Monday, August 15, 2022

അഫ്ഗാനിസ്ഥാന്‍ : നമുക്ക് വസ്തുത സംസാരിക്കാന്‍ കഴിയണം.

ഇത് കഴിഞ്ഞ വർഷം, ഇതേ ദിവസം സന്ദർഭവശാൽ എഴുതിയ കുറിപ്പ്.

*****

താലിബാൻ വിജയത്തില്‍ ഒരുകുറേ പേര്‍ മൗനമായി പുറത്ത് പറയാനാവാത്ത ആത്മരതിയും പ്രതികാരത്തിന്റെ സ്വയംഭോഗ സുഖവും അനുഭവിക്കുന്നുണ്ടോ?

****

അഫ്ഗാനിസ്ഥാന്‍ : നമുക്ക് വസ്തുത സംസാരിക്കാന്‍ കഴിയണം. വസ്തുനിഷ്ഠമായും വസ്തുതാപരമായും സംസാരിക്കാന്‍ കഴിയണം.

അഫ്ഗാനികള്‍ ഇന്ത്യയെയടക്കം കീഴടക്കിയതല്ലാതെ, ചരിത്രത്തിൽ അഫ്ഗാനിസ്താനെ ഇതുവരെ ആര്‍ക്കും കാര്യമായി കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. 

ആര്‍ക്കും കീഴടക്കാന്‍ കഴിയാത്തവരാണ് അഫ്ഗാനികള്‍ എന്നതിന്‌ ചരിത്രം സാക്ഷി. അത് ആര്‍ക്ക് മുമ്പിലും തലകുനിക്കാത്ത അവരുടെ പ്രകൃതമാണ്.

മുമ്പ് ഇതേപോലെ അവരെ കീഴടക്കി ഭരിക്കാന്‍ ശ്രമിച്ച റഷ്യയോടും ബ്രിട്ടനോടും ചോദിച്ചാലും ഇത്തരത്തിലുള്ള അഫ്ഗാനിസ്ഥാനെ കുറിച്ച കാര്യം മനസിലാവും.

എന്തിനധികം പറയുന്നു, ഇന്നും ബ്രിട്ടീഷുകാർ നമ്മെ ഒരു നൂറ്റാണ്ടിലധികം ഭരിച്ചു എന്ന് പറയുന്ന, മനസിലാക്കുന്ന നമ്മൾ അഫ്ഗാനികള്‍ അതിലും എത്രയോ അധികം നൂറ്റാണ്ടുകള്‍ ഇന്ത്യയെ ഭരിച്ചു എന്ന്  ഇക്കാലമത്രയും നാം കാര്യമായി മനസ്സിലാക്കിയില്ല, പഠിച്ചില്ല, പഠിപ്പിച്ചില്ല. 

നൂറ്റാണ്ടുകള്‍ ഇന്ത്യയെ ആക്രമിച്ചു കീഴടക്കി ഭരിച്ച ഗോറിയും ഗസ്നിയും തുഗ്ലക്കും സയ്യിദ് വംശവും അടിമവംശവും മുഗളരും ഒക്കെ അഫ്ഗാനികള്‍ (ഉസ്ബെക്ക്, Tajikistan അടങ്ങുന്ന) മാത്രമായിരുന്നുവെന്ന് വ്യക്തമായും നാം തിരിച്ചറിയണം. മരണത്തെ ഭയക്കാത്ത പോരാട്ടവീര്യമുള്ള അഫ്ഗാനിസ്താനും അഫ്ഗാനികളുമാണ് അവർ. 

ആ നിലക്ക് പോരാട്ടവീര്യവും മതതീവ്രതയും ഒത്തുകൂടിയ പുതിയ അഫ്ഗാന്‍-താലിബാൻ ഇന്ത്യക്ക് ഇനിയും തലവേദനയാവും. കാശ്മീരിനെയും മറ്റും മുതലെടുത്ത്, പാകിസ്ഥാനെ കൂട്ട്പിടിച്ച്. 

********

താലിബാൻ എന്ന, മതേതരത്വവും ജനാധിപത്യവും അപ്പാടെ നിരാകരിക്കുന്ന മതരാഷ്ട്രീയത്തെ നാം സ്വീകരിച്ചാലും നിരാകരിച്ചാലും, വസ്തുത വസ്തുത തന്നെ, വസ്തുനിഷ്ഠത വസ്തുനിഷ്ഠത തന്നെ.

ആരോടും വെറുപ്പും ശത്രുതയും ഉണ്ടാക്കേണ്ടത് അന്ധമായല്ല, കാര്യകാരണങ്ങൾ ഇല്ലാതെയല്ല. അന്ധമായ, കാര്യകാരണങ്ങൾ ഇല്ലാത്ത വെറുപ്പും ശത്രുതയും അവരോട് അനീതിയും അക്രമവും ചെയ്യാനും അവരെ കുറിച്ച് ഇല്ലാത്തത് പറഞ്ഞ്‌ പ്രചരിപ്പിക്കാനും കാരണമാവരുത്. 

വെറുമൊരു സൈനിക അട്ടിമറിയല്ല താലിബാൻ നടത്തിയത്. നാട് മുഴുക്കെ നീങ്ങി, നാട്ടില്‍ മുഴുവന്‍ അധികാരവും സ്വാധീനവും സ്ഥാപിച്ച്‌ കൊണ്ടുള്ള തേരോട്ടമാണ് താലിബാൻ നടത്തിയത്. കാര്യമായ രക്തച്ചൊരിച്ചില്‍ ഇല്ലാതെ. വര്‍ഗീയവും വംശീയവുമായ സംഘട്ടനങ്ങൾ ഇല്ലാതെ. 

ഒരു രാജ്യം മുഴുവന്‍ കീഴടക്കുന്ന വലിയ തേരോട്ടം ഒരു നാടിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടത്തിയിട്ടും കാര്യമായ രക്തച്ചൊരിച്ചില്‍ ഉണ്ടായില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തണ്ട സംഗതിയാണ്. അതിന്‌ പ്രധാനമായും കാരണം അവർ സ്വന്തം നാടിനേയും നാട്ടുകാരെയും വിഭജിക്കുന്ന രാഷ്ട്രീയം ഏതര്‍ത്ഥത്തിലും കളിക്കുന്നില്ല എന്നത്‌ കൂടിയായിരിക്കും. തെറ്റായാലും ശരിയായാലും അവരും അവരുടെ നാട്ടുകാരും ഉയര്‍ത്തിപ്പിടിക്കുന്ന, അവരെ ഒന്നിപ്പിക്കുന്ന അവരുടെ വിശ്വാസസംഹിതയും ആയിരിക്കാം 

സാധാരണഗതിയില്‍ നമ്മുടെ നാട്ടില്‍ തെരഞ്ഞെടുപ്പ് വേളയിലും വര്‍ഗീയ ലഹളയിലും ആള്‍ക്കൂട്ട കൊലപാതകങ്ങളിലും ഉണ്ടാവുന്നത്ര പോലും ആൾ നാശവും സ്വത്ത് നാശവും അഫ്ഗാനിസ്താനില്‍ ഈ തേരോട്ടത്തിനിടയില്‍ ഉണ്ടായതായി വാർത്തകൾ ഇല്ല.

എല്ലാ സ്വതന്ത്ര വിദേശ വാർത്താ ചാനലുകളും അവിടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ടായിട്ട് പോലുമാണ് അങ്ങനെയുള്ള വാർത്തകൾ ഒന്നും തന്നെ കാര്യമായി പുറത്ത് വരാതിരുന്നത് എന്നും നമ്മൾ മനസിലാക്കണം. കീഴടക്കുന്നത് വരെ അമേരിക്കയുടെയും യൂറോപ്പിന്റെയും പിന്തുണയുള്ള അവരുടെ എതിർ വിഭാഗം തന്നെ രാജ്യം ഭരിച്ചിട്ടും അങ്ങനെയൊന്നും പറയാൻ ഉണ്ടായില്ല.

ആ നിലക്ക് നാം മറിച്ച് മനസിലാക്കിയ താലിബാനും ഒരുപാട് കുറേ മാറിയത് പോലെ, മാറാൻ തയാറായത് പോലെ തോന്നുന്നു.

അല്ലെങ്കില്‍ നാം അവരെ കുറിച്ച് നാം മനസിലാക്കിയതും നമ്മെ പഠിപ്പിച്ചതും തെറ്റ് എന്നും, പറഞ്ഞ്‌ കേട്ടതില്‍ അധികവും ശരിയേക്കാള്‍ കൂടുതൽ തെറ്റായിരുന്നു എന്നതുമാവും. 

ശത്രുവെ കുറിച്ചാണെങ്കിലും ഉള്ള ശരി പറയണമല്ലോ? ശത്രുവെ കുറിച്ചാണെങ്കിലും കളവ് മാത്രം പറയാൻ പാടില്ലല്ലോ? നാം വലുതായി ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വവും ജനാധിപത്യവും അന്യമത സഹിഷ്ണുതയും ഒന്നും താലിബാനില്‍ നിന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലെങ്കിലും....

*******

അഫ്ഗാനില്‍ നിന്ന് അമേരിക്കയും യൂറോപ്യന്‍ സേനയും പിന്‍വാങ്ങിയതും, ഒരുപക്ഷേ അവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നതും, ഒരര്‍ത്ഥത്തിലും വിജയിച്ചു കൊണ്ടല്ല എന്നത് നമ്മൾ സമ്മതിച്ചേ പറ്റൂ.

20 കൊല്ലം മുഴുവന്‍ ആയുധശക്തിയും ഉപയോഗിച്ച് ശ്രമിച്ചിട്ടും അമ്പേ പരാജയപ്പെട്ടു കൊണ്ട്‌ മാത്രമാണ് അവർ പിന്‍വാങ്ങുന്നത്. മുമ്പ് പലരും ഇതേപോലെ ശ്രമിച്ച് പരാജയപ്പെട്ട് അഫ്ഗാനിസ്താനില്‍ നിന്നും പിന്‍വാങ്ങിയത് പോലെ തന്നെ. 

വീണത് കെണിയിലാണെന്ന് മനസിലാക്കിത്തന്നെ തടി രക്ഷപ്പെടുത്തുക മാത്രമായിരുന്നു അമേരിക്ക. ആ നിലക്ക് തന്നെയാണ് അവർ ദോഹയില്‍ താലിബാനുമായി കരാറില്‍ എത്തുന്നത്.

അതുകൊണ്ട്‌ മാത്രമാണ് ഇത്രയെളുപ്പം തേരോട്ടം നടത്തി വിജയിക്കാനും കീഴടക്കാനും താലിബാന് കഴിയുന്നത്. ആരും ഒന്നും ചെയ്യില്ലെന്ന് ഉറപ്പുള്ളത്‌ പോലെ, ആര്‍ക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന ഉറപ്പുള്ളത്‌ പോലെ. 

അമേരിക്കയും യൂറോപ്യന്‍ സേനയും വിജയിച്ചുണ്ടാക്കിയ ഒരു സമാധാന കരാറിന്റെ അടിസ്ഥാനത്തിലല്ല പിന്മാറിയത് എന്ന് നമ്മൾ എടുത്തുപറഞ്ഞ്‌ ഓര്‍മ്മിക്കണം. പകരം അവർ സ്വയം പരാജയപ്പെട്ടുണ്ടാക്കിയ, ഉണ്ടാക്കാൻ നിര്‍ബന്ധിതമായ യുദ്ധക്കരാറിന്റെ അടിസ്ഥാനത്തിലാണ്, ഏറെക്കുറെ താലിബാനോട് തോറ്റത് പോലെയാണ്, പിന്‍വാങ്ങിയത്. ഒരര്‍ത്ഥത്തില്‍ 'നമ്മളില്ലേ' എന്ന് പറഞ്ഞ്‌ കളം വിട്ടോടുന്നത് പോലെ. 

അങ്ങനെയെങ്കില്‍ ചില ചോദ്യങ്ങൾ ബാക്കിയാവണം. ചിലത് പുനഃപരിശോധനക്ക് വിധേയമാക്കേണ്ടിയും വരും. 

ഇക്കാലമത്രയും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പറഞ്ഞ് പ്രചരിപ്പിച്ച അവരുടെ വീരോചിത വിജയത്തിന്റെ കഥകൾ പച്ചക്കള്ളം മാത്രമായിരുന്നുവോ?

അവർ അഫ്ഗാനെ കുറിച്ചും താലിബാനെ കുറിച്ചും പറഞ്ഞ് പ്രചരിപ്പിച്ചത് വിടുവായത്തം മാത്രമായിരുന്നുവോ?

എത്രത്തോളമെന്നാല്‍, എന്നോ സ്വാഭാവികമായി മരിച്ചുപോയിരുന്ന ബിന്‍ലാദനെ ആയിരുന്നുവോ അവർ വേട്ടയാടി കൊന്നു എന്ന് വരെ കഥയാക്കി പറഞ്ഞത്?  

ഇക്കാരണത്താല്‍  മാത്രമാണോ എല്ലാ രേഖകളും കത്തിച്ചു കളയാന്‍ അമേരിക്ക അവിടെയുള്ളവര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കിയത്?

********

ഇനി അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കാര്യം :

ഇന്ത്യ ഇതുവരെയും ഒരു കൃത്യമായ നിലപാട് എടുത്തില്ല. ഒരുപക്ഷേ ഇന്ത്യക്ക് അതിന്‌ സാധിക്കുന്നില്ല.

താലിബാനെയോ അതല്ല മുന്‍പുണ്ടായിരുന്ന അഫ്ഗാന്‍ സര്‍ക്കാറിനെ തന്നെയോ പിന്തുണക്കേണമോ എന്നത് തന്നെ തീരുമാനിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ആരെ കൊണ്ടാലും ആരെ തള്ളിയാലും ഇന്ത്യക്ക് അഫ്ഗാനിസ്താനില്‍ പ്രതീക്ഷയില്ലാത്ത ഒരവസ്ഥ. എന്നല്ല തിരിച്ചടി മാത്രം കിട്ടുമോ എന്ന് പേടിച്ച അവസ്ഥ. ഇന്ത്യന്‍ താല്‍പര്യങ്ങൾ സംരക്ഷിക്കാന്‍ കഴിയാതെ പോകുമോ എന്ന് പേടിച്ച അവസ്ഥ.

ഇതിനെല്ലാം അപ്പുറം ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണനേതൃത്വത്തെ മാത്രമേ അഫ്ഗാനിസ്താനില്‍ നമ്മൾ അംഗീകരിക്കുകയുള്ളൂ എന്ന് പറഞ്ഞ്‌ കാത്തിരിക്കുക എന്ന് വന്നാല്‍ അതിവിദൂരഭാവിയില്‍ പോലും ഒന്നും ചെയ്യാൻ കഴിയാത്ത, ഒരു നിലക്കും ഇടപെടാന്‍ കഴിയാത്ത അവസ്ഥ ഇന്ത്യക്ക് ഉണ്ടാവുകയും ചെയ്യും. 

അല്ലെങ്കിലും ഇക്കാലമത്രയും വിദേശകാര്യ നയനിലപാടുകള്‍ എടുക്കുന്ന കാര്യത്തില്‍ ഇന്ത്യ പൊതുവേ പിറകിലാണ്. വിവേകം കുറഞ്ഞ മട്ടിലാണ്. ചതുരംഗം അറിയാത്തത് പോലെ. സംതുലനം ചെയ്യാൻ കഴിയാതെ. ഇന്ത്യയുടെ ഉള്ളില്‍ മാത്രം വീരവാദം മുഴക്കി പുറമെ പൂർണ്ണമായും പരാജയപ്പെട്ടു കൊണ്ട്‌. 

അതുകൊണ്ട്‌ തന്നെ സ്വന്തം അയല്‍വാസികള്‍ വരെ നമുക്ക് നഷ്ടമായി ശത്രുക്കളാവുന്ന നഷ്ടക്കച്ചവടത്തിലാണ് പൊതുവേ ഇന്ത്യ. 

പാക്കിസ്ഥാനാണെങ്കില്‍ അക്കാര്യത്തില്‍ പൊതുവേ മുന്നിലും, നല്ല വൈഭവത്തോടേയും. 

ഒരു ഭാഗത്ത് പാക്കിസ്ഥാന്‍ അമേരിക്കക്ക് താലിബാനെ ആക്രമിക്കാന്‍ സഹായം നല്‍കുന്നു.

അതേ സമയം തന്നെ അതേ പാക്കിസ്ഥാന്‍ താലിബാനെ സംരക്ഷിക്കുന്നു, വളര്‍ത്തുന്നു, താലിബാനുമായി നല്ല ബന്ധം സ്ഥാപിക്കുന്നു. 

അമേരിക്കയുമായി പാക്കിസ്ഥാന്‍ നല്ല ബന്ധം തുടരുമ്പോള്‍ തന്നെ ചൈനയുമായി അവർ കൃത്യമായ നല്ല ബന്ധം എല്ലാ അടിസ്ഥാനത്തിലും സൂക്ഷിക്കുന്നു. ചതുരംഗം കളിക്കുന്ന വൈഭവം നോക്കൂ. 

അതുകൊണ്ട്‌ തന്നെ അഫ്ഗാന്റെ നിലവിലെ അവസ്ഥയില്‍ ഒരു നിലക്കും ഇടപെടാന്‍ കഴിയാതെ ഇന്ത്യ പുറത്ത്. പാക്കിസ്ഥാന്‍ പൂർണ്ണമായും ഉള്ളില്‍.

No comments: