ദൈവത്തിന് സ്തുതി.
അങ്ങനെയെങ്കിലും
ജീവിതം നല്‍കി
കെണിച്ച പാതകത്തില്‍ നിന്ന്
തലയൂരി നിഷ്കളങ്കനായി പരമകാരുണ്യവാനായിരിക്കട്ടെ
ദൈവം.
*****
അവൾ മരിച്ചു.
പെങ്ങളും അനുജത്തിയും
കൂട്ടുകാരിയും കാമുകിയും
ഭാര്യയും അമ്മയും
ഒക്കെ ആവേണ്ടിയിരുന്നവള്‍
അതൊന്നുമാവാതെ
മരിച്ചു.
തിന്മയിലൊന്നും പങ്കില്ലാത്ത,
നന്മ മാത്രം ചെയ്യുന്ന ദൈവത്തെ
കാണാതെ, അനുഭവിക്കാതെ
അവളങ്ങ് മരിച്ചു.
******
മരണം ജീവിതത്തിന്റെ
വേഷം മാറുന്ന പ്രക്രിയ
എന്നറിയുമ്പോഴും
മരണത്തില്‍ വിഷമം, വേദന.
ആരും വിഷമിക്കാനും
വേദനിക്കാനും പറയുന്നതല്ല.
എന്നാലും,
ഏത് മരണവാര്‍ത്തയും
വേര് മുറിക്കുന്ന
വേദന, വിഷമം.
ഇല്ലാതാവുന്നു
വെന്നറിയുമ്പോള്‍
രൂപപ്പെടുന്ന ശൂന്യത.
ശൂന്യത സൃഷ്ടിക്കുന്ന
വേദന, വിഷമം.
പരിചയവും അടുപ്പവും
ഉണ്ടാക്കുന്ന
വേദന, വിഷമം.
അതുകൊണ്ട് മാത്രം
ഓരോ മാരണവും
ആരുമറിയാതെ പോകട്ടെ.
ഒരായിരം ഉറുമ്പുകളുടെ
മരണം പോലെ.
ഗംഗയിൽ ഒഴുകുന്ന
ആയിരങ്ങളിലൊന്ന് പോലെ.
പേരെടുത്ത് പറയാതെ,
സ്വന്തവും ബന്ധവും
അറിയാതെ, അറിയിക്കാതെ,
ഒഴുകിനടക്കുന്ന
പൊടിപടലം പോലെ,
വെറും പൊതുവൃത്താന്തം പോലെ,
യാഥാര്‍ത്ഥത്തിലവള്‍ക്ക്
ജീവിതം
എന്ത് പോലെയായിരുന്നുവോ
അതുപോലെ,
മറ്റാര്‍ക്കും ബാധകമാവുന്ന
കോലത്തില്‍,
കാല്‍പനികതയും
പർവതീകരണവും ഇല്ലാതെ,
പച്ചയായ ഒരു മരണം.
സ്വര്‍ഗ്ഗവും നരകവും
പറയാത്ത മരണം.
*****
ആരാണെന്നും
എവിടെയാണെന്നുമില്ല
ഈ മരണവൃത്താന്തത്തിന്.
കാരണം
ആരെന്നും എവിടെന്നും
പറയാൻ മാത്രം
ആരുമില്ലിവിടെ
അങ്ങനെ വിഷമിപ്പിക്കാന്‍
ഉദ്ദേശവുമില്ല
ഈ മരണവൃത്താന്തത്തിന്.
*****
ഒന്നുറപ്പ്.
അവളെന്നറിഞ്ഞ്
അവൾ ജനിച്ചില്ല,
ജീവിച്ചില്ല, മരിച്ചില്ല.
ജീവിച്ചത്, ഉടനീളം
രോഗിയായി മാത്രം.
പൊട്ടത്തിയും ചട്ടച്ചിയും
അപസ്മാരരോഗിയും
ഒക്കെയായി, ഒപ്പം
മറ്റനേകം പരാധീനതകളുമായി.
ഒരേറെ വയസ്സ് വരേയും.
വെറും ശരീരം നല്‍കിയ
വേദനകളും
ദുര്യോഗങ്ങളുമായി
ജീവിതനൃത്തം ചവിട്ടി
അവൾ.
******
എന്തിന് ജീവിച്ചു?
ഒരുത്തരവുമില്ല.
സ്വയവും അല്ലാതെയും
അങ്ങനെ ചോദിക്കുന്നവർ
ജീവിതം അഗ്നിയിലിട്ട്
വേവിക്കുന്നു.
അത്ര മാത്രം.
അവർ
അഗ്നിയെ വരിക്കുന്ന
മഴപ്പാറ്റകള്‍.
നാം പറയുന്ന
ലക്ഷ്യവും അര്‍ത്ഥവും
നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളും
ഒന്നുമവള്‍ക്ക് ബാധകമായില്ല.
ഒന്നുമവളറിഞ്ഞില്ല.
ജീവിക്കുവോളം.
പിന്നെ മരിച്ചപ്പോഴും.
*******
ആരാണവൾ?
അവളെന്ന് പോലും
അറിയാനും പറയാനും
പറ്റാത്തത്ര
വ്യക്തിത്വം രൂപപ്പെടാതെ
അസ്തിത്വം തിരിച്ചറിയാതെ
ജീവിച്ച് മരിച്ചു പോയ
ഒരാൾ.
ജീവിക്കുന്ന ജീവിതം കൊണ്ട്
വ്യക്തിത്വവും അസ്തിത്വവും
അറിയിക്കാനും പ്രദര്‍ശിപ്പിക്കാനും
കഴിയാതെ പോയ
ഒരാൾ.
പരസ്യങ്ങളും തര്‍ക്കങ്ങളും
ആവശ്യമില്ലാതെ
ഒന്നും അവകാശപ്പെടാതെ
വെറും വെറുതെ
ജീവിച്ച് മരിച്ചു പോയ
ഒരാൾ.
ജീവിച്ചത് തന്നെയും
ജീവിതമാണോ
എന്നറിയാതെ,
എന്തിനെന്നറിയാതെ
ജീവിച്ച് മരിച്ചു പോയ
ഒരാൾ.
എന്തിനെന്നില്ലാതെ,
വെറും വെറുതെ
ശരീരം കൊണ്ട്
ശരീരത്തിന് വേണ്ടി
ജീവിച്ച് മരിച്ചു പോയ
ഒരാൾ.
ജീവശാസ്ത്രപരമായി
ജീവിച്ചിരുന്നീട്ടും
ജീവശാസ്ത്രപരമായ പലതും
നടന്ന്കിട്ടാതെ പോയവൾ.
ജീവശാസ്ത്രപരം തന്നെയായ പല കാരണങ്ങളാല്‍.
വെറും ശരീരത്തിന്റെ
വെറും അതിജീവനം തന്നെ
ജീവിതം എന്നാക്കി
ജീവിച്ച് മരിക്കേണ്ടി വന്ന
ഒരായിരങ്ങളില്‍
ഒരാൾ.
നമ്മൾ നല്‍കി
നമ്മൾ തന്നെ വിളിച്ച പേര്
നമുക്ക് തന്നെ ഇട്ടേച്ചുപോയ
ഒരാൾ.
*****
എന്ത് പറയാൻ?
വേദനകളും വൈഷമ്യങ്ങളും
ആനന്ദങ്ങളും സന്തോഷങ്ങളും
ദൈവത്തിന് (പ്രകൃതിക്ക്)
ഒരുപോലെ വിനോദം
എന്ന് വേണം കരുതാന്‍.
ചെറിയ പ്രതലത്തില്‍
നമുക്ക് തെളിയുന്ന
വേദനകളും വൈഷമ്യങ്ങളും
മാത്രം.
വലിയ പ്രതലത്തില്‍
ഒന്നും ഒന്നുമല്ലാതെ.
എന്നാലും ചിലര്‍ക്ക്
ഭോഷ്ക് പറയണം.
എന്തോ വലിയ കാര്യമാണ്
ജീവിതമെന്ന്.
ജീവിതം
ആരോ നടത്തുന്ന
വലിയ പരീക്ഷയും
പരീക്ഷണവുമാണെന്ന്.
ആര് ദൈവത്തെ
സ്തുതിക്കുന്നു
ആരാധിക്കുന്നു
എന്നറിയാൻ
ദൈവം തന്നെ നടത്തുന്ന
വലിയ പരീക്ഷയും
പരീക്ഷണവും
ജീവിതമെന്ന്.
ഇങ്ങനെയും കഷ്ടപ്പെട്ട്
ജീവിക്കേണ്ട ജീവിതം
അതിന് മാത്രം എന്തോ
വലിയ കാര്യമെന്ന്.
ജീവിക്കാന്‍ കഴിയാത്ത
ജീവിതം
എന്തോ വലിയ
അനുഗ്രഹമെന്ന്.
അങ്ങനെയെങ്കിലും
ഈ പാതകത്തില്‍ നിന്ന്
മുഴുവന്‍ തലയൂരി
നിഷ്കളങ്കനായി
പരമകാരുണ്യവാനായിരിക്കട്ടെ
ദൈവം.
No comments:
Post a Comment