തോല്‍ക്കുന്നവരും തോറ്റുകൊടുക്കുന്നവരും തോല്‍ക്കാനും
തോറ്റുകൊടുക്കാനും തയ്യാറുള്ളവരും വിജയിക്കും.
ആടിന് തോറ്റുകൊടുക്കുന്ന സിംഹം അശക്തനല്ല;
യഥാര്‍ത്ഥത്തില്‍ അങ്ങിനെ തോറ്റുകൊടുക്കുന്ന സിംഹമാണ് ശക്തന്‍, മഹാന്‍.
ഒരു സിംഹവും, അതിന്റെ യഥാര്‍ത്ഥശക്തിയും മഹത്വവും തെളിയിക്കേണ്ടത് ആടിനെ തോല്പിച്ചും ആടിനുമേല്‍ അധികാരം സ്ഥാപിച്ചുമല്ല.
അങ്ങനെ ആടിനെ തോല്പിച്ചും കീഴടക്കിയുമാണ് തന്റെ ശക്തിയും അധികാരവും മഹത്വവും തെളിയിക്കേണ്ടതെന്ന് സിംഹം കരുതാനിടയായാല്‍, അങ്ങനെയൊരവസ്ഥ സിംഹത്തിനുണ്ടായാല്‍, അവിടെയാണ് സിംഹം യഥാര്‍ത്ഥത്തില്‍ അശക്തന്‍ ആവുന്നത്, പരാജയപ്പെടുന്നത്.
ദാമ്പത്യജീവിതത്തില്‍ ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ ഇത് മനസ്സിലാക്കിയാല്‍ നന്ന്.
ഭൂരിപക്ഷ - ന്യൂനപക്ഷ സമുദായ ബന്ധങ്ങളിലും കേന്ദ്ര - സംസ്ഥാന ബന്ധങ്ങളിലും ഇത് മനസ്സിലാക്കിയാല്‍ നന്ന്.
അങ്ങനെ പരസ്പരം പരാജയപ്പെട്ട് വിജയിക്കുന്നതായാല്‍ എല്ലാവർക്കും നന്ന്.
തോറ്റു ജയിച്ചാല്‍ ശക്തി വര്‍ദ്ധിക്കും.
എല്ലാവരും വിജയിക്കും.
ഇടയില്‍ പതിയിരിക്കുന്ന യാഥാര്‍ത്ഥ ശത്രു വിജയിക്കില്ല, ചോര കുടിക്കില്ല.
ഇങ്ങനെ പരസ്പരം തോറ്റുകൊടുത്ത്, വിജയിച്ച് ശക്തന്‍മാരായാല്‍ എല്ലാവർക്കും നന്ന്.
അറിയുക, അല്ലെങ്കിലും തോറ്റുകൊടുക്കാനാണ് വിജയിക്കുന്നതിനേക്കാള്‍ ശക്തിയും മനക്കരുത്തും ആത്മനിയന്ത്രണവും കൂടുതൽ വേണ്ടത്.
പരസ്പ്പരം തോറ്റുകൊടുത്ത്കൊണ്ടേ ഏതൊരു ദാമ്പത്യവും സമൂഹവും വ്യവസ്ഥിതിയും രാജ്യവും വിജയിക്കു.
എല്ലാവരും പരസ്പരം ജയിക്കാന്‍ മാത്രം ശ്രമിച്ചാല്‍, എല്ലാവരും തോല്‍ക്കും.
എല്ലാവരും പരസ്പരം ജയിക്കാന്‍ മാത്രം ശ്രമിക്കുന്ന സമൂഹം എല്ലാവരും തോല്‍ക്കുന്ന സമൂഹമാവും.
സമൂഹത്തിന്റെയും വ്യവസ്ഥിതിയുടെയും ഏറ്റവും ചെറിയ രൂപമായ ദാമ്പത്യത്തിന്റെയും കുടുംബത്തിന്റെയും വിജയം പോലും പരസ്പരം തോറ്റുകൊടുക്കുന്നിടത്ത് മാത്രമാണ്.
No comments:
Post a Comment