Tuesday, December 1, 2020

പെരിങ്ങാടി റെയില്‍വേ പാലം (ജനിച്ചു വളര്‍ന്ന ഠാ വട്ടം) - ഭാഗം 16 (തൊക്കിലാങ്ങാടി)

പെരിങ്ങാടി റെയില്‍വേ പാലം

(ജനിച്ചു വളര്‍ന്ന ഠാ വട്ടം) - ഭാഗം 16


(തൊക്കിലങ്ങാടി)


എന്തിനധികം?


ഇരുട്ടിലുറങ്ങുമ്പോള്‍ 

ആകാശവും ഭൂമിയും,

മഞ്ചക്കലും പെരിങ്ങാടിയും 

ചുംബനത്തിലായി

ഒട്ടിനില്‍ക്കുന്നുവെന്ന് 

കുട്ടിപ്രായത്തില്‍

നീ ഉറപ്പിച്ച് കരുതി.


ചിലപ്പോഴൊക്കെ

പാതിരാവില്‍ എഴുന്നേറ്റ്

അത് കാണാനും

നീ ശ്രമിച്ചു.


പഴത്തൊലി കുഴിച്ചിട്ട്

വാഴ മുളപ്പിക്കാന്‍ ശ്രമിച്ച

അതേ ശ്രമം.


******


എന്തിനവർ,

ആകാശവും ഭൂമിയും

മഞ്ചക്കലും പെരിങ്ങാടിയും,

അങ്ങനെ

പരസ്പരം ചുംബിക്കണം


ഉത്തരമറിയാതെയും

നീ അങ്ങനെയങ്ങ് ഊഹിച്ചു.


പൊക്കിളിലൂടെ

പെണ്ണുങ്ങൾ പ്രസവിക്കുന്നു

എന്നത്‌ പോലുള്ള

നിന്റെ ഊഹം


ഇരുട്ടിലെ

റെയില്‍വേ പാലം

നിന്നെയും നാട്ടുകാരെയും

അങ്ങനെ എന്തൊക്കെയോ

ഊഹിപ്പിച്ചു, പറയിപ്പിച്ചു.


കോഴിസ്വാമി മുതൽ 

മൂരിക്കാല്‍ വരെ.


ഇരുട്ടില്‍ 

റെയില്‍വേ പാലം തന്നെയും 

നിനക്ക്

ഗർഭപാത്രത്തിലെ

കുഞ്ഞ് പോലെ.

വെറും ഊഹം.


*****


"അറിവില്ലായ്മയിലെ

അറിവാണ്

നിന്റെ ഊഹം, വിശ്വാസം."

റെയില്‍വേ പാലം

പറഞ്ഞുറപ്പിച്ചു


"എങ്കിൽ, എന്താണ്‌

തിരിച്ചറിവ്‌?"


"ഒന്നുമറിയില്ല,

നിനക്കൊന്നുമറിയില്ല

എന്നത്

എന്ന നിന്റെ അറിവ്,

നിന്റെ തിരിച്ചറിവ്‌.


"വിശ്വാസങ്ങള്‍ അവിടെ

വെയിലത്തെ മഞ്ഞ് പോലെ

ഉരുകിയൊലിക്കും


*****


"ആരും ഓര്‍ക്കുന്നുണ്ടാവില്ല

ഒരു തൊക്കിലങ്ങാടിയെ." 


റെയില്‍വേ പാലം

എന്തോ പറയാൻ ശ്രമിക്കുന്നു


"അല്ലേലും മിന്നായങ്ങളെ

ആരോര്‍ക്കാന്‍


"തൊക്കിലങ്ങാടിയും 

വെറുമൊരു മിന്നായം.


"ചുറ്റുപാടില്‍

നാമറിയാതെയും

അടയാളങ്ങളുണ്ടാക്കാതെ

കടന്നുപോകുന്നു

മിന്നായങ്ങൾ


"തൊക്കിലാങ്ങാടിയും 

അങ്ങനെയൊരു

ഒരു കഥയുമാവാത്തൊരു

മിന്നായം.


കൊതിപ്പിച്ചു കടന്നുകളയുന്ന

ഒരു പിടുത്തവും കൊടുക്കാത്ത

മിന്നായം.


*****


അവ്യക്തതയിലാണ്

റെയില്‍വേ പാലം അതിന്റെ

സ്വന്തം കാലൂന്നിയിരിക്കുന്നത്.


തൊക്കിലങ്ങാടിയെ കുറിച്ചും

റെയില്‍വേ പാലം

വ്യക്‌തമായല്ലാതെ

എന്തൊക്കെയോ പറയുന്നു.


"അവ്യക്തത

വ്യക്തതയെ

ഗർഭം ധരിക്കുന്നു.

വിത്ത്

മരത്തെയെന്ന പോലെ"

റെയില്‍വേ പാലം

ഒരു പ്രവാചകനെ പോലെ

മൊഴിഞ്ഞു


*****


"ഓര്‍ക്കുന്നുവോ?


"കുട്ടിക്കാലത്ത്

കളിപ്പാട്ടങ്ങളുടെ

പെരുമഴ തീര്‍ത്ത് 

നിറം പകര്‍ന്ന ആൾ

നിന്റെ തൊക്കിലങ്ങാടി


"കുട്ടിത്തത്തിലെ

കൗതുകത്തിന്

നിറവും ജീവനും

നല്‍കിയ ആൾ.


"നിറമുള്ള രുചി നല്‍കിയ

ഐസ്മിഠായിക്കാരനെ

പോലെയല്ലാത്ത

ഊരും പേരും

അറിയാത്ത ആൾ.


"സമാന്തര ലോകത്തെ

സൃഷ്ടിച്ച

ഒരു സമാന്തരന്‍." 


*******


"എങ്കിലും,

ആരാണീ തൊക്കിലങ്ങാടി?"


"അന്വേഷിക്കരുത്


"കാരണം മറ്റൊന്നുമല്ല.

കടന്ന് പോയവന്

വിലാസമില്ല.


"വിലാസം

കടന്ന് വന്ന്

കടന്ന് പോകും വരെ.

ഏറിയാലത് 

കടന്ന്പോകാതെ

അള്ളിപ്പിടിക്കാന്‍ 


"കടന്നുപോയാൽ

എല്ലാവർക്കും

ഒരേ രൂപം, ഒരേ മുഖം.


"കടന്നുപോയാൽ

എല്ലാവർക്കും

ജീവിതം മാത്രമായ

മുഖം, വിലാസം.


"കടന്നുപോയാൽ

യേശുവിനും ബുദ്ധനും

നിന്റെ തന്നെ മുഖം.


"അവിടെ നിനക്ക്

ബുദ്ധന്റെയും യേശുവിന്റെയും

മറ്റാരുടെയും കോലം, നിറം."


*****


"എന്നാലും

തൊക്കിലങ്ങാടി?" 


"അങ്ങെവിടെയോ,

കൂത്തുപറമ്പിനടുത്ത

തൊക്കിലങ്ങാടിയില്‍ നിന്ന്

വന്നത് കൊണ്ടാണോ?" 


"അതല്ല,

വലിയൊരങ്ങാടിയെ തന്നെ 

നീ തൊക്കെന്ന് വിളിച്ച

അയാളുടെ കക്ഷത്തില്‍  

കൊണ്ടുനടന്നത് കൊണ്ടാണോ?" 


"എന്തായാലും അയാള്‍ക്ക്

അങ്ങനെയൊരു പേര്‌.


"എങ്ങിനെയോ 

അങ്ങനെയൊരു 

തൊക്കിലങ്ങാടി 

റെയില്‍വേ പാലത്ത്

വന്നു.


"ഓര്‍ത്തുവരുമ്പോള്‍,

വിട്ടഭാഗം പൂരിപ്പിക്കാനാവാതെ

ഒരാൾ.


"ദുരൂഹത മാത്രം

ബാക്കി നിർത്തി

പിറകില്‍ എപ്പോഴും

നിന്നെ ഒറ്റയ്ക്ക്

നിര്‍ത്തിപ്പോയി 

തൊക്കിലങ്ങാടി.


"അപ്പോഴൊന്നും

എന്തെങ്കിലും കളിപ്പാട്ടം

വാങ്ങിയ ഓരോര്‍മ്മ

നിനക്കും ബാക്കിയില്ല.

അയാളുമായ്

ഒന്നുരിയാടിയത് പോലും


"ദാരിദ്ര്യം കൊടികുത്തി

ജീവിതത്തില്‍ എന്തും 

പ്രതീക്ഷ തന്ന കാലത്ത്

വെറും മണംപിടിച്ചു വരെ 

നീ വിശപ്പടക്കി


"തൊക്കിലങ്ങാടിയും 

വെറുമൊരു കാഴ്ചയായാല്‍

മതിയായിരുന്നു നിനക്കന്ന്.


"നിന്റെ മനവും മാനവും

വെറും കാഴ്ച കൊണ്ട്‌ നിറയും." 


******


വെറും പാലമായ

റെയില്‍വേ പാലത്തിന് 

ഇരുട്ടും വെളിച്ചവും ഒന്ന്


"അറിയില്ലേ,

ഇരുട്ടും വെളിച്ചവും

ഒന്നായാല്‍ നീ പിന്നെ

എപ്പോഴും സമാധിയില്‍." 


"പിന്നെന്താ നീ 

ഇതൊക്കെ പറയുന്നത്?

തൊക്കിലാങ്ങാടിയെ കുറിച്ച് വരെ


"അതേ,

എന്നാലും പറയണം.

കാറ്റ്‌ വീശും പോലെയും 

പുഴയൊഴുകും പോലെയും 

വെറും വെറുതെ 

തെളിച്ചം പറയണം.

മുകളില്‍ നിന്ന്

താഴോട്ട് പറയണം


"തൊക്കിലങ്ങാടിമാര്‍

ഇരുട്ടില്‍ നിന്നാണെന്ന്.


"ഇരുട്ടാണ് ശരിയെന്ന്

യാഥാര്‍ത്ഥ്യമെന്ന്.


" ഇരുട്ടാണ്

നിലനില്‍ക്കുന്നതെന്ന്


"ഇരുട്ട് 

കാരണമില്ലാത്തതെന്ന്.


"അതിനാല്‍

തൊക്കിലങ്ങാടിമാര്‍ക്കും

കാരണമില്ലെന്ന്." 


*****


"അറിയുക

കാരണമില്ലാത്തത് മാത്രം 

നിലനില്‍ക്കും.

ആത്യന്തികമാകും.

ദൈവമായാലും

തൊക്കിലങ്ങാടി ആയാലും


കളിപ്പാട്ടങ്ങള്‍ പോലെ

ജീവിതത്തെ സംവിധാനിച്ച

സമസ്ത ലോകത്തെയും ഒരുക്കിയ 

ദൈവം തന്നെയും

വെറുമൊരു തൊക്കിലങ്ങാടി.


സര്‍വ്വലോകത്തെയും

കക്ഷത്തില്‍ കൊണ്ടുനടന്ന്

കക്ഷത്തില്‍ നിന്നും

പുറത്തെടുക്കുന്ന

തൊക്കിലങ്ങാടി


വഴിയും വീടും

തന്നില്‍ നിന്നും

പുറത്തെടുക്കുന്ന

ചിലന്തിയെ പോലെ തന്നെ 

ദൈവവും, പിന്നെ

തൊക്കിലങ്ങാടിയും


*****


"പക്ഷേ, ഇവിടെ

തൊക്കിലങ്ങാടിമാരെ 

സമ്മാനിക്കുന്ന ഇരുട്ട്

മൂരിക്കാലുകളും 

സമ്മാനിക്കുന്നുവല്ലോ?"


"അങ്ങനെ പറയേണ്ട.


"ഇരുട്ടിന്റെ സമ്മാനമാണ്

വെളിച്ചവും....


"നീ കാണുന്ന വ്യത്യാസവും 

വെളിച്ചം ഉണ്ടാക്കിയത്


"വെളിച്ചം തന്നെയും 

ഉണ്ടാക്കി ഉണ്ടായത് മാത്രം.


അല്ലേല്‍ മൂരിക്കാലും

തൊക്കിലങ്ങാടിയും തമ്മില്‍

എന്ത്‌ വ്യത്യാസം


"തൊക്കിലങ്ങാടിമാര്‍

സ്വയം ഉണ്ടാവുന്നത്


"കാരണമുള്ളത്

വെളിച്ചം.


"സ്ഥിരമല്ലാത്തത്

വെളിച്ചം.


"കാരണം നശിച്ചാല്‍

വെളിച്ചം നശിക്കും.


"ആദിയിലെ ആദ്യവും

അവസാനത്തിലെ 

അവസാനവും ഇരുട്ട്.

തൊക്കിലങ്ങാടിമാര്‍

ആവിര്‍ഭവിക്കുന്ന ഇടം.


"ഇരുട്ടിലെ 

ആണിക്കല്ലാണ്

വിശ്വാസം.

തൊക്കിലങ്ങാടിമാര്‍


"എത്താത്തിടത്ത്

എത്തുമെന്നും

എത്തിയെന്നും 

തോന്നിപ്പിക്കുന്ന

കുറുക്കുവഴി

ഇരുട്ടിലെ വിശ്വാസം.

തൊക്കിലങ്ങാടിമാര്‍.

കളിപ്പാട്ടങ്ങളായി

ജീവിതത്തെ

അവതരിപ്പിക്കുന്നവർ


"അറിയാത്തത്

അറിയുന്നു, അറിഞ്ഞു

എന്ന് തോന്നിപ്പിക്കുന്നതും

പറയുന്നതും 

കളിപ്പാട്ടങ്ങള്‍.

തൊക്കിലങ്ങാടിമാര്‍"


റെയില്‍വേ പാലം

തോന്നിയതൊക്കെ പറഞ്ഞു 


*****


"വെളിച്ചമില്ലെങ്കില്‍,

ഭയമുണ്ടാവും.


ഭയത്തില്‍ നിന്നും

രക്ഷ നേടാൻ

വിശ്വാസമുണ്ടാവും.


വെളിച്ചം വന്നാൽ

ഭയം പോകും.

വഴിയേ

വിശ്വാസം ഒളിച്ചോടും.


ഒരുപക്ഷേ

തൊക്കിലങ്ങാടിയും

നിന്റെ കളിപ്പാട്ടങ്ങളും….



No comments: