Friday, August 12, 2022

തീയിൽ വീണ് കരിഞ്ഞ വിത്തിലും മരമുണ്ടായിരുന്നില്ലേ?

വിത്തിൽ മരമുണ്ടെന്നറിയാം.

മുൻകൂട്ടി ദൂരെ കാണുന്ന എല്ലാവർക്കുമറിയാം. 

മണ്ണിൽ വീണ് വെള്ളവും വളവും വെളിച്ചവും വായുവും കിട്ടുന്ന വിത്ത് മുളച്ച് മെല്ലെ മെല്ലെ വളർന്ന് മരമായി തീരുകയും ചെയ്യും.

പക്ഷേ, തീയിൽ വീഴുന്ന വിത്തോ? 

തീയിൽ വീണ് കരിഞ്ഞ് കരിയായ വിത്തിലും യഥാർഥത്തിൽ മരമുണ്ടായിരുന്നില്ലേ? 

ഉണ്ടായിരുന്നു.

പക്ഷേ ആരറിയാൻ? 

ആരസ്വസ്ഥപ്പെടാൻ?

തത്തയും പ്രാവും ലവ്ബോർഡും കൊല്ലപ്പെട്ടാൽ വേദനിക്കുന്നവൻ തന്നെ കോഴിയെയും ആടിനെയും അറുത്ത് പൊരിച്ച് തിന്നുന്നു. അതുപോലെ തന്നെ വേദനിക്കാതെ.

*****

നടക്കാതെ പോയതാണോ നടന്നതാണോ നല്ലത്?

ആർക്കറിയാം?

നടക്കാതെ പോയത് നടന്നിരുന്നാൽ കഥയും ഗതിയും വേറെ ആകുമായിരുന്നു. 

നടക്കാതെ പോയത് നടന്നിരുന്നാൽ ഓരോരുത്തരുടെയും ജീവിതത്തിൽ ഇപ്പോഴുള്ളതിനേക്കാൾ എന്താകുമായിരുന്നു? 

രസതന്ത്രം മുഴുവൻ വേറെയൊരു തരത്തിലും ദിശയിലും ആകുമായിരുന്നു.

പലപ്പോഴും പറയേണ്ടത്, പറയേണ്ടത് പോലെ, പറയേണ്ടപ്പോൾ, പറയേണ്ടിടത്തും പറയേണ്ട ആളോടും പറയാതെ പോകുന്നു, പറയാൻ സാധിക്കാതെ പോകുന്നു....

അങ്ങനെ പറയാനും ചെയ്യാനും ആകാതെ പോയതും സാധിക്കാതെ പോയതുമാണ് ജീവിതത്തിൽ കൂടുതൽ. 

എല്ലാവരുടെ കാര്യത്തിലും. 

പ്രണയത്തിൻ്റെ കാര്യത്തിൽ പ്രത്യേകിച്ചും. 

യഥാർഥത്തിൽ പൂത്തുലയുമായിരുന്നത്, അങ്ങനെ പിന്നെ എന്തൊക്കെയോ ആകുമായിരുന്നത് മറിച്ച് എന്തൊക്കെയോ ആയി, ആവുന്നു.

പലതും മൊട്ടിടുക പോലും ചെയ്യാതെ പോകുന്നതങ്ങനെ. 

മണ്ണിൽ മുളക്കുമായിരുന്ന വിത്ത് യഥാർഥത്തിൽ വിത്തായിരുന്നു എന്ന് പോലും മനസിലാക്കാൻ സാധിക്കാത്ത വിധം അഗ്നിയിൽ വീണ് കരിയുന്നതങ്ങനെ. 

യഥാർഥത്തിൽ പ്രണയം എന്നത് ഉണ്ടെന്നാലും ഇല്ലെന്നാലും സംഗതി ഇങ്ങനെ. 

നടക്കാതെ പോയ പ്രണയം കാരണം നടന്നതൊക്കെ നല്ലതായാലും മോശമായാലും.

നടക്കാതെ പോയതിന് കാരണമായ അതാത് കാലത്തെ, അതാത് സമയത്തെ അധൈര്യവും കഴിവുകേടും മറ്റാരും അറിയാതെ പോയി, അറിയാതെ പോകുന്നു. 

അതാത് കാലത്തെ, അതാത് സമയത്തെ അത്തരം അധൈര്യവും കഴിവുകേടും ഉണ്ടാക്കിയ നിസ്സഹായത തന്നെ അക്കാലത്ത് ഉറക്കം കളയുംവിധം ഏറെ ഉദ്ദേശിച്ചതും ആഗ്രഹിച്ചതും ആകാതെ പോകാനും സാധിക്കാതെ പോകാനും കാരണം. 

പലപ്പോഴും പറയേണ്ടത്, പറയേണ്ടത് പോലെ, പറയേണ്ടപ്പോൾ, പറയേണ്ടിടത്തും ആളോടും പറയാതെ, പറയാൻ സാധിക്കാതെ. വിത്ത് മണ്ണിൽ വീഴാതെ. വെള്ളവും വെളിച്ചവും വായുവും കിട്ടാതെ.


അതാത് കാലത്തെ, സമയത്തെ ആ നിസ്സഹായതയും അതുണ്ടാക്കിയ പരാജയവും തന്നെയാണ് പിന്നീട് പുകമറയിട്ട് കവിതയും സന്യാസവും ദർശനവും ഒക്കെ ആയിത്തീരുന്നത്, ആയിത്തീർന്നത്.


No comments: