Sunday, August 28, 2022

ഒരേ കാരൃം ആവർത്തിച്ച് പറയുന്നു എന്ന ഒരാരോപണം.

ഈയുള്ളവൻ ഒരേ കാരൃം ആവർത്തിച്ച് പറയുന്നു എന്ന ഒരാരോപണം....

ശരിയാവാം. 

സത്യം ഒന്ന് മാത്രമാകയാൽ ചിലപ്പോൾ അങ്ങനെയാവുന്നുണ്ടാവാം. 

വ്യത്യസ്തമായി പറയാൻ വേണ്ടിമാത്രം, ഈയുള്ളവനും അയാൾക്കും വേണ്ടി മാത്രം, വ്യത്യസ്തമായ സത്യം ഉണ്ടാക്കിക്കൂടല്ലോ? 

വ്യത്യസ്തമായ സാഹചര്യത്തിൽ ഒരേ സത്യത്തെ വ്യത്യസ്തമായി പറയുക മാത്രമല്ലാതെ വേറെന്ത് ചെയ്യാം? 

ഒരേ സൂര്യൻ തന്നെ പലതായി എന്നും ഉദിക്കുന്നതും അസ്തമിക്കുന്നതും തെറ്റാവുമോ?

ഒരേ ദിവസം തന്നെ പല ദിവസങ്ങളായി ദീർഘജീവിതമായി മാറുന്നതും അബദ്ധമാവുമോ?

ഒരേ അരിയെ തന്നെ കഞ്ഞിയും പുട്ടും ചോറും പത്തിരിയും ഒക്കെ ആക്കുന്നത് ശരിയല്ലേ?

കാർബണിൻ്റെ പലതരം കളി പോലെ തന്നെയല്ലേ ഈ ലോകത്തിൻ്റെ മുഖ്യമായ ഘടന?

ഒന്ന് തന്നെ പലതായി മാറുന്ന പോലെയല്ലേ എല്ലാം?

എല്ലാം പല കാർബോണിക് കോംബൗണ്ടുകൾ ആവുന്നത് പോലെയല്ലാതെ ഉണ്ടോ?

ഒരേ മനുഷ്യൻ വ്യത്യസ്തമായി കാലാകാലങ്ങളിലായി നൂറായിരം കോടികളായി ജനിച്ചു മരിച്ചത് പോലെയല്ലാതെ ഉണ്ടോ?

ഇപ്പൊൾ തന്നെ ആ ഒരേ മനുഷ്യൻ്റെ തന്നെ പല ആവർത്തിത  രൂപങ്ങളും ഭാവങ്ങളുമായി, ഏറെക്കുറെ ഒരേ കര്യങ്ങൾ തന്നെ ചെയ്ത്, നിർവഹിച്ച് 800 കോടിയായി ഒരുമിച്ച് നിൽക്കുന്നതും പോലെയല്ലാതെ എന്തെങ്കിലും ഉണ്ടോ?

ഒരേ ദൈവം പലതായി, എല്ലാം ആവുന്നത് പോലെയല്ലാതെ ഉണ്ടോ? 

പ്രാപഞ്ചികത ആവുന്നത് പോലെ തന്നെയല്ലാതെ നമുക്കും ആവാൻ സാധിക്കുമോ?

****

പക്ഷേ ഈയുള്ളവൻ ആവർത്തിച്ച് പറയുന്നു എന്ന ആരോപണം ഉന്നയിച്ചവർക്കും ഉന്നയിക്കുന്നവർക്കും ഒരു പ്രത്യേകയുണ്ട്.

അവർ സഹസ്രാബ്ദങ്ങളായി ആരോ പറഞ്ഞുവെന്ന് പറയുന്ന കാര്യം തന്നെ ആരോ പറഞ്ഞ സമയത്തും ഭാഷയിലും കോലത്തിലും ആവർത്തിച്ച് പറയുന്നവരും പ്രസംഗിക്കുന്നവരും പ്രാർത്ഥിക്കുന്നവരുമാണ്. മിക്കവാറും യാന്ത്രികമായി. നിർബന്ധ ആചാരവും ആരാധനയും അനുഷ്ഠാനവുമായി.

എന്നാലും, അപ്പോഴൊന്നും ഇല്ലാത്ത ഒരു അസ്വസ്ഥതയും വിരസതയും ആവർത്തന ബോധവും അവർക്ക് എന്തുകൊണ്ടോ ഈയുള്ളവൻ പറയുന്നതിൽ ഉണ്ട്.  ഈയുള്ളവൻ്റെ അവരാരോപിക്കുന്ന ആവർത്തനത്തിൽ ഉണ്ട്. 

ദിവസവും പതിനേഴ് പ്രാവശ്യം ഒരേ കാരൃം ഒരേപോലെ അന്യഭാഷയിൽ പറയുമ്പോൾ ഇല്ലാത്ത വിരസതയും അസ്വസ്ഥതയും അവർക്കുണ്ട്.

എന്നാലോ,  അവർ ആരോപിച്ച് പറയുന്നത് പോലെ ഈയുള്ളവൻ്റെ ഒരൊറ്റ ഒരുത്തനും എഴുത്തും പോസ്റ്റും ആവർത്തിച്ചതായി ചൂണ്ടിക്കണിക്കാൻ സാധിക്കുകയുമില്ല. 

ചില പ്രത്യേക പോസ്റ്റുകൾ എപ്പോഴും പ്രസക്തമാണ് എന്നതിനാൽ എഫ് ബി ഓർമ്മിപ്പിക്കുന്ന വഴിയിൽ ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം (അതും വളരേ ചിലപ്പോൾ, വിരളമായി മാത്രം) ആവർത്തിച്ച് ഇടുന്നതൊഴികെ.

യഥാർഥത്തിൽ അവരുടെ ആരോപണത്തിൽ ഒളിഞ്ഞ് കിടക്കുന്ന വസ്തുത അതല്ല.

ഒന്നാമത്തേത് അസഹിഷ്ണുത, വെറുപ്പ്. 

നമ്മുടേതല്ലാത്തത്, നമുക്ക് ഇഷ്ടമില്ലാത്തത് പറയുന്നു എന്നത് കൊണ്ട് മാത്രം ഉണ്ടാവുന്ന അസ്വസ്ഥത, അസഹിഷ്ണുത, വെറുപ്പ്.

രണ്ടാമത്തേത്  മനസ്സിലാകാത്തവർക്ക് എല്ലാം ഒരുപൊലെ തോന്നും എന്നത്.

അതിനാൽ തന്നെ മനസ്സിലാകാത്തവർക്ക് എല്ലാം ആവർത്തനമെന്നും വിരസമെന്നും തോന്നും.

യഥാർഥത്തിൽ അവർക്ക് മനസിലാവുന്നില്ല, അവർ മനസിലാക്കാൻ ശ്രമിക്കില്ല, ഉദ്ദേശിക്കുന്നില്ല എന്നിടത്താണ് പ്രശ്നം.

പക്ഷേ, അൽഭുതം അതല്ല.

ചില പ്രധാനികൾ എന്ന് സ്വയം കരുതുന്നവർക്കും അങ്ങനെ തൊന്നുന്നു എന്നിടത്താണ്. 

അല്ലെങ്കിൽ അങ്ങനെയുള്ളവരും അങ്ങനെ ആരോപിക്കുന്നു എന്നിടത്താണ്. 

തനിക്കിഷ്ടമില്ലാത്തവർ, പിന്നെ താനല്ലാത്തവരും, എന്ത് പറഞ്ഞാലും കുറ്റം കാണണം എന്നത് കൊണ്ടുണ്ടാവുന്ന അസഹിഷ്ണുത കൊണ്ടാവുമോ ഇതൊക്കെയും?

No comments: