Monday, September 16, 2019

കൂണുകള്‍, പൂപ്പലുകള്‍. ജീവിതത്തിന്റെയും ജീവിത സാധ്യതകളുടെയും അപ്പോസ്തലന്‍മാര്‍.

കൂണുകള്‍,
പൂപ്പലുകള്‍.
ജീവിതത്തിന്റെയും
ജീവിത സാധ്യതകളുടെയും
അപ്പോസ്തലന്‍മാര്‍.
അവരോട് ചോദിക്കണം. 
'എവിടെയെല്ലാം
ജീവിതം
കണ്ടെത്തുന്നു
നിങ്ങൾ?' 
'നമ്മൾ കാണുന്നതല്ല;
നിങ്ങൾ കാണാത്തതാണ്.'
'മച്ചിലും മണ്ണിലും
വാതില്‍പഴുതിലും
പിന്നെവിടെയും
നമ്മൾ
ജീവിതവും
ജീവിതസാധ്യതയും
കാണുന്നു.'
'അങ്ങ് സൂര്യനിലും,
പിന്നെ നിങ്ങൾ
ശൂന്യാകാശമെന്ന്
വിളിക്കുന്നിടത്തും വരെ,
ജീവനും ജീവിതവും
ജീവിതസാധ്യതയും
കാണുന്നു.'
പ്രാപഞ്ചികതയെ തന്നെയും
ജീവിതം മാത്രമായ്
കാണുന്നു. 
മനുഷ്യനെന്തേ
അങ്ങനെ സാധിക്കാത്തത്? 
'അവന്റെ മാനവും
മാനദണ്ഡങ്ങളും
അങ്ങനെയുള്ളത്.
എല്ലാറ്റിലും
എല്ലായിടത്തും
ജീവനും
ജീവിതവുമില്ലെന്ന്
പറയുന്ന,
പറയിക്കുന്ന
മാനം,
മാനദണ്ഡം,
അവന്റേത്. 
അവനുള്ളിടത്തല്ലാതെ,
വെള്ളവും വായുവും
ഉള്ളിടത്തല്ലാതെ,
ജീവിതമില്ലെന്ന്
പറയുന്ന,
പറയിക്കുന്ന
മാനം,
മാനദണ്ഡം,
അവന്റേത്. 
ജീവന്റെയും
ജീവിതത്തിന്റെയും
മാനവും
മാനദണ്ഡവും
അവന്‍ നിശ്ചയിച്ചത്
മാത്രമെന്ന്
അവനെക്കൊണ്ട് 
കരുതിപ്പിക്കുന്ന
പറയുന്ന,
പറയിക്കുന്ന
മാനം,
മാനദണ്ഡം
അവന്റേത്. 
എന്നുവെച്ചാല്‍?
അഗ്നിയിലും,
അവന്‍ കരുതുന്ന
ശൂന്യതയിലും,
ജീവിതമില്ലെന്ന്
അവനെക്കൊണ്ട്
അവന്റെ മാനവും
മാനദണ്ഡവും
പറയിക്കുന്നു.'
അത്രയ്ക്കങ്ങനെയോ?
അവിടം വരേയും
ജീവിതമോ?
'അതേ,
അത്രയ്ക്ക് തന്നെ
അവിടം വരെ തന്നെ. .
മനുഷ്യന്‍
ദൈവത്തില്‍
വിശ്വസിക്കുന്നു.
പക്ഷേ,
ജീവിതത്തില്‍
വിശ്വസിക്കുന്നില്ല. 
കല്ലിലും മുള്ളിലലും
തൂണിലും തുരുമ്പിലും
ദൈവമുണ്ടെന്നും
മനുഷ്യന്‍
വിശ്വസിക്കുന്നു.
പക്ഷേ,
അവനറിയുന്നില്ല
ആ ദൈവം തന്നെയാണ്
ജീവിതമെന്ന്.
ജീവിതം തന്നെയാണ്
ആ ദൈവമെന്ന്. 
'അവനറിയില്ല,
ദൈവമുള്ളിടത്ത്
ജീവിതവുമുണ്ടെന്ന്. 
അവനറിയില്ല,
ജീവിതമുള്ളിടത്ത്
ദൈവവുമുണ്ടെന്ന്.
ജീവിതം
ഉള്ളിടത്ത് മാത്രം
ദൈവം.
ദൈവം
ഉള്ളിടത്ത് മാത്രം
ജീവിതം. 
എന്ന് പറയുമ്പോൾ? 
'അങ്ങ്
ആകാശത്തു,
ശൂന്യതയെന്ന്
മനുഷ്യന്‍
പേരിട്ട്
വിളിക്കുന്നിടത്തും,
സൂര്യനക്ഷത്രാതി
മണ്ഡലങ്ങളിലും,
ജീവിതമുണ്ടെന്ന്. 
മാനം മാറി,
മാനദണ്ഡം മാറി.
അവനായും
അവനല്ലാതെയും.
ജീവിതം
മനുഷ്യന്‍
കണ്ടത്‌ പോലെയും
അങ്ങനെയല്ലാതെയും.

No comments: