Tuesday, December 1, 2020

എന്താണ്‌ ചിന്ത? നിലവിലുള്ളതിനെ വിശ്വസിച്ചു പോകുന്നതല്ല ചിന്ത.

 (ഒരു സുഹൃത്തിനുള്ള മറുപടി.) 


രണ്ടാമതായി അറിയുക.


ചിന്തിക്കാന്‍ ഖുര്‍ആന്‍ തുടരെ തുടരെ ആഹ്വാനം ചെയ്യുന്നു.


അത് താങ്കൾക്കും അറിയാം.


വലിയ അഭിമാനത്തോടെ ഖുര്‍ആന്‍ ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു എന്ന് എടുത്തു പറയുകയും ചെയ്യും.


എങ്കിൽ, ഒരു ചോദ്യം.

എന്താണ്‌ ചിന്ത?


ഒന്നുറപ്പ്.

നിലവിലുള്ളതിനെ വിശ്വസിച്ചു പോകുന്നതല്ല ചിന്ത.


നിലവിലുള്ളതിനെ വിശ്വസിച്ചു പോകാൻ എന്തിനാണ് ചിന്ത?  


അതിന്‌ ചിന്ത വേണ്ട.


നിലവിലുള്ളത് വിശ്വസിക്കാൻ കഴിയാത്തപ്പോഴും അതിൽ സംശയം തോന്നുമ്പോഴും ആണ്‌ ചിന്ത.


ചിന്ത മാറ്റത്തിന്‌ വേണ്ടിയും, മാറാനുള്ളതും ആണ്.


നിന്നിടത്ത് നില്‍ക്കാന്‍ ചിന്ത വേണ്ട.


കുട്ടിപ്രായത്തില്‍ എങ്ങിനെയോ കിട്ടിയ വിശ്വാസം മുറുകെപ്പിടിക്കാനും കൊണ്ടുനടക്കാനും ചിന്ത വേണ്ട.


നിന്നിടത്ത് നില്‍ക്കുന്നതിനെ നടത്തം എന്നും മുന്നോട്ടുള്ള പോക്ക് എന്നും പറയില്ല.


മുന്നോട്ട് പോകാന്‍ നിന്നിടത്തെ വിടണം.


അരി ചോറ്‌ ആവാന്‍ അരി നഷ്ടപ്പെടണം, മാറണം .


വിത്ത് മരം ആവണമെങ്കിൽ വിത്ത് നഷ്ടപ്പെടണം, മാറണം 


അങ്ങനെ വിട്ട് വിട്ടാണ്‌, മാറി മാറിയാണ് കാലം പുരോഗമിച്ചത്. ലോകം പുരോഗമിച്ചത്.


നിങ്ങൾ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന mobile വരെ മാറി മാറി വന്നത് അങ്ങനെയാണ്.


ടിവി യും ഇന്റര്‍നെറ്റും ഒക്കെ മാറി മാറി ഉണ്ടായി വന്നത്‌ അങ്ങനെയാണ്.


സൈക്കിള്‍ മാറി കാറും വിമാനവും ഒക്കെ ഉണ്ടായത് അങ്ങനെയാണ്.


ഒന്നോര്‍ത്തു നോക്കുക. മാറാതെയാണോ മുഹമ്മദ് മുഹമ്മദായത്? മാറാതെയാണോ  യേശു യേശുവും ബുദ്ധന്‍ ബുദ്ധനും മാര്‍ക്സ് മാര്‍ക്സും ആയത്.


ഖുര്‍ആന്‍ പറയുന്നത് തന്നെ ശ്രദ്ധിക്കുക. "നിന്നെ (മുഹമ്മദിനെ) അവന്‍ (അല്ലാഹു) വഴിപിഴച്ചവനായി കണ്ടു. അങ്ങനെ അവന്‍ വഴി കാണിച്ചു." (സൂറ :അല്‍ ദുഹാ).


അറിയുക മുഹമ്മദ് പോലും ഒരു വലിയ ഘട്ടം വഴിതെറ്റി നടന്നു. പിന്നെ മാറി വഴിയില്‍ ആയതാണ്


അതിനാല്‍ ആരുടെയും ഒന്നിന്റെയും മാറ്റത്തെ നിങ്ങൾ ചോദ്യം ചെയ്യരുത്.


പകരം ആരും ഒന്നും ഒരിക്കലും മാറുന്നില്ലെങ്കില്‍ മാത്രമാണ്‌ നിങ്ങൾ ചോദ്യം ചെയ്യേണ്ടത്.


മാറ്റം മാത്രമാണ് ശരി.


ശരിയായ ചിന്തയും അന്വേഷണവും നിങ്ങളെ മാറ്റിക്കൊണ്ടിരിക്കും. അത് മാറാൻ ഉദ്ദേശിച്ചുള്ളതാണ്


ഖുര്‍ആനികമായി തന്നെ പറയാം. നേര്‍ മാര്‍ഗം കിട്ടിയെന്ന് ആരും വിശ്വസിക്കരുത്.


നേര്‍മാര്‍ഗം എപ്പോഴും അന്വേഷിക്കാനുള്ളതാണ്. അന്വേഷിച്ചു കണ്ടെത്താനുള്ളതാണ്


ഇസ്ലാം തന്നെ സ്വയം നേര്‍മാര്‍ഗം അല്ല. നേര്‍മാര്‍ഗം ആണെന്ന് ഇസ്ലാം പോലും അവകാശപ്പെടുന്നില്ല.


പകരം ഇസ്ലാം നേര്‍മാര്‍ഗം അന്വേഷിക്കാനുള്ള ഒരു പ്ലാറ്റ്ഫോം മാത്രമാണ്.


അതുകൊണ്ടാണ് ദിവസം 17 പ്രാവശ്യം നേര്‍മാര്‍ഗം അന്വേഷിക്കുക എല്ലാവർക്കും നിര്‍ബന്ധം ആക്കിയത്. മുഹമ്മദ് നബിക്ക് വരെ.


(ഇഹ്ദിനാ സ്വിറാത്തല്‍ മുസ്തഖീം).


നേരായ മാര്‍ഗം എന്താണെന്നും ഏതാണെന്നും വരെ നിര്‍വ്വചിക്കാതെയാണ്, ഇസ്ലാം ആണെന്ന് വരെ പറയാതെയാണ് പ്രാർത്ഥന അവസാനിപ്പിക്കുന്നത്.


നേര്‍മാര്‍ഗം സ്ഥിരം, എല്ലാ ദിവസവും അഞ്ച് നേരം നിര്‍ബന്ധമായും അന്വേഷിക്കുന്നവന്‍ എപ്പോഴും മാറും. എപ്പോഴും മാറാൻ തയ്യാറാവും. തയ്യാറാവണം


എത്ര കാലമായി ഒരേ പ്രാർത്ഥന വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നു?


എന്നിട്ട് പോലും ഇത് മനസിലാക്കാന്‍ തയ്യാറാവുന്നില്ല.


പ്രാർത്ഥന ആരും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചില്ല, ശ്രമിക്കുന്നില്ല.


അതിന്റെ അര്‍ത്ഥം ഉള്‍കൊള്ളാന്‍ ഉള്ളു കൊണ്ട്‌ തയ്യാറായില്ല


ഇനി ഈയുള്ളവനെ കുറിച്ചും ഈയുള്ളവന്റെ (താങ്കള്‍ വലിയ അപരാധം പോലെ ആരോപിക്കുന്ന) മാറ്റത്തിനെ കുറിച്ചും.


താങ്കള്‍ ഈയുള്ളവനെ നേരിട്ട് വിശദമായി കേട്ടവനോ വായിച്ചവനോ അല്ല. എത്ര അടുത്ത ബന്ധം അവകാശപ്പെട്ടാലും.


അങ്ങിങ്ങായി എന്തോ ചിലത് എങ്ങിനെയോ അല്ലാതെ.


അത് വലിയൊരു തെറ്റല്ല.


പക്ഷേ താങ്കള്‍ ഈയുള്ളവന്റെ മേല്‍ എന്തോ വലിയ ആരോപണം പോലെ മുന്‍വിധി എഴുതുമ്പോള്‍, ഈയുള്ളവന്റെ (താങ്കള്‍ അവകാശപ്പെടുന്ന) മാറ്റം വലിയ തെറ്റായി പറയുമ്പോള്‍, അത് വലിയ തെറ്റാണ്‌.


ഈയുള്ളവന്റെ 1998 മുതൽ (ആത്മസാക്ഷ്യം മുതൽ) ഇതുവരെയുള്ള  ആറ് പുസ്തകങ്ങളില്‍ ഒന്ന് പോലും വായിച്ച ആൾ അല്ല താങ്കള്‍.


എന്തോ ആരില്‍ നിന്നോ തെറ്റായി കേട്ടു തെറ്റിദ്ധരിപ്പിച്ച് കൊണ്ടാണ്‌ താങ്കള്‍ ഈയുള്ളവനെ കുറിച്ച് (ഈയുള്ളവന്റെ മാറ്റത്തെ കുറിച്ച് വലിയ തെറ്റും കുറ്റവും പോലെ) പറയുന്നത്.


ചുരുങ്ങിയത് 2007 മുതൽ തുടർച്ചയായി ഈയുള്ളവന്‍ എഴുതുന്ന ബ്ലോഗ് പോലും താങ്കള്‍ വായിച്ചിട്ടില്ല.


പിന്നെങ്ങിനെ ഈയുള്ളവന്റെ മാറ്റവും മാറിയ രീതിയും താങ്കള്‍ക്ക് മനസിലാവും?


ഈയുള്ളവന്റെ മാറ്റം വല്ല സ്വാര്‍ത്ഥതയും നിക്ഷിപ്തതാല്‍പര്യവും അധികാരമോഹവും വെച്ചുള്ളതാണോ എന്ന് വരെ.


അങ്ങനെയൊന്നും അല്ലെങ്കിൽ അത്തരം മാറ്റം നിസ്വാര്‍ത്ഥമായതല്ലേ


പിന്നെ അതെങ്ങനെ താങ്കളെ വിധം അസ്വസ്ഥപ്പെടുത്തുന്നു?


പിന്നെങ്ങനെ അതൊരു വലിയ ആരോപണവും അപരാധവും പോലെ താങ്കളെ കൊണ്ട്‌ പറയിപ്പിക്കുന്നു?


(ക്ഷമിക്കുക. ഇന്നലെ മുഴുവന്‍ കോഴിക്കോട് ആയിപ്പോയി. അതിനാല്‍ ഉടനെ ഇങ്ങനെ ഒരു മറുപടി തരാനും കഴിഞ്ഞില്ല. ക്ഷമിക്കുക.)


No comments: