മോക്ഷം തലച്ചോറില്‍നിന്ന്.
അറിവ് മോക്ഷത്തെ സഹായിക്കാനല്ല;
ജീവിതത്തെ സഹായിക്കാന്‍.
അറിവ് ഏറെക്കുറെ ജീവിതത്തിനായ്
മനുഷ്യന്‍ ഉണ്ടാക്കിയത്.
********
വെറുതെയെന്നത് ബാക്കിയാവും.
ജീവിതം എന്തെല്ലാം ലക്ഷ്യമുള്ളതെന്ന്
ദൈവം വെച്ചാലും,
ദൈവം സൃഷ്ടിച്ചതും,
ദൈവം തന്നെയും
വെറുംവെറുതെയാവും.
*******
സ്ത്രീക്ക് സമൂഹവും ദൈവവും അവളിൽ.
എവിടെയും പോകാതെ പുണ്യവതിയാവാം.
പുരുഷന് സമൂഹവും ദൈവവും പുറത്ത്.
ചിന്തിക്കണം, അധ്വാനിക്കണം, ഭയക്കണം.
********
വൃഥാവ്യയം, ആഡംബരം.
നിര്‍വചനം തെറ്റും.
രണ്ടിലച്ചെടിക്ക് ഒരിലയും പ്രധാനം.
വൻവൃക്ഷത്തിന്
നൂറായിരം ഇലകൾ
ഒരുമിച്ച് പൊഴിക്കുക നിർബന്ധം.
*******
എല്ലാ നാശത്തിനിടയിലും
വളരുന്ന ചിലരുണ്ട്.
എല്ലാ വളർച്ചക്കിടയിലും
നശിക്കുന്ന ചിലരുണ്ട്.
നാശത്തില്‍ വളർച്ചയും
വളർച്ചയില്‍ നാശവുമുണ്ട്.
******
കടലിന്റെ ചിത്രം വരക്കാം.
കടൽവെള്ളം കപ്പില്‍ എടുക്കാം.
പക്ഷേ നിന്റെ കപ്പിലും ചിത്രത്തിലും
ഉള്ളത് മാത്രമാണ് കടൽ
എന്ന് പറയരുത്.
********
കാരണം ഉള്ളത് വെറുപ്പ്, ഇഷ്ടം.
കാരണമില്ലാതെ, വിപരീതമില്ലാതെ, സ്നേഹം.
സ്നേഹിക്കുന്നത് അവനവനെ മാത്രം.
ബാക്കിയെല്ലാം ഇഷ്ടം, വെറുപ്പ്
*******
ബോധോദയം
ഏതോ കാലത്തുള്ള
ആരുടെയെങ്കിലും മാത്രം
സാധ്യതയല്ല.
എല്ലാ കാലത്തുമുള്ള
എല്ലാവരുടേയും
സാധ്യതയാണ്.
**********
രണ്ടാളും ജയിക്കണമെന്ന് വാശിയായാല്‍
രണ്ടാളും തോല്‍ക്കുന്ന കളി.
അത് ദാമ്പത്യം.
അവിടെ സമനിലയില്ല.
രണ്ടാളും തോറ്റാലെ
രണ്ടാളും ജയിക്കൂ.
********
ഒറ്റക്കെടുത്താൽ അക്ഷരവും
കുത്തും കോമയും അർത്ഥമില്ലാത്തത്.
മുഴുവന്റെയും ഭാഗമായാൽ അവക്കർത്ഥം.
മുഴുവനേയുള്ളൂ. അതിനു വേണ്ട “ഞാനും”.
*********
സ്ത്രീ ശ്രമിക്കാതെ നേടും;
പുരുഷൻ ശ്രമിച്ചു നഷ്ടപ്പെടും.
അതിനാൽ പുരുഷനു കവിയും ചിന്തകനും
അധികാരിയും പ്രവാചകനും ആവേണ്ടിവരും.
No comments:
Post a Comment