ഓരോ വേറെ വേറെയായ സസ്യവും അവയുടെ വേറെ വേറെയായ വേരുകളും മണ്ണിനെ വേറെ വേറെ തന്നെയായി മനസ്സിലാക്കട്ടെ.
ആരും കാണാത്ത സ്വന്തം ഇടങ്ങളില്‍ താഴ്ന്നിറങ്ങി ചെന്ന് കൊണ്ട് തന്നെ ഓരോരുത്തനും മനസിലാക്കണം. വേരുകൾ ചെയ്യുന്നത് പോലെ തന്നെ.
രാപ്പകലുകള്‍ വ്യത്യാസമില്ലാതെ ഒളിഞ്ഞിരുന്നന്വേഷിച്ചു കൊണ്ട്. എല്ലായ്പ്പോഴും വളര്‍ന്ന് കൊണ്ട്, വളർച്ച തേടിക്കൊണ്ട്, നേടിക്കൊണ്ട്.
അതനുസരിച്ച് അവ മണ്ണില്‍ നിന്നും വേറെ വേറെ ഇലകളും പൂക്കളും പഴങ്ങളും തന്നെ പുറത്ത് കൊണ്ടുവരട്ടെ.
പാതിരാവിന്റെ കൂരിരുട്ടില്‍ ഒറ്റക്കിരുന്ന് ആകാശത്ത് കൈനീട്ടി ദൈവത്തെ വിളിക്കുന്നത് ജീവിതം ജീവിതത്തെ വിളിക്കുന്നതാണ്.
എല്ലാ ഓരോ പഴവും പൂവും ഇലയും മണ്ണിനെ കുറിച്ച ആ ഓരോ വിളിയുടെയും സസ്യത്തിന്റെയും വ്യത്യസ്തമായ ഭാഷ്യങ്ങളും നിര്‍വചനങ്ങളും വിശദീകരണങ്ങളുമാണ്.
ഒന്നും ഒരു സസ്യവും അത് മാത്രം, തന്റേത് മാത്രം, തന്റെ വിളി മാത്രം, തന്റെ പഴവും പൂവും ഇലയും പോലെ മാത്രം, മണ്ണിന്റെ ഗുണം, മണ്ണിനെ കുറിച്ച ഒരേയൊരു ശരിയായ വിശദീകരണം, നിര്‍വ്വചനം എന്ന് പറയാതിരിക്കട്ടെ.
******
നിങ്ങൾ ദൈവത്തെ വിളിച്ചുകൊള്ളൂ. ഒഴിഞ്ഞിരുന്നും ഒളിഞ്ഞിരുന്നും വിളിച്ച് കൊള്ളുക.
ആര് പറഞ്ഞു നിങ്ങൾ ദൈവത്തെ വിളിക്കരുതെന്ന്, വിളിക്കേണ്ടെന്ന്?
ദൈവം നിങ്ങളുടെ ആകാശമാണ്. നിങ്ങളുടെ ആത്മഗതം തന്നെയായ ആകാശം.
ദൈവം നിങ്ങളുടെ ജീവിതമാണ്.
ജീവിതം ജീവിതത്തെ വിളിക്കുന്നതാണ് നിങ്ങളുടെ ഓരോ വിളിയും പ്രാര്‍ത്ഥനയും.
നിങ്ങളുടെ ഓരോ പ്രയത്നവും നിങ്ങളുടെ ഓരോ വിളിയാണ്, പ്രാര്‍ത്ഥനയാണ്.
നിങ്ങൾ ദൈവത്തിന്റെ സഹായം തേടുമ്പോള്‍ ജീവിതം ജീവിതത്തിന്റെ തന്നെ സഹായം തേടുന്നതാണ്.
ജീവിതം ജീവിതത്തിന്റെ തന്നെ സഹായം തേടുക വളരേ സാധാരണം, സ്വാഭാവികം.
ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരാകാശമുണ്ട്. ഒരാത്മഗതമുണ്ട്.
കണ്ടാലും കണ്ടില്ലെങ്കിലും കാഴ്‌ച മുട്ടിയെങ്കിലും ഒരാകാശമുണ്ട്. ഒരാത്മഗതമുണ്ട്.
നിങ്ങളുടെ കഴിവുകേടും അശക്തിയും നിസ്സഹായതയും പരിമിതിയും തൊട്ടറിയുന്നിടത്ത് നിന്ന് തുടങ്ങുന്നു നിങ്ങളുടെ ദൈവം, നിങ്ങളുടെ ആകാശം, നിങ്ങളുടെ ആത്മഗതം, നിങ്ങളുടെ ജീവിതം.
നിങ്ങളുടെ സ്വപ്നവും സങ്കല്‍പവും ആയ ആകാശം, ദൈവം, ജീവിതം.
നിങ്ങളുടെ ഉള്ളിലും പുറത്തും നിറഞ്ഞ് നില്‍ക്കുന്ന, നിങ്ങളെ വരിഞ്ഞ് മുറുക്കുന്ന ആകാശം, ദൈവം, ജീവിതം.
നിങ്ങളുടെ കഴിവുകേടും അശക്തിയും നിസ്സഹായതയും നിങ്ങൾ നിങ്ങളെ തന്നെ പറഞ്ഞറിയിക്കുന്നത് കൂടിയാണ് നിങ്ങൾ നടത്തുന്ന ഓരോ വിളിയും പ്രാര്‍ത്ഥനയും.
നിങ്ങൾ ദൈവത്തെ വിളിക്കുന്നത് നിങ്ങളെ തന്നെ വിളിക്കും പോലെ നിസാരമാണ്, ഗൗരവമുള്ളതാണ്, അര്‍ത്ഥവത്താണ്.
നിങ്ങളുടെ പ്രാര്‍ത്ഥനയും വിളിയും നിങ്ങൾ നിങ്ങളെ തന്നെ ഓര്‍മ്മിപ്പിക്കുന്നതാണ്. നിങ്ങൾ എന്തെന്നും എന്തല്ലെന്നും.
നിങ്ങളല്ലാത്ത ഭാഗം നിങ്ങളുടെ ദൈവം, നിങ്ങളുടെ ആകാശം, നിങ്ങളുടെ നിസ്സഹായത.
നിങ്ങൾ ദൈവത്തെ കണ്ടെത്തുന്നത് നിങ്ങളെ തന്നെ കണ്ടെത്തും പോലെ ലളിതമാണ്. അപരിചിതത്വത്തില്‍ ഒരു പരിചയം. ഒപ്പം നിങ്ങളല്ലാത്തതിനെ കണ്ടെത്തുമ്പോഴുള്ള തരിമ്പു പേടിയും.
നിങ്ങളുടെ നിസ്സഹായതയില്‍ നിങ്ങളറിയുന്നു:
നിങ്ങൾ നിങ്ങളെന്ന് പറയുന്ന, മറ്റുള്ളവരാല്‍ നിങ്ങളെന്ന് വിളിക്കപ്പെടുന്ന ഒന്നും നിങ്ങളല്ലെന്ന്.
നിങ്ങളെ നിങ്ങളാക്കുന്ന ഒന്നും നിങ്ങൾ അല്ലെന്ന്, നിങ്ങൾ ഉണ്ടാക്കുന്നില്ലെന്ന്.
നിങ്ങളെ നിങ്ങളാക്കുന്ന ഒന്നും നിങ്ങൾ വളര്‍ത്തിയില്ലെന്ന്.
നിങ്ങളെ നിങ്ങളാക്കുന്ന ഒന്നും നിങ്ങൾ നിയന്ത്രിക്കുന്നില്ലെന്ന്.
നിങ്ങളെ നിങ്ങളാക്കുന്ന ഒന്നും വളരുന്നതും തളരുന്നതും നിങ്ങൾ കാണുന്നില്ലെന്ന്, അറിയുന്നില്ലെന്ന്.
എന്നിടത്താണ് നിങ്ങളുടെ ദൈവം തുടങ്ങുന്നത്, ആകാശം വലുതാവുന്നത്.
അത് നിങ്ങളുടെ മുടിയായാലും നഖമായാലും ശ്വാസകോശമായാലും കിഡ്നിയും കരളുമായാലും ശരി.
നിങ്ങളുടേതെന്ന് പറയാൻ മാത്രം ഒന്നും നിങ്ങളുടേതല്ല, നിങ്ങളല്ല, നിങ്ങൾ ഉണ്ടാക്കിയതല്ല.
നിങ്ങളെ നിങ്ങൾ ആക്കിയത് നിങ്ങളല്ല എന്ന അറിവാണ്, ആ അറിവാകണം നിങ്ങളെ ദൈവത്തില്‍ എത്തിക്കുന്നത്, ആകാശത്തില്‍ ഉയർത്തുന്നത്.
പക്ഷെ, ആ ദൈവം നിങ്ങളുടെ ആ നിലക്കുള്ള ബോധ്യതയാണ്, പറക്കാനുള്ള സാധ്യതയാണ്.
ഒപ്പം ഓരോരുത്തനും ദൈവം ആ നിലക്ക് അവനവന്റെ ബോധ്യതയാണ്,
പൊങ്ങാനുള്ള ഇടമാണ്.
അതുകൊണ്ട് തന്നെ ആ ദൈവത്തിന് നിങ്ങൾ നിങ്ങളുടെ ബോധ്യത വെച്ച്, നിങ്ങൾ പറന്ന് കളിക്കുന്നത് വെച്ച് വിളിക്കുന്ന പേരും വിശേഷണവും നിങ്ങളുടേത് മാത്രം.
അങ്ങനെ നിങ്ങൾ കാണുന്ന രൂപവും ഭാവവും മാത്രമേ ഉള്ളൂ, അത് മാത്രമേ എല്ലാവരും കാണാവൂ, വിളിക്കാവൂ എന്ന് മാത്രം പറയാതിരുന്നാല്‍ മതി.
*********
മണ്ണിനെ ഓരോ വേറെ വേറെ സസ്യവും അവയുടെ വേറെ വേറെ വേരുകളും സാദ്ധ്യതകളും വെച്ച് വേറെ വേറെ തന്നെയായി മനസ്സിലാക്കട്ടെ.
അതനുസരിച്ച് അവ മണ്ണില്‍ നിന്നും വേറെ വേറെ പൂക്കളും പഴങ്ങളും തന്നെ പുറത്ത് കൊണ്ടുവരട്ടെ.
അവയൊക്കെയും മണ്ണിനെ കുറിച്ച അവരുടെ വ്യത്യസ്തമായ നിര്‍വചനങ്ങളും വിശദീകരണങ്ങളുമാവട്ടെ.
ഒന്നും ഒരു സസ്യവും തന്റേത് മാത്രം എന്നെന്നേക്കുമായി ഒന്നേ ഒന്ന് എന്ന് പറയാതെ.
No comments:
Post a Comment