Tuesday, June 21, 2022

ജോലി ഇല്ലെങ്കിൽ അസ്വസ്ഥപ്പെടുന്നവർ ജോലി ആസ്വദിക്കുന്നവർ എന്ന വാദമുണ്ട്.

ജോലി ഇല്ലെങ്കിൽ അസ്വസ്ഥപ്പെടുന്നവർ ജോലി ആസ്വദിക്കുന്നവർ എന്ന വാദമുണ്ട്.

 

ശരിയാണോ?


മഹാഭൂരിപക്ഷത്തിൻ്റെ കാര്യത്തിലും ശരിയല്ല. 


എന്നാൽ ന്യൂനാൽ ന്യൂനപക്ഷത്തിൻ്റെ കാര്യത്തിൽ ശരിയാവാം. കാരണം, 

ആസ്വദിച്ച് ചെയ്താൽ ജോലി ജോളിയായി. ആസ്വദിക്കാത്ത ജോളി പോലും ജോലിയുമായി.


ജോലി ഇല്ലെങ്കിൽ അസ്വസ്ഥപ്പെടുന്നവരിലധികവും ബോറടി എന്ന ഓമനപ്പേരിൽ അവനവനെ സഹിക്കാൻ കഴിയാത്തവരാണ്. അവനവനെ വെറുക്കുന്നവരാണ്.

അവനവനെ ശത്രുവാക്കുന്നവരാണ്.


ഒറ്റക്കിരിക്കുമ്പോൾ ഉണ്ടാവുന്ന, അവനവൻ എന്ത്, ആര് എന്ന ചോദ്യം നേരിടാൻ  സാധിക്കാത്തവർ. അവനവനെ ഉത്തരം കിട്ടാത്ത, കിട്ടുന്ന ഉത്തരം വല്ലാതെ പേടിപ്പിക്കുന്നത്ര, വലിയ ചോദ്യമായി കരുതുന്നവർ. അവനവൻ്റെ തന്നെ ശത്രു മാത്രമാകുന്നവർ അവരിലധികവും. 


അതിനാൽ തന്നെ മദ്യത്തിൻ്റെയോ ജോലിയുടെയോ ലഹരിയുടെയോ ഭക്തിയുടെയോ സാമൂഹ്യസേവനത്തിൻ്റെയോ മറയും മുഴുകലും നിർബന്ധമായവർ. 


അവർക്ക് സമയം, അഥവാ അവരുടെ ജീവിതം വലിയ ബാധ്യതയും ഭാരവുമാണ്. 


എങ്ങിനെ സമയം ചിലവഴിക്കുന്നു എന്ന് ചോദിച്ച് പോകും വിധം തള്ളിനീക്കേണ്ട ബാധ്യതയും ഭാരവുമാണ് ജീവിതവും സമയവും അവർക്ക്.


അവനവനോടുള്ള അവരുടെ ആ ശത്രുതയേയും വെറുപ്പും സഹിക്കാൻ കഴിയിയായ്‌കയുമാണ് തൊഴിലും സാമൂഹ്യപ്രവർത്തനവും മറ്റുള്ളവരുടെ മേലുള്ള അധികാരവും ദേഷ്യവും പീഡനവും വരെ ആയി മാറുന്നത്. അങ്ങനെ ആക്കാൻ അവരെ നിർബന്ധിക്കുന്നത്. 


കീഴെ വരുന്ന ആരുടെ മേലും അവരറിയാതെയും ആ അധികാരവും ദേഷ്യവും പീഡനവും അവർ ചെലുത്തിപ്പോവും. അത് ഭാര്യയാവട്ടെ കീഴ്തൊഴിലാളിയാവട്ടെ. 


ജോലിയും സാമൂഹ്യ പ്രവർത്തനവും എന്ന ഓമപ്പേരിട്ട് വിളിക്കുന്ന ഒളിച്ചോട്ടമാണ്, അത് നൽകുന്ന അഹങ്കാരവും വ്യക്തിത്വവുമാണ്, താനും തൻ്റെ ജീവിതവും എന്ന് കൃത്രിമമായി ശ്രമിച്ച്, മുഖം മറച്ച്, മുഖം മിനുക്കി വരുത്തുന്നവരാണവർ.


അതിനാൽ അവനവനിൽ നിന്നും അകന്ന് ഒളിച്ചോടി ജോലി ചെയ്യുകയും വീടും നാടും വിട്ട് പ്രവർത്തനം നടത്തുകയും നിർബന്ധമായവർ, നിർബന്ധമാക്കുന്നവർ. 


ആ വഴിയിൽ, തന്നിൽ നിന്നും ജീവിതത്തിൽ നിന്നും സ്വയം ജോലിയുടെയും മറ്റ് മുഴുകലുകളുടെയും പേര് പറഞ്ഞ് മാറി നടക്കുന്നവർ. 


ഒളിച്ചോട്ടം പോലെ, ഒളിച്ചോട്ടം തന്നെയായി വർകോഹോളിക്ക് ആവുന്നവർ.


ഈയുള്ളവനും അറിയാം. അങ്ങനെയുള്ള പലരെയും. പല വലിയ ഉദ്യോഗസ്ഥൻമാരെയും രാഷ്ട്രീയനേതാക്കളെയും സാമൂഹ്യപ്രവർത്തകരെയും. 


ഒരു നിമിഷം തന്നെത്തന്നെ face to face നേരിടാൻ കഴിയാത്തവർ. 


കുറ്റബോധത്തിൻ്റെ അട്ടിപ്പേറിൽ ജീവിക്കുന്നവർ.  


അതുകൊണ്ട് തന്നെ ഒഴിഞ്ഞിരിക്കുന്ന വിധത്തിൽ വീടും കുടുംബവും വന്നാൽ നരകത്തിൽ എന്നപോലെ ആവുന്നവർ. 


ഭാര്യയുടെയും കുട്ടികളുടെയും വെറും നോട്ടം പോലും ഉത്തരം കിട്ടാത്ത ഭാരമേറിയ ചോദ്യമായി എടുക്കുന്നവർ.


ഒഴിഞ്ഞിരിക്കുമ്പോൾ, ജോലി അല്ലെങ്കിൽ ചുരുങ്ങിയത് മദ്യത്തിലും ലഹരിയിലും ഭക്തിയിലുമെങ്കിലും പോയി ഒളിച്ചോടി രക്ഷപ്പെടേണ്ട ഗതികേട് ഉളളവർ. 


ജീവിതത്തെ, അതിൻ്റെ ശൂന്യതയെ, അർത്ഥമില്ലായ്മയെ,  നഗ്നമായി സൗന്ദര്യമായിക്കണ്ട് നേരിടാൻ സാധിക്കാത്തവർ. 


ജോലിയുടെയും മറ്റ് എൻഗേജ്മെൻ്റ്സിൻ്റെയും മൂടുപടം ഇല്ലാതെ, ഒളിച്ചോട്ടം ഇല്ലാതെ, വിലാസം ഇല്ലാത്ത ജീവിതത്തെ നേരിടാൻ സാധിക്കാത്തവർ.

No comments: