണ്ടാക്കിയ കുഴി സ്വയം ഉറവയുള്ള കിണറായി മാറും.

No comments: