Tuesday, December 1, 2020

ഭാഗം 20. പെരിങ്ങാടി റെയില്‍വേ പാലം (ജനിച്ചു വളര്‍ന്ന ഠാ വട്ടം.) (കല്ല്.)

ഭാഗം 20

പെരിങ്ങാടി റെയില്‍വേ പാലം

(ജനിച്ചു വളര്‍ന്ന ഠാ വട്ടം.)


(കല്ല്.) 


ഇന്നലെയും

ആരുടെയോ

കല്ലേറ്‌ കൊണ്ട്‌

ഇവിടെ ഒരു നായയുടെ 

ശരീരം മുറിഞ്ഞ്

ചോരയൊലിച്ചു.


ജീവിതം

ജീവിതത്തിന്‌ നേരെയെറിഞ്ഞ

കല്ല്


വഴിപോക്കന്‍

നായയെ തന്നെ

നോക്കി നിന്നു.


സ്വശരീരത്തില്‍ നിന്നും

ഒലിച്ചിറങ്ങുന്ന ചോര

നായ സ്വയം

നക്കിക്കുടിക്കുന്നു


ദാഹവും വിശപ്പും വേദനയും 

ജീവിതവും മരണവുമായി

ഇങ്ങനെയും മാറുന്നു.


ഒരേ സമയം

മാൻപേടയും ചെന്നായയുമായ്


നിസ്സഹായ നിസ്സംഗതയോടെ ,

ഒരു തിരിച്ചറിവായി,

പ്രാപഞ്ചികബോധമായ് 

വഴിപോക്കന്‍

അത്‌ നോക്കി നിന്നു.


'ജീവിതം

ജീവിതം കൊണ്ട്‌.' 

വഴിപോക്കന് തിരിച്ചറിവ്‌


ഇവ രണ്ടും, പക്ഷെ

റെയില്‍വേ പാലം കണ്ട

റെയില്‍വേ പാലത്തിന്

നിസ്സംഗ നിശ്ചലത

ഫലമാക്കിയ നേര്‍കാഴ്ച.


നേട്ടവും നഷ്ടവും

ഒന്ന്‌ എന്ന് വരുത്തിയ

നേര്‍കാഴ്ച


ഒടിയുന്ന കൊമ്പും

അതൊടിക്കുന്നവനും

ഒന്ന്


ജീവിതത്തിൽ

എല്ലാം ഒന്ന്.


ജീവിതത്തിന്‌

എല്ലാം ഒന്ന്


*****


എല്ലാവരും ശരിയാണ്‌.


കൊതുകാണത്‌ പറഞ്ഞത്.


റെയില്‍വേ പാലത്തെ

പുഴക്കരയില്‍

ചളിനീരില്‍ തപസ്സിരുന്ന 

കൊതുക്


കൊതുകിനെ കൊല്ലുന്ന

മനുഷ്യനും

മനുഷ്യനെ കൊല്ലുന്ന

കൊതുകും

പിന്നെ മറ്റെന്തും മറ്റാരും

ഒരുപോലെ ശരിയാണ്‌.


അല്ലെങ്കിലും,

എല്ലാവരും നാളെയെ കരുതി,

ഇന്നിനെ കുരുതികൊടുക്കുന്നു.

ആനന്ദത്തോടെ.


കൊല്ലുന്നതിലും

കൊല്ലപ്പെടുന്നതിലും

ആനന്ദം കണ്ടെത്തുന്ന

ജീവിതം


നാളെയെ ലക്ഷ്യമാക്കി 

ഇന്നിന്റെ പെരുവഴിയില്‍

അന്നം പേറി നടക്കുന്ന

എത്ര ഉറുമ്പുകള്‍

നിന്റെ ഓരോ ചുവടുവെപ്പിലും 

ചതഞ്ഞരയുന്നു??!! 


"ആരെങ്കിലും

തെറ്റാണെന്ന് വരുന്ന,

അങ്ങനെ വരുത്തുന്ന 

ഒരു ശരിയും

ദൈവവും ജീവിതവും 

വഴിപോക്കന്റെയും

റെയില്‍വേ പാലത്തിന്റെയും

കൈവശമില്ല." 


റെയില്‍വേ പാലത്തിന് 

ഉറച്ച വെളിവ്


"ആരേയും കുറ്റവാളിയാക്കുന്ന

ആരിലും കുറ്റബോധം നിറക്കുന്ന

ഒരു ശരിയും

ഒരു ദൈവവും ജീവിതവും 

എന്റെ കൈവശമില്ല."


റെയില്‍വേ പാലം

ഉറച്ച് പറയുന്നു


"ആരുടേയും കൈയിലുള്ള

എല്ലാവരും കൃഷി ചെയ്യുന്ന,

എല്ലാവരും ആയിത്തീരുന്ന

മണ്ണ് തന്നെയേ

എന്റെ കൈയിലുമുള്ളൂ.


"ആര്‍ക്കുമറിയുന്നതല്ലാത്ത

ഒരു ശരിയും

എനിക്കുമറിയില്ല.


"അതിനാല്‍,

ആരോടും പറയാനുള്ളത്

ഒന്ന് മാത്രം."


'അറിയില്ലെങ്കില്‍

ഒന്നും അറിയാത്തതാണ്

അറിവെന്ന് പറയണം.

കഴിയില്ലെങ്കില്‍

കഴിയാത്തതാണ് കഴിവെന്ന്.'" 


*****


വഴിപോക്കന്‍

ഓര്‍ക്കുന്നുവോ ആവോ?


പക്ഷേ, ഓര്‍മ്മകള്‍ ഇല്ലാത്ത

റെയില്‍വേ പാലത്തെ ഏറെ അത്ഭുതപ്പെടുത്തി വേദനിപ്പിച്ച

സംഗതി അത്.


അല്‍ഷിമേര്‍സ് വന്ന് 

'ഞാന്‍ ബോധം' മറന്ന,

'ഞാന്‍ ബോധമല്ല

ജീവിക്കുന്ന താനെന്ന്' വരുത്തി 

മുമ്പേ തന്നെ ഇല്ലാതായ

വഴിപോക്കന്റെ അമ്മ.


ബാക്കി വന്ന

ജീവനുണ്ടായിരുന്ന

അമ്മയുടെ ശരീരം

പിന്നീട് മരിച്ചു.


പലതാവുന്ന വഴിയില്‍

ജീവിതം സ്വീകരിക്കുന്ന

എളുപ്പവഴി മരണം


അമ്മ മരിച്ചു 

ഏറെ ദിവസങ്ങൾ

കഴിയുന്നതിനും മുന്‍പ് 

വഴിപോക്കന്റെ

ജീവിക്കുന്ന ശരീരത്തിന്റെ

ജ്യേഷ്ഠന്‍മാര്‍

വഴിപോക്കനെ സമീപിച്ചു.


അവരില്‍

ഏറ്റവും സമ്പന്നന്‍

കറവ മുറ്റിനില്‍ക്കുന്നവന്‍.


സമ്പന്നത നല്‍കിയ

എല്ലാം തികഞ്ഞ 

ധൈര്യവും സ്ഫുടതയും

ചേര്‍ത്ത്

വഴിപോക്കനോട് 

അവന്‍ തെളിച്ച് പറഞ്ഞു.


"നീ ആത്മഹത്യ ചെയ്യും."


'ശരിയാണ്‌

ജീവിതം തന്നെ

സ്ഥിരം ആത്മഹത്യ

ചെയത് കൊണ്ടിരിക്കുന്നു.


അതാണല്ലോ

ജീവിതം നടത്തുന്ന 

തളര്‍ച്ചയും വളര്‍ച്ചയും.....' 


വഴിപോക്കന്‍

തെല്ലൊന്നോര്‍ത്തു


"പക്ഷേ,

നീ ആത്മഹത്യ ചെയ്യുകയാണെങ്കില്‍

അത്‌ നമ്മുടെ വീട്ടില്‍

വെച്ചാവരുത്, വെച്ചാക്കരുത്."


'വഴിപോക്കനും ആത്മഹത്യയും

തമ്മിലെന്ത് ബന്ധം?'

വഴിപോക്കന് കാര്യം മനസിലായില്ല.


ജീവിതം

മരണം കൂടിയെന്നറിയുന്ന

വഴിപോക്കന്

അല്ലെങ്കിലും

ചോദ്യം മനസിലാവില്ല.


ആത്മഹത്യ എന്നത്‌

ഉണ്ടെന്ന് തന്നെയും

വഴിപോക്കന് മനസ്സിലാവില്ല.


ആത്മാവ്

വേറെ തന്നെയുണ്ടെന്നറിയാത്ത

ഇല്ലെന്നറിയുന്ന വഴിപോക്കന്

പ്രത്യേകിച്ചും


പക്ഷേ,

അവർക്ക് വഴിപോക്കന്റെ 

തെളിച്ചവും ബോധോദയവും

അസ്വസ്ഥത നിറഞ്ഞ

വെറും മാനസികവിഭ്രാന്തി, ഭ്രാന്ത്.


വഴിപോക്കന്റെ

സ്വസ്ഥത നിറഞ്ഞ ഒറ്റപ്പെടല്‍

അവർക്ക് വെറും അശക്തി.


വഴിയില്‍

ഒറ്റയാന്‍ ദൈവം പോലും 

അവർക്ക് മുന്നില്‍

അശക്തന്‍

 

സമ്പാദിക്കുന്ന വഴി

ഉപേക്ഷിക്കുകയെന്നാല്‍ 

അപ്രസക്തനാവുക

എന്നത്‌ അവരുടെ

നിര്‍വ്വചനം


അധികാരവും സമ്പത്തും

ഇല്ലാതെ

എന്ത് ശരി പറഞ്ഞാലും

അയോഗ്യത

അവരത് കേള്‍ക്കില്ല.

അവർക്കത് കേള്‍ക്കാനാവില്ല


മതം ദൈവത്തെ മറക്കുന്ന

വെറും കീറാമുട്ടിയെന്ന്

വഴിപോക്കന്‍ പറഞ്ഞാല്‍ 

അവര്‍ക്ക് വഴിപോക്കന്‍ 

വെറും കീറാമുട്ടി


ശിക്ഷിക്കാനും

ചോദ്യം ചെയ്യാനും

ഓങ്ങിക്കാത്തിരിക്കുന്ന

ദൈവം

അവരുടെ ദൈവം


അങ്ങനെയുള്ള ദൈവം

വലിയൊരബദ്ധമെന്ന് 

വഴിപോക്കന്‍ പറഞ്ഞാൽ

അവർ വഴിപോക്കനെതിരെ

സര്‍വ്വശക്തിയും സംഭരിച്ച്

ഓങ്ങിക്കാത്തിരിക്കും


അങ്ങനെ പറയുന്നതവർ

ദൈവത്തിന്റെ മേല്‍

നടത്തുന്ന

ഏറ്റവും വലിയ അപവാദമെന്ന് 

വഴിപോക്കന്‍ പറഞ്ഞാൽ

അവര്‍ക്ക് വഴിപോക്കന്‍ 

ഏറ്റവും വലിയ പാപിയായി.


അത് വെച്ച് മാത്രം

അവർ അവന്റെ മേല്‍

അവനെ ചുറ്റിപ്പറ്റി 

എന്തപവാദവും അക്രമവും

അഴിച്ചുവിടും


"എന്താണ്‌ നിങ്ങൾ പറയുന്നത്?

ആത്മഹത്യയോ? "


വഴിപോക്കന്‍ തന്റെ

ജ്യേഷ്ഠന്‍മാരോട് തിരക്കി


വഴിപോക്കന് മനസ്സിലായില്ല

ഒരപവാദം പോലെയാണ്‌ 

അവന്റെ ജ്യേഷ്ഠന്‍മാര്‍

ആത്മഹത്യയെ കുറിച്ച്

അതവനില്‍ ആരോപിച്ച് 

അവനോട് പറയുന്നതെന്ന്.


അതും വഴിപോക്കന്‍ 

അവരുടെ വീട്ടില്‍ വെച്ച്,

വഴിപോക്കന്റെ

അമ്മ മരിച്ച

വീട്ടില്‍ വെച്ച് 

വഴിപോക്കന്‍

ആത്മഹത്യ ചെയ്യരുതെന്ന്.


അവരുടെ ന്യായങ്ങളും 

കാരണങ്ങളും മറ്റൊന്നല്ല.


'മതവും അധികാരവും

സ്ഥാനവും മാനവും

സമ്പത്തിന്റെ പിന്‍ബലവും

ഇല്ലെങ്കില്‍ പിന്നെ 

ആരും ആത്മഹത്യ ചെയ്തുപോകും.'


അതാണവരുടെ

കണക്ക് കൂട്ടല്‍


എന്നത്‌ കൊണ്ട്‌

വഴിപോക്കനും

ആത്മഹത്യ ചെയ്തേക്കുമെന്ന്

അവരങ്ങ് കരുതി,

വിധിയെഴുതി.


വഴിപോക്കന്റെ

വഴിയും രീതിയും 

മാറി വരുന്ന

ജീവിതത്തിന്റെ

വഴിയും രീതിയുമെന്ന്

ജീവിതത്തെ അറിയാത്ത

അവർ മനസിലാക്കിയില്ല


അവർ ഉടനെ

വഴിപോക്കന് മറുപടി നല്‍കി.


" വീട്ടിൽ വെച്ച്

നീ ആത്മഹത്യ ചെയ്താൽ

നമുക്ക്

സാമ്പത്തീകനഷ്ടമുണ്ടാവും


"വില ഇടിയും


"വീടിന്റെ വിലനിലവാരം കുറയും


"പോരാത്തതിന്

വീടിനും നമുക്കും

അപമാനവും അപകീര്‍ത്തിയും

അത്‌ വരുത്തും."


വഴിപോക്കന്

പ്രപഞ്ചം തന്നെ ഒന്ന് 

കുലുങ്ങിയത് പോലെ തോന്നി.


പ്രാപഞ്ചികത

മരണത്തിൽ,

മരണത്തോടൊപ്പം

ജീവിതത്തെയും

കൊണ്ടുനടക്കുന്നുവെന്ന്

വഴിപോക്കന്‍

വ്യക്തമായും അറിയുന്നു 


വിശ്വാസം തെറ്റിയാല്‍

സ്വയം ഇല്ലാതാവുന്നവര്‍ക്ക്

വിശ്വാസം തെറ്റിയാല്‍

പ്രപഞ്ചം തന്നെ

ഇല്ലാതാവുന്നവര്‍ക്ക്

എല്ലാറ്റിനെയും എല്ലാവരേയും 

വിശ്വാസത്തിന് വേണ്ടി കൊല്ലണം


അവർക്ക്, അവർ പറയുന്നത്

ഉണ്ടെന്ന് വരുത്താന്‍

ബന്ധം മുറിക്കണം.

ആത്മഹത്യ ചെയ്തെങ്കിലും... 


വഴിപോക്കനും

അവന്റെ മരണവും

ശരീരം കൊണ്ട്‌

ജ്യേഷ്ഠന്‍മാരായവർക്ക് 

പ്രശ്നവും പ്രധാനവും

ആയിരുന്നില്ല


അവർക്കവരെ

അവരായി പിടിച്ചുനിര്‍ത്തുന്ന

വിശ്വാസവും മാനവും

വീടും വീടിന്റെ വില്‍പനവിലയും

മാത്രമായിരുന്നു പ്രധാനം.


ഒന്നും വേണ്ടാത്ത വഴിപോക്കന്‍ 

എല്ലാം കേട്ടുനിന്നു ചിരിച്ചു.


അവർ എപ്പോഴേ

കാതുകള്‍ അടച്ചവരും

മനസ്സ് വിറ്റവരും

എന്ന് വഴിപോക്കന്‍

അറിഞ്ഞു

തിരിച്ചറിഞ്ഞു.


******


ചെയ്യുന്നത് മുഴുവന്‍

ശരിയാണ്‌.

ആരും എന്തും...... 


സംഭവിക്കുന്നത് മുഴുവന്‍

ശരിയാണ്‌.

എവിടെയും എങ്ങിനെയും.... 


ആരതങ്ങനെ

മനസിലാക്കിയാലും

ഇല്ലെങ്കിലും... 


"ഹിമാലയത്തിലും മക്കയിലും

കാശിയിലും കുടുങ്ങിപ്പോയ

ശരിയും ദൈവവും ജീവിതവും 

എന്റെ കൈവശമില്ല.


"പ്രായോഗികമല്ലാത്ത,

പ്രയോഗം തന്നെയല്ലാത്ത,

നടക്കുന്നതൊക്കെയും

പ്രയോഗം ആവുന്നതല്ലാത്ത

ശരിയും ദൈവവും

എന്റെ കൈവശമില്ല."


റെയില്‍വേ പാലം

പറയുന്നതങ്ങിനെ 


*****


രുചിയുള്ളത് കൊണ്ട്‌

വിഷം

വിഷമല്ലാതെയാവില്ല


വിഷം ആയത് കൊണ്ട്‌

രുചിയുണ്ടാവില്ല എന്നും

വരില്ല


******


ചോരയൊലിച്ച്

നക്കിക്കുടിച്ച നായയെ

ചൂണ്ടിക്കാട്ടി വഴിപോക്കന്‍

റെയില്‍വേ പാലത്തോട്

പറഞ്ഞു


'ജീവിതത്തിന്റെ

അര്‍ത്ഥരാഹിത്യം

അറിയാത്തവരില്ല.


"അര്‍ത്ഥരാഹിത്യമാണ്

ജീവിതത്തിന്റെയും

ദൈവത്തിന്റെയും

അര്‍ത്ഥം.


രൂപമില്ലായ്മ

അനേകായിരം രൂപങ്ങള്‍

ആയത് പോലെ


അര്‍ത്ഥരാഹിത്യത്തെ

വരവേറ്റ്, ആശ്ലേഷിച്ച്

പ്രതികരിക്കുന്ന രീതികള്‍ മാത്രം

വ്യത്യസ്തമായത്


ചിലര്‍

ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യം

നേരില്‍ കണ്ട്

മുട്ട് വിറച്ച് 

ഒളിച്ചോടാന്‍ മദ്യത്തില്‍

ബോധം കെടുത്തുന്നു


മറ്റുചിലര്‍

വിശ്വാസം കടമെടുത്ത്

മുഖം നഷ്ടപ്പെടുത്തി 

അതിൽ തന്റെ

ബോധം കെടുത്തുന്നു.


പിന്നെയും ചിലര്‍

തനിക്ക് താന്‍ ശത്രുവെന്ന് കണ്ട് 

അധികാരത്തിലും ജോലിയിലും

ഒക്കെയായി മുഴുകി

ബോധം കെടുത്തുന്നു.


പിന്നെ വളരെ ചുരുക്കം ചിലര്‍  അര്‍ത്ഥരാഹിത്യം

ആഭരണവും ആഘോഷവും ആക്കി 

ബോധത്തിലേക്ക് കൊടുത്ത്

ബോധോദയം നേടുന്നു.


അവർ മാത്രം

അര്‍ത്ഥവും

അര്‍ത്ഥരാഹിത്യവും

ഒന്നെന്ന് ചൊല്ലി

ബോധോദയം പറയുന്നു.

നൃത്തം ചവിട്ടുന്നു


*****


അങ്ങനെ

നൃത്തം ചവിട്ടുന്നവർ

പറയും :


'വേദിയിൽ മറ്റൊന്നിനെ

അസ്ഥിരപ്പെടുത്താതെ,

മറ്റൊന്നിനെ വേദനിപ്പിക്കാതെ

മറ്റൊന്നിനെ കൊല്ലാതെ

ജീവിക്കുന്നുവർ

ആരും, ഒന്നും ഇല്ല.' 


******


എങ്ങിനെയും

ജീവിതത്തെ

കൊണ്ടുനടക്കുക

ജീവിതത്തിന്‌ ബാധ്യത.


അതിനാല്‍

ഓരോരുത്തനും

ഓരോന്നിനും

ജീവിതം

ഒഴിവാക്കാനാകാത്ത

ബാധ്യത


അത്കൊണ്ട്‌ തന്നെ,

എല്ലാവരും

ഏത് വേഷവും കെട്ടി,

എന്തദ്ധ്വാനവും നടത്തി

ജീവിക്കാൻ തയ്യാറാവുന്നു.


എല്ലാം ഫലത്തില്‍,

മുഴുവനിൽ

നൃത്തമായി തീരാന്‍ 


********



No comments: