Saturday, September 21, 2019

മൂന്ന്‌ ആണ്‍പൂച്ചകള്‍. ഒരു പെണ്‍പൂച്ചയെ പിന്തുടരുന്നു. മൂന്ന്‌ കാലഗതി പോലെ.

മൂന്ന്‌ ആണ്‍പൂച്ചകള്‍.
ഒരു പെണ്‍പൂച്ചയെ
പിന്തുടരുന്നു.
മൂന്ന്‌ കാലഗതി പോലെ. 
തെളിച്ച് പറഞ്ഞാൽ
കാമം തന്നെ കാര്യം.
കാമമെന്ന്
വെറുതെ ചുരുക്കിപ്പറയുന്നത്
ആണ്‍പൂച്ചകള്‍ക്ക്
ഇഷ്ടമല്ല.
'ജീവിതത്തെ
ജീവിതമാക്കുന്നത്
കാമം.
"ഏത് തരം കാമവും.
"ശ്വസിക്കുന്നത് പോലും
കാമം.
'കാമിക്കുന്നത് കൊണ്ട്‌
ശ്വസിക്കുന്നു. 
സ്ത്രീ പുരുഷന്മാർ
പരസ്പരം നടത്തുന്നത് മാത്രം
കാമമെന്ന് ധരിക്കേണ്ട"
ആണ്‍പൂച്ചകള്‍ ധ്വനിപ്പിച്ചു. 
കാമമെന്നത്
ജീവിതം
ജീവിതത്തിന്‌ വേണ്ടി
ഉണ്ടാക്കുന്ന
ന്യായം, കാരണം.
പൂച്ചകള്‍ക്കും
അതങ്ങിനെ തന്നെ. 
'കാമത്തിലൂടെയാണ്
ജീവിതം
ശ്രദ്ധയും ശുഷ്കാന്തിയും
ചെലുത്തുന്നത്,
തുടര്‍ച്ച
തേടുന്നതും
നേടുന്നതും..
നീയതിനെ
സ്വാര്‍ത്ഥതയെന്ന്
വിളിച്ചാലും,
പിതൃത്വമെന്നും
മാതൃത്വമെന്നും
വിളിച്ചാലും. 
കാമത്തിലൂടെ തന്നെയാണ്
സ്വാര്‍ത്ഥത
ദീര്‍ഘദൂരത്തില്‍
നിസ്വാര്‍ത്ഥതയാവുന്നതും.
വ്യക്തി
സമൂഹമാവുന്നത്. 
പക്ഷേ, എന്ത് ചെയ്യാം?
അമ്പിനും വില്ലിനും
അടുക്കാതെ
പെണ്‍പൂച്ച.
പെണ്‍പൂച്ചയെ
പറഞ്ഞിട്ടും കാര്യമില്ല. 
പ്രസവിച്ചിട്ട്
ഒരാഴ്ച പോലും
തികഞ്ഞില്ല.
'ഇതെന്താണ്‌ കഥ?
ഇങ്ങനെയും
വെളിവില്ലാതെയോ?' 
എത്രയെല്ലാം
വെറുപ്പും
നിസ്സംഗതയുമുണ്ടെങ്കിലും
അങ്ങനെയൊരു ചോദ്യം,
പക്ഷെ, പെണ്‍പൂച്ചക്കില്ല.
ആണ്‍പൂച്ചകള്‍
അത്‌ ഗൗനിക്കുന്നുമില്ല. 
'കാരണം,
ജീവിതം സമ്മിശ്രമാണ്.'
ജീവിതത്തിന്‌
ശരിയും തെറ്റുമില്ല.
മാനം മാറി
നോക്കിയാല്‍
ശരി തെറ്റും
തെറ്റ് ശരിയുമാവും. 
ജീവിതം,
നിങ്ങൾ എങ്ങിനെ കാണുന്നു,
അങ്ങിനെയാണ്.
എങ്ങിനെ എടുക്കുന്നു
അങ്ങനെയാണ്. 
പെണ്‍പൂച്ച പറഞ്ഞു. 
പക്ഷേ, കാഴ്ചക്കാരനുണ്ടാവും,
ഇതിലുമധികം ചോദിക്കാന്‍.
'ഒന്നും
ചോദിക്കേണ്ട കാര്യമില്ല;
ജീവിതം തന്നെയാണ്
കാര്യം.'
എന്ന് ധ്വനിപ്പിച്ച്
പൂച്ച തുടർന്നു. 
'ഓ... അതിലൊന്നും കാര്യമില്ല.'
അതാണ്‌
ആണ്‍പൂച്ചകളുടെയും
മറുപടി തോന്നിപ്പിക്കുന്ന
ഭാവം. 
'അവൾ പ്രസവിച്ചു
എന്നേയുള്ളൂ.
കുട്ടികൾ ബാക്കിയില്ല.
കുട്ടികൾ ബാക്കിയില്ലേല്‍
പിന്നെന്ത്?
ജീവിതം
അതിന്റെ തുടര്‍ച്ചക്കും
പെരുക്കത്തിനും വേണ്ടത്
ചെയ്യും, ചെയ്യിപ്പിക്കും.'
'ഓഹോ,
അപ്പോള്‍ അതാണ് കാര്യം.'
അതേ,
അത്‌ മാത്രമാണ്‌ കാര്യം.
കുട്ടികൾ ഉണ്ടാവാനുള്ള
വെറും കെണി മാത്രമല്ലേ
കാമം.
അഥവാ, നിങ്ങൾ
പെരുപ്പിച്ച് പറയുന്ന
പ്രണയം. 
'പക്ഷേ,
പെണ്‍പൂച്ചക്ക് കുട്ടികൾ
ബാക്കി ഉണ്ടായിരുന്നുവെങ്കിലോ?'
മറുപടി ഇല്ല.
വെറുമൊരു ചിരി.
ഉത്തരം, വേണമെങ്കിൽ
സങ്കല്പിച്ചെടുക്കാം.
അപ്പോഴും
ആണ്‍പൂച്ചകള്‍
ഗൗരവത്തിലാണ്‌.
ഉള്ളു പൊള്ളയായി
ഗൗരവത്തിലിരിക്കുക,
ധൃതി അഭിനയിക്കുക
പുരുഷപ്രകൃതം.
പൊള്ളയായ
ഉള്ള് മറക്കാന്‍
അവന്
അധികാരം വേണം.
അധികാരം ചെലുത്തണം.
കവിതയും ചിന്തയും
സന്യാസവും ഭക്തിയും
മദ്യവും തൊഴിലും വേണം.
ശബ്ദകോലാഹലം
ഉണ്ടാക്കണം. 
ജീവിതം
ജീവിതത്തിന്‌ വേണ്ടി
എടുക്കുന്ന,
കാണിക്കുന്ന
ഗൌരവം. 
ചോദിച്ചവന്റെ
ഗൗരവമുള്ള
അതേ ചിരിയോടെ
ആണ്‍പൂച്ചകള്‍. 
'എന്നാലും?'
'ഒരു 'എന്നാലും' ഇല്ല.' 
ഇതിങ്ങനെയാണ്
പുരുഷധര്‍മത്തില്‍'
'പുരുഷധര്‍മത്തില്‍
ഇങ്ങനെയാണെന്നോ?' 
'അതേ.
പുരുഷനെ
പ്രകൃതിയവൾ
കുടുക്കിയ ധര്‍മ്മത്തില്‍
അതങ്ങനെയാണ്.' 
'എന്ന് വെച്ചാല്‍?' 
'വെറും വിത്ത് കാളയാവുക.
വിത്ത് വിതരണം
നടത്തുന്നതും ഉറപ്പാക്കുന്നതും
ധര്‍മം, കര്‍മ്മം.'
വിത്ത്
നേടാനും തേടാനും
കാട്ടുന്ന
പാരവശ്യം പ്രണയം. 
'വിത്തുവിതരണം
എന്നൊക്കെ ഇതിനെ
പറയാമോ?
'അതേ,
അത്രക്കെയുള്ളൂ.
അത്ര മാത്രം. 
തുമ്പത്ത്
തള്ളി നില്‍ക്കുന്ന,
ഏതിളം കാറ്റിലും
ഉലഞ്ഞ് വീഴുമാറുള്ള,
പുരുഷ പ്രണയവും വികാരവും
അത്രക്കെ ഉള്ളൂ.
അതിന്റെ
ആഴവും പരപ്പുമതും
അത്രക്കെ ഉള്ളൂ.'
'പ്രസവിച്ച്
ഒരാഴ്‌ച പോലും
തികഞ്ഞിട്ടില്ലാത്ത
പെണ്‍പൂച്ചയിലോ
വിത്ത് വിതരണം?'
'വല്ലാത്തത് തന്നെ
നിങ്ങളുടെ യുക്തി.'
വിത്ത് വിതരണത്തിന്
യുക്തിയില്ല.
കാഴ്ചയുമില്ല.
'പ്രസവിച്ച്
ഒരാഴ്‌ച പോലും
തികഞ്ഞില്ലെന്ന
നോട്ടവും ഇല്ല.
വിത്ത് അങ്ങിനെയങ്ങ്
വിതരണം ചെയ്യും.
മുളക്കുമോ
തളിര്‍ക്കുമോ
എന്നൊന്നും ആലോചനയില്ല.
യുക്തി ഇല്ലെന്ന,
വേണ്ടെന്ന യുക്തിയും
നമ്മുടെതല്ല;
ജീവിതത്തിന്റെ
മൊത്തമാണ്. 
'അങ്ങനെ തന്നെ
പറയണം.
വിത്ത് വിതരണം
അന്ധമാണ് എന്ന് തന്നെ
പറയണം.
വിത്ത് വഹിച്ച്
കാഴ്ച നഷ്ടപ്പെട്ട
പുരുഷന് വേറെന്ത്
പറയാനും
ചെയ്യാനും പറ്റും?
അവന്‍, പുരുഷൻ,
നിസ്സഹായന്‍.
ജീവിതം
സ്ത്രീയുടെ കൈയിൽ
നല്‍കിയ ഉപകരണം.'
'പ്രസവിച്ച്
ഒരാഴ്ച പോലും
തികയാത്ത
പെണ്‍പൂച്ചയിലോ
വിത്ത്
വീണ്ടും വിതരണം
ചെയ്യുന്നത്?'
അതൊരസംബന്ധമല്ലേ?'
'അസംബന്ധമെന്നത്
ജീവിതത്തിനും
ജീവിതത്തിലും ഇല്ല.
പ്രകൃതിയില്‍ ഇല്ല.
മുഴുത്വത്തില്‍ ഇല്ല.
എല്ലാം എല്ലായ്പ്പോഴും
സംബന്ധം മാത്രം. 
'അല്ലേല്‍,
എല്ലാം ഒരുപോലെ
അസംബന്ധം മാത്രം.'
'പ്രളയവും ഭൂകമ്പവും
കൊടുങ്കാറ്റും ആര്‍ത്തവവും
പൂവിരിയുന്നതും അരുംകൊലയും
എല്ലാം ഒരുപോലെ
സംബന്ധമായത്,
സംഗതമായത്.
അസംബന്ധമായത്,
അസംഗതമായത്. 
'നിങ്ങൾ മനുഷ്യര്‍
ഒന്നറിയണം.
പൂച്ചകള്‍ക്ക്
സ്വയംഭോഗം എന്നതില്ല.'
ഓ... സ്വയംഭോഗം.... 
അത്‌ നിഷേധത്തിന്റെയും
നിഷേധിക്കപ്പെടുന്നതിന്റെയും
കഥ.
വഴി തിരിച്ചുവിടല്‍.
'പൂച്ചകള്‍ക്ക് സ്വയംഭോഗം
സാധിക്കാത്തത് കൊണ്ട്‌
എന്ത്?
' ഒന്നുമില്ല.
കാമം ഉണ്ടാക്കുന്ന
ഈ പരാക്രമം ഒഴിവാക്കാന്‍
പൂച്ചകള്‍ക്ക്
മറ്റൊരു പോംവഴി
ഇല്ലെന്ന് മാത്രം.
നിങ്ങൾ മനുഷ്യര്‍ക്കുള്ള
പോംവഴി,
സ്വയംഭോഗം. 
ആ പോംവഴിയുടെ
അര്‍ഥവും ആഴവും
തന്നെയേ
സ്ത്രീയില്‍ സംഗമിച്ചുള്ള
ലൈംഗീകതക്കുമുള്ളൂ. 
അത് കൊണ്ട്‌ കൂടിയാണ്‌
ഇങ്ങനെയും, സ്ത്രീയെ,
സമയവും കാലവും
നോക്കാതെ
സമീപിക്കേണ്ടി യും
പ്രാപിക്കേണ്ടിയും വരുന്നത്.
'എന്ന് വെച്ചാല്‍
സ്വയംഭോഗം മതി
എന്നാണോ? 
വിത്ത് വിതരണം
വേണമെന്നില്ലെങ്കില്‍,
സ്വയംഭോഗം ചെയ്താലുള്ളത്
തന്നെയേ
പുരുഷന് സ്ത്രീയുമായി
രമിക്കുന്നതിലുമുള്ളൂ.
പോരാത്തതിന്
സ്വയംഭോഗത്തില്‍
മനുഷ്യന്
ഉത്തരവാദിത്തമില്ല.
അത്രയ്ക്ക്
അങ്ങനെയേയുള്ളൂ
സ്ത്രീയില്‍ സംഗമിച്ചുള്ള
രതിയും. 
നമ്മൾ പൂച്ചകളില്‍
പുരുഷൻമാർക്ക്
ലൈംഗീകത
ഉത്തരവാദിത്തം
നല്‍കുന്നില്ല.
ഉത്തരവാദിത്വം
ഏറ്റെടുക്കാന്‍ മാത്രമില്ല
പുരുഷലൈംഗീകതയും
പുരുഷവികാരവും.
'അപ്പോൾ പിന്നെ
വിത്ത് വിതരണവും
പുരുഷധര്‍മ്മവും
എന്ന് പറയുന്നത്‌?' 
'അതേ,
വിത്ത് വിതരണം തന്നെ.
പിന്നെ പുരുഷധര്‍മ്മവും തന്നെ.
വഴിതിരിച്ചെടുത്താലും
വഴിയേ തന്നെ പോയാലും.'
ജീവിതത്തിന്‌
ഒരൊറ്റ വഴിയേ ഉള്ളൂ.
ജീവിതത്തിന്റെ മാത്രം വഴി. 
'ആ വഴിയില്‍ മഹാഭൂരിഭാഗവും
വൃഥാവിലാവുമെന്ന്
തോന്നും.
അനാവശ്യമാകുന്നു
എന്ന് തോന്നും.' 
'പുരുഷധര്‍മ്മവും
വിത്ത് വിതരണവും
അനാവശ്യവും വൃഥാവിലും
ആകുമെന്നോ?' 
'അതേ,
സംശയിക്കേണ്ട.
കുറെ അനാവശ്യങ്ങളിലൂടെ മാത്രമേ
ഒരാവശ്യം
കണ്ടെത്താനാവു,
നടത്താനാവു.'
'മഹാഭൂരിഭാഗം
പുരുഷധര്‍മ്മവും
വിത്ത് വിതരണവും
അനാവശ്യത്തിലും
വൃഥാവിലും തന്നെ.
'അത് പുരുഷന്റെ
യോഗമാണ്.
വൃഥാവിലാവുന്നത് കൊണ്ട്‌
എത്രയുമെത്രയും
വിത്ത് വിതരണം
നടത്തേണ്ട യോഗം.
എത്രയുമെത്രയും
വ്യത്യസ്ത തേടി
കാമിക്കേണ്ടി വരുന്ന
യോഗം.
ഏത് വിധേനയും
ജീവിതം ജീവിതത്തെ
ഉറപ്പിക്കുന്ന
തുടര്‍ത്തുന്ന യോഗം.
പുരുഷവികാരം
ഉപരിതലപരം മാത്രമായതും
അതിനാലാണ്.
പെട്ടെന്ന് തിളച്ചു
പെട്ടെന്ന് തണുക്കുന്നത്. 
ഒന്നറിയണം,
പുരുഷന്റെയത്രയില്ലെങ്കിലും,
മനുഷ്യസ്ത്രീകള്‍ക്ക്
ആവര്‍ത്തിച്ചുവന്നു
വൃഥാവിലാവുന്ന
ആര്‍ത്തവവും
കാണിച്ചുതരുന്നത്
അതേ വഴി.
വെറും നിസ്സഹായത.
വൃഥാവിലാവുന്ന കെണി.
ബാധ്യതകള്‍
ഏറ്റെടുക്കേണ്ടി വരുന്ന
ജീവിതം. 
പോരടിക്കേണ്ടി വരുന്ന
നിസ്സഹായത.'
'അങ്ങിനെയെങ്കിൽ
പുരുഷനും പുരുഷധര്‍മ്മവും
ഏറെക്കുറെ അസംബന്ധം,
അല്ലേ?' 
'ഒറ്റക്കാഴ്ചയില്‍
അങ്ങനെ.
ഒറ്റക്കാഴ്ചയില്‍
അങ്ങനെ പറഞ്ഞ്‌പോകും.
ആ നിലക്ക്
ജീവിതം തന്നെയും
അസംബന്ധമെന്നും
പറഞ്ഞുപോകും. 
'പക്ഷേ,
ഒന്നും അസംബന്ധമല്ല.
ജീവിതത്തിന് ജീവിതം
അസംബന്ധമല്ല.
ദൈവത്തിന് ദൈവം
അസംബന്ധമല്ല.
'നീ' 'ഞാന്‍'
ബോധമുള്ളവര്‍ക്ക്
അസംബന്ധമെന്ന് തന്നെ
തോന്നാമെങ്കിലും.
ജീവിതം
'ഞാന്‍' 'നീ'
ബോധത്തിനുമപ്പുറം 
'ഒരസംബന്ധവും അനാവശ്യവും
ജീവിതത്തിൽ ഇല്ല.' 
'അതെങ്ങിനെ ഇല്ലാതാവും?' 
'മാവ് പൂക്കുന്നത്
കാണാറുണ്ടോ?' 
'അതേ.
കാണാറുണ്ട്.'
' എങ്കിൽ,
അങ്ങിനെ മാവിൽ
പൂത്തത് മുഴുവന്‍
കായ്ക്കുന്നത്
കാണാറുണ്ടോ?
ഇല്ല.
പത്തില്‍ ഒന്ന് പോലും
കായ്ക്കുന്നത്
കാണാറില്ല. 
അതേ,
അത് പോലെയാണ്
വിത്ത് വിതരണം,
പുരുഷധര്‍മം.
ജീവിതം. 
ഇനി പോട്ടെ.
ഏതെങ്കിലും മാവില്‍
കായ്ച്ചത് മുഴുവന്‍
മൂക്കുന്നത്
കാണാറുണ്ടോ?
ഇല്ല.
പത്തില്‍ ഒന്ന്പോലും
മൂക്കുന്നത്
കാണാറില്ല.
അതേ,
അത്‌ പോലെയാണ്
വിത്ത് വിതരണം,
പുരുഷധര്‍മ്മം.
ജീവിതം. 
അതും പോട്ടെ,
ഏതെങ്കിലും മാവില്‍
മൂത്തത് മുഴുവന്‍
പഴുക്കുന്നത്
കാണാറുണ്ടോ?
ഇല്ല.
പത്തില്‍ ഒന്ന് പോലും
പഴുക്കുന്നത്
കാണാറില്ല.
അതേ,
അത് പോലെയാണ്
വിത്ത് വിതരണം,
പുരുഷധര്‍മ്മം.
ജീവിതം 
അതും പോട്ടെ,
ആ മാവില്‍
പഴുത്തത് മുഴുവന്‍
വീണ്ടും വിത്താവുന്നത്
കാണാറുണ്ടോ?
ഇല്ല.
പത്തില്‍ ഒന്ന് പോലും
വിത്തായി മാറുന്നത്
കാണാറില്ല.
അതേ,
അത് പോലെയാണ്
വിത്ത് വിതരണം,
പുരുഷധര്‍മ്മം.
ജീവിതം
അതും പോട്ടെ.
വിത്തായി
മണ്ണില്‍ വീണത് മുഴുവന്‍
മുളച്ച് തളിര്‍ക്കുന്നത്
കാണാറുണ്ടോ?
ഇല്ല.
പത്തില്‍ ഒന്ന് പോലും
മുളച്ച് തളിര്‍ക്കുന്നത്
കാണാറില്ല.
അതേ,
അത് പോലെയാണ്
വിത്ത് വിതരണം,
പുരുഷധര്‍മ്മം.
ജീവിതം. 
പുരുഷധര്‍മം
ശ്രമിക്കുന്നതിന്റെതാണ്.
ജീവിതം തന്നെ
ശ്രമിച്ച്
ക്ഷീണിക്കുന്നതിന്റെതാണ്.
ജീവിതം ക്ഷീണിച്ച്
വിശ്രമിക്കുന്നതിന്റെതാണ്.
ജീവിതം
വിശ്രമിച്ച് മതിയാകുമ്പോൾ,
വിശ്രമത്തില്‍ കണ്ടെത്തിയ
ഊര്‍ജം വെച്ച്
വീണ്ടും ശ്രമിച്ചുപോകുന്നതിന്റെതാണ്.
അങ്ങനെ വളരുന്നതിന്റെതാണ്
ജീവിതം
വളര്‍ന്ന് തളരുകയും
തളര്‍ന്ന് വളരുകയും
ചെയ്യുന്നതിന്റെതാണ്. 
ജീവിതം
പൂര്‍ണത തേടി
അപൂര്‍ണ്ണത
നേടുന്നതിന്റെതാണ്. 
ജീവിതം
അപൂര്‍ണതയില്‍ നിന്നും
അപൂര്‍ണതയിലേക്കുള്ള
ഇളക്കം മാത്രമാണ്.
ജീവിതം
പൂര്‍ണത എപ്പോഴും
തേട്ടമാകുന്നതിന്റെയും
അപൂര്‍ണത മാത്രം
നേട്ടമാകുന്നതിന്റേതുമാണ്.

No comments: