Tuesday, December 1, 2020

അറിയുമ്പോള്‍ നീ ഒറ്റക്കാണ്.

അറിയുമ്പോള്‍ നീ ഒറ്റക്കാണ്.

അറിയുന്നത് നീ ഒറ്റക്കാണ്.


അനുഭവം തന്നെയായ അറിവ്

നിനക്ക് ആരുമായും

പങ്ക് വെക്കുക സാദ്ധ്യമല്ല.


ഒരു ബുദ്ധനും മുഹമ്മദും

യേശുവും അങ്ങനെ പങ്കുവെച്ച്

വിജയിച്ചിട്ടുമില്ല.


ഏവര്‍ക്കും അവന്റെതായ

അറിവും അനുഭവവും ഉണ്ട്.

പറഞ്ഞാലും പറയാതിരുന്നാലും.

പറയാനായാലും പറയാനായില്ലെങ്കിലും


******


നിനക്ക് അറിയുന്നതെന്തോ

അതാണ് നിന്റെ അറിവ്.

അത്രയേ വേണ്ടൂ നിനക്ക്.

അതിനപ്പുറം ഉണ്ടെന്ന് ധരിച്ച്

നീ അറിവിനെ തേടി അലയേണ്ട


നിനക്ക് അറിയാനാവുന്നതെന്തോ

അതാണ് നിന്റെ അറിവ്.


നിനക്ക് അറിയാനാവുന്നത്രയേ

നിന്റെ അറിവുള്ളൂ, വേണ്ടതുള്ളൂ.


അതിനാല്‍

ഉറുമ്പും ആനയും

അവക്ക് ആവുന്നത് പോലെ.

അവക്ക് വേണ്ടത്ര


ഉറുമ്പിന്റെത് ആനക്കും,

ആനയുടെത് ഉറുമ്പിനും

ബാധകമാവാത്ത വിധം.

അറിവ്.


വെയിലും മഴയും

ഓരോരുത്തനും ആവും പോലെ


സത്യവും അറിവും

വെള്ളവും വായുവും വെളിച്ചവും പോലെ

എല്ലാവർക്കും ഒരുപോലെ.


സത്യവും അറിവും

എല്ലാവർക്കും കിട്ടും.

അവര്‍ക്ക് ആവശ്യമുള്ളത്ര.

അവർക്കാവുന്നത്ര


സത്യവും അറിവും

എല്ലാവർക്കും ഒരുപോലെ

ബാധകമെങ്കിൽ

എല്ലാവർക്കും ഒരുപോലെ

പ്രാപിക്കാനാവുന്നത്.


അറിയില്ലെങ്കില്‍

അറിയാത്തതാണ് നിന്റെ അറിവ്

എന്ന് നീ അറിയുക


മനസിലായില്ലെങ്കില്‍

മനസ്സിലാവാത്തതാണ്,

അതാവണം, നിന്റെ മനസിലാക്കല്‍.


ബുദ്ധനും മുഹമ്മദിനും

യേശുവിനും മനസിലായത്

നിനക്ക് മനസിലാവില്ല

എന്ന് കരുതരുത്.

നിനക്ക് മനസിലായത് അവര്‍ക്കും

മനസിലാവില്ല എന്ന്


ഒരു ബുദ്ധനും മുഹമ്മദിനും യേശുവിനും,

അവര്‍ക്ക് മനസിലായത്

നിന്നെ മനസിലാക്കിത്തരാന്‍ സാധിക്കില്ല.


നിനക്ക് അറിയാവുന്നത് മാത്രം തന്നെയേ

അവരുടേതായ വിതാനത്തിലും

പരിസരത്തിലും നിന്ന്

അവരും അറിഞ്ഞുള്ളൂ.


അറിവിലേക്ക്

മൂര്‍ത്തമായ പടികളും ഘട്ടങ്ങളും ഇല്ല.


മൂര്‍ത്തമായ പടികളും ഘട്ടങ്ങളും

ഉണ്ടെന്ന് ധരിച്ച് നീ

കെണിഞ്ഞ് പോകരുത്.


നിന്റെ സാമാന്യയുക്തിക്ക്

വഴങ്ങുന്നത്ര ലളിതമാണ്,

അങ്ങനെ ആവണം

നിനക്ക് നിന്റെ സത്യം, ദൈവം.


അതുപോലെ തന്നെ ലളിതമാണ്

അറിവ് എന്ന് പറയുന്ന

നിന്റെ അറിവ്.


231


ഇന്നിവള്‍ക്ക് പിറന്നാള്‍


'എത്ര ഇല്ലെന്ന് പറഞ്ഞാലും

ഉള്ളത് ഉള്ളത് തന്നെയല്ലേ'

എന്ന് പറഞ്ഞു തന്നവൾക്ക്

പിറന്നാള്‍.


40 തികഞ്ഞ

41 ാം പിറന്നാള്‍.


പഴുത്ത് പാകമാകുന്ന

പ്രായത്തിന്റെ പിറന്നാള്‍


പ്രായം പ്രായമാവാതെ

തെളിച്ചമായവള്‍ക്ക്

പിറന്നാള്‍.


ഇല്ലാത്തതിനെ

ഇല്ലെന്ന് പറഞ്ഞും 

ഉണ്ടാക്കാത്തവള്‍ക്ക്

പിറന്നാള്‍


******


ഒന്നുമില്ലെങ്കില്‍

അതൊരു വലിയ കാര്യമെന്ന്

കണ്ടവള്‍ക്ക് പിറന്നാള്‍.


ഭാര്യയായിട്ടും

ഭാരമല്ലാത്തവൾക്ക്,

ഭരിക്കപ്പെടാത്തവൾക്ക്

ഭരിക്കപ്പെടുക മാത്രം 

വെറുക്കുന്നവൾക്ക് 

പിറന്നാള്‍.


*****


"ഒരു ബിരുദവും

ബിരുദാനന്തര ബിരുദവും

MAയും BAയും

MBBSഉം LLBയും LLMഉം

മറ്റൊരു സാക്ഷ്യപത്രവുമല്ല 

ജീവിക്കാനുള്ള യോഗ്യത." 


"ജീവിക്കുന്നു,

ജീവിക്കാനാവുന്നു,

ജീവിതം ആസ്വദിക്കുന്നു,

അതാസ്വദിക്കാനാവുന്നു

എന്നത്‌ 

ജീവിക്കാനുള്ള യോഗ്യത." 

എന്നാദ്യമേ

പാഠം തന്നവൾക്ക്

പിറന്നാള്‍.


*****


അതിനാലേ,

പിറന്നാള്‍ദിനത്തിലും

ജീവിതത്തിലുടനീളം പോലെ 

കൈമാറിയത്

രോഗമല്ല, പേടിയല്ല


ശ്വാസോച്ഛ്വാസം മാത്രം.


ബന്ധത്തെ ശരീരമാക്കി

ശരീരത്തിൽ

ജീവൻ നിലനിര്‍ത്തുന്ന

ശ്വാസോച്ഛ്വാസം.


പുറത്തേക്ക്‌ വിട്ടാല്‍

തിരിച്ചുപിടിക്കാമെന്ന് 

ഒരുറപ്പുമില്ലാത്ത

എന്നിട്ടും പുറത്തുവിടുന്ന

ശ്വാസത്തിന്റെ കൈമാറല്‍


ജീവിതം

അനുനിമിഷവും നടത്തുന്ന

ജീവിതത്തിന്റെ

ചൂതുകളി മാത്രമായ

ശ്വാസോച്ഛ്വാസം.

കൈമാറ്റം.


ജനന മരണങ്ങളുടെ

വിനിമയം മാത്രമായ

ശ്വാസോച്ഛ്വാസം


****


ജീവിതം

ആരോടെങ്കിലുമുള്ള

സ്നേഹമാണെന്ന

അവകാശവാദം

ഇവള്‍ക്ക്

പിറന്നാള്‍ദിനത്തിലും

ഇല്ല


"അവനവനോടുള്ള

സ്നേഹം മാത്രം

ജീവിതം.

അതങ്ങനെ മാത്രം."


ഇതിങ്ങനെ

ഇപ്പോഴും ഇവള്‍ 

തറപ്പിച്ചു പറയുന്നു


"സ്വാര്‍ത്ഥത മാത്രം 

ജീവിതത്തിന് പശ്ചാത്തലം.

സ്നേഹം എന്ന പേരിട്ട്

ജീവിതം നല്‍കുന്നത് 

സ്വാര്‍ത്ഥത


"ജീവിതം ജീവിതത്തെ

കൃഷി ചെയ്യുന്ന

പശ്ചാത്തലവും കൃഷിയിടവും 

സ്വാര്‍ത്ഥത


" പശ്ചാത്തലത്തെ തന്നെ

മണ്ണും വെള്ളവും

വസ്ത്രവുമായ്

ഉപയോഗിച്ച് കൊണ്ട്‌


" പശ്ചാത്തലം  

ഇരുട്ട് തന്നെയായ വെളിച്ചം


"ഇഷ്ടവും അനിഷ്ടവും

വെറുപ്പും ദേഷ്യവും

ഒക്കെ അവിടെ

ഇരുട്ടില്‍ 

ജീവിതത്തിന്‌ വേണ്ടി

സ്നേഹമായ് കൈമാറുന്നു. "


*****


"ആവാന്‍ ശ്രമിച്ച്

ആവുകയല്ല." 


"ശ്രമിച്ചാവാന്‍ മാത്രം

ഒന്നിലും

ഒരു കാര്യവുമില്ല."


ഇവൾ ഇടക്കിടക്ക്

ഉറപ്പിച്ച് പിറുപിറുക്കും 


"പകരം,

അങ്ങാവുകയാണ്.


"മറ്റാരും ഒന്നും

സമ്മതിച്ച് തരുന്നത്

കൊണ്ടാവുന്നതല്ല.


അങ്ങനെയാവുന്നത് കൊണ്ട്‌

മാത്രമങ്ങനെയാവുന്നു


എന്തും ഏതും..."


ഇതും അവളുരുവിടുന്ന 

തെളിച്ചം, മന്ത്രം


******


"ഏറിയാല്‍,

ചെയ്യേണ്ടത്

ഒന്ന്‌ മാത്രം


"ആദരിക്കുക,

മാനിക്കുക.


"എല്ലാവരും

എല്ലാവരേയും


"എങ്കിൽ, എല്ലാവരും 

സ്വയം ഉത്തരവാദിത്തം

ഉള്ളവരായിത്തീരും


"പരസ്പരം മാനിക്കുന്നതാണ്

എല്ലാവരേയും പരസ്പരം

ഉത്തരവാദികളാക്കുന്ന മന്ത്രം.

ജീവിത മന്ത്രം." 


ഇന്നും,

പിറന്നാള്‍ ദിനത്തിലും 

അവൾ മൊഴിയുന്ന

തെളിനീര്‍ തെളിച്ചം

ഇത്.




No comments: