Tuesday, August 2, 2022

ചിലരങ്ങനെ. ചിലന്തിയെ പോലെ.

ചിലരങ്ങനെ. ചിലന്തിയെ പോലെ. 

ചിലരെന്നല്ല, വലിയൊരു വിഭാഗം തന്നെ അങ്ങനെ. ചിലന്തികളെ പോലെ. 

യഥാർഥത്തിൽ അവരുടെ ഉള്ളിലാണ് പ്രശ്നങ്ങൾ. 

എല്ലാവരും അവരവരുടേതായ പരിമിതികൾക്കുള്ളിലുമാണ്.

അവരുടെ ഉള്ളിലുള്ള, അല്ലെങ്കിൽ അവരുടേതായ കാരണങ്ങൾ കൊണ്ട് അവർ അകപ്പെട്ട പ്രശ്നങ്ങളെ അവർ ലോകത്തിലും ചുറ്റുപാടിലും മറ്റുള്ളവരിലും  ആരോപിക്കും. 

ഒട്ടുമിക്ക കലാകാരൻമാരും സന്യാസികളും ഗുരുക്കന്മാരും ദാർശനികരും ചെയ്യുന്നത് അതാണ്.

ഒന്നുകിൽ അവർ കുടുങ്ങിയ അവസ്ഥയെ ലോകത്തിൻ്റ മൊത്തം അവസ്ഥയായി കാണുക. 

അവരുടേതായ പരിമിതികളെയും നിസ്സഹായതകളെയും പേടിയെയും ലോകത്തിൽ മൊത്തം കാണുക, ആരോപിക്കുക.

അല്ലെങ്കിൽ അവർ കുടുങ്ങിയ അവസ്ഥയിൽ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടാനുള്ള ശ്രമമായി അവർ കലാകാരൻമാരും സന്യാസികളും ഗുരുക്കന്മാരും ദാർശനികരും ആവുന്നു, ആയിപ്പോകുന്നു. ആ വഴിയിൽ ലോകത്തെ ഉണർത്താനും ഉപദേശിക്കാനും ഉള്ള ശ്രമമായി.

യഥാർഥത്തിൽ പലത് കൊണ്ടും, അവരുടേതായ പ്രത്യേകതകൾ കൊണ്ടും അവരുടേതായ തകരാറുകൾ കൊണ്ടും അവർ കുടിങ്ങിയിരിക്കുകയാണ്.

അതുകൊണ്ട് തന്നെ ചിലന്തിയെ പോലെ തന്നെ, അവർ അവരുടെ ഉള്ളിൽ നിന്ന്  പുറത്തേക്ക് അതിനെ വലയായ് നെയ്യും. 

അവരുടെ പ്രശ്നങ്ങൾ, സങ്കീർണതകൾ.

പുറത്ത് ഒരു പ്രശ്നവുമില്ലെങ്കിലും അവർ നെയ്യുന്ന വലയെ തന്നെ അവർ പ്രശ്നങ്ങളായെടുക്കും, കാണിക്കും.

അങ്ങനെ അവരുണ്ടാക്കിയ വലയെ അവർ മറ്റാരോക്കെയോ ഉണ്ടാക്കിയ പ്രശ്നങ്ങൾ എന്നാരോപിക്കും, എന്നാക്കി കാണിക്കും.

പ്രശ്നങ്ങളിൽ എന്ന പോലെ അവർ അവരുണ്ടാക്കിയ വലയിൽ കുരുങ്ങിക്കിടക്കും.

No comments: