Tuesday, December 1, 2020

ഭാഗം 15. പെരിങ്ങാടി റെയില്‍വേ പാലം (ബന്ധമില്ലാതെ കുറെ ശബ്ദങ്ങള്‍).

ഭാഗം 15.

പെരിങ്ങാടി റെയില്‍വേ പാലം

(ബന്ധമില്ലാതെ കുറെ ശബ്ദങ്ങള്‍).


കാഴ്ചക്ക് 

കുറേ അസംബന്ധങ്ങൾ

ഒരുമിച്ച് കൂടുന്നത്

ജീവിതം.

പ്രാപഞ്ചികത


അങ്ങനെയൊരിടം

മയ്യഴിപ്പുഴ.

പിന്നെ,

റെയില്‍വേ പാലവും.......


ഇന്നും ഇപ്പോഴും

അങ്ങനെ ഒഴുകുന്നു

മയ്യഴിപ്പുഴ.


ആരില്ലാതെയായാലും

തുടരുന്ന ജീവന്റെ

ബോധം പോലെ......, 


ശൂന്യതയിലും നിലകൊള്ളുന്ന

രൂപവും ഭാവവും തോന്നാത്ത

ജീവനും ജീവിതവും പോലെ......, 


പാറക്കെട്ടിനുള്ളിലും തുടിക്കുന്ന

അതിജീവനത്തിന്റെ കനത്ത

ശ്വാസനിശ്വാസം പോലെ.....,


ഇവിടെ, അങ്ങനെ 

ഒരു പുഴ തുടരുന്നു.

മയ്യഴിപ്പുഴ


ഭൂമിയുടെ രക്തം 

വെള്ളമെന്ന് 

തോന്നിപ്പിച്ചു കൊണ്ട്‌

ഒരു പുഴ


'പ്രാപഞ്ചികതക്ക്

ബാധകമായത് മുഴുവൻ

പുഴക്കും, പിന്നെ 

ഏതൊരു പുഴുവിനും

ബാധകം' എന്ന് പറഞ്ഞ്‌.


"എല്ലാം

പരസ്പരം

അസംബന്ധമെന്ന്

തോന്നും


"പക്ഷേ, എല്ലാം

പരസ്പരം

കെട്ടുപിണഞ്ഞ് മാത്രം."

റെയില്‍വേ പാലം

കൂട്ടിച്ചേര്‍ത്തു


പുഴയും

റെയില്‍വേ പാലവും

അങ്ങനെ 

എന്തും എങ്ങിനെയും

കോര്‍ത്തുപിടിച്ച്

കെട്ടിപ്പിടിച്ച്


*******


വെള്ളത്തിന്

ഒഴുകുകയല്ലാതെ

മറ്റൊന്നും ചെയ്യാനില്ല


എന്നതിനാല്‍ ഒരു പുഴ


പരസ്പരം

കോര്‍ത്തുപിടിക്കാനാവാത്തത്

കോര്‍ന്നു നിന്ന്

ഒഴുകുന്ന വെള്ളമാണ്

പുഴ.


അല്ലാതെ നീ കാണുന്ന

അക്കരെയും ഇക്കരെയുമുള്ള

പരന്ന പ്രതലമല്ല പുഴ


പുഴ ഒഴുകുന്നത്

റെയില്‍വേ പാലത്തിന്‍

കീഴിലൂടെ എന്ന് മാത്രമില്ല.


******


നൂറ്റാണ്ടുകള്‍ക്ക് മുന്‍പും 

സഹസ്രാബ്ദങ്ങള്‍ക്കും മുന്‍പും 

പുഴ

ഇങ്ങനെ ഇവിടെ ഒഴുകി.


റെയിലും പാലവും

സങ്കല്‍പം പോലുമല്ലാതിരുന്ന

ആദ്യമില്ലാത്ത ആദി തൊട്ട്


അപ്പോലെ മാത്രം

പുഴ 

ഇപ്പോഴും ഒഴുകുന്നു


ഒഴുക്കിന് മാറ്റമില്ല.

പുഴക്ക് മാറ്റമില്ല


കാരണം,

മാറ്റമാണ് ഒഴുക്ക്,

പുഴ


മാറ്റമാണ്

ഒഴുക്കിനെ,

പിന്നെ പുഴയെയും 

അതാക്കുന്നത്.


അന്ന് നീ

ബാഹ്യമായി കണ്ട

പ്രതലം മാത്രമേ

അതായുള്ളൂ.


ബാക്കി

പുഴയെന്ന് കണ്ട്

നീ വിളിച്ചതെല്ലാം

വേറെ


അറിയാമല്ലോ

മനുഷ്യനും ഏറെ മാറ്റം.


എല്ലാം മാറിയ വഴിയില്‍

എത്രയോ കല്ലുകളും 

പൊടിഞ്ഞു മാറി 

മണ്‍തരികളായി


ഇടക്കെപ്പോഴോ

ഒരിടവേളയില്‍ 

റെയില്‍വെ പാലം

സ്ഥൂലമായി വന്നുനിന്നു

എന്നത്‌ ഒരു മാറ്റം.


*******


ഓര്‍ത്തു നോക്കുക.


നൂറ്റാണ്ടുകള്‍ക്ക് മുന്‍പും,

എന്തിനേറെ

സഹസ്രാബ്ദങ്ങൾക്ക് മുന്‍പും 

ഇവിടെ കരയില്‍

നിന്നെപ്പോലെ പലരും

വന്നിട്ടുണ്ടാവും,

മഴയത്തും കാറ്റത്തും

അതിശയം പൂണ്ട്‌

അവരും 

നോക്കിനിന്നിട്ടുണ്ടാവും.


നിന്നെപ്പോലെ തന്നെ

അവരും പലതും

കരുതിയിട്ടുണ്ടാവും

പറഞ്ഞിട്ടുണ്ടാവും


കുഞ്ഞിരാമനും ഗോവിന്ദനും 

ഉസ്മാനും മജീദും

എന്നൊക്കെ അവര്‍ക്കും 

പേരുണ്ടായിട്ടുണ്ടാവും.


പുഴയെയും

എന്തൊക്കെയോ ആയിക്കണ്ട

അവരെവിടെ?

അവരുടെ പേരെവിടെ?

ചിന്തകളെവിടെ


മാറ്റം അവരേയും

കൊണ്ടുപോയി

എവിടെയോ ഉള്ള 

വെറും ജീവിതമാക്കി


ഒഴുക്കില്‍ പെട്ട്

അവരും

അവരല്ലാതായി


ഒഴുകുന്ന മയ്യഴിപ്പുഴ മാത്രം

കാഴ്ചക്ക്

അങ്ങനെയങ്ങ് നിന്നു.

ജീവിതം പോലെ


കരയില്‍ വന്ന് 

നോക്കുന്നവര്‍ക്ക് വേണ്ടിയും 

നിന്നുകൊടുക്കാതെ


******


കുളക്കോഴികളും

നീര്‍നായകളും....


പിന്നാമ്പുറത്ത് 

ജീവിതം ഒരുക്കുന്നവർ.


പിന്നാമ്പുറം തന്നെ

ജീവിതമായവര്‍


അവ 

ഏറെയുണ്ടായിരുന്നു 

മുന്‍കാലത്ത് 

റെയില്‍വേ പാലത്ത്.

മയ്യഴിപ്പുഴയുടെ ഓരത്ത്


അന്ന് ഇരുട്ടില്‍

അഭയം നേടിയവർ

ഇന്ന്‌ വെളിച്ചത്തില്‍ 

എവിടെ പോയോ

അവിടേക്ക് പോയി

കുളക്കോഴികളും

നീര്‍നായകളും

ഇപ്പോൾ

റെയില്‍വേ പാലത്ത് നിന്ന് ....


*******


കല്ലിനിടയില്‍ നനുത്ത

ജീവന്റെ ശബ്ദത്തെ

ഇറച്ചിയായ് തേടിയിരുന്നു 

ഒരേറെ പേർ

റെയില്‍വേ പാലത്ത് ....


കല്ലിലെ ജീവന്റെ

രുചിയും രൂപവുമായ

മുരു പറിച്ചിരുന്നു

അങ്ങനെ കുറെ പേർ 

റെയില്‍വേ പാലത്ത്.


എപ്പോഴോ ചിലപ്പോൾ

നീയും....

എന്തെന്നറിയാതെ.

എന്തിനോ........ 


****


അവിടെ

റെയില്‍വേ പാലത്ത്

അവര്‍ക്കനുഭവിക്കാന്‍ 

നൂറായിരം ശബ്ദങ്ങള്‍.

പുഴയും മഴയും കാറ്റും

പിന്നെ ഒട്ടനവധി ചീവീടുകളും

കെട്ടഴിച്ചുവിടുന്ന

മന്ത്രധ്വനികള്‍ക്കും

കഥപറച്ചിലിനും പുറമെ

ഒരു നൂറായിരം ശബ്ദങ്ങള്‍


കാലം മായിച്ചുകളഞ്ഞ

നൂറായിരം ശബ്ദങ്ങളില്‍

ഒരുകുറേ ശബ്ദങ്ങള്‍ പിന്നെയും


എവിടെ നിന്നെന്നും

എവിടേക്കെന്നും പറയാതെ

ചൂളംവിളിച്ച്, പാലം കുലുക്കി

ആകാശം ഇടിഞ്ഞുപൊളിഞ്ഞു

വീഴുന്നുവെന്ന് തോന്നിപ്പിച്ച്

പേടിപ്പിച്ച്, സമയം പറഞ്ഞ

തീവണ്ടികളുടെ ശബ്ദം

അതിലൊന്ന്


ജീവിതം ജീവിതത്തെ

സ്വയം പിരിച്ചെടുക്കുന്ന ശബ്ദം

വേറൊന്ന്


എവിടെയോ ഉണ്ടാവുന്ന 

ജീവനെ കോര്‍ക്കുന്ന

കയറുകള്‍.


പക്ഷേ, കയറുകള്‍ക്ക് വേണ്ട 

ചകിരിനൂലുകളും  

മടലടിക്കുന്ന ശബ്ദവും 

ഇങ്ങിവിടെ

റെയില്‍വേ പാലത്ത്.


പ്രാപഞ്ചികത ഉരുത്തിരിഞ്ഞ

മഹാശബ്ദം

അങ്ങെവിടെയോ

എപ്പോഴോ?


പക്ഷേ, ജീവൻ

കൊരുത്തു നില്‍ക്കുന്നത്

ഇങ്ങിവിടെ ഇപ്പോൾ

കാട്ടിലും കല്ലിലും


ഇങ്ങ്

റെയില്‍വേ പാലത്തിനിപ്പുറത്ത്

റെയിലിനോട് ചേരുന്ന

റോഡിലെവിടേയും

ശബ്ദത്തിന്റെ

മാറ്റൊലികള്‍ കേൾക്കാം.


ചിലപ്പോൾ തീവണ്ടികളുടെയും

മടലടിയുടെയും

ശബ്ദങ്ങള്‍ ഒരുമിച്ച് ... 


മടലടിയുടെ ശബ്ദം അങ്ങ്

റെയില്‍വേ പാലത്തിനപ്പുറത്ത്

വയലില്‍ നിന്നും

ഹൃദയമിടിപ്പ് പോലെ.... 


അക്കരെ മഞ്ചക്കലുകാരോട്

ചോദിച്ചാലും

വിശേഷമറിയാം.


******


മയ്യഴിപ്പുഴയുടെ മാറില്‍

മുങ്ങിനിവര്‍ന്ന

മടലുകളുടെ മണം.

ലഹരിപിടിപ്പിക്കുന്നത്.


തീര്‍ത്തും പഴയ മണം.


'പഴക്കം തന്നെ 

ജീവിതത്തിന്റെ വീര്യം,

ഓര്‍മ്മകളെ വീഞ്ഞാക്കുന്നത്

മുങ്ങിനിവര്‍ന്ന മടലുകള്‍ പറയും


ജീവന്

പുനരാവിഷ്കാരം നല്‍കുന്ന മണം

കാലങ്ങളെ ഏറെ 

പിറകിലേക്ക് കൊണ്ടുപോകും.

വേരുകളായ് നിന്ന്

കൊമ്പുകളുയര്‍ത്തും


പിന്നെയും

ചില ശബ്ദങ്ങളുണ്ട്.


അങ്ങ് മഞ്ചക്കലില്‍ നിന്നും

ഇങ്ങ് പെരിങ്ങാടിയില്‍ നിന്നും

പെണ്ണുങ്ങള്‍

മത്സരിക്കുന്ന ശബ്ദം.


അണിഞ്ഞ വസ്ത്രം ഉരിഞ്ഞ് 

അലക്ക് കല്ലില്‍

കലഹം കുറിക്കുന്ന ശബ്ദം.


തുണിയടിച്ചു 

പ്രപഞ്ചത്തെ തുള്ളികളായ്

ഗോളങ്ങളായി

തെറിപ്പിക്കുന്ന ശബ്ദം.


കറുത്ത രാവിനെ 

പേടി കളഞ്ഞ് വൃത്തിയാക്കി

ഒരു പകലാക്കി 

വെളുപ്പിച്ചെടുക്കുന്ന ശബ്ദം


പ്രഭാതത്തെ വരവേല്‍ക്കുന്ന

ശബ്ദം.

സൂര്യോദയത്തിന്റെ

വിളംബരമാവുന്ന ശബ്ദം


പിന്നെയും ചില ശബ്ദങ്ങള്‍.


ചീവീടുകൾക്ക് പകരമായി

യന്ത്രങ്ങള്‍

സ്ഥാനം പിടിച്ചുണ്ടായ

കര്‍ണകഠോര ശബ്ദം


ജമീലാ സോ മില്ലില്‍ നിന്നും

മരം മുറിക്കുന്ന ശബ്ദം


പുതുമയുടെ ഇരുമ്പ്

പഴമയുടെ മരവുമായ്

കലഹിച്ചുണ്ടാവുന്ന

ശബ്ദം.


പഴമ

മുറിഞ്ഞില്ലാതാവുന്ന

ശബ്ദം


ശബ്ദങ്ങളില്‍

മഹാഭൂരിഭാഗവും 

മരിച്ചു മറഞ്ഞ 

ശ്മശാനഭൂമി കൂടിയാണ്‌

ഇന്നീ റെയില്‍വേ പാലം.


******


ശബ്ദങ്ങളെ കുറിച്ച്

പറഞ്ഞു കൊണ്ടും

റെയില്‍വേ പാലം

ഇതാദ്യമായി

പ്രസംഗിച്ചു തുടങ്ങി.


"ശബ്ദവും

പരിണയിക്കുന്നത്

ഇരുട്ടിനെ

നിശ്ശബ്ദമായിത്തീരാന്‍.

ശ്മശാനത്തെ പ്രാപിക്കാന്‍


പ്രണയിച്ചിട്ടില്ലെങ്കില്‍

ശബ്ദത്തെക്കാള്‍ ഭയാനകം

നിശ്ശബ്ദത, ഇരുട്ട്


*******


"അതെന്തേ

നീ അങ്ങനെ പറയുന്നത്?


"ആദ്യവസാനം

നിലനില്‍ക്കുന്നത്

ഇരുട്ട്.

എല്ലാറ്റിനും പശ്ചാത്തലം.

എല്ലാം ചെന്ന്

പതിക്കുന്നതവിടെ  


"വെളിച്ചം

വെളിച്ചമാണെന്ന്‌ പോലും 

നിന്നോടാര് പറഞ്ഞു?


"കണ്ണുള്ളത് കൊണ്ട്‌ മാത്രം

വെളിച്ചം വെളിച്ചമായി.

അല്ലെങ്കിലോ


"നീ കാണുന്ന വെളിച്ചം

ഇരുട്ടാണ്


"വെളിച്ചം

നിറം വെച്ച ഇരുട്ട്


"കാഴ്ച തരുന്നത് കൊണ്ട്‌ 

വെളിച്ചം വെളിച്ചമാവില്ല


"കണ്ണ് കൊണ്ട്‌ കാണുന്നു

എന്നത് കൊണ്ട്‌ മാത്രം

നീ കാഴ്ചയുള്ളവനും ആവില്ല.


"അറിയാമല്ലോ

കണ്ണില്ലാതെയും സസ്യങ്ങള്‍

വെളിച്ചത്തെ അനുഭവിക്കുന്നു

നീ കാണുന്ന

വിളിച്ചമായല്ലാതെ." 


*****


നീ ഓര്‍ക്കുന്നുവോ?


ആയിടയില്‍ ഒരിക്കല്‍

ഇരുട്ടിന്റെ വെളിച്ചത്തില്‍ 

നിന്റെ വീട്ടില്‍ കള്ളന്‍ വന്നു.


ആരും കള്ളനെ കണ്ടില്ല.

അല്ലേലും, ഇരുട്ടില്‍

വെളിച്ചം കാണുന്നവർ

ഏറെ ചുരുക്കം.

അവർക്ക് കള്ളനില്ല


എന്നാലും,

എല്ലാവരും വിശ്വസിച്ചു

കള്ളന്‍ വന്നുവെന്ന്.

വെളിച്ചം തന്നെയായി

മാറാത്ത ഇരുട്ട്

വിശ്വസം തരും.

വളരേ എളുപ്പത്തില്‍.

കൂടെ പേടിയും.... 


കള്ളനും ഫലത്തില്‍

മഹാഭൂരിപക്ഷത്തിനും

പേടിപ്പിക്കുന്ന

വെറും വിശ്വാസം


ഒച്ചയും ബഹളവും കേട്ട്

നീയും എഴുന്നേറ്റു

പാതിരാക്ക്.


പാതി ഉറക്കത്തില്‍


കള്ളന് കക്കാന്‍

നിന്റെ വീട്ടില്‍

ഒന്നുമില്ല.


എന്നാലും പേടി

എല്ലാവർക്കും എന്ന പോലെ

നിനക്കും.


ഒരുപോലെ

ഒരു പിശുക്കുമില്ലാതെ

വീതിക്കപ്പെടുന്ന

ഏക സ്വത്താണ്‌

പേടി


അങ്ങനെ,

പാതിരാവില്‍

നിന്റെ വീട്ടില്‍

വലിയ ബഹളം.

ഒച്ചപ്പാട്


ബഹളത്തിനിടയില്‍

നിന്നെ പോലെയുള്ള

നിന്റെ തന്നെ വീട്ടിലെ

ഒരു ചെറിയ പെണ്‍കുട്ടി

നിന്റടുത്ത് വന്ന് 

നിന്നോട് മെല്ലെ

ചെവിയില്‍ പറഞ്ഞു.


"എടാ...

പാതിരാക്ക്

ഒച്ചപ്പാട് ഉണ്ടാക്കേണ്ടടാ....

ദൈവത്തിന്റെ ഉറക്കം ഞെട്ടും."


ഇരുട്ടില്‍

ഉറങ്ങുന്നവരെല്ലാം അവരും

ദൈവങ്ങള്‍ തന്നെയെന്ന്

അവൾ അന്നേ

പറഞ്ഞുദ്ദേശിച്ചുവോ?


ഇന്നും നിനക്ക്

ഉത്തരമറിയില്ല


*****


ഇരുട്ടില്‍, നിശബ്ദതയില്‍

ഒറ്റക്ക്, ഒരേ അവസ്ഥയില്‍ 

ഒരേ ദിശയിലേക്ക് തിരിഞ്ഞ് 

ഒരേ കോലത്തില്‍ 

ദീര്‍ഘനേരം ഇരിക്കാൻ 

പൂച്ചയെ പോലെ

ആര്‍ക്കാവും?


ആര്‍ക്കുമാവില്ല.


താപസിക്ക് പോലും ആവില്ല.


റെയില്‍വേ പാലം

ഇതെന്താണ്‌ പറയുന്നത്‌


"പറയുന്നത് ഇത്രമാത്രം.


നിനക്കൊരു ധാരണയുണ്ട്


നീ അറിഞ്ഞതാണ്‌ അറിവെന്ന്.

അറിഞ്ഞത് മാത്രമാണ്

അറിവെന്ന്


അല്ല.

അവ അറിവ്കേടാണ്


അവയൊക്കെയും

പഴത്തെ മറക്കുന്ന തൊലി


പഴത്തെ സംരക്ഷിക്കുന്ന 

തൊലി മാത്രം നിന്റെ അറിവ്


പഴം വേറെ

തൊലി വേറെ


അവ

ജീവിക്കാനുള്ള

നിന്റെ ഊന്നുവടികള്‍


അറിയായ്കയാണ്

ശരിയായ അറിവ്.

No comments: