Tuesday, December 1, 2020

ഭാഗം 18. പെരിങ്ങാടി റെയില്‍വേ പാലം (ജനിച്ചു വളര്‍ന്ന ഠാ വട്ടം) (സൈക്കിള്‍ യജ്ഞവും വൃത്തത്തിന് പുറത്തെ മനുഷ്യരും)

ഭാഗം 18.

പെരിങ്ങാടി റെയില്‍വേ പാലം

(ജനിച്ചു വളര്‍ന്ന ഠാ വട്ടം)


(സൈക്കിള്‍ യജ്ഞവും

വൃത്തത്തിന് പുറത്തെ മനുഷ്യരും)


******


"ഒരു കൂട്ടത്തിലും നിന്നില്ല

അന്നും ഇന്നും, നീ."


റെയില്‍വേ പാലം

എന്താണാവോ 

ഉദ്ദേശിക്കുന്നത്


"ഒരുപക്ഷേ

ഒരു കൂട്ടത്തിനും 

ഇന്നിതുവരെയും

ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല

എന്നുവേണം പറയാൻ


"അതിനാല്‍

അന്നും ഇന്നും

നീ ഒറ്റക്ക്.


"തീയാണ്‌ വിഷയം."


"കൊണ്ടുനടക്കാൻ പറ്റിയ 

കൈകളില്ലെങ്കില്‍,

തീ എന്തു ചെയ്യും?


"ഒറ്റക്ക് തന്നെ നിന്ന്‌

മെല്ലെയങ്ങണയും.

തീ ഉള്ളിലൊതുങ്ങും


"ഉള്ളിലൊതുങ്ങി 

പലപ്പോഴും നീയങ്ങിനെ 

ദൈവത്തിന്റെ മടിയില്‍

തലചായ്ച്ചുറങ്ങി.


"ചിലപ്പോൾ നീ 

ദൈവത്തിന്റെ കുമ്പയില്‍ 

കയറിക്കിടന്നു


"മറ്റ് ചിലപ്പോള്‍ നീ 

ദൈവവുമായി

ഒരുമിച്ചിരുന്ന്

കടല കൊറിച്ചു

കഥ പറഞ്ഞു,

കടൽക്കരയില്‍."


*******


"അതിനാല്‍ നീ

എല്ലാവരോടും

പറഞ്ഞേക്കുക


"പൊതുജീവിതത്തിന്റെ

വൃത്തത്തിലും ചട്ടക്കൂടിലും

വരാത്ത ചിലരെ കുറിച്ച്

ചോദിക്കാനും പറയാനും

ആളുണ്ടെന്ന്‌." 


റെയില്‍വേ പാലത്തിന്റെ

ശബ്ദത്തില്‍, ഇപ്പോൾ 

വല്ലാത്തൊരു കാർക്കശ്യം.

സംരക്ഷകന്റെ ഭാവം


"ആരാണങ്ങിനെ

ചോദിക്കാനും പറയാനും

തയാറാവുന്നത്? "


"റെയില്‍വേ പാലം തന്നെ.

സര്‍വ്വതിനും സാക്ഷി മാത്രമെന്ന്

നീ ധരിച്ച റെയില്‍വേ പാലം


"നിന്നെയും

റെയില്‍വേ പാലം

ഒളിപ്പിച്ചു, സംരക്ഷിച്ചു

വളര്‍ത്തിയതാണ്.


"അറിയാമല്ലോ,

എന്തും ഏതും

വളരുന്നതും

തിളങ്ങുന്നതും

ഒളിഞ്ഞു നിന്നും

ഒളിച്ചുനിര്‍ത്തിയും മാത്രം.


"മണ്ണ് വിത്തിനെ

ഒളിപ്പിച്ചെന്ന പോലെ

മുളപ്പിക്കുന്നു.


"ഗർഭപാത്രം

കുഞ്ഞിനെയെന്ന പോലെ 


"വൈരവും രത്നവും

തിളങ്ങുന്നത് ഏറെ

ഒളിഞ്ഞമര്‍ന്നുനിന്ന ശേഷം


"ഒന്നുമല്ലാത്തവരൊക്കെയും 

എവിടെ നിന്ന് വന്നു

എവിടേക്ക് പോയി

എന്നറിയാനാവാത്ത വിധം

ജീവിതം തന്നെയായ 

ഗർഭപാത്രത്തില്‍

സുരക്ഷിതര്‍


"അവർ

ഒന്നുമില്ലായ്മയിലെ

നിറശൂന്യതയില്‍

ലയിച്ചു നിന്ന് തിളങ്ങി

നിറവ് കണ്ടവരും

വെളിവ് കാണുന്നവരും."


*****


"ഒറ്റയാണ്, ഒറ്റക്കാണ്

ദൈവമെങ്കിൽ,

നീയൊന്നറിയണം :


'നിര്‍ബന്ധമായും

കൂട്ടത്തില്‍

കൂട്ടത്തോടൊപ്പം മാത്രം 

നില്‍ക്കേണ്ടിവരുന്നവർ

ഭീരുക്കള്‍.


"ഒറ്റയാണ്, ഒറ്റക്കാണ്

ദൈവമെങ്കിൽ

ഒറ്റയായ്, ഒറ്റക്ക്

നില്‍ക്കുന്നവർ

ധീരന്‍മാര്‍.

ദൈവികര്‍


"അവർ

ഒളിഞ്ഞ വിത്തുകള്‍.


അവർ

ഗർഭപാത്രത്തിലെ

കുഞ്ഞുങ്ങള്‍


"അവർ 

ഒളിഞ്ഞു നിന്ന്

തിളങ്ങിവരുന്ന 

രത്നങ്ങൾ, വൈരങ്ങൾ


"അവർ 

ജീവിതത്തെ

തൊട്ടും രുചിച്ചും

ജീവിതം തന്നെയായി

നിന്നനുഭവിക്കുന്നു.


"വേദനയും

മധുരവും പോലെ.

അറിയുന്നവനില്‍ നിന്നും

വേറിട്ട് മനസ്സിലാവാതെ


"അവർ സ്വയം തന്നെ 

ജീവിതത്തെ തിളക്കി

കാണിച്ചു കൊണ്ട്‌

ജീവിതമാവുന്നു.


രത്നവും വൈരവുമാക്കി."


******


"നിനക്കോര്‍മ്മയുണ്ടോ?


"കുട്ടിക്കാലത്തെ നിന്നില്‍

ഏറെ കൗതുകമുണര്‍ത്തിയ 

സംഗീതാനുഭവം.


അപരിചിതത്വം പൊഴിച്ച

സംഗീതത്തിലെ

ആത്മീയാനുഭവം.


"അതൊക്കെയും

ഒറ്റയായ്, ഒറ്റക്ക്

അപരിചിതരായ് നടന്നവര്‍

പെയ്ത് പൊഴിച്ചതായിരുന്നു


കാണാമറയത്തെവിടെയോ

ഒളിഞ്ഞ്, ഒറ്റയായി നിന്ന 

ക്ഷേത്രങ്ങളില്‍ നിന്നും

നിന്നെ തേടിവന്ന പാട്ടുകൾ.


സന്ധ്യ മൂടുമ്പോഴും

പുലരി പിളരുമ്പോഴും...... 


"കല്ലിലും മുള്ളിലും

തൂണിലും തുരുമ്പിലും

ദൈവമിരിക്കുന്നു"


ഒരുള്‍വിളിയായി 

നീയവ ഹൃദയത്തിലേക്ക്

കയറ്റിവെച്ചു


പിന്നെയും 

നിന്നെത്തേടി വന്നു 

കുറെ പാട്ടുകൾ.


ഒറ്റതിരിഞ്ഞു

വൃത്തത്തിന് പുറത്ത്

ചട്ടക്കൂടില്ലാതെ നടന്ന

നാടോടികള്‍ പൊഴിച്ച

അതിജീവനം തന്നെ 

ആഘോഷമാക്കിയ

ഒരേറെ പാട്ടുകൾ.


ജീവിതം

ധൈര്യം മാത്രമാണെന്ന

സൈക്കിള്‍ യജ്ഞക്കാരുടെ 

പാട്ടുകൾ.


തെങ്ങിൻ മുകളില്‍ കെട്ടിയ

കോളാമ്പിയില്‍ നിന്നും

കൗതുകം നിറഞ്ഞ്

കാത്തു നില്‍ക്കുന്ന

നിന്റെ കാതുകളില്‍

അവ വന്നുമുട്ടി

കാണാത്തത് കാണിച്ചു.

കേള്‍ക്കാത്തത് കേള്‍പ്പിച്ചു


ഓരോ അതിജീവനശ്രമവും

നൃത്തവും സംഗീതവുമാക്കിയ

നാടോടികള്‍

റെയില്‍വേ പാലത്ത് തന്ന

സംഗീതത്തിലെ

ആത്മീയാനുഭവം


"ദം മരോ ദം.

മിട്ടുജായേ ഹം.

ബോലോ സുബ ശാം.

ഹരേ കൃഷ്ണ ഹരേ രാം...."


സന്ധ്യമയങ്ങും മുമ്പ്

ഒറ്റയില്‍ ഒറ്റക്ക് നടന്ന് 

ജീവിതത്തെ

സാഹസികതയായ്

എടുത്തവരുടെ

സംഗീതം തുടങ്ങും


" ലൈലാ മേ ലൈലാ....

ഐസി ഹൂ ലൈലാ.

ഹര്‍ കോയി ജാനേ മുജ്കോ,

മില്‍നാ അകേലാ...."


ലഹരി പിടിപ്പിച്ച്

ആവേശം ഉയർത്തി

അതങ്ങനെ തുടരും..... 


രാത്രി ഇരുട്ടി,

പിന്നെയും ഏറെ

വൈകിയാല്‍ തുടങ്ങും

അപരിചിത സാഹസികരുടെ 

മായാമാന്ത്രിക പ്രവൃത്തികള്‍.


രാത്രിയും ഇരുട്ടും

അതിലവർ തന്നെ

തെളിയിക്കുന്ന

വെളിച്ചവും മാത്രമാണ്‌

പശ്ചാത്തലം.

അവരുണ്ടാക്കുന്ന

ചെറിയ അരങ്ങ് തന്നെ

ജീവിതം എല്ലാം സ്വയം 

തേടി നേടുന്ന അരങ്ങ്


അവരുടെ തന്നെയും

ജീവിത പശ്ചാത്തലവും 

അരങ്ങും മറ്റൊന്നല്ല


പിന്നെ

അവരിലെ സ്ത്രീകള്‍

സുന്ദരികളായവതരിച്ച് 

ഇതേ പാട്ടുകള്‍

നൃത്തമായും അവതരിപ്പിച്ചു.


അഭ്രപാളികളിലെ

അഭൗമ സുന്ദരികളെയും

തോല്‍പ്പിക്കാന്‍ പോന്ന

സൗന്ദര്യം അപ്പോഴവര്‍ക്ക്


"കണ്ണാ.......

കാർമുകില്‍വര്‍ണാ....... 

നിന്നെ കാണാത്ത

സുദിനമുണ്ടോ?"


അവർ നൃത്തം ചവിട്ടി 


അനിര്‍വചനീയം

നീ അനുഭവിച്ച

ആനന്ദം, അല്‍ഭുതം.


എല്ലാം പുതിയത്.

എല്ലാറ്റിലും പുതിയത്.


വൃത്തത്തിന് പുറത്തെ

ചട്ടക്കൂടില്ലാത്ത ജീവിതം

കൊരുക്കുന്നത് മുഴുവന്‍

പുതിയത്.


"പുതിയത് മാത്രം

എന്ന് നിനക്ക് തോന്നിയാല്‍

അവിടമപ്പോൾ സ്വര്‍ഗമായി."


ആയിരിക്കുന്ന അവസ്ഥയില്‍ 

സ്വര്‍ഗ്ഗീയത കാണുന്ന 

പുതിയ വിദ്യയും

പറയാൻ മറന്നില്ല

റെയില്‍വേ പാലം.


*****


റെയില്‍വേ പാലത്തിന്

നോട്ടമറിയില്ല.


റെയില്‍വേ പാലം

കാണുക മാത്രം.


കാണുന്നതും പറയുന്നതും 

മുഴുവന്‍ കാഴ്‌ച മാത്രം


എല്ലാം വെറും കാഴ്‌ച.


സാക്ഷിയായി നിന്ന് 

കാണുന്ന

താന്‍ മാത്രമറിയുന്ന

കാഴ്ചയുടെ

പറച്ചില്‍


റെയില്‍വേ പാലം

വെറുതെ കാണുന്നു

കാഴ്‌ച പറയുന്നു


റെയില്‍വേ പാലത്തിന്

നോക്കാനറിയില്ല


വെറുതെ നോക്കി

ക്ഷീണിക്കാനുമറിയില്ല.


"ഓരോ നോട്ടവും

ഓരോ ശ്രമം.


"ഓരോ ശ്രമവും നല്‍കുക

വെറും ക്ഷീണം." 


റെയില്‍വേ പാലം

പാഠം നല്‍കുന്നു.


"നോട്ടമുണ്ടാക്കുന്ന

ക്ഷീണമാണ് ഓരോ 

അഭിപ്രായവും."


അതിനാല്‍ തന്നെ

റെയില്‍വേ പാലം

അഭിപ്രായം പറയാറില്ല.


"കാരണം

അഭിപ്രായം അല്പമാണ്.

അല്പത്തില്‍ നിന്നാണ്


"അഭിപ്രായം

ഭാഗം മാത്രം

കാഴ്‌ചയാക്കിയുള്ളതാണ്.


"നോട്ടവും

അതുണ്ടാക്കുന്ന

അഭിപ്രായവും 

മുഴുവന്‍ കാഴ്‌ചയല്ല.


"കാഴ്ച മാത്രമാണ്

മുഴുവന്‍ കാഴ്ച.


"അദ്ധ്വാനം ഏതുമില്ലാത്ത

ശ്രമമല്ലാത്ത

മുഴുവന്‍ കാഴ്ച മാത്രമാണ്‌

മുഴുവന്‍ കാഴ്ച.

വെറും കാഴ്ച."


അതിനാലെ

റെയില്‍വേ പാലത്തിന് ഒന്നും

വെറുമൊരഭിപ്രായമല്ല.


ശ്രമം നടത്തി,

അഭിപ്രായം പറഞ്ഞ്‌ 

റെയില്‍വേ പാലം

ക്ഷീണിക്കുന്നുമില്ല.

ഒരിക്കലും.... 


* * * * *


അതുകൊണ്ട്‌ തന്നെ

റെയില്‍വേ പാലം പറയുന്നു.


"പ്രായവും പാണ്ഡിത്യവും

പരിചയവുമല്ല മഹത്വം


"നോക്കൂ:

എക്കാലത്തെയും

മഹാന്മാരെ.

അതിൽ 

മൂന്ന്‌ മഹാന്മാരായ

നിഷേധികളെ.


കീറ്റ്സ്, ഷെല്ലി, യേശു


അവരാരും

പൊതുജീവിതത്തിന്റെ

വൃത്തത്തില്‍ വന്നില്ല.

ചട്ടക്കൂടിനുള്ളില്‍ നിന്നില്ല


അവർ മരിച്ച പ്രായമോ 

വെറും ഇരുപത്തി അഞ്ച്,

ഇരുപത്തി ഒന്‍പത്

മുപ്പത്തിമൂന്ന്‌


* * * * * *


അങ്ങകലെ

ഗ്രീസിലെ സിസിഫസിനെയും

ഇങ്ങിവിടെ കേരളത്തിലെ 

നാറാണത്തുഭ്രാന്തനെയും

ഓര്‍മ്മിപ്പിക്കുന്ന

ഒട്ടനവധി പേര്‍

റെയില്‍വേ പാലത്ത് വന്നു.


പാറക്കല്ലിനടിയില്‍

സ്വയം കിടന്ന്

പാറക്കല്ല്

അടിച്ചു പൊട്ടിക്കുക

അവര്‍ക്ക് വിനോദം.


എപ്പോഴും പൊട്ടുന്ന

ഗ്ലാസ്സ് ട്യൂബ് പോലെ

അവര്‍ക്ക് ജീവിതം.


ഗ്ലാസ്സ് ട്യൂബിന്റെ 

മുകളില്‍ കിടന്ന്‌

സ്വശരീരത്തിന് മുകളില്‍  

പാറക്കല്ല് വെച്ച്

അടിച്ചുപൊട്ടിക്കുകയും

അവർക്ക് വെറും കളി


* * * * *


ജീവിതം,

അത് ജീവിച്ചു കിട്ടാന്‍

കെട്ടാത്ത വേഷങ്ങളില്ല.


മാവും പൂവും

ഇലയും മലയും

കാടും കടലും

മത്സ്യവും മനുഷ്യനും

പിന്നെ മനുഷ്യന്‍ കെട്ടുന്ന

ഒരായിരം വേഷങ്ങളും

വൃത്തത്തിന് പുറത്ത നടന്ന

നാടോടികളും എല്ലാം

ജീവിതത്തിന്റെ വേഷങ്ങൾ.

ചട്ടക്കൂടില്ലാത്ത വേഷങ്ങൾ


ഇങ്ങ് റെയില്‍വേ പാലത്തും

വഴിയില്‍ വന്നു

ജീവിതത്തിന്റെ

ഒരായിരം വേഷങ്ങൾ.


സൈക്കിള്‍ യജ്ഞക്കാരുടെ

വേഷത്തില്‍ വരെ.


*******


"അതെന്താണ്

ജീവിതം വേഷം കെട്ടുന്നു 

എന്ന് പറയുന്നത്?"


ചോദ്യം

റെയില്‍വേ പാലത്തോട്


"ജീവിതമല്ലാത്തതെല്ലാം

പഴകുന്നു,


"എപ്പോഴും പുതിയതും

അതിജീവന വഴിയില്‍ 

പുതുമ തേടുന്നതും

ജീവിതം മാത്രം.

മണ്ണ് മാത്രം


"ജീവിതം തന്നെയാണ്

ദൈവം.

എന്ന് നീ പറഞ്ഞേക്കും


"പക്ഷേ,

ദൈവം എന്ന വാക്കും

പഴകുന്നു,


"പഴകുന്നത് മുഴുവന്‍

ദുര്‍ഗന്ധം വമിപ്പിക്കുന്നു.”




No comments: