Monday, September 16, 2019

കാണാത്തതിനെയാണ് നീ ആകാശമെന്ന് വിളിക്കുന്നത്.

'ആകാശത്തെ
ആരും കാണുന്നില്ല.
ആര്‍ക്കും
ആകാശത്തെ
കാണാനാവില്ല. 
'കാണാത്തതിനെയാണ്
നീ
ആകാശമെന്ന്
വിളിക്കുന്നത്.
'ആകാശം
നിന്റെ
മനോഗതമാണ്,
സങ്കല്‍പമാണ്.
വിശ്വാസമാണ്.'
മണല്‍തരി
പറഞ്ഞതങ്ങനെയാണ്‌. 
മണല്‍തരിയില്‍
പ്രപഞ്ചവും
മണല്‍തരിയെ
പ്രപഞ്ചമായും
കാണാം.
"പക്ഷേ നീ
അങ്ങനെ
കാണരുത്." 
മണല്‍തരി
അരുളി. 
'അതെന്തേ?'
'നീ
വളരെ
ചെറുതായിപ്പോകും.'
'നീ
ചെറുതാവുമ്പോൾ
വലുതാവുന്നതാണ്
മണല്‍തരിയും
കൈത്തണ്ടയും.
'പ്രപഞ്ചത്തോളം.
'പിന്നെ
പ്രപഞ്ചത്തെക്കാളും. 
'വളരേ അടുത്ത് നിന്ന്
നീ
മണല്‍തരികൊണ്ടും
കൈത്തണ്ടകൊണ്ടും
അന്ധത
പൂകുന്നതാണത്.
'ആ നിലക്ക്
നിന്റെ
വെറും കൈത്തണ്ട
മതിയാവും
പ്രപഞ്ചത്തെ
അളന്നു തീര്‍ക്കാന്‍.' 
'പിന്നെന്ത് ചെയ്യണം?'
മണല്‍തരിയോട്
ഈയുള്ളവനൊന്നുരഞ്ഞു. 
'അടുത്തടുത്ത് നിന്ന്
ഒന്നും
കാണാതാവുന്നതിന്
പകരം,
'അകന്നകന്ന്
നീ
പ്രപഞ്ചത്തെ
മണല്‍തരിയായി
കാണണം.' 
മണല്‍തരി
അങ്ങനെ
പറഞ്ഞപ്പോള്‍
ഒരു രസം,
കൗതുകം.
മണല്‍തരി
തുടർന്നു.
'അപ്പോൾ
നീ
വലുതാകും.
'പ്രപഞ്ചത്തെക്കാൾ.
ദൈവത്തോളം.
'അങ്ങനെ
വലുതായ നീ
ആരും
കാണാത്തത്ര
ചെറുതുമാവും.
' ശ്രദ്ധയും
അംഗീകാരവും
ശുശ്രൂഷയും
വേണ്ടാത്ത
വിധം.
'ഏറ്റവും
വലുതായിട്ടും
ആരും
കാണാതെ
ആരും
അറിയാതെ
ഇരിക്കുന്ന
ദൈവത്തെ
പോലെതന്നെ.

No comments: