Monday, September 30, 2019

സൗഹൃദം. ഭൂമിയായ നിന്റെ ആകാശം. സുഹ്രുത്ത്. ആകാശത്തില്‍ വെയിലേറ്റ് ഭൂമിയിൽ തണലേകുന്ന മേഘപാളി.

എല്ലാ സൗഹൃദങ്ങള്‍ക്കും സമര്‍പ്പണം.
(മരണവും വേദനയും
വിരഹവും ഒന്നുമല്ല
കരയിക്കേണ്ടത്.
ചിലര്‍
സൗഹൃദങ്ങൾക്ക് വേണ്ടി
നടത്തുന്ന അലച്ചില്‍
കാണുമ്പോഴാണ്
കണ്ണ് കലങ്ങി
കരയേണ്ടത്.
ആ ചിലര്‍
നിരുപാധികം വെച്ച് നീട്ടുന്ന
സൗഹൃദത്തിന്റെ
ആഴവും പരപ്പും
കണ്ട് ഞെട്ടിയാണ്
കരയേണ്ടത്.
അവർ
മരുഭൂമിയില്‍
പൊരിവെയിലില്‍
ജീവന്റെ നനവ്
സൂക്ഷിക്കുന്ന
cactus ചെടിൾ.
അതിജീവനം
എങ്ങിനെയും
സാധ്യമാക്കുന്ന
മണ്ണിലൊളിഞ്ഞ
വിത്തുകൾ.) 
*****
സൗഹൃദം.
ഭൂമിയായ നിന്റെ
ആകാശം.
നിന്റെ ശാഖകള്‍
നീട്ടിപ്പരത്തേണ്ടയിടം. 
നിന്നെ നീയാക്കി
വലുതാക്കുന്ന
നിന്റെ ആകാശം.
നീയെന്ന
ചെറുയാഥാര്‍ത്ഥ്യത്തിന്റെ
വലിയ സാധ്യത.
****
സുഹ്രുത്ത്.
ആകാശത്തില്‍
വെയിലേറ്റ്
ഭൂമിയിൽ
തണലേകുന്ന
മേഘപാളി.
പ്രതീക്ഷയായി.... 
കനത്ത്
കനമില്ലാതെ,
കറുത്ത്
കറുക്കാതെ,
വെളുത്ത്
വെളുക്കാതെ,
കറുപ്പും വെളുപ്പും
ഒന്ന്,
ഒന്നിന് വേണ്ടി,
ഒന്നാവാനെന്ന്
മഴയായറിയിച്ച്,
ഉയരത്തില്‍
താഴ്ചയെ
കാണിച്ച്, 
ഉയരുന്നത്
താഴ്ന്നു വരാൻ
മാത്രമെന്നറിയിക്കുന്ന
ഇരുട്ടിലെ വെളിച്ചം.
വിജനതയിലെ
കാൽപെരുമാറ്റം. 
കൗമാരം ഉരുവിടുന്ന
അനിശ്ചിതത്വത്തില്‍
ധൈര്യമായ്
കടന്ന് വരുന്നത്.
എല്ലാ ദിശകളിലേക്കും
വാതിലുകളുള്ള
സുരക്ഷിത താവളമൊരുക്കാന്‍
കടന്ന് വരുന്നത്.
****
സൗഹൃദം.
വെയിലില്‍
കൊരുത്ത്
മഴയായ്
പൊടിയുന്ന
നനവും കുളിരും. 
നിന്റെ തന്നെ
വിചാരങ്ങളും
വികാരങ്ങളും
വിയര്‍പ്പുകണങ്ങളും
നീരാവിയായ്
പൊങ്ങിയൊരുങ്ങുന്ന
മേഘപാളികള്‍.
സുഹ്രുത്ത്.
****
എന്ത്‌ സൗഹൃദമെന്നും
ചോദ്യമാവും. 
പക്ഷേ, ചിലർ
സൗഹൃദത്തെ
കൊതിക്കുന്നത്
കാണുമ്പോള്‍,
നമ്മളും
കൊതിച്ച് പോകും.
കൊതി കണ്ട്
കൊതിയെ
കൊതിച്ചു പോകും.
ദാഹം പൂണ്ടുപോകും. 
****
ഓര്‍മളെ
സുഹൃത്തുക്കളെന്ന്
പേരിട്ട് വിളിക്കുക. 
ആ വിളിക്ക്
ഉത്തരം നൽകുക.
പതിറ്റാണ്ടുകള്‍ കഴിഞ്ഞും,
ഉറക്കമിളച്ച് ദൂരംതാണ്ടി
കാറ്റ്‌ പോലെ വന്ന്മടങ്ങുക. 
പറയാതെ
ചില കാര്യങ്ങൾ
പറഞ്ഞുവെക്കുക. 
കൊത്താതെ
ചില വെളിച്ചങ്ങൾ
കൊത്തിവെക്കുക.
ചില സാക്ഷ്യങ്ങൾ
തന്നേച്ച് പോവുക.
അങ്ങനെയും
ചിലര്‍...
****
ആ ചിലര്‍,
അവർ പറയും പോലെ,
വെറും പച്ചയായ മനുഷ്യര്‍.
മുന്‍പിലില്ലാതെ
പോകുന്നവർ.
പ്രസക്തരാവാനില്ലാതെ
നിശബ്ദരായിപ്പോകുന്നവർ. 
പിന്നില്‍നിന്ന്,
സൗഹൃദത്തെ മുഴുവന്‍
മുന്നില്‍ നിര്‍ത്തി,
കാത്തുരക്ഷിക്കുന്നവർ 
പച്ചയിലെ
നനവുള്ളര്‍. 
അവകാശവാദമൊന്നുമില്ലാതെ
ഉണങ്ങാതെപോയവര്‍. 
*****
ദൂരം കടന്ന്
ഉറക്കം കളഞ്ഞ്
ഇങ്ങിനെയിവിടെ
വന്ന്കണ്ട്, ആ ചിലര്‍
പറയാതെ പറഞ്ഞ
ചിലത്
വലിയ പാഠങ്ങൾ. 
****
ജീവിതം പോലെ തന്നെ
സൗഹൃദം.
ആകസ്മികമായ്.
കുഞ്ഞായ് തന്നെ
ജനിക്കും.
ഒരു പിടുത്തവും
പരിചയവും
ഇല്ലാതെ. 
വളര്‍ന്ന്
ജീവിക്കുമെന്ന്
ഒരു
നിര്‍ബന്ധവുമില്ലാതെ.
ആണും
പെണ്ണുമായ്. 
പേരെന്തുമായ്.
അനിശ്ചിതത്വത്തിന്റെ
അരക്ഷിതാവസ്ഥയില്‍. 
******
ഭക്ഷണം ഏറെ.
പക്ഷേ,
വിശക്കാത്തവനെന്ത്
ഭക്ഷണം?
ജീവിതം
അധ്വാനമായുണ്ടാവുന്ന
ഭക്ഷണമപ്പോൾ
വേണ്ടാത്തത്. 
വിശക്കുമ്പോള്‍
സ്വപ്നമായ് കണ്ടത്
മുഴുവന്‍
അസ്ഥാനത്ത്. 
അയാളെ പോലെ
ചിലർക്ക് വിശക്കുന്നത്
ഭക്ഷണത്തിനല്ല;
സൗഹൃദങ്ങൾക്ക്
വേണ്ടി മാത്രം. 
ആ വിശപ്പ്, വല്ലാതെ
കഠിനതരവുമായിരിക്കും. 
അതിനാൽ,
സൗഹൃദങ്ങളില്‍,
അവർ എല്ലാം തിന്നും.
മുള്ളുള്ളതും
കയ്പുള്ളതും
എരിവുള്ളതും
മധുരമുള്ളതും
കെട്ടതും
പഴുത്തതും
മൂത്തതും
മൂക്കാത്തതും
എല്ലാം.
എല്ലാവരേയും
എല്ലാറ്റിനെയും
ഒരുപോലെ കണ്ട്. 
അവർക്ക്
പല്ല് പൊട്ടില്ല.
വായ പഴുക്കില്ല.
തൊണ്ട ഞെരിയില്ല.
വയറിളകില്ല.
****
ആ ചിലര്‍
നീട്ടുന്ന സൗഹൃദം
കണ്ണും മൂക്കുമില്ലാതെ
വളരുന്ന വടവൃക്ഷം.
ഏത്
ഉറുമ്പിനും ചിതലിനും
പാമ്പിനും തേളിനും,
കുരുവികള്‍ക്കും
പക്ഷികള്‍ക്കും
ഇത്തിള്‍കണ്ണികള്‍ക്കും
സൗഹൃദം പറഞ്ഞ്‌
അതിലേക്ക് കയറാം. 
****
സൗഹൃദത്തില്‍
വിശപ്പുള്ളവർ
ഏതറ്റം വരെയും
പോകും.
വേര് കീഴെയും
കൊമ്പ്‌ മുകളിലോട്ടും
പോകുന്നത് പോലെ.
സൗഹൃദം
അത്‌ വളരാൻ വേണ്ട
വെള്ളവും വെളിച്ചവും
സ്വയം തേടും, കണ്ടെത്തും. 
****
ചില സൗഹൃദങ്ങൾക്ക്.... 
വിശക്കുന്നത്
ഭക്ഷണത്തിന്
വേണ്ടിയാവില്ല.
ദാഹിക്കുന്നത്
വെള്ളത്തിന്
വേണ്ടിയും
ആയിരിക്കില്ല.
പകരം
പരസ്പ്പരം
ഭക്ഷിക്കാനും
കുടിക്കാനും
മാത്രമായിരിക്കും.
സൗഹൃദം
സൗഹൃദത്തെ തന്നെ
ഭക്ഷിക്കുക,
കുടിക്കുക.
****
എന്തിനു വേണ്ടി
വിശക്കുന്നുവോ,
അതിന്‌ വേണ്ടി
യാത്ര ചെയ്യുക.
അതാണ്
സൗഹൃദത്തിന്റെ
അസ്ഥിവാരം. 
****
അങ്ങിനെയുള്ള ചിലരുടെ
സൗഹൃദത്തിന്റെ വലുപ്പം
അളക്കാനുമാവില്ല. 
കാരണം,
അവർ
സൗഹൃദം കൊണ്ട്‌
ആകെമൊത്തം
മൂടിപ്പുതച്ച്
നിങ്ങളെ
അന്ധരാക്കും.
ശ്വാസംമുട്ടിക്കും.
സുഹൃത്തുക്കളെയവർ
അവരുടെ ഏകപക്ഷീയ
നിശബ്ദ സൗഹൃദം കൊണ്ട്‌
ലഹരിപിടിച്ചവരാക്കും. 
****
സൗഹൃദം
'അങ്ങോട്ടും ഇങ്ങോട്ടുമുള്ള
പാലം'
എന്നതും അവർ
തിരുത്തിക്കുറിക്കും.
അത്‌
നിന്നില്‍ നിന്നും
നിന്റെ സുഹൃത്തിലേക്ക്
മാത്രമുള്ള പാലവും
ആകാമെന്ന്.
തിരിച്ച് നിന്നിലേക്ക്
ആ പാലം
വന്നെത്തണമെന്ന്
നിര്‍ബന്ധമില്ലാതെ.
നിന്നെ
അറിഞ്ഞില്ലെങ്കിലും
നീ അറിയുന്നതാണ്
സൗഹൃദമെന്നും
അവർ തിരുത്തി
വായിച്ചു തരും.
****
സൗഹൃദമെന്ന
കൊമ്പില്‍നിന്ന്
അതേ കൊമ്പ്‌ തന്നെ
മുറിക്കുന്ന
സൗഹൃദവുമുണ്ട്.
അവരെയും ആ ചിലര്‍
താലോലിച്ച് വളര്‍ത്തും.
വകഭേദമില്ലാതെ.
*****
സൗഹൃദം
പുഴയൊഴുകും പോലെ.
എന്തിനെന്ന
സ്വാര്‍ത്ഥത തീണ്ടാതെ.
ഒഴുക്ക് തന്നെയല്ലാത്ത
ചോദ്യമുണരാതെ. 
ആര്‍ക്കും,
മുഖം നോക്കാതെ,
നല്കുക.
നല്‍കുന്നതില്‍ മാത്രം
നിര്‍വൃതി ;
കിട്ടുന്നതിലല്ല. 
ആരെയെങ്കിലും
നനക്കുക,
ഉടുപ്പിക്കുക.
തന്നെ
വൃത്തികെടുത്തുന്നവനും
തന്നില്‍
മുങ്ങിനിവരാം.
വൃത്തിവരുത്താം.
*****
സൗഹൃദം
ജീവിതം പോലെ.
എന്ത് കിട്ടി
എന്നിടത്തല്ല;
എന്തെടുത്തു
എന്നിടത്താണ്.
എങ്ങിനെയെടുത്തു
എന്നിടത്താണ്.
കിട്ടുന്നത്‌
എന്തുമാവാം. 
ചളിയും മണ്ണുമാവാം.
പക്ഷേ
എടുക്കുന്നത്
പൂവും പഴവുമാവാം. 
കിട്ടുന്നത്‌
പൂവും പഴവുമാവാം. 
പക്ഷേ,
ചതച്ചരച്ച് അതിനെ
ചളിയും മണ്ണുമാക്കി
എടുക്കാം.
***
എല്ലാവർക്കും
അവനവന്‍ പ്രധാനം.
അകപ്പെട്ട
ജീവിതത്തിന്റെ
മാനം
പറയുന്നതാണത്. 
മറ്റുള്ളവര്‍
ജീവിച്ചിരുന്നില്ലേലും
പ്രശ്നമല്ല.
ജീവിതത്തിന്
അളവുകോല്‍
താന്‍ മാത്രം. 
പക്ഷേ, സൗഹൃദം
ആ മാനത്തെ
കീറിമുറിച്ച് പൊളിക്കുന്ന
കത്തിയാണ്.
സൗഹൃദത്തില്‍
കാര്യം മറിച്ചാണ്.
തേനീച്ചയുടെ,
ജീവിതം തന്നെയായ,
സിദ്ധാന്തം
പ്രയോഗമാക്കലാണത്.
താന്‍
ജീവിച്ചിരുന്നില്ലേലും;
മറ്റുള്ളവർ ജീവിക്കണം,
അവർ ജീവിച്ചിരിക്കണം
എന്ന് വരിക.
അതാണ്,
അതിലാണ്
സൗഹൃദം.
ഉരുകിത്തീരുന്ന
മെഴുകുതിരിയായ്
ആ സൗഹൃദത്തെ
കണ്ടിട്ടില്ലേല്‍,
അത്‌
കാണാത്തവന്റെ മാത്രം
തെറ്റ്.
****
മാനത്തിനുള്ളില്‍
നിര്‍വ്വചിക്കപ്പെട്ട്
തടവിലാക്കപ്പെടുമ്പോള്‍
നീ നീയാവുന്നു.
മാനത്തെയും
നിര്‍വ്വചനത്തെയും
പൊളിച്ച്
പുറത്ത് വരുമ്പോള്‍,
നീ ഒരു
സുഹൃത്താവുന്നു.
****
സൗഹൃദം
ജനാല തുറന്നിടലാണ്.
പുതിയത്
കടന്ന്‌വരികയും
പഴയത്
കടത്തിവിടലും
വിട്ടുപോവലും. 
താനല്ലാത്തതിനെ
കാണുന്ന,
കാണിക്കുന്ന
വെളിച്ചമാവുകയാണ്
സൗഹൃദം. 
വാങ്ങാനും
കൊടുക്കാനും
കൈ
തുറന്നുപിടിക്കല്‍. 
അടഞ്ഞ മുറിയില്‍
കണ്ണാടിക്ക് മുന്‍പിലിരുന്ന്
തന്നെ മാത്രം
കാണുകയല്ലത്.
*****
പറയാനാവുന്നതും,
ആരോടും
പറയാനാവാത്തതും
പറയാവുന്നിടം.
സൗഹൃദം.
ഏവരും
അകപ്പെട്ട
മാനത്തിന്റെ
ഗതികേടില്‍ നിന്ന്
ശാന്തി തേടി,
പുറത്ത് പോക്കാണ്,
ശ്രമമാണ്
സൗഹൃദം.
*****
സൗഹൃദം
വിത്തിടുന്നത്
പരസ്പരമുള്ള
അപരിചിതത്വത്തില്‍.
അപരിചിതത്ത്വം
ഉണ്ടാക്കുന്ന
കൗതുകത്തില്‍,
അധൈര്യത്തില്‍.
സൗഹൃദം
വിത്തിന് വേണ്ടി
വിണ്ട്‌ കീറുന്ന
മണ്ണ് പോലെ.
വേരിന് കയറാൻ
തന്റെ നെഞ്ചകം
പിളര്‍ന്ന്‌ കൊടുക്കും
മണ്ണ്. 
മുളച്ച് മരമായി
വളര്‍ന്നാലും
തൊട്ടിലിലെന്ന പോലെ
ഭാരം പേറിയും വഹിക്കും
മണ്ണ്.
വേരാഴുന്ന
ഇടങ്ങളിലെ
ഇരുട്ടിനെ
കൊമ്പ്‌ കോരുന്ന
വെളിച്ചം കൊണ്ട്‌
ഊട്ടിയുറക്കും
മണ്ണ്.
സൗഹൃദം
വേരിറക്കുന്നത്
ഓര്‍മകളില്‍.
മണ്ണില്‍. 
അറിഞ്ഞെന്ന് കരുതി
വേരാഴ്ത്തി
ധൈര്യം നേടാന്‍. 
****
മരുഭൂമിയിലൊരു
മരുപ്പച്ചയുണ്ട്.
അതാണ്
അങ്ങനെയാണ്
ചില സൗഹൃദങ്ങൾ. 
അന്വേഷിച്ചു തന്നെ
കണ്ടെത്തണം.
****
ആ മരുപ്പച്ചയില്‍
സുഹൃത്തുക്കൾ
തിരിച്ചറിയണം 
സൗഹൃദത്തില്‍,
സുഹൃത്തുക്കൾ,
പരസ്പരം
അങ്ങോട്ടുമിങ്ങോട്ടും
ഗുരു ശിഷ്യന്‍മാര്‍.
ഗുരുശിഷ്യന്‍മാരവര്‍ക്ക്
പരസ്പരം
ആവാന്‍ പറ്റാത്തത്
ഒന്നുമില്ല.
ഭാര്യയും ഭർത്താവും
അമ്മയും അച്ഛനും
ചേട്ടനും പെങ്ങളും
ഗുരുവും ശിഷ്യനും
ഒക്കെയാവും
അവർ പരസ്പരം.
(കുട്ടിക്കാലം, സ്കൂൾ, കോളേജ്, ലോ കോളേജ്, കൊച്ചിന്‍ യൂണിവേഴ്സിറ്റി, കുവൈത്ത്, ഫേസ്ബുക്ക് എന്നിങ്ങനെയുള്ള മുഴുവന്‍ സൗഹൃദങ്ങള്‍ക്ക്)

No comments: