Friday, June 10, 2022

സ്വന്തം മക്കളിലേക്ക് പകർന്ന് നൽകാൻ ശ്രമിക്കാറുണ്ടോ?

ഇന്ന് രാവിലെ ചൂട് ചായ പോലെ, വെളിച്ചം കീറാൻ അടച്ച ജനാല തുറന്നെന്ന പോലെ, ഒരു നല്ല സുഹൃത്ത് Shajid Usman Nadira Jasmine ചോദിച്ചു:

ചോദ്യം:  രാഷ്ട്രീയവൈകല്യം തത്കാലമവിടെ നിർത്തിയാൽ, ഇന്നലെകളിൽ നിന്ന് ഇന്നുകളിലേക്കെത്തിനിൽക്കുന്ന താങ്കളുടെ മനനപരിവർത്തനങ്ങളിലെന്തെങ്കിലും സ്വന്തം മക്കളിലേക്ക് പകർന്ന് നൽകാൻ ശ്രമിക്കാറുണ്ടോ? 


"അല്ലെങ്കിൽ സ്വതന്ത്ര കാഴ്ചപ്പാടുമായി മുന്നേറാൻ സാഹചര്യപ്പെടുത്താറുണ്ടോ? 


"സാന്ദർഭീകമായൊരു ഇൻറർവ്യൂയാണെന്ന് വെച്ചോ..!! 


" എന്താണ് ഇന്നത്തെ തലമുറകൾക്ക് കൈമാറാനുള്ള ഏറ്റവും നല്ല സന്ദേശം? "


സാജിദിൻ്റെ മേൽചോദ്യത്തിന് കാരണമായ ഈയുള്ളവൻ്റെ മുൻ പോസ്റ്റ് കീഴേ....


"ഒരേയൊരാഗ്രഹം മാത്രം. അത് തന്നെ മക്കളെയും പറഞ്ഞുപഠിപ്പിക്കണം. മോദിയെ പോലെ ഒരു മോദിയും പിണറായിയെ പോലെ ഒരു പിണയറായിയും യോഗിയെ പോലെ ഒരു യോഗിയും ചാണ്ടിയെ പോലെ ഒരു ചാണ്ടിയും ആൻ്റണിയെ പോലെ ഒരാൻ്റണിയും ആവേണ്ട. അത്രയ്ക്ക് ക്രൂരവും കപടവും വൃത്തികെട്ടതുമാണ് അവരെല്ലാവരും കളിക്കുന്ന രാഷ്ടീയം."


ഇനി സാജിദിന് നൽകിയ ഉത്തരം കീഴേ... :


"നല്ലൊരു ചോദ്യം. 


അടിച്ചേൽപിക്കാൻ മാത്രം ഒന്നുമില്ലാത്തത് കൊണ്ട് മക്കളിൽ ഒന്നും അടിച്ചേൽപിക്കാറില്ല. അവസാനവാക്ക് പറയാനില്ലാത്തത് കൊണ്ട് അവസാനവാക്കും പറയാറില്ല. 


ഭൂതം വെച്ച് ഏറിയാൽ വർത്തമാനത്തിനും ഭാവിക്കും വേണ്ട സൂചന കൊടുക്കും. 


വഴിയിൽ കണ്ട കുഴിയെയും പാമ്പിനെയും കുറിച്ച് പറയും.  


വർത്തമാനവും ഭാവിയും ഭൂതത്തെ ഉപേക്ഷിച്ച് വളരേണ്ടതാണ് എന്ന ഉത്തമബോധ്യം പകരും.


അവരുടെ അവർ ഉദ്ദേശിക്കുന്നത് പോലുള്ള വിദ്യാഭ്യാസവും വളർച്ചയും ഉറപ്പുവരുത്താനുള്ളത് ഒഴികെ ഒന്നും ഉണർത്തില്ല. അത് തന്നെയും ആവേശത്തോടെ തുടങ്ങി കൗമാരത്തിൻ്റെ തള്ളിച്ചയിൽ വഴിയിൽ ഉപേക്ഷിച്ചു പോകും എന്നറിയുന്നത് കൊണ്ട്. 


കൗമാരം ഒരുമിച്ച് ഒരുപടി ജനാലകൾ തുറന്ന് അവരെ അങ്കലാപ്പിൽ ആക്കുമെന്നും,  മാതാപിതാക്കളെ വരെ ആ പ്രത്യേക ഘട്ടത്തിൽ അവർ അവരുടെ ശത്രുക്കൾ ആക്കിയേക്കും എന്ന തികഞ്ഞ ബോധ്യത്തോടെ.


അവർ ഈയുള്ളവനിൽ നിന്നും മറ്റെല്ലാവരിൽ നിന്നും എവിടെനിന്നും കണ്ടും കേട്ടും എടുക്കുന്നത്  സാധിക്കുന്നത് പോലെ അവരെടുക്കും, എടുക്കണം. അത്രയേ ഉള്ളൂ.


മണ്ണിൽ എത്ര എന്തുണ്ടായാലും വിത്തും വേരും അതിന് സാധിക്കുന്നത് സാധിക്കുന്നത്ര എടുത്ത് അതിനാവുന്ന ഇലയും പൂവും പഴവും കൊണ്ടുവരികയല്ലേ ചെയ്യുക? അത് തന്നെ അവരുടെ കാര്യത്തിലും. 


വേര് അതിന് പോലും അറിയാത്ത വഴികളിലും ഇരുട്ടിലും ആരുമറിയാതെ പണിയെടുക്കുന്നത് പോലെ പണിയെടുക്കണമെന്നും അപ്പോഴേ എല്ലാവരും കാണുന്ന, എല്ലാവരും അറിയുന്ന, കൊതിക്കുന്ന വഴികളിൽ, ഉയരങ്ങളിൽ കൊമ്പ് വളരൂ, അതിൽ പൂവും പഴവും കൊണ്ടുവരൂ എന്നവരെ മനസിലാക്കാൻ ശ്രമിക്കാറുണ്ട്. 


അങ്ങനെയാണ് അവർ മഹാന്മാർ എന്ന് കരുതുന്നവരൊക്കെയും മഹാന്മാർ ആയതെന്നും..... 


രണ്ട് ഭാഗത്തും തുറന്ന്പിടിച്ചാൽ മാത്രമേ എപ്പോഴും പുതിയത് വന്നിറങ്ങി പോകുകയുളളൂ എന്നും, അടഞ്ഞ് കിടന്നാൽ പഴയതിൽ തന്നെ, പഴയതിൻ്റെ ജീർണതയിലും ദുർഗന്ധത്തിലും തന്നെ കിടക്കേണ്ടിവരുമെന്നും, ലോകം ആ പഴയത് മാത്രമാണെന്ന് വരുമെന്നും ഓർമ്മിപ്പിക്കും. 


നല്ല സൗഹൃദങ്ങൾ അടഞ്ഞ, ഇരുണ്ട മുറിയിൽ നിന്നും തുറന്ന, വെളിച്ചവും വിശാലതയും ഉള്ള തുറവിയിലേക്കുള്ള, ലോകത്തേക്കുള്ള, പുറത്തേക്കുള്ള കാഴ്ച തരുന്നതാണ് എന്നവരെ ആവുന്നത് പോലെ ധരിപ്പിക്കും.  


നിന്നിടത്ത് നിൽക്കുകയല്ല ജീവിതവും ചലനവും പുരോഗതിയും എന്നും, നിന്നിടം ഉപേക്ഷിച്ചു കൊണ്ട് മാത്രമേ ജീവിക്കാനും ചലിക്കാനും പുരോഗമിക്കാനും സാധിക്കൂ എന്നും, ആ നിലക്ക് നഷ്ടപ്പെട്ടു തന്നെയേ നേടാനാവൂ എന്നും, നഷ്ടപ്പെട്ടു തന്നെ നേടാൻ തയാറാവണമെന്നും ആവും പോലെ ധരിപ്പിക്കും.


ആഭരണവും രത്നവും വൈരവും പോലെ ആവാൻ എല്ലാവരും കൊതിക്കുമെന്നും, പക്ഷെ അതാവുന്ന വഴിയിലാണ്, പ്രക്രിയയിലാണ് പ്രശ്നവും പ്രയാസവുമെന്നും, അപ്പോഴാണ്  എല്ലാവരും filter ചെയ്യപ്പെട്ടു പിറകോട്ട് പോകുന്നതെന്നും മനസ്സിലാക്കിക്കൊടുക്കും. 


സ്വർണം ആഭരണമാകുന്ന വഴിയിൽ അഗ്നിയും അതിൻ്റെ ചൂടും ഉണ്ട്. അത് സഹിക്കണം. 


വെറും കാർബൺ വൈരവും രത്നവും ആവുന്ന വഴിയിൽ കഠിനമായ സമ്മർദ്ദമുണ്ട്. അതും നന്നേ പണിപ്പെട്ട് സഹിച്ചു തന്നെ  മുന്നോട്ട് പോകണം. എങ്കിലേ ആവേണ്ടതാവൂ. 


ഐൻസ്റ്റീനായാലും ബുദ്ധനായാലും റൊണാൾഡോ ആയാലും ബിൽഗേറ്റ്സായാലും അങ്ങനെ തന്നെ. കിരീടമാവുന്നത് കഷ്ടപ്പെട്ട് തന്നെയെന്ന്. അങ്ങനെ ആവണമെങ്കിൽ അതുപോലെ കഷ്ടപ്പെടണം . കിരീടമൊക്കെയും ഫലത്തിൽ കുരിശ് പേറലാണ്.


ഇതിനെല്ലാം അപ്പുറം ജീവിതം എന്നത്, അതിൽ എന്ത് നേടിയാലും ഇല്ലെങ്കിലും, ഫലത്തിൽ ശ്വസിക്കലും കുടിക്കലും തിന്നലും ഉറങ്ങലും തന്നെയെന്ന് അവരെ ധരിപ്പിക്കും . 


ജീവിതം ആരും പറയുന്നത് പോലെയല്ലെന്നും, ഓരോരുത്തരും ആത്മനിഷ്ഠമായി എങ്ങിനെ എടുക്കുന്നുവോ മനസ്സിലാക്കുന്നുവോ അങ്ങനെ മാത്രമാണെന്നും പറഞ്ഞു ധരിപ്പിക്കും. 


അതുകൊണ്ട് തന്നെ ജീവിതത്തിൽ എന്ത് കിട്ടി എന്നതിനപ്പുറം എന്ത് കിട്ടിയാലും ആ കിട്ടിയതിനെ എങ്ങിനെയെടുത്തു, അതിൽ നിന്നും എന്തെടുത്തു എന്നതാണ് പ്രധാനമെന്നും, അതാണ്, അങ്ങനെയാണ് ജീവിതമെന്നും പറയും. 


കിട്ടുന്നത് വെറും മണ്ണും ചളിയുമാവാം. പക്ഷെ അതിനെ എടുക്കേണ്ടത് പോലെ എടുത്താൽ പൂവും പഴവും എടുക്കാം. ആ മണ്ണും ചളിയും പിന്നെ പൂവും പഴവുമാകും. 


കിട്ടുന്നത് പൂവും പഴവുമാവാം. പക്ഷേ എടുക്കേണ്ടത് പോലെ എടുത്തില്ലെങ്കിൽ, അതിനെ കാലിനടിയിൽ ചവിട്ടി ഞെരിച്ചാൽ ആ സുന്ദരവും രുചികരവുമായ പൂവും പഴവും വൃത്തികെടെന്ന് തോന്നിപ്പിക്കുന്ന ചളിയും മാണ്ണും വൃത്തികേടും ആവും.


ഇങ്ങനെയിങ്ങനെ ചിലതും പലതും, പലവഴിയിൽ, പല സമയത്ത്, യുക്തം പോലെ, സമയവും സന്ദർഭവും പോലെ പറയും. 


എത്ര കൊടുത്താലും അവരെന്ത് അതിൽ നിന്നും എടുക്കുമോ അത് മാത്രം അവരെടുക്കും. അത് മാത്രം അവർക്ക്. അല്ലാത്തതെല്ലാം അവരെ സംബന്ധിച്ചേടത്തോളം വെറും വെറുതെ.

മഴ കുറേ പെയ്യും. അതിലെ മുഴുവൻ വെള്ളവും ആരും എടുക്കുന്നില്ല, എടുക്കില്ല, ആർക്കും എടുക്കാൻ കഴിയില്ല.

No comments: