Monday, September 16, 2019

ഓശാരം മാത്രം ശീലിച്ചു ജീവിച്ചവരും ജീവിക്കുന്നവരും അങ്ങനെയാണ്‌.

ഓശാരം മാത്രം
ശീലിച്ചു ജീവിച്ചവരും
ജീവിക്കുന്നവരും
അങ്ങനെയാണ്‌.
പുരോഹിതന്‍മാരെ പോലെ.
ഗുണങ്ങളെ മാത്രം,
സഗുണഭാവമുള്ള
ദൈവങ്ങളെ മാത്രം,
പൂജിക്കുന്നവര്‍.
സ്വാര്‍ത്ഥമായ്. 
ഓശാരം കിട്ടൂമെങ്കിൽ
ഓശാരം കിട്ടുമെന്ന
പ്രതീക്ഷയുണ്ടെങ്കിൽ,
നിഴല്‍പോലെ
ആ ഇടങ്ങളില്‍ മുഴുവന്‍
അവര്‍ തലകുനിക്കും,
ഓശാനപാടും.
ഓശാരം നല്‍കുന്നവരുടെ
കൂടെയും പിറകെയും
എപ്പോഴും ഉണ്ടാവുമവർ.
എല്ലാവരും
ഓശാരം നേടിത്തന്നെയെന്ന്
വരുത്തിത്തീർക്കാൻ
ശ്രമിക്കുമവർ.
കുറ്റബോധത്തിന്
വസ്ത്രമിടാന്‍. 
ഒരുതരം
വാല്‍മുറിഞ്ഞ കുറുക്കന്റെ
അതേ തന്ത്രം. 
നൂറായിരം പേരെ
ഒരുമിച്ച് ദൈവമാക്കിയ
ബഹുദൈവ വിശ്വാസികള്‍
അവരാണ്.
എല്ലായിടത്തും
തലവെച്ച്,
തലകുനിച്ച്,
ഓശാനപാടി
കപടരായി മുറിഞ്ഞ്
തറഞ്ഞുപോകുന്നവര്‍. 
നൂറായിരം
ന്യായീകരണങ്ങളുടെയും
കുറ്റബോധങ്ങളുടെയും
തടവറയില്‍
അകപ്പെട്ടവര്‍. 
ഓശാരം കിട്ടുന്നത്ര,
ഓശാരം പ്രതീക്ഷിക്കുന്ന
കാലത്തോളം,
അവര്‍ ഓച്ഛാനിക്കും,
മര്യാദ കാണിക്കും.
ഓശാരം കിട്ടില്ലെന്നായാല്‍,
അവരുടെ മര്യാദ നഷ്ടപ്പെടും.
കാറ്റ്‌ പോയ ബലൂണ്‍ പോലെ
പെരുമാറുമവര്‍.
പൂവ് പോയ
മുള്ള് മാത്രമാവുമവര്‍. 
പിന്നെ തിരിഞ്ഞു നോക്കില്ല.
കുത്തി നോവിക്കാനല്ലാതെ.
അസൂയയെ മാത്രം
കൈമുതലാക്കി. 
ഏറിയാലവർ
ഓര്‍മ നഷ്ടപ്പെട്ട
പട്ടികളാവും.
ഒത്ത അവസരം കിട്ടുമ്പോള്‍
കടിച്ചുകീറുക മാത്രം.
പട്ടികളുടെ
യാഥാര്‍ത്ഥ സ്വാഭാവം
പോലെ.
ഓര്‍മ നഷ്ടപ്പെട്ട പട്ടികള്‍ക്ക്
അല്ലേലും
എങ്ങിനെ
നന്ദി കാണിക്കാനാവും?
പട്ടികളെ
കുറ്റം പറഞ്ഞിട്ടും
കാര്യമില്ല.
ഓര്‍മയുണ്ടേല്‍
പട്ടികള്‍ നന്ദിയുള്ളവര്‍. 
പക്ഷെ,
ഓര്‍മ ഇല്ലെങ്കിലോ? 
ഓര്‍മയാണല്ലോ നന്ദി.

No comments: