Monday, March 24, 2025

അസൂയ, പിന്നെ അസൂയ തന്നെ ഉണ്ടാക്കുന്ന വെറുപ്പും ഊഹാപോഹങ്ങളും.

വെറുതേയിരിക്കുന്നിടത്ത് മാറാല കെട്ടുന്നത് പോലെയും, പാമ്പും തേളും ചിലന്തിയും പഴുതാരയും ഉറുമ്പും ചിതലും വന്നുനിറയുന്നത് പോലയുമാണ് ദുശ്ചിന്ത കൂടുകൂട്ടുന്നത്. 

അതിൽ വെറുപ്പും അസൂയയും ഊഹാപോഹങ്ങളും. 

ഒന്നും ചെയ്യാനില്ലാത്ത, ചെയ്യാൻ ഒരു തൊഴിൽ പോലുമില്ലാത്ത വലിയൊരു ജനതക്ക് സംഭവിക്കുന്നതും ഇത് തന്നെ.

വെറുപ്പും അസൂയയും ഊഹാപോഹങ്ങളും ആദ്യം അവരെ തന്നെയാണ് വൃത്തികെടുത്തുന്നതെന്ന് അവരറിയില്ല. 

അതുകൊണ്ടുതന്നെ അവരത് ആവേശപൂർവ്വം കൊണ്ടുനടക്കുന്നു.

സ്വയം നശിച്ചുകൊണ്ടായാലും മറ്റുള്ളവരെ നശിപ്പിക്കുന്നു അസൂയ, പിന്നെ അസൂയ തന്നെ ഉണ്ടാക്കുന്ന വെറുപ്പും ഊഹാപോഹങ്ങളും.

മറ്റുള്ളവർ നശിച്ചുകാണാൻ ആഗ്രഹിപ്പിക്കുന്നു  അസൂയ, പിന്നെ അസൂയ തന്നെ ഉണ്ടാക്കുന്ന വെറുപ്പും ഊഹാപോഹങ്ങളും.

എന്തും ചെയ്തുപോകുന്ന, എന്തും ചെയ്യിപ്പിക്കുന്ന ഒന്നാണ് അസൂയ, അസൂയ തന്നെ ഉണ്ടാക്കുന്ന വെറുപ്പും ഊഹാപോഹങ്ങളും.

എന്തെല്ലാം ന്യായങ്ങൾ ഉണ്ടെങ്കിലും ഉണ്ടാക്കിയാലും നമ്മെത്തന്നെ വൃത്തികേടുത്തുന്ന ചളിയാണ്, മാലിന്യമാണ് വെറുപ്പും അസൂയയും ഊഹാപോഹങ്ങളും.

വെറുപ്പും അസൂയയും ഊഹാപോഹങ്ങളും നമ്മെ തന്നെ തിന്നുന്ന തീ. 

അവയുടെ ആദ്യത്തെ വിറക് നമ്മൾ തന്നെ.

നമ്മെ തന്നെ കത്തിച്ചുനശിപ്പിച്ചുകൊണ്ട് മാത്രമേ വെറുപ്പും അസൂയയും ഊഹാപോഹങ്ങളും മറ്റുള്ളവരെയും ചുറ്റുപാടിനെയും കത്തിച്ചുനശിപ്പിക്കുകയുള്ളൂ.

നമ്മെ തന്നെയും പിന്നെ നമ്മിലൂടെ മറ്റുള്ളവരെയും ചുറ്റുപാടിനെയും കത്തിച്ചുനശിപ്പിക്കാൻ ഉദ്ദേശിക്കുന്നവർ നമ്മിൽ വെറുപ്പും അസൂയയും ഊഹാപോഹങ്ങളും കുത്തിനിറക്കുന്നു.

നാം കത്തിനശിച്ചുണ്ടാവുന്ന വെളിച്ചത്തെ അവർ അവർക്ക് നടന്നുപോകാൻ വേണ്ട വെളിച്ചമായി ഉപയോഗിക്കുന്നു.

നാം കത്തിനശിക്കുമ്പോഴുണ്ടാകുന്ന ചൂടിൽ അവർ അവർക്ക് വേണ്ട ഭക്ഷണം പാചകം ചെയ്യുന്നു.

അതുകൊണ്ട് തന്നെ അവർ നമ്മിൽ വീണ്ടും വീണ്ടും വെറുപ്പും അസൂയയും ഊഹാപോഹങ്ങളും കുത്തിനിറക്കുന്നൂ. 

അവർക്ക് നടന്നുപോകാൻ വേണ്ട വെളിച്ചവും അവർക്ക് ഭക്ഷണം പാചകം ചെയ്യാൻ വേണ്ട ചൂടും ഇനിയുമിനിയും ഉണ്ടാവാൻ.

കത്തുന്ന തീയിനെ ഒന്നുകൂടി കത്തിക്കാൻ ഊതുന്നത് പോലെ, ഒന്നുകൂടി ആളിക്കത്താൻ അതിലേക്ക് മണ്ണെണ്ണ ഒഴിക്കുന്നത് പോലെ അവർ ഒന്നല്ലെങ്കിൽ മറ്റൊരു നുണക്കഥ, ഒന്നിന് പിറകെ മറ്റൊരു പ്രശ്നം തന്നുകൊണ്ടേയിരിക്കും. 

അങ്ങനെ അവരെപ്പോഴും വെറുപ്പും അസൂയയും ഊഹാപോഹങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കും, നിലനിർത്തിക്കൊണ്ടേയിരിക്കും.

നിങ്ങൾ അലങ്കാരമായും ശക്തിയായും കൊണ്ടുനടക്കുന്നത് നിങ്ങളെ തന്നെയും പിന്നെ മറ്റുള്ളവരെയും ചുറ്റുപാടിനേയും കത്തിച്ചുനശിപ്പിച്ചുകളയുന്ന വെറുപ്പിനെയും അസൂയയേയും ഊഹാപോഹങ്ങളെയും തന്നെയെന്ന് നിങ്ങളറിയുന്നില്ല. 

ആദർശമെന്നും സംസ്കാരമെന്നും ദേശസ്‌നേഹമെന്നും സുന്ദരമായ വിളിപ്പേരുകൾ അവയ്ക്ക് നൽകിയത് കൊണ്ടും നിങ്ങളെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടും പ്രത്യേകിച്ചും.

No comments: