Monday, September 16, 2019

മീന്‍കാരന്റെ പിന്നാലെ പോയി ഈയുള്ളവനെക്കൊണ്ട് എഴുതിപ്പിച്ചത്.

മീന്‍കാരന്റെ
പിന്നാലെ പോയി,
ഒരു നാളിലേക്ക് വേണ്ട
മീന്‍ നേടും വഴിയില്‍
ഈയുള്ളവനെ
മറന്നുവിട്ടു പോയ
സുഹൃത്താണ്
ഇതിങ്ങനെ
ഈയുള്ളവനെക്കൊണ്ട്
എഴുതിപ്പിച്ചത്.
അയാളെങ്കിലുമറിയട്ടെ
വിത്തിന് മുള
എങ്ങിനെയും
പൊട്ടുമെന്ന്.
ദിവ്യബോധനം
അയാളും നല്‍കുമെന്ന്.
അയാളിലൂടെയും
നല്‍കപ്പെടേണ്ടത്
നല്‍കപ്പെടുന്നുവെന്ന്. 
മീന്‍കാരന്‍
മീനും കൊണ്ട്‌ നടക്കുന്ന
നാടിന്റെ
രക്തധമനി.
കണ്ണും കാതും.
കൊടുത്തും വാങ്ങിയും.
കേട്ടും പറഞ്ഞും.
അറിഞ്ഞും പറഞ്ഞും.
അലറിവിളിച്ച്
അറിയിക്കുന്നവന്‍. 
അറിഞ്ഞത് കൊണ്ട്‌
നിരായുധനായിപ്പോയവന്‍.
തന്നില്‍ നിറഞ്ഞതിന്റെ
ആനന്ദത്തില്‍
വെളിവ് നഷ്ടപ്പെട്ട,
ധൈര്യം മാത്രം
കൈമുതലായ,
പ്രവാചകന്‍. 
ഒഴുകുക മാത്രം,
ഒഴുക്കിവിടുക
മാത്രമറിയുന്ന
അരുവി.
വെറും നിസ്സഹായത
ആയുധമാക്കിയവന്‍. 
ഒന്നും
പിടിച്ച്നിര്‍ത്താനറിയാതെ.
സ്നാനപക യോഹന്നാനെ പോലെ.
തല പറിച്ച്
മുടി പറിച്ച്
വിളിച്ച് പറയുന്നവന്‍. 
ഒരു മീന്‍കാരന്‍ വരെ
പ്രപഞ്ചതാളം
മാറ്റിക്കളയും.
എന്നല്ല,
മീന്‍കാരനിൽ വരെ
നിറഞ്ഞ് നില്‍ക്കുന്നതും
ഒഴുകുന്നതും
വെറും പ്രപഞ്ചതാളം.
ദൈവിക ബോധം,
ദൈവിക ബോധനം. 
പ്രാപഞ്ചികതയിലെ
കൊടുക്കല്‍ വാങ്ങല്‍.
ചലനം ഉണ്ടാക്കുന്ന
കൊടുക്കല്‍ വാങ്ങല്‍.
കൊടുക്കല്‍ വാങ്ങല്‍
ഉണ്ടാക്കുന്ന ചലനം.
മീന്‍കാരന്റെ ചലനം.
മീന്‍കാരന്റെ
ഒച്ചയുണ്ടാക്കിയുള്ള
ചലനം.
ആദിമശബ്ദം
ഉണ്ടാക്കിയ
അതേ ശബ്ദം.
അതേ ഒച്ച.
ഓം.

No comments: