ഭാഗം 17. പെരിങ്ങാടി റെയില്‍വേ പാലം (ജനിച്ചു വളര്‍ന്ന ഠാ വട്ടം)
(ഉപ്പലത്ത് ഹാഷിം. കനീസപ്പെരുന്നാള്‍)
ഏര്‍ബോള്‍ പോലെ
ജീവിതം.
എത്ര ദൂരേക്കെറിഞ്ഞ്
ഒഴിവാക്കിയാലും
തിരിച്ച് കൈയിൽ തന്നെ.
ജീവിതം ജീവിതത്തിന്റെ
കൈയിൽ.
റെയില്‍വേ പാലം
ദിശമാറ്റി
കാര്യം പറയുന്നു.
എപ്പോഴും പറയാൻ
ഒന്നേ ഉള്ളൂവെങ്കിലും
റെയില്‍വേ പാലം
വിഷയത്തെ പലതായി
തോന്നിപ്പിക്കുന്നത്
ഇങ്ങനെ.
"ഏര്‍ബോളോ?
"അതേ.....,
റബ്ബർനൂലില്‍ കെട്ടി
നീ എറിഞ്ഞു കളിച്ച
ബോള്‍.
ഏര്‍ബോള്‍.
എല്ലാ കാലത്തെയും
ജീവിതം.
കനീസപ്പെരുന്നാള്‍ക്ക്
നീ വാങ്ങി
എറിഞ്ഞുകളിക്കുന്ന
ഏര്‍ബോള്‍.
******
ഓര്‍ക്കുന്നുവോ,
കുട്ടിക്കാലത്ത്
ഈ റെയില്‍വേ പാലം വഴി
നീ പോയ രംഗം?
മുതിർന്നവരുടെ
കൈയും പിടിച്ച്
കനീസപ്പെരുന്നാള്‍ക്ക്.....
ജീവിതം ജീവിതത്തിന്റെ
കൈപിടിച്ചു നടക്കുന്ന
കാഴ്‌ചയായിരുന്നു അത്.
ജീവിതത്തെ ജീവിതം
കൈപിടിച്ചു നടത്തുന്ന കാഴ്‌ച.
എന്തോരാവേശമായിരുന്നു
നിന്റെ ആ പോക്കിന്?!
ജീവിതത്തിന്റെ വേര് സ്വയം
ആഴ്ത്തുന്ന ആവേശം തന്നെ.
ഉത്സവത്തിന്റെ
മുഴുനിറങ്ങളെയും
കണ്ണില്‍ തെളിയിക്കുന്ന
ആവേശം.
എന്താഹ്ലാദമായിരുന്നു
നീ പോയി തിരിച്ചുവരുമ്പോള്‍?!
കൗതുകം സ്വയം ജീവിതമായ്
സാക്ഷാല്‍കാരം നേടിയ
ആഹ്ലാദം.
കതിനവെടിയും മാലപ്പടക്കവും
കണ്ണിലും മനസ്സിലും പൊട്ടുന്ന
ആഹ്ലാദം.
ഏര്‍ബോളും തിരിപ്പും
പീപ്പിയും ബലൂണ്‍കുരങ്ങും
ഒരു കയ്യില്‍ പിടിച്ച്,
മറുകൈ കൊണ്ട്
ഉപ്പാഉമ്മയും ഊതി
ബലൂണ്‍ വീര്‍പ്പിച്ച്
കലപില നിറഞ്ഞ് പറഞ്ഞ
പോക്കും വരവും.
ഞാന്‍ പാലം.
അന്ന് നിനക്ക്
പേടിയാണ്.
അവസ്ഥാന്തരങ്ങൾക്കിടയിലെ
പാലം കടക്കുക
അല്ലെങ്കിലും എന്നും
എല്ലാവർക്കും പേടി.
കനീസപ്പെരുന്നാള്‍
അന്ന് നിനക്ക്
പ്രതീക്ഷയും.
ജീവിതം തന്നെയങ്ങനെ
കുറെ പെരുന്നാളുകളുടെ
പ്രതീക്ഷയാണ്.
പ്രതീക്ഷ തേടിയും താണ്ടിയും
പേടിയെ അവഗണിച്ചും
ജീവിതം മുന്നോട്ട്.
കുട്ടികളായ്.
കളിപ്പാട്ടങ്ങളായ്.
നീയും ഞാനുമായ്.
******
കനീസപ്പെരുന്നാള്‍ക്ക്,
പുരുഷാരത്തിനും
ശബ്ദകോലാഹലത്തിനുമിടയില്‍,
ആഘോഷത്തിനും
ആവേശത്തിനുമിടയില്‍,
പ്രാർത്ഥനകള്‍ക്കും
ആരവങ്ങൾക്കുമിടയില്‍,
അന്നും നീ കണ്ട
കുറെ ജീവിതങ്ങളുണ്ട്.
കുത്തും കോമയും
ചോദ്യചിഹ്നവും
അക്ഷരത്തെറ്റും പോലെ
പൂര്‍ണമല്ലെന്ന്
അന്ന് നിനക്ക് തോന്നിയ
ജീവിതങ്ങള്‍.
ചുരുങ്ങിയത്,
വഴിയോരത്ത് നിന്നും
നീ വാങ്ങിയ
ഏര്‍ബോളുകള്‍ പോലെയും
അല്ലാതിരുന്ന, കെട്ടാന്‍
ഒരു റബ്ബർനൂല് പോലും
ഇല്ലാതിരുന്ന
കുറെ ജീവിതങ്ങള്‍.
എന്നാല്‍ പട്ടങ്ങൾ
പോലെയായിരുന്നോ
ആ ജീവിതങ്ങള്‍?
നിനക്ക് അതും
സംശയമായിരുന്നു.
ശരിയാണ്
ആ ജീവിതങ്ങള്‍
പട്ടങ്ങളുമല്ലായിരുന്നു.
പക്ഷേ, അന്നും നീ
പട്ടം പോലെ
ഒരവസ്ഥയും കഥയും
ജീവിതത്തിന് കണ്ടു.
ആരൊക്കെയോ
കൈകളില്‍ പിടിച്ച
നൂല് കൊണ്ട്
മുകളിലെത്തുന്ന
പട്ടം പോലെ തന്നെ
പല ജീവിതങ്ങളും.
ആകാശത്തെത്തിയാല്‍
നൂല് മറന്ന്,
നൂലിനെ പിടിച്ച
കൈ മറന്ന്,
പിന്നെയും ഉയരങ്ങള്‍
കൊതിക്കുന്ന പട്ടം.
നൂല് പൊട്ടിയയാല്‍
ഒന്നുമല്ലാതാവുന്ന,
എവിടെയുമല്ലാതാവുന്ന
പട്ടങ്ങൾ
*****
പക്ഷേ, ഇവിടെ
കനീസപ്പെരുന്നാള്‍ക്ക്
തെരുവോരത്ത്
നീ കണ്ട ജീവിതങ്ങൾ
നൂല് പോലും ഇല്ലാതെ
ആകാശത്ത് പാറിപ്പറക്കുന്ന
പട്ടങ്ങൾ.
ന്യായവും
ന്യായീകരണവും
തെളിവും
അവകാശവാദങ്ങളും
ഇല്ലാതെ,
അവയൊന്നും ആവശ്യമില്ലാതെ
കുറെ ജീവിതങ്ങൾ.
അന്നും ഇന്നും
നിന്നെ അത്ഭുതപ്പെടുത്തുന്നത്
അവരാണ്.
അവരുടെ ധൈര്യവും ഉറപ്പും.
അവരിലെ നിസ്സംഗത.
******
അങ്ങനെയൊരു
നൂല് പോലും ഇല്ലാതെ
ആകാശത്ത് പാറിപ്പറന്ന പട്ടം
ഉപ്പലത്ത് ഹാഷിം.
ഉള്ളതും ഇല്ലാത്തതും വെച്ച്
ജീവിതം ആഘോഷിച്ചവന്‍.
സ്വയം തന്നെ ചോദ്യവും
ഉത്തരവും ആയവന്‍.
ആഘോഷം തന്നെയായി
റോഡിലൂടെ നടന്നവന്‍.
ജീവിതത്തെ
തമാശയായെടുത്ത്
എല്ലാവരോടും എങ്ങിനെയും
തമാശ പറഞ്ഞവന്‍.
ജീവിതത്തെ തന്നെ
തമാശയാക്കിപ്പറഞ്ഞവന്‍.
ഗൗരവം എന്തെന്നറിയാതെ
പോയവന്‍.
ഗൗരവം നഷ്ടപ്പെട്ട
ജീവിതത്തിന്റെ
നടന്നൊഴുക്ക്.
ഗൗരവത്തില്‍
ജീവിതം
ആര്‍ക്കുമായല്ലാതെ
ഉരുകിയൊലിക്കുന്നുവെന്ന്
ജീവിച്ച് പറഞ്ഞവന്‍.
നിസാരതയില്‍ ജീവിതം
അഭിനയമല്ല, പകരം
തുടിച്ചു തുള്ളുന്നുവെന്ന്
നടന്നറിയിച്ചവന്‍.
അങ്ങോട്ടും ഇങ്ങോട്ടും
എന്തുമെങ്ങിനെയും
ചോദിക്കലും വാങ്ങലും
തന്നെ ജീവിതമെന്ന്
ഉദാഹരിച്ചയാൾ.
അങ്ങനെ
ആരോടും എന്തിനും
ചോദിച്ച് ജീവിച്ചു
കാണിച്ചവന്‍.
പൂ പോലെ നിന്ന്
അഹങ്കരിക്കുന്ന ജീവിതം
നാട്യങ്ങളില്ലാതെ
ചളി പോലെ നിന്ന്
തളിര്‍പ്പിക്കുകയും ചെയ്യുന്നു
എന്ന് കാണിച്ചവന്‍.
******
"യഥാര്‍ത്ഥത്തില്‍
എന്നെ അത്ഭുതപ്പെടുത്തുന്നത്
സമ്പന്നനും അധികാരിയുമല്ല.
പകരം, ഉപ്പലത്ത് ഹാഷിമാണ്."
റെയില്‍വേ പാലം
ഉറപ്പിച്ച് സാക്ഷ്യപ്പെടുത്തി.
"ഉപ്പലത്ത് ഹാഷിമിനെ
വെച്ച് നോക്കിയാല്‍
സമ്പന്നനും അധികാരിയും
ഉദ്യോഗസ്ഥനും പ്രഭുവും
ഭീരുക്കള്‍.
നഷ്ടപ്പെട്ടവർ.
"അവർക്ക്
പിടിച്ചു നിൽക്കാൻ
സമ്പത്തിന്റെയും
അധികാരത്തിന്റെയും
ധൈര്യവും പിന്തുണയും
വേണമായിരുന്നു.
"ഇവന്, ഉപ്പലത്ത് ഹാഷിമിന്,
അങ്ങനെയൊന്നും
വേണ്ടായിരുന്നു.
"ചിലപ്പോള്‍
കളിപ്പാട്ടങ്ങള്‍ വിറ്റുനടന്ന
ഉപ്പലത്ത് ഹാഷിം
മറ്റു ചിലപ്പോള്‍
ആര്‍ക്കൊക്കെയോ വേണ്ടി
എന്തൊക്കെയോ സാധനങ്ങൾ
വാങ്ങാനും നാടുനീളെ നടന്നു
ജീവിതം വിതരണം ചെയതു.
"രോഗാതുരനായിരുന്നെങ്കിലും
ഉത്സാഹം മാത്രം
ഉപ്പലത്ത് ഹാഷിമിലെപ്പോഴും."
"ജീവിതത്തിന്റെ മാത്രം
ഉത്സാഹമായിരുന്നുവോ അത്?"
"അതേ,
ആയിരുന്നു.
"പക്ഷേ,
എന്ന് തിരിച്ചറിയാന്‍
സമ്പത്തും അധികാരവും
വേണ്ടിവന്ന
ബാക്കിയെല്ലാവരും
ഇവന്റെ മുന്‍പില്‍
എത്ര വലിയ രോഗികള്‍?
"ഉപ്പലത്ത് ഹാഷിം
ഒന്നുമില്ലാതെയും
ഒന്നുമല്ലാതെയും
ജീവിച്ചു,
ആഘോഷിച്ചു.
"അധികാരത്തിന്റെയും
സമ്പത്തിന്റെയും
സ്ഥാനത്തിന്റെയും
സ്വീകാര്യതയുടെയും
തെളിവും സാക്ഷ്യവും
സ്ഥാനവും മാനവും
മാനദണ്ഡവും
ആവശ്യമില്ലാതെ.
'ജീവിതത്തിന്റെ ഏക വഴി
ജീവിക്കുക മാത്രമെന്ന്'
പ്രവർത്തിച്ചു കാണിച്ച് കൊണ്ട്.
******
തിരിച്ചറിയാനും
സമര്‍ഥിക്കാനും,
ബന്ധപ്പെട്ട്,
ബന്ധപ്പെടുത്തി
കാണാനും അറിയാനും
ഒരു തൊഴിലും സമ്പത്തും
സ്ഥാനവും മാനവും
അധികാരവും സാഹിത്യവും
ചിന്തയും കവിതയും
ഒന്നുമില്ലാതെ
ഉപ്പലത്ത് ഹാഷിം ജീവിച്ചു.
ജീവിതം തന്നെ
തൊഴിലും സമ്പത്തും
സ്ഥാനവും മാനവും
അധികാരവും സാഹിത്യവും
ചിന്തയും കവിതയും
ആക്കിക്കൊണ്ട്.
പിടിച്ചുനില്‍ക്കാന്‍
ജീവിതത്തില്‍
ഒരു നൂല് പോലും ഇല്ലാത്ത
കുറെ ജീവിതങ്ങളില്‍
ഒരു ജീവിതം മാത്രമായി.
അവനാണ്
ഈ റെയില്‍വേ പാലത്തിനും
ജീവിതത്തിന്റെ
യാഥാര്‍ത്ഥ ധൈര്യം.
അവനാണ്
ഈ റെയില്‍വേ പാലത്തിനും
നിലനില്‍പിന്റെ
യാഥാര്‍ത്ഥ ആഘോഷം.
അവന്‍ തന്നെ
ആയിരിക്കുകയെന്നത്
ആഘോഷമാക്കിയവന്‍.
ഒന്നുമല്ലാതെയും
ഒന്നുമില്ലാതെയും
എങ്ങിനെ ജീവിക്കണമെന്ന്,
ആയിരിക്കണമെന്ന്
പറയാതെ പഠിപ്പിച്ച
ജീവിതത്തിന്റെ ദര്‍ശനം
അവനാണ്.
എവിടെയും എങ്ങിനെയും
ജീവിക്കണമെന്ന,
ആയിരിക്കാമെന്ന
ജീവിതത്തിന്റെ ധൈര്യം
അവനിലാണ്.
****
അവന്‍
ഉപ്പലത്ത് ഹാഷിമും
വലിയൊരാഘോഷം
അത്തരം
ആഘോഷങ്ങളാണ്
ജീവിതത്തിനര്‍ത്ഥം.
"ആഘോഷങ്ങള്‍
എന്താണെങ്കിലും
രണ്ട് കൈയും നീട്ടി
സ്വീകരിക്കണം.
"ന്യായാന്യായങ്ങളും
ശരിതെറ്റുകളും
അന്വേഷിക്കാതെ.
ആഘോഷങ്ങള്‍ക്ക് ന്യായം
ആഘോഷങ്ങള്‍ മാത്രം."
"എന്തേ നീ ഇത് പറയാനും
ഇപ്പോൾ കാരണം?"
അല്പമായ അറിവണ്ടാക്കിയ
അഗ്നിവെച്ച്, ചൂട് പിടിച്ച്
ആചാരവും ഉപചാരവും
തെറ്റും ശരിയും
ആവശ്യവും അനാവശ്യവും
ആര്‍ഭാടവും ദുര്‍വ്യയവും
പറഞ്ഞ് പ്രസംഗിച്ച്
ഒരുപടി ആഘോഷങ്ങളെ
നീ നിന്റെ കുട്ടിപ്രായത്തിലെ
ന്യായങ്ങള്‍ വെച്ച്
എതിർത്തു തകർത്തു
കത്തിച്ചു നശിപ്പിച്ചത്
അങ്ങനെയായിരുന്നു.
*****
അറിയണം.
ഉപ്പലത്ത് ഹാഷിമുമാർക്ക്
സാക്ഷിയായി നീ അറിയണം
'ലോകം ജീവിച്ചതും
ലോകം ജീവിക്കുന്നതും
ഒരു വേദഗ്രന്ഥവും വെച്ചല്ല.
പകരം, ആവും പോലെ ആവുന്ന
ആഘോഷങ്ങള്‍ വെച്ചാണ്.
ഉപ്പലത്ത് ഹാഷിമുമാരെ വെച്ചാണ്.
ഏറ്റവും വലിയ
ജീവനുള്ള വേദഗ്രന്ഥം
മനുഷ്യന്‍ നടത്തിയ,
മനുഷ്യന്‍ നടത്തുന്ന,
ഉപ്പലത്ത് ഹാഷിമുമാര്‍ നടത്തിയ
ചിന്തയും ബോധവും തന്നെ.
അതാണ് പിന്നെ
ആഘോഷം തന്നെയായത്.
നീ അത്തരം ആഘോഷങ്ങളെ
എന്ത് പേരിട്ട്
ഏത് കാലത്തിലാക്കി
വിളിച്ചാലും…
No comments:
Post a Comment