Monday, September 16, 2019

വീടിന്റെ രണ്ടാം നിലയുടെ ജനാലച്ചെരുവില്‍ പൂച്ച.

വീടിന്റെ
രണ്ടാം നിലയുടെ
ജനാലച്ചെരുവില്‍
പൂച്ച.
നട്ടപ്പാതിരാക്ക്.
അല്ല പൂച്ചേ,
പേടിയില്ലേ?
രാത്രിയേയോ?
രാത്രി നമുക്ക്
നിങ്ങളുടെ
പകല്‍പോലെ.
അപ്പോൾ ഉറക്കമോ?
ഉറക്കം,
അത്‌ വരുമ്പോഴല്ലേ?
ഉറക്കത്തിനെന്ത്
രാത്രിയും പകലും?
നമുക്ക്‌
രാത്രിയും പകലും
ഉറങ്ങാം.
പൂച്ചേ, ആര്‍ക്കൊക്കെയോ വേണ്ടി
എന്തൊക്കെയോ
ചെയ്യേണ്ടി വരുന്നവന്റെ
കഥയോ?
അവന്‍
ജീവിക്കുകയല്ലല്ലോ?
തൊഴിലെടുക്കുക
മാത്രമല്ലേ? 
അതേ,
പക്ഷേ അങ്ങനെ
തൊഴിലെടുക്കുന്നതിനെ
ജീവിതമാക്കിയവന്ന്
രാത്രി
അങ്ങനെയാവില്ലെന്റെ
പൂച്ചേ.
അതാണ്‌ പറഞ്ഞത്
രാത്രിയും
പകലുമല്ല
ഉറങ്ങുന്നത്.
സമയമല്ല
ഭക്ഷണം
കഴിക്കുന്നത്. 
ഉറങ്ങുന്നത്
ക്ഷീണിക്കുമ്പോഴാണ്.
ഭക്ഷിക്കുന്നത്
വിശക്കുമ്പോഴാണ്. 
ഭൂമി കറങ്ങിയാണ്,
അല്ലാതെ ക്ഷീണിച്ചല്ല,
ഭൂമിക്ക്
ഉറങ്ങാനല്ല,
രാത്രിയും പകലും.
ഭൂമിക്ക്
ഉറങ്ങാനും
ക്ഷീണം മാറ്റാനുമല്ല
രാത്രിയും പകലും. 
അതല്ല പൂച്ചേ,
ഈ പാതിരാവിൽ
ഈ ഇടുങ്ങിയ ചെരുവില്‍
ഇങ്ങിനെ ഇരിക്കുമ്പോള്‍,
താഴേക്കും മുകളിലേക്കും
നോക്കുമ്പോള്‍,
പേടിയില്ലേ?
വീഴുമെന്ന പേടി. 
ഓ, അതൊക്കെ എന്ത്?
നായ പിടിക്കുമെന്ന
പേടിയിയേക്കാള്‍
വലുതല്ല
വീഴുമെന്ന പേടി.
ജീവിതത്തിൽ
വലിയ ധൈര്യം
ഇര പിടിക്കാന്‍.
പിന്നെ,
സ്വയം ഇരയാവാതിരിക്കാന്‍.
ഇരയാവാതിരിക്കാന്‍
കാണിക്കുന്ന
ധൈര്യമാണ്
ഏറ്റവും വലിയ പേടി.
അപ്പോൾ, പുച്ചേ
മേലെയും
താഴെയും?
മേലെ കയറുമെങ്കിൽ
താഴെ ഇറങ്ങും.
ജീവിതം
അങ്ങനെയാണ്‌.
സ്വയമെടുക്കുന്ന
കയറ്റവും ഇറക്കവും.
ജീവിതം
ജീവിതത്തിന്‌ വേണ്ടി
എടുക്കുന്ന,
നടത്തുന്ന
കയറ്റവും ഇറക്കവും. 
അണ്ണാറക്കണ്ണനും
ഉറുമ്പും ഒച്ചും
കുരുവിയും തേനീച്ചയും
തലകീഴായി നിന്നാലും
പേടിക്കുന്നില്ല.
അത്രക്കില്ലെങ്കിലും
പേടിക്കാനെന്തിരിക്കുന്നു?
പറ്റാത്തത് ചെയ്യില്ലല്ലോ?
എന്നാലും, പൂച്ചേ?
എന്നാലും
എന്നതൊന്നും ഇല്ല.
ഞാന്‍ പൂച്ച ചെറുതല്ലേ?
അണ്ണാറക്കണ്ണനും
ഉറുമ്പും ഒച്ചും
കുരുവിയും തേനീച്ചയും
ചെറുതല്ലേ? 
ചെറുതാവുന്ന
തോതിൽ
മാനം വലുതാകും.
സ്വാതന്ത്ര്യം കൂടും. 
മാനം വലുതായാല്‍
അപകടം കുറയും.
അപകടം
കുറയുകയാല്‍
ഭയം
കുറയും. 
പൂച്ചേ
നീ പറഞ്ഞ്‌ വരുന്നത്‌? 
വലുപ്പമാണ്‌
മാനത്തെ ചുരുക്കുന്നത്.
സ്വാതന്ത്ര്യത്തെയും.
വലുപ്പം
മാനത്തെ
കുറക്കുന്നു.
സ്വാതന്ത്ര്യത്തെയും. 
വലുപ്പം
കൂടുംതോറും
മാനം കുറയുന്നു,
സ്വാതന്ത്ര്യവും.
വലുപ്പവും
അതിന്‍ ഭാരവും
അപകടത്തെ
കൂട്ടുന്നു.
അപകടം
ഭയത്തെ കൂട്ടുന്നു.
വലുപ്പമാണ്‌
വേദനയുടെയും
വലുപ്പം.
വലുപ്പമാണ്
അപകടം.
നീ കാണുന്നില്ലേ?
അതുകൊണ്ടാണ്
ചെറുത്
വലുതാവുന്നത്.
അതുകൊണ്ടാണ്
ദൈവം
വലുതായിട്ടും
ചെറുതായി
കാണാതെ
ഇരിക്കുന്നത്.
അതുകൊണ്ടാണ്
ദൈവം
അറിയപ്പെടാതെ
എല്ലാ മാനങ്ങളെയും
ഉടമപ്പെടുത്തി
ഒളിഞ്ഞ്
ഒഴിഞ്ഞിരിക്കുന്നത്.

No comments: