Tuesday, December 1, 2020

നിര്‍ബന്ധം പിടിക്കാന്‍ ഇല്ല. എങ്ങിനെ ആയാലും ഒരേപോലെ ശരിയും തെറ്റും.

നീ കരുതുന്നത് പോലെ നിനക്ക്.

അത് നിനക്ക് ശരി.


നിര്‍ബന്ധം പിടിക്കാന്‍ ഇല്ല.


എങ്ങിനെ ആയാലും ഒരേപോലെ ശരിയും തെറ്റും


നീ പറയുന്നതും ശരിയാണ്‌,


കഴിയില്ല എന്ന് പറയുന്നവന് കഴിയില്ല, അവന് കഴിയുന്നില്ല.


ദൈവവും സത്യവും അവന്റെ കാര്യത്തില്‍ അവന് കഴിയുന്നത് പോലെയാണ്.


കുറ്റപ്പെടുത്താന്‍ ഇല്ല.


നാം നമ്മുടെ മാനത്തിനുള്ളില്‍


നാം നമ്മുടെ പരിധിക്കും പരിമിതിക്കും ഉള്ളില്‍


നിരാകാര നിര്‍ഗുണ പരബ്രഹ്മമായി കാണാന്‍ കഴിയാത്തവന്, സഗുണഭാവത്തില്‍ ബിംബങ്ങളിലൂടെ അതേ ദൈവത്തെയും സത്യത്തെയും കാണാം.


ദൈവത്തിലേക്ക് ദൈവമായി വികസിക്കാന്‍ കഴിയാത്തവന്, ദൈവം അവനായി, അവന്റെ ബിംബമായി ചുരുങ്ങും


ആത്മാവായി കാണാന്‍ സാധിക്കാത്തവന്‍ പദാര്‍ത്ഥമായി തന്നെ കാണട്ടെ.


ദൈവവും സത്യവും ഓരോരുവന്റെയും സങ്കല്പ സാധ്യതയും സൗകര്യവും പോലെ.


ആവുംപോലെ ആയാല്‍ മതി.


എങ്ങിനെ ആയാലും ഒന്ന്.


ഉപ്പിനെ ഉപ്പായും ഉപ്പ് രസമായും കാണാം.


*****


വിശ്വാസവും അവിശ്വാസവും ഒരുപോലെയാവുന്നത് അങ്ങനെയാണ്‌, അവിടെയാണ്.


ബിംബാരാധകരും അല്ലാത്തവരും ഒരുപോലെയാവുന്നത് അങ്ങനെയാണ്, അവിടെയാണ്


ഭാഷ പോലെ തന്നെയാണ്  ബിംബവും.


ഭാഷ തന്നെയും ബിംബമാണ്.


ഗുണം ദ്യോതിപ്പിക്കാന്‍ തന്നെയാണ് ദൈവത്തിനുള്ള ഓരോ പേരും ബിംബവും


ഭാഷയില്‍ ആശയം ചെലുത്തുന്നു

പ്രതിഷ്ഠയായ ബിംബത്തില്‍ ദൈവത്തെയും.


ദൈവമെന്നും കരുണാനിധിയെന്നും രുദ്രയെന്നും ദുര്‍ഗ്ഗയെന്നും വിഷ്ണുവെന്നും ശിവനെന്നും റഹീമെന്നും മറ്റുമുള്ള ദൈവത്തിന്റെ പേരുകൾ ഭാഷയിലെ ഗുണം സൂചിപ്പിക്കുന്ന ബിംബങ്ങൾ മാത്രം തന്നെയാണ്.


പ്രതിഷ്ഠയായ ബിംബം, രൂപത്തിലും കോലത്തിലും നിറത്തിലും ഗുണങ്ങള്‍ സൂചിപ്പിക്കുന്ന ബിംബം. പേര്‌ ഭാഷയില്‍ ഗുണങ്ങള്‍ സൂചിപ്പിക്കുന്ന ബിംബം.


ബിംബങ്ങള്‍ കൂടാതെ ആരും ദൈവത്തെ  സങ്കല്‍പിക്കുന്നില്ല, സമീപിക്കുന്നില്ല.

ബിംബം എല്ലാവരും ഉപയോഗിക്കുന്ന കോണി.


എല്ലാവരും ബിംബാരാധകർ തന്നെ. ബിംബാരാധനയെ എതിര്‍ക്കുന്നു എന്ന് പറയുന്നവർ വരെ.


അവരും ദൈവത്തിന് അനേകം പേരുകൾ ഉണ്ടാക്കിയിരിക്കുന്നു .


ദൈവത്തിനുള്ള ഓരോ പേരും ഭാഷയില്‍ കൊത്തിയ ഓരോ ബിംബം.


No comments: