ദൂരമാണ് പറയിപ്പിക്കുന്നത്.
പറയുക എന്നത് ദൂരം കൂട്ടും, ഇല്ലാത്ത ദൂരം ഉണ്ടാക്കും.
ദൂരമില്ലെങ്കിൽ പറയുക തന്നെ വേണ്ട.
ദൂരമില്ലെങ്കിൽ പറയാതെ തന്നെ ഏറെ പറയാം, ഏറെ കേൾക്കാം.
കൂടുന്ന ദൂരം, കൂടുന്നത്ര പറയുന്നതിനെ വെറും ഉപചാരമാക്കും.
ഉപചാരമായാൽ വെറും തൊലി പോലെ.
വെറുതെ കളയേണ്ട തൊലി.
ഉപചാരം മാത്രമായ വാക്കും പ്രവർത്തിയും ജീവൻ നഷ്ടപ്പെട്ട ജീർണിക്കുന്ന ശരീരം.
എവിടെയും പിടിച്ചുനിൽക്കാനാവാത്ത പൊടിപടലം. വാക്കുകൾ.
ഉപചാരം മറന്ന, വസ്ത്രമഴിച്ച വാക്കുകൾ ഉണ്ടാവണം. യഥാർത്ഥ അന്വേഷകനെ കുറിച്ച് എന്തെങ്കിലും പറയാൻ.
വാക്കുകൾ തോറ്റുപോകുന്ന വാക്കുകൾ കൊണ്ട് വേണം അയാളെ കുറിച്ച് എന്തെങ്കിലും പറയാൻ.
ഉള്ളുതൊട്ട്, ഉള്ളുപൊള്ളുന്ന വിധം ഉളളത് മാത്രം പറയാൻ.
അത്രയ്ക്ക് നേരിനെ നേരായി അറിയാൻ കടപ്പെട്ട് നിൽക്കുന്ന ഒരാൾ അന്വേഷകൻ..
നേരിൻ്റെ നെരിപ്പോട് കാക്കുന്ന ആൾ.
കേട്ട് കേട്ട് നിന്ന് നിശബ്ദത കൊണ്ട് ഏറെ പറയുന്ന ആൾ.
നേരിനോട് വാത്സല്യം തൂകുന്ന ആൾ.
നേരിന് വേണ്ടി തന്നെ വിറ്റുപോകുന്നത്ര സമർപ്പിതനാവുന്ന ആൾ.
അന്വേഷണത്തിൻ്റെ വഴിയിൽ ഘോഷ്ടികൾ ഇല്ലാത്ത, വേഷംകെട്ടുകൾ ഇല്ലാത്ത, അവകാശവാദങ്ങൾ ഇല്ലാത്ത, ഉപാധികൾ ഇല്ലാത്ത ഒരാൾ.
No comments:
Post a Comment