Thursday, August 25, 2022

ഭൗതികം ആത്മീയം എന്നിങ്ങനെ രണ്ട് വേറെ വേറെ ഇല്ല.

ഭൗതികം ആത്മീയം എന്നിങ്ങനെ രണ്ട് വേറെ വേറെയുണ്ടോ?

ഇല്ല. 

ആത്മീയം ദൈവികമെന്നും, ഭൗതികകം ദൈവികമല്ലാത്തതെന്നും പറയാൻ മാത്രം വേര്‍തിരിവ് ഉണ്ടോ?

ഇല്ല. 

ആത്മീയം ദൈവികമാണെങ്കിൽ ഭൗതികകം പിന്നെന്താണ്‌?

ഒന്നുമല്ല. 

ഭൗതികം ദൈവത്തില്‍ നിന്നല്ലെങ്കിൽ, പിന്നെ ആരില്‍ നിന്നാണ്‌, എവിടെ നിന്നാണ്?

എവിടെ നിന്നുമല്ല.

ഭൗതികം ദൈവത്തിന്റെതല്ലേ?

അതേ, ആണ്. 

ദൈവമല്ലാത്ത വേറെ ആരെങ്കിലും ഉണ്ടോ ഭൗതികം വേറെ തന്നെയാവാന്‍, അങ്ങനെ സൃഷ്ടിക്കാന്‍?

ഇല്ല. 

ദൈവമല്ലാത്തതില്ലെങ്കില്‍, ദൈവത്തില്‍ നിന്നല്ലാത്തത് ഇല്ലെങ്കില്‍, പിന്നെങ്ങിനെ ഭൗതികം വേറെ തന്നെയാവാന്‍, ഉണ്ടാവാന്‍?

ഒരു സാധ്യതയും ഇല്ല. 

ദൈവം മാത്രമല്ലേ ഉള്ളൂ?

അതേ. 

എല്ലാം ദൈവത്തിന്റെത് തന്നെയല്ലേ?

അതേ.

നന്മയും തിന്മയും വരെ?

അതേ. 

പിന്നെങ്ങിനെ ഭൗതികം വേറെ തന്നെയായി മാറിനില്‍ക്കണം?

പിന്നെങ്ങിനെയും ഭൗതികം വേറെ തന്നെയായി മാറിനില്‍ക്കേണ്ടതില്ല. 

ദൈവമല്ലാത്ത വേറെ ആരെങ്കിലുമാണോ ഭൗതികമായതും തിന്മയെന്ന് നമ്മുടെ ആപേക്ഷിക മാനത്തില്‍ നിന്നും പറയുന്ന സംഗതിയും ഉണ്ടാക്കിയതും സംവിധാനച്ചതും?

അല്ല. 

ഭൗതികത്തിന്റെയും, തിന്മയെന്ന് നാം നമ്മുടെ സൗകര്യത്തിനും അകപ്പെട്ട മാനത്തിനും അതിന്റെ മാനദണ്ഡം വെച്ചും പറയുന്നതിന്റെയും, ഉറവിടവും കാരണവും ദൈവമല്ലാത്തതിൽ നിന്നാണോ?

അല്ല. 

അങ്ങനെയൊക്കെ പറഞ്ഞിട്ടും, ഭൗതികം വേറെയെന്ന് പറഞ്ഞാൽ ദൈവം വല്ലാതെ പരിമിതമാകുമല്ലോ, അമ്പേ പരാജയമാകുമല്ലോ?

അതേ. 

എങ്കിൽ, ശരിക്ക് പറഞ്ഞാൽ ആത്മീയം ഭൗതികം എന്നൊക്കെ പറഞ്ഞ്‌ രണ്ടാക്കി കാണേണ്ടതും പറയേണ്ടതും ഉണ്ടോ?

ഇല്ല. 

അതിന്‌ വേണ്ടി, ഭൗതികത വേറെ തന്നെയെന്ന് വരുത്താന്‍, അങ്ങനെ ദൈവത്തിന്റെ പേരില്‍ കല്പനകള്‍ ഉണ്ടാക്കാൻ ഇല്ലാത്ത പിശാച് ഉണ്ടെന്ന് വരുത്തേണ്ടതുണ്ടോ?

ഇല്ല. 

ദൈവത്തെ അങ്ങനെ ചുരുക്കിയും പരിമിതപ്പെടുത്തിയും കാണേണ്ടതുണ്ടോ, കാണിക്കേണ്ടതുണ്ടോ?

ഇല്ല. 

എല്ലാം ഒന്ന്, എല്ലാം ഒന്നില്‍ നിന്ന്, എല്ലാം ഒന്നിലേക്ക്, എല്ലാം ഒന്നായി തീരാന്‍ ഉള്ളത്‌. അങ്ങനെയല്ലേ അറിയേണ്ടതും പറയേണ്ടതും?

അതേ. 

ദൈവം മാത്രമാണെങ്കിൽ, ദൈവത്തില്‍ നിന്ന് മാത്രമാണെങ്കിൽ രണ്ടില്ല, ഒന്നല്ലേ ഉണ്ടാവൂ? ആ ഒന്നിനെ എന്ത് പേരിട്ട് വിളിച്ചാലും.

അതേ. 

'അല്‍ ഖദ് റു ഖൈറുഹു വ ശര്‍റുഹു മിനല്ലാഹി തആലാ' (വിധി : നന്മയും തിന്മയും ദൈവത്തില്‍ നിന്ന്) എന്ന് പറഞ്ഞാലും, 'ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ (നാം ദൈവത്തില്‍, നാം ദൈവത്തിലേക്ക് തന്നെ മടങ്ങുന്നു) എന്ന് പറയുമ്പോഴും,' മാഷാ അല്ലാഹു കാന്‍, വ മാലം യഷാ ലം യകുന്‍' (ദൈവം ഉദ്ദേശിച്ചത് മാത്രം ഉണ്ടായി, ദൈവം ഉദ്ദേശിക്കാത്തത് ഒന്നും ഉണ്ടായില്ല) എന്ന് പറയുമ്പോഴും അങ്ങനെയല്ലേ അര്‍ത്ഥം വരികയുള്ളൂ?

അതേ. 

അങ്ങനെ ഒന്ന് മാത്രം ചെയ്യുന്ന, വരുത്തുന്ന, സംഭവിപ്പിക്കുന്ന നന്മയും തിന്മയും ആത്മീയതയും ഭൗതികതയും മാത്രമല്ലേ ഉള്ളൂ?

അതേ. 

ആ ഒന്നിനെ നാം എങ്ങിനെ കണ്ടാലും വിളിച്ചാലും ഒന്നല്ലേ? 

അതേ. 

ഓരോരുത്തരുടേയും സാധ്യതയും വിതാനവും കഴിവും കഴിവ്കേടും പോലെ മാത്രം എല്ലാം, അല്ലേ?

അതേ.

No comments: