Monday, September 16, 2019

കാണുന്ന ആകാശം ആകാശമല്ല. കാണുന്ന സൗഹൃദം മുഴുവന്‍ സൗഹൃദവുമല്ല. കാഴ്ചമുട്ടിക്കുന്ന തടസ്സങ്ങളാണ്.

കാണുന്ന
ആകാശം
ആകാശമല്ല.
കാണുന്ന
സൗഹൃദം മുഴുവന്‍
സൗഹൃദവുമല്ല.
കാഴ്ചമുട്ടിക്കുന്ന
തടസ്സങ്ങളാണ്.
നുര പോലെ
നിലനില്‍ക്കാത്തത്.
******
നാരങ്ങ
തിന്നുമ്പോളറിയണം.
എന്ത് കണ്ട്
വാങ്ങിയോ,
അത്
കളയുമെന്ന്.
തൊലി
കളയുമെന്ന്.
കണ്ടതും
കാണിക്കുന്നതും
കളയാനുള്ളത്
മാത്രമെന്ന്.
മണവാട്ടിയുടെ
വസ്ത്രവും
അലങ്കാരവും
കളയാന്‍ മാത്രമെന്ന്.
ഭാരം മാത്രമെന്ന്.
സൗഹൃദങ്ങള്‍
അങ്ങനെയുമാണ്.
നെല്ലും പതിരും
ഉണ്ടതില്‍.
പതിരാണ്
ഏറിയ പങ്കും.
പതിരിനാണ്
എഴഴകും. 
പൊങ്ങ് പോലെ
പൊങ്ങച്ചം പോലെ
വീര്‍ത്ത്
പൊങ്ങിയിരിക്കും
പലതും.
ദാഹവും വിശപ്പും
ശമിപ്പിക്കാതെ.
ഉണ്ടെന്ന് തോന്നിപ്പിച്ചു
ഇല്ലാതാവുന്നത്.
വെറും മരീചിക. 
പതിരല്ലാത്ത,
പൊങ്ങും
പൊങ്ങച്ചവുമല്ലാത്ത,
നെല്ല് തന്നെയായ
സൗഹൃദം
കണ്ടാൽ ഉടനെ
മണ്ണിലുപേക്ഷിക്കുക.
മണ്ണതിനെ
കാത്ത്കൊള്ളും.
വളർത്തി
വലുതാക്കും.
മണ്ണ് ജീവിതമാണ്.
ജീവിതം കൊണ്ട്‌
തെളിയുന്ന,
വിളയുന്ന
സൗഹൃദമേ
സൗഹൃദമാകൂ.
ആ നെല്ലിനെ മാത്രം
നീ കച്ചവടത്തില്‍
പങ്കാളിയാക്കാതിരിക്കുക.
കൂട്ടുകച്ചവത്തില്‍
സുഹ്രുത്ത്
ശത്രുവാകുന്ന,
നെല്ല് പതിരാവുന്ന,
രസതന്ത്രമുണ്ട്.
*****
സൗഹൃദങ്ങള്‍
അങ്ങനെയാണ്.
വിത്തുകൾ പോലെ.
ഏത് വിത്ത്
എവിടെ
മുളക്കും
എന്നതൊന്നും
ഉറപ്പിച്ച് പറയാനാവില്ല.
ഒന്നുറപ്പ്.
ഏതെങ്കിലും
ചിലത്
മുളക്കും.
അതിൽ
ഏതെങ്കിലും
ചിലത്
തളിര്‍ക്കും,
വളരും.
അതില്‍
പിന്നെയും
ഏതെങ്കിലും
ചിലത് മാത്രം
പൂക്കും,
കായ്ക്കും,
നിഴല്‍ വിരിക്കും,
കൊമ്പുകള്‍ നീട്ടി
പൂവും പഴവും
പിന്നെ വിറകും
പക്ഷികൾക്ക്
കൂടും നല്‍കും. 
ആ ചിലതാണ്
കാര്യം.
ആ ചിലതിന് വേണ്ടി
പലതിനെയും
സ്വീകരിക്കുക.
പലതുണ്ടായാലെ
ചിലത്
ബാക്കിയാവു.
****
സൗഹൃദങ്ങളില്‍
ചിലത്
ഇത്തിള്‍കണ്ണികള്‍
പോലെയും.
നിന്റെത്
നിനക്ക് തരാതെ
ഭൂജിച്ച്,
നശിപ്പിക്കാന്‍
നിന്നോട്
ചേര്‍ന്നരിക്കുന്നവർ.
സംരക്ഷിക്കുന്നുവെന്ന
വ്യാജേന
പൊതിഞ്ഞ്
നശിപ്പിക്കുന്ന
ചിതലുകളാവും
ചില
സൗഹൃദങ്ങള്‍.
സുഹൃത്തുക്കൾ
മുഴുവന്‍
സുഹൃത്തുക്കളല്ല.
നീ തകരാനും
നിന്നെ തകര്‍ക്കാനും
കാത്ത്നില്‍ക്കുന്ന
അസൂയാലുക്കളാവും
അവരില്‍
മഹാഭൂരിപക്ഷവും.
അവരുടെ
സ്ഥാനത്തിന് വേണ്ടി
നിന്റെ സുഹൃത്തുക്കളാവും
അവർ.
സ്ഥാനം
കിട്ടുമെന്നായാല്‍,
സ്ഥാനം നേടാൻ
നിന്നെ കുരുതി
കൊടുക്കണമെന്നായാല്‍,
ഉപേക്ഷിച്ചും
കുരുതി കൊടുത്തും
സ്ഥാനത്തെ
മുറുകെപ്പിടിക്കും.
അവർക്ക് പ്രധാനം
നിന്റെ പേരില്‍
അവര്‍ക്ക് കിട്ടുന്ന
സ്ഥാനം,
പത്രത്തിൽ
വരാവുന്ന
ഒരു ചിത്രം.
*****
അഞ്ചപ്പം കൊണ്ട്‌
അയ്യായിരം പേരെ
ഊട്ടിയവനും
ഒരു സുഹൃത്തിനെ
കിട്ടിയില്ല.
അയ്യായിരത്തില്‍
ഒരാൾ പോലും
സുഹൃത്തായില്ല.
കുരിശിലേറും വഴിയില്‍
ആരും
കരുത്തും കരുതലും
ആയില്ല.
******
അല്ലേലും
പല സൗഹൃദങ്ങളും
അങ്ങനെയാണ്. 
അവിടവിടെ
കാണുന്ന
വെള്ളമേഘങ്ങളെ
പോലെ.
തണല്‍ വിരിക്കില്ല.
മഴ വര്‍ഷിക്കില്ല. 
കാഴ്ചക്ക് കുറെ.
പരുത്തിക്കൂട് പോലെ.
മഴയായ്
പെയ്യാതെ.
ഇനി പെയ്യുമെങ്കിലോ?
അല്ലേലും
വെള്ളമുള്ളിടത്ത്
മാത്രം പെയ്യും. 
ആവോളം
വെള്ളമുള്ള കടലില്‍.

No comments: