ചോദ്യം :
ശരീരം ഇല്ലാതായാല്‍ പിന്നെ നമ്മുക്ക് വ്യക്തികൾ എന്ന നിലക്ക് തുടര്‍ച്ച ഉണ്ടോ?
(ഒരു നല്ല fb സുഹ്രുത്ത് (@ Shabeen Vn messngerല്‍ വന്ന് ചോദിച്ചത്)
ഉത്തരം :
ഇല്ല...
അങ്ങനെ തുടരുന്ന വ്യക്തികള്‍ ഉണ്ടെന്ന് വരേണമെങ്കിൽ ജനിക്കുമ്പോള്‍ തന്നെ ആ വ്യക്തി എന്ന ബോധവുമായി ജനിക്കണമായിരുന്നു, എല്ലാവരും.
അങ്ങനെ അല്ലല്ലോ ആരും ജനിച്ചത്?
ജനിക്കുമ്പോള്‍ ഇല്ലാത്തത് മരണശേഷം തുടരുന്നില്ല.
******
ജനിക്കുമ്പോള്‍ തന്നെ ഉണ്ടാവേണ്ട ആ വ്യക്തിബോധം ഒരു സ്ഥിരബോധമായി (constant ആയി) , ഒരു സ്ഥിര മേഘപടലമായി നിലകൊള്ളുകയും ചെയ്യണമായിരുന്നു...
******
ഒന്നുമറിയാത്ത, ഒരു വ്യക്തിത്വ (individuality) ബോധവും ഇല്ലാതിരുന്ന കുഞ്ഞുകുട്ടി മുതൽ മാറിക്കൊണ്ടിരുന്ന വ്യക്തിത്വം (individuality) മാത്രമേ ഉള്ളൂ.
ഒരു ഒബാമയും ഒബാമയായി ജനിച്ചിട്ടില്ല, ഒബാമയായി തന്നെ മരിക്കുന്നില്ല, ഒബാമയായി തന്നെ മരണാനന്തരം തുടരുന്നുമില്ല.
******
തീര്‍ത്തും ശാരീരികമായി തലച്ചോറ് ഉണ്ടാക്കി വളര്‍ത്തിയ വ്യക്തിത്വ ബോധം (individuality) മാത്രമേ ഉള്ളൂ.
തലച്ചോറ് നശിക്കുമ്പോള്‍ കൂടെ നശിക്കുന്ന വ്യക്തിത്വം (individuality) മാത്രം. ജീവിച്ചിരിക്കുന്ന അവസ്ഥ യില്‍ തന്നെ തലച്ചോറിന്റെ തകര്‍ച്ച കാരണം individuality നഷ്ടപ്പെട്ടുപോയ എത്ര പേരെ നമുക്ക് തന്നെ കാണാം...
*****
ചോദ്യം :
ചില ആളുകൾ enlightenmen (തിരിച്ചറിവ്, അല്ലെങ്കിൽ ബോധോദയം ) അനുഭവത്തെ കുറിച്ച് പറയുന്നുണ്ടല്ലോ. അതെന്താണ്?
ഉത്തരം :
പലതും വെറും തലച്ചോറിന്റെ delusions, തോന്നല്‍....
അങ്ങനെ പല തോന്നലുകള്‍ പലർക്കും ഉണ്ടാവും.
എല്ലാവർക്കും ബാധകമല്ലാത്തത് സത്യമല്ല.
വായുവും വെള്ളവും പോലെ സത്യവും എല്ലാവർക്കും ഒരുപോലെ അവരവരുടെ വിതാനമനുസരിച്ച് ബാധകം. ഉറുമ്പിനും ആനയ്ക്കും ഒരുപോലെ ബാധകം. ഒന്നുകില്‍ എല്ലാവർക്കും തിരിച്ചറിവ് (enlightenment, ബോധോദയം) ഒരുപോലെ ബാധകം, സാധ്യമായത്. അല്ലെങ്കിൽ ആര്‍ക്കും തിരിച്ചറിവ് ( enlightenment, ബോധോദയം ) ഒരുപോലെ ബാധകമാവാത്തത് , സാധ്യമാവാത്തത്.
സാമാന്യയുക്തിക്കും സാമാന്യബോധത്തിനും (Common sense ന്) വഴങ്ങുന്നത് സത്യം... എല്ലാവർക്കും ഒരുപോലെ.
അതിനാല്‍ തിരിച്ചറിവ് ( enlightenment, ബോധോദയം) എന്നതുണ്ട്.
ഒന്നുമില്ലെന്ന് തോന്നുകയാണത്. ശൂന്യത തൊട്ടറിയുകയാണത്. നന്മയും തിന്മയും ഇല്ലെന്നറിയുക. ആപേക്ഷികാര്‍ത്ഥത്തില്‍ അല്ലാതെ.
ഒന്നുമില്ലെന്ന് തോന്നുന്നതുമായി ഒത്തുപോകാൻ കഴിയാത്തവന്‍ ബോറടിച്ചു, പേടിച്ചു കുതറി പുറത്ത് ചാടുന്നു. അവന്‍ ബാഹ്യമായതുമായി തന്നെ ബന്ധപ്പെടുത്തി താന്‍ അതാണ് ഇതാണ് എന്ന് തിരിച്ചറിയാന്‍ ശ്രമിക്കുന്നു. അധ്വാനിക്കുന്നു. പലതുമാവുന്നു. അങ്ങനെ പലതുമാണെന്ന് അവന്‍ ധരിക്കുന്നു, തെറ്റിധരിക്കുന്നു.
അല്ലാത്തവന്‍ ഒത്തുപോകുന്നു. ശൂന്യതയുമായി. ശൂന്യതാബോധവുമായി. പൊരുത്തത്തില്‍. ഉള്ള് പൊള്ളയാണെന്ന് അറിഞ്ഞ്, സമ്മതിച്ച് അവനും പലതുമാവുന്നു.
******
വെറും തലച്ചോറിന്റെ തോന്നല്‍. ഒപ്പം ചിലര്‍ക്ക് കുറേ delusions.... അങ്ങനെ പല തോന്നലുകള്‍ പലർക്കും ഇല്ലേ......???
എല്ലാവർക്കും ബാധകമല്ലാത്തത് സത്യമല്ല.
വായുവും വെള്ളവും പോലെ സത്യവും എല്ലാവർക്കും ഒരുപോലെ അവരവരുടെ വിതാനമനുസരിച്ച് ബാധകം. ഉറുമ്പിനും ആനയ്ക്കും ഒരുപോലെ ബാധകം.
സാമാന്യബോധത്തിനും സാമാന്യയുക്തിക്കും (Common sense ന്) വഴങ്ങുന്നത് സത്യം...
*****
ചോദ്യം :
എന്ത് കൊണ്ടാണ് ചിലർക്ക് ജീവിത വിരക്തി, depression, dispassion?
ജീവിതം പൊതുവില്‍ ദുഷ്കരമായ ഒരു അനുഭവം ആണോ ?
ഉത്തരം:
തീര്‍ത്തും തലച്ചോറ് ഉണ്ടാക്കുന്ന രാസപ്രവര്‍ത്തനം. അങ്ങനെയുള്ള പ്രതികരണം. അത്രമാത്രം.
ഒന്നും ഒന്നുമല്ലെന്നറിയുമ്പോള്‍ ഉണ്ടാവുന്ന പ്രതികരണം കൂടി.
ആ പ്രതികരണം എല്ലാവർക്കും അങ്ങനെ തന്നെ, ഒരുപോലെ തന്നെ ആയിക്കൊള്ളണമെന്നല്ല.
ഒരു തരം നിസ്സഹായാവസ്ഥ, പലപ്പോഴും ഒളിച്ചോട്ടം കൂടി..
******
ചോദ്യം :
മൊത്തത്തില്‍ അസ്തിത്വത്തില്‍ ഒരു Intelligences (തികഞ്ഞ ബോധം, ബുദ്ധി) കാണുന്നുണ്ടല്ലോ
സൃഷ്ടിയില്‍ എന്തേലും ഉദ്ദേശം ഉണ്ടോ?
ഉത്തരം :
അതേ ഉണ്ട്. ഉണ്ടാവാം.
ആ ഉള്ളത് മാത്രമേ ഉള്ളൂ.
ഞാനും നീയും ഇല്ല.
അങ്ങനെ ഒന്നുണ്ടെങ്കിൽ അത് മാത്രമേ ഉള്ളൂ. ആ ബോധവും ബുദ്ധിയും മാത്രം.
അത് മാത്രമാണ് ഞാനും നീയും.
അല്ലാതെ തുടരുന്ന, തുടര്‍ച്ചയുള്ളതല്ല ഈ മാറിക്കൊണ്ടിരിക്കുന്ന ഞാനും നീയും.
തുടരുന്ന തുടര്‍ച്ചയായുള്ള ഞാനും നീയും ഇല്ല.
ഉള്ളത് മാത്രം ഉള്ളതായി തുടരുന്നു. അതിനെ എന്ത് പേരിട്ട് വിളിച്ചാലും വിളിച്ചില്ലെങ്കിലും.
******
സൃഷ്ടിയെന്നും അല്ലെന്നും പറയാൻ ആളല്ല.
ഉദ്ദേശം ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെന്ന് പറഞ്ഞാലും ഒരേ ഫലം, ഒരേ അര്‍ത്ഥം.
കാരണം, ഉദേശം ഇല്ലെങ്കില്‍ ഇല്ല. ഇല്ലാത്തതിനെ കുറിച്ച് ചർച്ച ചെയ്യാനില്ല.
ഇനി ഉദ്ദേശം ഉണ്ടെന്ന് വെക്കുക. ഉണ്ടെങ്കിൽ ഉണ്ട്. അതുണ്ടല്ലോ? അത് നടക്കുമല്ലോ?
പിന്നെന്തിനാണ് ഉള്ളതിനെ കുറിച്ചും ഇല്ലാത്തതിനെ കുറിച്ചും വേവലാതി?
പിന്നെന്തിനാണ് അതിനെ കുറിച്ച് ചർച്ച?
ഉണ്ടെങ്കില്‍ ഉള്ളവന്‍ അതിശക്തന്‍.
അവന്റെ ഉദ്ദേശം മാത്രം നടക്കുന്നു.
അത് മാത്രമല്ലേ നടക്കൂ?
അതുകൊണ്ട് കൂടി ഞാനും നീയും ഇല്ല, സ്ഥിരമല്ല, തുടര്‍ച്ചയായുള്ളതല്ല.
എന്റേതും നിന്റേതും എന്ന് പറയുന്ന ഒന്നും ഇല്ല.
എന്നെയും നിന്നെയും ഞാനും നീയും ആക്കുന്ന ഒന്നും, കണ്ണും മൂക്കും ഹൃദയവും ശ്വാസകോശവും തലച്ചോറും ഒന്നും ഞാനും നീയുമല്ല. അവയെ ഞാനും നീയും ഉണ്ടാക്കുന്നില്ല, സംവിധാനക്കുന്നില്ല, നിയന്ത്രിക്കുന്നില്ല.
ആ നിലക്കും ഞാനും നീയും ഇല്ല, ഉള്ളതല്ല.
ഞാനും നീയും ഉദ്ദേശിച്ചാലും ഇല്ലെങ്കിലും താങ്കള്‍ ഉണ്ടെന്ന് പറയുന്ന ബോധവും ബുദ്ധിയും (intelligence) മാത്രം. ഉള്ളത് കൊണ്ട് മാത്രം ഉണ്ട്. അതിന് വഴങ്ങി മാത്രം. ഒരുവിധം ഇല്ലെന്ന് തോന്നുന്നത്ര വഴങ്ങി.
*******
ചോദ്യം :
ആ ഉള്ളത് എന്താണ്?
അതിനെ എങ്ങിനെ അറിയാം?
അതിനെ അനുഭവിക്കാമോ?
അതിന്റെ സ്വാഭാവം എന്ത്?
ഉത്തരം :
'അതാണ്' അതെന്ന് നമ്മൾ പറയുമ്പോൾ നമ്മൾ അകപ്പെട്ട നമ്മുടെ മാനവും മാനദണ്ഡവും വെച്ച് പറയാനും മനസ്സിലാക്കാനും ശ്രമിക്കുന്നതാണ്.
ആ പറച്ചില്‍ നമ്മുടെ മാനത്തിന്റെ പരിമിതികളും വിശേഷണങ്ങളും ഉള്‍ക്കൊള്ളുന്നതാണ്
അങ്ങനെ നാം അതിനെ ചുരുക്കുന്നു. .
യഥാര്‍ത്ഥത്തില്‍ അങ്ങനെ വേണ്ടതുണ്ടോ?
എങ്ങിനെയോ അങ്ങനെ എന്ന് മാത്രം മനസ്സിലാക്കിയാല്‍ പോരെ...?? നാം മനസിലാക്കുന്നത് പോലെയൊന്നും അല്ലാതെ. അല്ലെങ്കിൽ നമ്മെ പോലെയും നാം എല്ലാവരും വ്യത്യസ്തമായി കരുതുന്നത് പോലെയും.
നമ്മുടെ അനുഭവവും അത് പറച്ചിലും നമ്മുടെ മാനത്തിന്റെ പരിമിതിയില്‍ നിന്ന് കൊണ്ടുള്ളതല്ലേ ആവൂ?
നമ്മുടെ മാനത്തിനും മാനദണ്ഡത്തിനും അപ്പുറത്തുള്ളതിനെ നാം എങ്ങിനെ നിര്‍വ്വചിക്കും, എന്ത് വിശേഷണം നല്‍കും?
അങ്ങനെ വരുമ്പോള്‍, ഒരര്‍ത്ഥത്തില്‍ നാം നല്‍കുന്നതും പറയുന്നതും മുഴുവന്‍ തെറ്റാവും.
നമ്മൾ അറിയുന്ന ഭാവങ്ങളും വികാരങ്ങളും വിചാരങ്ങളും ആവശ്യങ്ങളും മാത്രം വെച്ചുള്ളതാവും അത്.
ആ നിലക്കാണ് അന്ധന്‍മാര്‍ ആനയെ നിര്‍വചിക്കുന്നത് പോലെ എല്ലാം തെറ്റാവുന്നത്.
എന്നത് കൊണ്ട് തന്നെ, ശരിയെങ്കിൽ എല്ലാ വ്യത്യസ്തമായതും ഒരുപോലെ ശരി എന്ന് പറയാനും നമ്മൾ നിര്‍ബന്ധിതമാവും.
ഒന്ന് മാത്രം പ്രത്യേകിച്ച് തെറ്റല്ല.
ഒന്ന് മാത്രം പ്രത്യേകിച്ച് ശരിയല്ല.
എന്ന് വ്യക്തമായും പറയാം.
അതുകൊണ്ടാണ് അവസാനവാദവും ഏകസത്യാവാദവും പറയുന്ന, ദൈവത്തെയും സത്യത്തെയും ആ നിലക്ക് ഏതെങ്കിലും കാലത്തിലും ഗ്രന്ഥത്തിലും വ്യക്തിയിലും രൂപത്തിലും ഭാവത്തിലും നിര്‍വ്വചനത്തിലും മാത്രമായി ചുരുക്കുന്ന മതങ്ങളെ ഒരുവിധത്തില്‍ തള്ളേണ്ടി വരുന്നത്.
*******
താങ്കളുടെ ചോദ്യങ്ങള്‍ വളരെ നല്ല ആഴമുള്ള ചോദ്യങ്ങൾ. വളരേ സന്തോഷം, നന്ദി.
നല്ല ചോദ്യങ്ങൾ ഉണ്ടാവുന്നതാണ് നല്ല ഉത്തരങ്ങളെ ഉണ്ടാക്കുന്നത്. ശരിക്ക് പറഞ്ഞാൽ നല്ല ചോദ്യങ്ങള്‍ ചോദിക്കുന്നവനാണ് നല്ല ഗുരു.
No comments:
Post a Comment