ഭാഗം 19. പെരിങ്ങാടി റെയില്‍വേ പാലം
(റെയില്‍വേ പാലം പറഞ്ഞ കഥ.
ആരും പറയാത്ത കഥ.
ആരും കാണാത്ത കാഴ്‌ച.)
റെയില്‍വേ പാലം
ഒറ്റയിരിപ്പാണ്.
വെറുതെയുള്ള
കുത്തിയിരിപ്പ്.
വെറുതെയാവുന്നതിലെ
ഉദേശരാഹിത്യം
ഉദ്ദേശമാക്കിയ
കുന്തിച്ചിരിപ്പ്.
ഇരുപ്പെന്നും നില്പെന്നും
മനസിലാകാത്ത
ഒഴിഞ്ഞിരിപ്പ്.
കാഴ്ച മാത്രം
കൈമുതലാവുന്ന
തെളിഞ്ഞിരിപ്പ്.
******
വെറുതെയിരിപ്പെന്ന് കണ്ട്
വഴിയേ പോകുന്ന ഒരാൾ
റെയില്‍വേ പാലത്തോട്
ചോദിച്ചു.
"എങ്ങിനെ ചിലവഴിക്കുന്നു,
സമയം?"
"എങ്ങിനെ തള്ളിനീക്കുന്നു,
സമയം?"
മറുപടിയായി
റെയില്‍വേ പാലം
തിരിച്ചു ചോദിച്ചു.
"താങ്കളുടെയടുക്കല്‍
ചിലവാകാത്ത
സമയമുണ്ടോ?
"താങ്കളുടെയടുക്കല്‍
ചിലവാക്കാന്‍ സാധിക്കാത്ത
സമയമുണ്ടോ?
"താങ്കളുടെയടുക്കല്‍
തള്ളിനീക്കേണ്ടി വരുന്ന
സമയമുണ്ടോ?
"ഉണ്ടെങ്കിൽ
അതിങ്ങോട്ട് തന്നേക്കൂ.
"ഇവിടെ ആവശ്യമുണ്ട്.
"താങ്കളുടെയടുക്കല്‍
ജീവിതം തന്നെയല്ലാത്ത
സമയമുണ്ടോ?
"ഉണ്ടെങ്കിൽ
അതും ഇങ്ങോട്ട് തന്നേക്കൂ.
"അതും ഇവിടെ ആവശ്യമുണ്ട്.
"ഈയുള്ളവന്റെയടുക്കല്‍
തള്ളിനീക്കുന്ന സമയമില്ല.
ഈയുള്ളവന്റെത്
ജീവിതം തന്നെയായ
സമയമാണ്.
"സമയം വേണ്ടെന്നാണെങ്കിൽ
ഈയുള്ളവന് ജീവിതം
വേണ്ടെന്ന് സാരം.
നിലനില്പ് വേണ്ടെന്ന് സാരം.
"ഈയുള്ളവന്‍, അല്ലേലും
ഇവിടെ ഒന്നും വേണ്ടാതെ,
ഒന്നുമില്ലാതെ നിസ്സംഗമായി
നിൽപ്പാണ്.
"സമയമെന്നല്ല, ഒന്നും
ചെലവഴിക്കാന്‍ ശ്രമിക്കാതെ
നിൽപ്പാണ്."
"സമയമെന്നല്ല, ഒന്നും
ഇവിടെ അനാവശ്യ വസ്തുവല്ല.
ആവശ്യ വസ്തുവുമല്ല
"സമയമെന്നല്ല എല്ലാം
ഈയുള്ളവനെ പോലെ.
ഈയുള്ളവനായി മാത്രം.
"ഈയുള്ളവന്‍ ഇവിടെ
കാവലിരിപ്പാണ്.
"ജീവിതത്തിന് കാവലിരിപ്പ്.
"ജീവിതത്തിന്റെ കാവലിരിപ്പ്.
"ജീവിതമായിത്തന്നെ കാവലിരിപ്പ്."
"ആ കാവലിരിപ്പില്‍
ആരും സമയവും ഒന്നും
ചെലവഴിക്കുകയല്ല.
പകരം സമയം
എല്ലാവരേയും എല്ലാറ്റിനെയും
ചെലവഴിക്കുന്നു."
******
"എന്തിന്
കാവലിരിക്കുന്നു?"
അയാള്‍ക്കത്
ചോദിക്കാതിരിക്കാന്‍
കഴിഞ്ഞില്ല.
"സമയമെന്നല്ല, എല്ലാം
ചിലവാകാതിരിക്കാന്‍.....
"സ്വയം ചിലവാകാതിരിക്കാന്‍.....
"നഷ്ടവും ലാഭവുമില്ലാതെ
ജീവിതം നിലനില്‍ക്കാന്‍.
"സമയത്തില്‍ സമയമായി
ഒട്ടി നിന്ന്,
സര്‍വ്വതിലും സര്‍വ്വതുമായി
ഒട്ടി നിന്ന്, ജീവിതം
കാവലിരിക്കാന്‍.
"രണ്ടല്ലാതെ,
ഒന്നായി നില്‍ക്കുന്ന
കാവലിരിപ്പ്.
"സമയമാണോ,
അതോ
ജീവിതമാണോ....,
അതുമല്ലേല്‍
ഈയുള്ളവന്‍ തന്നെയാണോ
തള്ളി നീങ്ങുന്നത്,
ചിലവായിത്തീരുന്നത്
എന്ന് പോലുമറിയാത്ത
കാവലിരിപ്പ്.
"ഇരിക്കുന്നത്
കാവലാണോ,
അതല്ല,
കാവല്‍ തന്നെ
ഈയുള്ളവനായി
ഇരിക്കുന്നതാണോ
എന്നറിയാത്ത
കാവലിരിപ്പ്.
"സമയത്തെ
മറ്റെന്തോ ആയി
മാറ്റിനിർത്താത്ത.....,
സമയത്തെ
മറ്റൊന്നായി അറിയാത്ത....,
ജീവിതമായല്ലാതെ
മറ്റൊന്നുമായും
ഒന്നുമറിയാൻ ശ്രമിക്കാത്ത...,
കാവലിരിപ്പ്.
"സാക്ഷിയും
സാക്ഷ്യവും
ഇല്ലാതെ.
"കാഴ്‌ച,
കാണുന്നവനില്‍ നിന്നും,
വേറെയല്ലാത്ത
ഒറ്റയിരിപ്പ്.
****
കഥ പറയുന്ന
റെയില്‍വേ പാലം
ആമുഖം കുശാലാക്കി.
"അന്വേഷണമല്ല പ്രധാനം.
ആയിരിക്കുകയാണ് പ്രധാനം.
ആവും പോലെ ആവല്‍.
ആയിരിക്കും പോലെ
ആയിരിക്കല്‍."
അതാണ്
റെയില്‍വേ പാലം.
അതിനാണ്
റെയില്‍വേ പാലം
കഥ പറയുന്നത്.
കണ്ടെത്തലാണ് പ്രധാനം
എന്ന കഥ.
കണ്ടെത്തിയാല്‍
കണ്ടെത്തിയെന്നറിയലാണ്
പ്രധാനം എന്ന കഥ.
കണ്ടെത്തിയതില്‍
ആയിരിക്കലാണ്
പ്രധാനം എന്ന കഥ.
അന്വേഷണമെന്ന
പേരിലും വിലാസത്തിലും
കുടുങ്ങാതിരിക്കുകയാണ്
പ്രധാനം എന്ന കഥ.
രണ്ടാവാതിരിക്കലാണ്
പ്രധാനം എന്ന കഥ.
അന്വേഷണം തന്നെ
അദ്ധ്വാനവും
തൊഴിലുമാകാതിരിക്കുകയാണ്
പ്രധാനം എന്ന കഥ.
റെയില്‍വേ പാലം
ഈയുള്ളവനെ
പാഠമായിത്തന്നെ
ചിലത് പഠിപ്പിക്കുന്നു.
പഠിപ്പിക്കാന്‍,
ഉദാഹരിച്ച്
ഒരു വലിയ കഥ പറഞ്ഞു
പഠിപ്പിക്കുന്നു.
റെയില്‍വേ പാലം മാത്രം
അറിയുന്ന, പറയുന്ന
കഥ പറഞ്ഞ്.
ഉദാഹരണം പറഞ്ഞ്.
കഥ പറയാൻ
റെയില്‍വേ പാലത്തേക്കാള്‍
കേമന്‍ മറ്റാര്?
*****
റെയില്‍വേ പാലം
കഥ പറയുകയാണ്.
ജീവിതം മാത്രമായ,
കാഴ്ച മാത്രമായ
കഥ.
നോട്ടമല്ല കാഴ്ച
എന്നറിയിക്കുന്ന കഥ.
കഥ പറഞ്ഞ്
റെയില്‍വേ പാലം
പഠിപ്പിക്കുമ്പോള്‍
ജീവിതം
വെറും നോട്ടമല്ലാത്ത
കാഴ്‌ച മാത്രമാകുന്നു.
*****
"കാണുന്നവരൊക്കെയും
കാണുന്നില്ല"
റെയില്‍വേ പാലം
പറഞ്ഞു.
"അതിനാല്‍
അവരൊക്കെയും
വെറുതെ നോക്കുക മാത്രം
എന്നറിയിക്കുന്ന
കഥ പറയാം.
ഉടഞ്ഞ മുട്ടയെ
വിരിയിക്കാന്‍
മെനക്കെടുന്നവരുടെ
കഥ.
കരിഞ്ഞ വിത്തിനെ
മുളപ്പിക്കാന്‍
മെനക്കെടുന്നവരുടെ
കഥ.
കാണേണ്ടത് കാണാതെ,
മറ്റെന്തോ കണ്ട്
മടങ്ങുന്നവവരുടെ
കഥ.
അല്‍ഭുതങ്ങളില്‍ കുടുങ്ങി,
വീട്ടില്‍ കാത്തിരിക്കുന്ന
അമ്മയെ മറന്ന്,
അങ്ങാടിയില്‍ കറങ്ങിയിട്ടും
പപ്പടം വാങ്ങാൻ
മറന്നുപോയവരുടെ കഥ.
അങ്ങിനെ
എവിടേക്കോ
അല്‍ഭുതം തേടി
ഗതികിട്ടാതെ
തെണ്ടി നടന്നവരുടെ
കഥ."
*****
അങ്ങനെ ഒരാൾ,
ഇവിടെ
റെയില്‍വേ പാലത്ത് വന്നു.
റെയില്‍വേ പാലം
യാഥാര്‍ത്ഥ കാഴ്ച
എന്തെന്നറിയിച്ചു തരുന്ന
ഉദാഹരണമായ കഥ
പറയുന്നു.
ജിജ്ഞാസ മാത്രം
കൈമുതലായ
ഒരാൾ.
ജീവിതത്തെ
ജിജ്ഞാസയില്‍
ചുരുട്ടി ഒതുക്കിയവന്‍,
ജീവിതത്തെ ഒരിളക്കമാക്കി
ഇവിടെ വന്നു.
ഉള്ളിലേക്കും
കണ്ണ് തുറക്കാന്‍
കൊതിയുള്ളവന്‍.
ധാരണകളെ കാണാതെ,
ധാരണകളുടെ പടലം പൊളിച്ച്
കാണാത്തത് കാണാന്‍
വെമ്പിയവന്‍.
അമ്പലത്തിലും പള്ളിയിലും
ചര്‍ച്ചിലും സിനഗോഗിലും
പ്രത്യേകിച്ചൊരു ദൈവത്തെയും
കണ്ടെത്താതെ പോയ
ഒരാൾ.
കാശിയിലും മക്കയിലും
വത്തിക്കാനിലും ജറൂസലമിലും
ദൈവത്തെ കാണാതെ,
ആ ദൈവത്തെ
തന്റെ കുളിമുറിയില്‍ വരെ
അന്വേഷിച്ച്,
യാത്ര തുടര്‍ന്ന ഒരാൾ.
ഗ്രന്ഥങ്ങൾ മുഴുക്കെയും
മരിച്ച വാക്കുകളുടെയും
ദ്രവിച്ചു വേറിട്ട
അക്ഷരങ്ങളുടെയും
കുഴിമാടങ്ങൾ
എന്ന് മനസിലാക്കിയ
ഒരാൾ.
മൂത്രം തീര്‍ത്ഥമല്ലെന്ന് കണ്ട്
പുരോഹിതന്‍മാരെ ഒന്നടങ്കം
കൈവിട്ട ഒരാൾ.
******
ഗുണകാംക്ഷ വെച്ച്
ആരോ ഉപദേശിച്ചത് കേട്ട്
അയാൾ
ദൈവത്തെ കാണാന്‍
അവസാനം ഈ
റെയില്‍വേ പാലത്ത് വന്നു.
കാട്ടില്‍ തപസ്സിരുന്ന്
ആവര്‍ത്തിച്ച് വിളിച്ചാല്‍
ദൈവത്തെ കാണാം
എന്ന ഒരു പടുവൃദ്ധന്റെ
ഉപദേശം കേട്ട്
അയാൾ ഇവിടെ വന്ന്
തപസ്സിരുന്നു.
അനേക വർഷങ്ങൾ.
വർഷങ്ങൾ പത്ത്
തപസ്സിരുന്നിട്ടും
പക്ഷേ,
അയാൾക്ക് മുന്നില്‍
ദൈവം പ്രത്യക്ഷപ്പെട്ടില്ല.
ദൈവം പ്രത്യക്ഷപ്പെട്ടില്ല
എന്നതയാളുടെ
ബോധ്യം വന്ന
പ്രത്യക്ഷധാരണ.
മനം മടുത്ത്,
വയറൊട്ടി, കവിളൊട്ടി,
താടി നീണ്ട അയാൾ
തപസ്സ് ഉപേക്ഷിച്ച്
നടന്നു.
എങ്ങോട്ടെന്നില്ലാതെ,
ജീവിതം പോലെ.
*******
"എന്നിട്ടോ?"
അങ്ങനെയങ്ങ്
നടന്ന് പോകും വഴിയില്‍
അയാളൊരു
കാഴ്ച കണ്ടു.
വേറൊരു പടുവൃദ്ധന്‍
ഒരു വലിയ തടിച്ച
ഇരുമ്പ് തകിടില്‍
മയില്‍പീലി കൊണ്ട്
രാകുന്നു.
ആ പടുവൃദ്ധനെ തന്നെ,
ആ പടുവൃദ്ധന്‍
ചെയ്യുന്നത് തന്നെ
അയാൾ
കുറെ നോക്കി നിന്നു.
'ഇതെന്തൊരു കഥ?
മയില്‍പീലി കൊണ്ട്
ഇരുമ്പ് തകിടില്‍
രാകുകയോ?'
അയാള്‍ക്ക്
ഒന്നും മനസിലായില്ല.
ഒരു പിടുത്തവും കിട്ടിയില്ല.
എങ്കിൽ ചോദിക്കണം.
നേരിട്ട് ചോദിക്കണം.
പടുവൃദ്ധനെ സമീപിച്ച്
അയാൾ ചോദിച്ചു.
'എന്താണ് താങ്കള്‍
ഈ ചെയ്യുന്നത്?
'എന്താണ് താങ്കള്‍
ഈ ഇരുമ്പ് തകിടില്‍
ചെയ്യുന്നത്?'
നിസ്സംഗഭാവം വെടിയാതെ
പടുവൃദ്ധന്‍
സൗമ്യമായി തന്നെ
മറുപടിയേകി.
"എനിക്കൊരു സൂചി വേണം.
വസ്ത്രം തുന്നാൻ."
'അത് കൊണ്ട്?'
അയാൾ ചോദ്യം തുടർന്നു.
"മയില്‍പീലി കൊണ്ട്
രാകി
ഈ ഇരുമ്പ് തകിട്
മുറിച്ച് വേണം എനിക്ക്
ആ സൂചി ഉണ്ടാക്കാന്‍."
ഉറച്ച വിശ്വാസം നിറഞ്ഞ
പടുവൃദ്ധന്റെ മറുപടിയില്‍
സംശയമേതുമില്ല.
അയാള്‍ ഒന്ന് ഞെട്ടി.
'സൂചി ഉണ്ടാക്കുകയോ?'
'അതും മയില്‍പീലി കൊണ്ട്
രാകി,
ഈ ഇരുമ്പ് തകിട്
മുറിച്ച്?'
അയാൾക്ക്
ഒരെത്തുംപിടിയും
കിട്ടിയില്ല.
പക്ഷേ,
പടുവൃദ്ധന്റെ
വിശ്വാസം, വാക്ക്
ഉറച്ച ബോധം.
അതാണ് അയാളെ
ഞെട്ടിച്ചത്.
പടുവൃദ്ധന്‍
അയാളെ മാറിച്ചിന്തിപ്പിച്ചു.
'ഇരുമ്പ് തകിട്
മയില്‍പീലി കൊണ്ട്
രാകി മുറിച്ച്
സൂചിയാവുന്നതിനെക്കാള്‍
എത്ര പ്രയാസമേറിയത്
പ്രപഞ്ച രഹസ്യമായ
ദൈവം തന്റെ മുന്നില്‍
പ്രത്യക്ഷപ്പെടുക!!!!
'എന്നിട്ടും
പടുവൃദ്ധന്‍ വിശ്വസിച്ചത്ര,
ആ ഉറപ്പില്‍
താന്‍ വിശ്വസിച്ചുവോ?
'എന്നിട്ടും
പടുവൃദ്ധന്‍ ശ്രമിക്കുന്നത്ര,
അത്രയെങ്കിലും ഉറപ്പിച്ച്,
അശേഷം സംശയമില്ലാതെ,
താന്‍ ശ്രമിച്ചുവോ?'
അയാൾ
ആത്മഗതം ചെയതു.
ആത്മഗതത്തിനൊടുവില്‍
അയാൾ തീരുമാനിച്ചു.
തിരിച്ചുപോകാൻ.
അയാൾ
തിരിച്ചു പോയി.
തപസ്സ് തുടരാൻ.
ദൈവം
പ്രത്യക്ഷപ്പെടുന്നത് വരെ
തപസ്സ് തുടരാൻ.
******
അങ്ങനെ
വീണ്ടും അയാൾ
തപസ്സിരുന്നു.
വര്‍ഷങ്ങളോളം.
പക്ഷേ, വീണ്ടും
വർഷങ്ങൾ പത്ത്
തപസ്സിരുന്നിട്ടും
അയാൾക്ക് ദൈവം
പ്രത്യക്ഷപ്പെട്ടില്ല.
നിസ്സഹായത
അയാളില്‍ വീണ്ടും
മടുപ്പുണര്‍ത്തി.
ഇതിനകം,
ഇരുപത് വർഷങ്ങൾ
തപസ്സു ചെയ്തിട്ടും,
പ്രത്യക്ഷപ്പെടാത്ത ദൈവം
ഇനിയെങ്ങിനെ,
ഇനിയെപ്പോൾ
പ്രത്യക്ഷപ്പെടാന്‍?
അയാൾ
തപസ്സുപേക്ഷിച്ചു
ഇറങ്ങി നടന്നു.
ഇനിയൊരു തിരിച്ചുവരവ്
വേണ്ടെന്ന
ഉറച്ച ബോധത്തോടെ.
അങ്ങനെ അയാൾ
അലസമായി,
പ്രത്യേക ലക്ഷ്യമില്ലാതെ
ഉഴറി നടന്നു.
ക്ഷീണവും തളര്‍ച്ചയും മാത്രം
കൈമുതലാക്കിയ
ഭ്രാന്തമായ നടപ്പില്‍
അയാൾ വീണ്ടും
കാണുന്നു,
ഒരു പടുവൃദ്ധനെ.
ആ പടുവൃദ്ധനും
എന്തോ
ആവര്‍ത്തിച്ചു ചെയ്യുന്നു.
അയാൾ
ശ്രദ്ധിച്ചു നോക്കി.
വ്യക്തമായില്ല.
കുറച്ച് കൂടി
അടുത്ത് ചെന്ന്
സൂക്ഷിച്ചു നോക്കി.
ആ പടുവൃദ്ധന്‍
ഒരു പ്ലാവിലയില്‍
മണ്ണെടുത്ത്
ഒരു പ്രത്യേക സ്ഥലത്ത്
കൊണ്ടുവന്നിടുന്നു.
അയാള്‍ക്ക് വീണ്ടും
ഒന്നും മനസിലായില്ല.
മുന്‍അനുഭവം
അയാള്‍ക്ക് ഓര്‍മ്മയില്‍
തികട്ടുകയും ചെയതു.
പിന്നീടയാൾ ഒട്ടും
അമാന്തം കാണിച്ചില്ല.
പടുവൃദ്ധനെ സമീപിച്ച്
ചോദിച്ചു.
'എന്താണ് താങ്കള്‍
ഈ ചെയ്യുന്നത്?
'ഒരു പ്ലാവിലയില്‍
മണ്ണെടുത്ത്
ഒരു പ്രത്യേക സ്ഥലത്ത്
കൊണ്ടുവന്നിടുന്നത്
എന്തിന്?'
വ്യക്തത നല്‍കിയ
പുഞ്ചിരി ഉള്ളിലൊതുക്കി
പടുവൃദ്ധന്‍ പറഞ്ഞു.
'എനിക്ക്
സൂര്യോദയം കാണണം.
'പക്ഷേ,
സൂര്യോദയം കാണാന്‍
താങ്കള്‍ ഈ കാണുന്ന
വലിയ മല
എനിക്ക് തടസ്സം.'
'അതുകൊണ്ട്?'
അയാൾ വീണ്ടും
ചോദ്യമുയർത്തി.
'അതുകൊണ്ട്
ഞാന്‍ ഈ മലയെ
അപ്പുറത്ത് നിന്നും
ഇപ്പുറത്ത് മാറ്റാൻ
ശ്രമിക്കുന്നു.
അത്ര തന്നെ.'
'അതിന് വേണ്ടി
ഈയൊരു പ്ലാവിലയില്‍
മലയില്‍ നിന്നും മണ്ണെടുത്ത്
ഇപ്പുറത്തുള്ള ഈ സ്ഥലത്ത്
കൊണ്ടുവന്നിടുന്നു.'
ഉറച്ച വിശ്വാസം നിറഞ്ഞ
പടുവൃദ്ധന്റെ
ഉറച്ച മറുപടി.
അയാള്‍ വീണ്ടും
സ്ഥലകാല ബോധം
നഷ്ടപ്പെടുമാറ്
ഞെട്ടി.
'മലയെ മാറ്റി
സ്ഥാപിക്കുകയോ?'
'അതും പ്ലാവിലയില്‍
മണ്ണെടുത്ത് മാറ്റിക്കൊണ്ട്?'
അയാൾക്ക്
ഒരു പിടുത്തവും കിട്ടിയില്ല.
പക്ഷേ പടുവൃദ്ധന്റെ
വിശ്വാസം, വാക്ക്
ഉറച്ച ബോധം.
എന്തോ ചില ദുരൂഹതകള്‍
ചുറ്റിപ്പറ്റി നടക്കുന്നത് പോലെ
അയാള്‍ക്ക്
തെല്ലൊന്ന് തോന്നി.
ദൈവം
ഒളിച്ചുകളിക്കുന്നത് പോലെ.
പടുവൃദ്ധന്‍
അയാളെ അടിമുടി
മാറിച്ചിന്തിപ്പിച്ചു.
'മലയെ
പ്ലാവിലയില്‍ മണ്ണെടുത്ത് കൊണ്ട്
സ്ഥാനമാറ്റം നടത്തി,
സൂര്യോദയം കാണുന്നതിനേക്കാള്‍
എത്ര പ്രയാസമേറിയത്
പ്രപഞ്ച രഹസ്യമായ
ദൈവം തന്റെ മുന്നില്‍
തെളിഞ്ഞ് പ്രത്യക്ഷപ്പെടുക!!!!
'എന്നിട്ടും
പടുവൃദ്ധന്‍ വിശ്വസിച്ചത്ര
ഉറപ്പില്‍
താന്‍ വിശ്വസിച്ചുവോ?
'എന്നിട്ടും
പടുവൃദ്ധന്‍ ശ്രമിക്കുന്നത്ര,
അത്രയെങ്കിലും ഉറപ്പിച്ച്,
അശേഷം സംശയമില്ലാതെ,
താന്‍ ശ്രമിച്ചുവോ?'
അയാൾ
ആത്മഗതം ചെയതു.
ആത്മഗതത്തിനൊടുവില്‍
അയാൾ വീണ്ടും തീരുമാനിച്ചു.
തിരിച്ചു പോകാൻ.
അങ്ങനെ അയാൾ
വീണ്ടും തിരിച്ചുപോയി.
തപസ്സ് തുടരാൻ.
ദൈവം
പ്രത്യക്ഷപ്പെടുന്നത് വരെ
തപസ്സ് തുടരാൻ.
******
വീണ്ടും അയാൾ
തപസ്സിരുന്നു.
വര്‍ഷങ്ങളോളം.
പക്ഷേ, വീണ്ടും
വർഷങ്ങൾ പത്ത്
തപസ്സിരുന്നിട്ടും
അയാൾക്ക് ദൈവം
പ്രത്യക്ഷപ്പെട്ടില്ല.
അയാള്‍ക്ക് മടുത്തു.
എന്നെന്നേക്കുമായി മടുത്തു.
ഇതിനകം
മുപ്പത് വർഷങ്ങൾ
തപസ്സു ചെയ്തിട്ടും
പ്രത്യക്ഷപ്പെടാത്ത ദൈവം
ഇനിയെങ്ങിനെ, എപ്പോൾ
പ്രത്യക്ഷപ്പെടാന്‍?
തപസ്സുപേക്ഷിച്ച്
അയാൾ ഇറങ്ങി നടന്നു.
ഇനിയൊരു തിരിച്ചുവരവ്
ഒരുനിലക്കും വേണ്ടെന്ന
ഉറച്ച ബോധത്തോടെ.
ഇതിനകം അയാള്‍ക്ക്
വയസ്സ് അറുപത് കഴിഞ്ഞു.
മുടി നരച്ചു.
എല്ലുകള്‍ വളഞ്ഞു.
ഒന്നിനും സാധിക്കുന്നില്ലെന്ന്
വന്നിരിക്കുന്നു.
നല്ല ക്ഷീണം.
എന്നാലും
അയാൾ നടന്നു.
പണ്ട് തനിക്കുണ്ടായിരുന്ന
പേര് നഷ്ടപ്പെട്ട നാട്ടിലേക്ക്.
ആകാശമല്ലാത്ത
ഒരു മേല്‍ക്കൂര തേടി.
നടന്നങ്ങനെ പോകവെ
അയാൾ
ഒരു പെരുവഴിയിലെത്തി.
ആകെമൊത്തം മാറിയ
ഒരു പെരുവഴി.
എങ്ങോട്ട് തിരിയണം
എന്നയാള്‍ക്കും നിശ്ചയമില്ല.
ദിശാബോധം
നഷ്ടപ്പെട്ടു പോയിരിക്കുന്നു.
ദിശകള്‍
അറിയാതായിരിക്കുന്നു.
പക്ഷേ,
പെട്ടെന്നയാളെ
വല്ലാത്തൊരു ദുര്‍ഗന്ധം
ആവേശിച്ചു.
വല്ലാത്തൊരു ദുര്‍ഗന്ധം.
സഹിക്കാൻ വയ്യ.
സഹിക്കവയ്യാതെ
അയാൾ
മൂക്ക് പൊത്തി.
എന്നാലും ദുര്‍ഗന്ധം
ആവേശിക്കുന്നു.
അയാൾ
ചുറ്റുപാടും നോക്കി.
'എന്താണ് കാരണം
ഈ വല്ലാത്ത ദുര്‍ഗന്ധത്തിന്?'
അതാ കിടക്കുന്നു
വ്രണം കൊണ്ട്
പുഴുത്തുനാറിയ
ഒരു നായ.
ചത്തു ചത്തില്ല
എന്ന മട്ടില്‍.
അയാളാ നായയെ
കണ്ടു.
ആ നായ
വേദനിച്ചു പുളഞ്ഞു
മോങ്ങുന്നു.
അയാള്‍ക്ക്
നായയെ കണ്ടിട്ട്
നല്ല വിഷമം തോന്നി.
വിഷമം
അയാള്‍ക്ക് തോന്നിയ
ദുര്‍ഗന്ധത്തെ
അവഗണിപ്പിച്ചു,
ഇല്ലാതാക്കി.
കാരുണ്യത്തിന്റെ
വെയിലേറ്റാല്‍,
ഉരുകാത്ത മഞ്ഞില്ല.
യാഥാര്‍ത്ഥ ശ്രദ്ധ വന്നാല്‍,
ബാക്കി ഏല്ലാം തന്നെ
ഇല്ലാതാവും.
നായയുടെ വേദന
അയാളുടെ വേദനയായി.
രണ്ടും
ഒന്നായത് പോലെ.
നായയുടെ വേദനിച്ചുള്ള
ഓരോ പുളച്ചിലും കരച്ചിലും
അയാളുടെ തന്നെ വേദനിച്ചുള്ള
ഓരോ പുളച്ചിലും കരച്ചിലുമായി.
നായയുടെ ശരീരത്തില്‍
നുരഞ്ഞു പൊങ്ങുന്ന പുഴുക്കള്‍
തന്റെ ശരീരത്തിലെന്ന്
അയാള്‍ക്ക് തോന്നി.
അതിനാല്‍
'എങ്ങിനെയെങ്കിലും
പുഴുക്കളെ നീക്കണം.'
അയാള്‍ ഉറച്ചു.
'പക്ഷേ,
എന്ത് ചെയ്യും?'
അയാൾ
ഒരു വടിക്കഷണമെടുത്തു.
മെല്ലെ
ആ വടി കൊണ്ട്
പുഴുക്കളെ
നായയുടെ ശരീരത്തില്‍ നിന്നും
തോണ്ടിയെടുക്കാന്‍ തുടങ്ങി.
പക്ഷേ, വടി
ശരീരത്തില്‍ തട്ടുമ്പോള്‍
നായ വേദനിച്ചു
വീണ്ടും പുളയുന്നു,
വല്ലാതെ മോങ്ങുന്നു.
അത്
അയാളുടെ വേദനയാവുന്നു.
'എന്ത് ചെയ്യാം?'
'വടി തട്ടിയാല്‍
നായക്ക് വേദനിക്കും.
തനിക്കും.'
അയാൾ ഒന്നു കൂടി
ഉയർന്ന് ചിന്തിച്ചു.
'എന്ത് ചെയ്യാം?'
അയാള്‍ക്ക് തോന്നിയ
അനുതാപം ഇവിടെ
അയാളുടെ ഏക ആയുധം.
അയാൾ ഉറപ്പിച്ചു.
'പുഴുക്കളെ മെല്ലെ
തന്റെ വിരലുകള്‍ കൊണ്ട്
എടുത്തു കൊടുക്കാം.'
'എങ്കിൽ, നായയുടെ
വേദന കുറയും. '
ഉടനെ അയാൾ,
നായയുടെ വ്രണങ്ങളില്‍
നുരഞ്ഞു പൊങ്ങുന്ന പുഴുക്കളെ
തന്റെ വിരലുകള്‍ കൊണ്ട്
എടുക്കാന്‍ തുടങ്ങി.
എടുത്തെടുത്ത്
കുറച്ച്ങ്ങായപ്പോൾ
നായ
വിരലുകള്‍ തട്ടിയും
വേദനിച്ചു പുളഞ്ഞു.
നായ
അങ്ങനെ വേദനിക്കുന്നതും
അയാള്‍ക്ക് സഹിച്ചില്ല.
അയാൾ
പിന്നെയും ചിന്തിച്ചു.
'എന്ത് ചെയ്യും?'
നായയുടെ വേദന കുറച്ച്,
നായ പോലുമറിയാതെ എങ്ങിനെ
നായയുടെ ശരീരത്തില്‍ നിന്നും
പുഴുക്കളെ എടുത്തു മാറ്റും?
ഒട്ടും താമസിച്ചില്ല.
അയാൾ വീണ്ടുമുറച്ചു.
'തന്റെ നാവ് കൊണ്ട്
പുഴുക്കളെ എടുത്തു മാറ്റാം.'
'നായയുടെ ശരീരത്തിലെ
നുരഞ്ഞു പൊങ്ങുന്ന
പുഴുക്കളെ.'
അനുതാപം
കൂടിക്കൂടി വന്നയാൾ
ഒരനുതാപം തന്നെയായി.
അങ്ങനെ അയാൾ
മെല്ലെ കുന്തിച്ചിരുന്ന്
തന്റെ തലതാഴ്ത്തി
നാവ് കൊണ്ട്
നായയുടെ ശരീരത്തിലെ
പുഴുക്കളെ
എടുത്തു മാറ്റാൻ തുടങ്ങി.
ഒന്ന് രണ്ട് പുഴുക്കളെ
അങ്ങനെ മാറ്റിയതും
അയാൾ അത്ഭുതപ്പെട്ടുപോയി.
നായയുടെ സ്ഥാനത്ത്
തന്റെ മുന്നില്‍
ദൈവം നില്‍ക്കുന്നു.
വെളിച്ചമായ്.
സ്തൂപമായ്.
അയാൾ
അന്ധാളിച്ചു.
അന്തംവിട്ടു.
അയാൾ
നിശ്ചേഷ്ടാനായി
നിശബ്ദനായി
നിന്നു പോയി.
'എന്ത് പറയണം?
എന്ത് ചെയ്യണം?'
'ദശാബ്ദങ്ങൾ തപസ്സിരുന്ന്
പ്രത്യക്ഷപ്പെടാത്ത ദൈവം
ഇപ്പോഴിതാ
തന്റെ മുന്‍പില്‍
വെള്ളിവെളിച്ചം പോലെ.
തറയും തൂണും പോലെ.'
ഉടനെ
അയാൾ കേട്ടു.
"നീ അന്ധാളിക്കേണ്ട.'
" നീ പേടിക്കേണ്ട.'
'ഇത് ഞാന്‍
ദൈവം തന്നെ"
'പക്ഷേ,
എന്ത് കൊണ്ട്
ദൈവമേ നീ
ഞാന്‍ ദശാബ്ദങ്ങൾ
തപസ്സിരുന്നിട്ടും
പ്രത്യക്ഷപ്പെട്ടില്ല?'
അയാൾ
ചോദിക്കാതിരുന്നില്ല.
"തപസ്സു കൊണ്ട്
തുറക്കാത്ത കണ്ണുകള്‍
ഇപ്പോൾ നിനക്ക്
അനുതാപം കൊണ്ട്
തുറന്നു.
ഞാന്‍ നിനക്ക്
പ്രത്യക്ഷനായി.
അനുതാപം തുറന്ന കണ്ണ്
എന്നെ നിനക്ക്
പ്രത്യക്ഷനാക്കി.
'അല്ലെങ്കിലും
ഞാന്‍ എപ്പോഴും
പ്രത്യക്ഷന്‍
മാത്രമായിരുന്നു.
'പക്ഷേ, അപ്പോഴൊന്നും
എന്നെ പ്രത്യക്ഷനായി
കാണാനുള്ള കണ്ണുകള്‍
നിനക്കില്ലായിരുന്നു.
'ഇപ്പോൾ നിനക്ക്
ആ കണ്ണ് കിട്ടി.'
'നോക്കുക മാത്രമല്ലാതെ,
യഥാര്‍ത്ഥത്തില്‍ കാണുന്ന
കണ്ണുകള്‍.
'നീ അറിയുമോ?
'മുമ്പ് രണ്ട് പ്രാവശ്യവും
തപസ്സുപേക്ഷിച്ച്
നടക്കും വഴിയില്‍
നീ കണ്ട
രണ്ട് വൃദ്ധന്‍മാരും
ഞാനായിരുന്നു.
'ഇരുമ്പ് തകിടില്‍ നിന്ന്
സൂചി ഉണ്ടാക്കിയ
പടുവൃദ്ധനും,
പ്ലാവിലയില്‍ മണ്ണെടുത്ത്
മല മാറ്റിയ
പടുവൃദ്ധനും
ഞാന്‍ തന്നെയായിരുന്നു.
'കല്ലും മുള്ളും
മലയും കാടും എല്ലാം
ഞാന്‍ തന്നെയായിരുന്നു.
പ്രത്യക്ഷനായ ഞാന്‍.
'അപ്പോഴെല്ലാം, പക്ഷെ,
നിനക്കങ്ങനെ
അവ മാത്രം കാണുന്ന
കണ്ണേ ഉണ്ടായിരുന്നുള്ളൂ.
'അപ്പോഴൊന്നും നിനക്ക്
എന്നെ കാണാവുന്ന
കണ്ണുണ്ടായിരുന്നില്ല.
'മറ്റുള്ളവര്‍ക്കാര്‍ക്കും
ആ രണ്ട് വൃദ്ധന്‍മാരെ
കാണാന്‍
നിനക്കുണ്ടായിരുന്നത്ര
കാഴ്ചയും ഉണ്ടായിരുന്നില്ല.
'ഇപ്പോൾ തന്നെ
നീ നോക്കുക.
'നീ മാത്രമേ
എന്നെ കാണുന്നുള്ളൂ.
'നീ മാത്രമേ
പുഴുത്ത് നാറിയ
നായയെ കണ്ടുള്ളൂ,
'നീ മാത്രമേ
ഈ പുഴുത്ത് നാറിയ
നായയുടെ ദുര്‍ഗന്ധം
അനുഭവിച്ചിട്ടുള്ളൂ.
"അതെങ്ങിനെ
ഞാന്‍ മാത്രമെന്ന്
എനിക്കറിയാം?"
അയാള്‍ ദൈവത്തോട്
ചോദിച്ചു.
'നീ ഒരു കാര്യം ചെയ്യൂ.
'നീ എന്നെ തോളിലിട്ട്
അങ്ങാടിയിലൂടെയും
ഈ പെരുവഴിയിലൂടെയും
നടക്കുക.
'ആരും
എന്നെ കാണില്ല.
എറിയാല്‍
നിന്നെ മാത്രമല്ലാതെ.'
അത് കേട്ടതും
അയാള്‍ക്കൊരു കൗതുകം.
സംഗതി
പരീക്ഷിച്ചു നോക്കാന്‍.
ദൈവത്തെ
തോളിലിട്ട് നടക്കാൻ.
ആനന്ദ നൃത്തം
ചവിട്ടാന്‍.
കേട്ട പാതി
കേള്‍ക്കാത്ത പാതി,
ഉടനെ അയാൾ
ദൈവത്തെയും തോളിലിട്ട്
അങ്ങാടിയിലൂടെയും
പെരുവഴിയിലൂടെയും
നടന്നു.
അയാൾ
ദൈവത്തെയും തോളിലിട്ട്
ആനന്ദ നൃത്തം
ചവിട്ടി.
ആരും ഒന്നും
കണ്ടില്ല.
ആരും
അയാളെ പോലും
ശ്രദ്ധിച്ചില്ല.
ഏറിയാല്‍
ഒരു തെരുവ് തെണ്ടിയെ,
ഒരു ഭ്രാന്തനെ
മാത്രമല്ലാതെ
ആരും കണ്ടില്ല.
അതും
വളരെ ചിലര്‍ മാത്രം.
ഇത് കണ്ട്
അയാളും
ഒന്നന്തംവിട്ടു.
കാഴ്ചയും നോട്ടവും
തമ്മിലുള്ള വ്യത്യാസം
തിരിച്ചറിഞ്ഞു.
ധരിച്ചത് മാത്രം
കാണുന്നതും,
യഥാര്‍ത്ഥത്തില്‍
കാണുന്നതും
തമ്മിലെ വ്യത്യാസം.
പ്രത്യക്ഷനായ
ദൈവത്തെ പോലും
പ്രത്യക്ഷനായി
കാണാനാവാത്ത
വ്യത്യാസം.
അങ്ങനെ അയാൾ
കുറെ ദൂരം നടന്നു.
എന്നല്ല, അയാൾ
കുറെ ദൂരം
ആനന്ദനൃത്തം തന്നെ
ചവിട്ടി.
വിശപ്പറിയാതെ,
ക്ഷീണമറിയാതെ.
ദൂരവും
ദേശവുമറിയാതെ.
ദൂരം എത്രയോ
പിന്നിട്ടപ്പോൾ മാത്രം
നാട്ടുകാര്‍ ഭ്രാന്തിയെന്ന്
വിളിച്ച് പരിഹസിച്ച
പെണ്ണൊരുവള്‍
അയാളോട് ചോദിച്ചു.
"അല്ല മോനെ,
ഇതെന്താ നീ ഇങ്ങനെ
പുഴുത്തുനാറുന്ന
നായയെയും തോളിലിട്ട്
നടക്കുന്നത്?'
അയാളപ്പോഴും ചിരിച്ച്
ആനന്ദനൃത്തം മാത്രം ചവിട്ടി
' പുഴുത്ത് നാറിയ
നായയെയെങ്കിലും കാണുന്നത്
ആര്‍ക്കും വേണ്ടാത്ത
ഈ ഭ്രാന്തി'
എന്നയാള്‍ തിരിച്ചറിഞ്ഞു.
'പുഴുത്ത് നാറിയ
നായയെയെങ്കിലും കാണാൻ
ഓരോരുവനും
ഭ്രാന്തനും ഭ്രാന്തിയുമെങ്കിലും
ആവണം.
ആവേണ്ടിയിരിക്കുന്നു.'
റെയില്‍വേ പാലം
ഇത് പറഞ്ഞ് തീര്‍ക്കുമ്പോള്‍.......,
സൂര്യൻ നട്ടപ്പാതിരാക്കും
നട്ടുച്ചയില്‍ എന്ന പോലെ
വെട്ടിത്തിളങ്ങി
മദ്ധ്യാഹ്നത്തില്‍.
No comments:
Post a Comment